Opinion

നഷ്ടപരിഹാരം നല്‍കി ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍; കയ്യേറ്റക്കാരോട് കൈകോര്‍ക്കുന്ന സര്‍ക്കാര്‍ – കെ.ആര്‍ ധന്യ

 

ആ ഭൂമി ആരുടേത്? ശബരിമല വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ സ്വകാര്യ വ്യക്തികളുമായി ഒത്തുകളിക്കുന്നോ? ഭൂമി തങ്ങളുടേതെന്ന് കെ.പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചും സര്‍ക്കാര്‍ ഭൂമിയെന്ന് സര്‍ക്കാരും അവകാശപ്പെടുന്നു. തര്‍ക്കം കോടതിയിലേക്കെത്താനിരിക്കെ മുന്‍തൂക്കം സര്‍ക്കാര്‍ വാദത്തിനാണ്. എന്നാല്‍, ശബരി വിമാനത്താവള പദ്ധതിക്കായി ബിലീവേഴ്സ് ചര്‍ച്ചിന് നഷ്ടപരിഹാരത്തുക നല്‍കി സ്ഥലമേറ്റെടുക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അവകാശപ്പെടുന്ന ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ള വഴികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാതെ, ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെ നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ കയ്യേറ്റക്കാരോട് കൈകോര്‍ത്ത് പോവുന്നത് ആര്‍ക്ക് വേണ്ടി? കോടതിയില്‍ നഷ്ടപരിഹാരത്തുകയായ ആയിരം കോടികള്‍ കെട്ടിവെച്ചാല്‍ അത് സര്‍ക്കാരിന്റെ ഉടമസ്ഥാവകാശ വാദത്തെ ഏത് തരത്തിലാവും ബാധിക്കുക?

നിര്‍ദിഷ്ട ശബരിമല വിമാനത്താവളം നിര്‍മാണത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എരുമേലിക്കടുത്തുള്ള കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്റ്റേറ്റ് 2013ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ (ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ്) നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാമെന്ന് റവന്യൂ വകുപ്പ് വ്യോമയാന ചുമതലയുള്ള ഗതാഗത വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77-ാം വകുപ്പനുസരിച്ച്
നഷ്ടപരിഹാരത്തുക നിര്‍ണയിച്ച് പണം കോടതിയില്‍ കെട്ടിവെച്ചാവും ഭൂമി ഏറ്റെടുക്കുക. എന്നാല്‍, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293 പ്രകാരം ഭൂമി സര്‍ക്കാരിന്റേതായിരിക്കെ ഭൂമി വില കൊടുത്ത് വാങ്ങാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. 2263 ഏക്കര്‍ വരുന്ന ഭൂമി വിലകൊടുത്ത് വാങ്ങാനുള്ള തീരുമാനം ഹാരിസണ്‍സ് ഉള്‍പ്പെടെയുള്ള തോട്ടം മുതലാളിമാരുടെ ഭരണഘടനാ ലംഘനത്തിനും നിയമ വിരുദ്ധമായ ഭൂമി കൈമാറ്റത്തിനും കൂട്ട് നില്‍ക്കുന്നതാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

2005ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഹാരിസണ്‍സ് മലയാളം കൈവശം വെച്ചിരുന്ന ചെറുവള്ളിയിലെ 2263 ഏക്കര്‍ ഭൂമി ബിലീവേഴ്സ് ചര്‍ച്ചിന് വിറ്റത്. ഇത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കി. വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി വിറ്റതെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പിയായിരുന്ന നന്ദനന്‍ പിള്ള അന്വേഷണത്തില്‍ കണ്ടെത്തുകയും ഹാരിസണ്‍സിന് ഭൂമി കൈമാറ്റം ചെയ്യാന്‍ അവകാശമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 2008ല്‍ തഹസില്‍ദാര്‍ പോക്കുവരവ് റദ്ദ് ചെയ്തു. പിന്നീട് രാജമാണിക്യം കമീഷനും വില്‍പ്പന നിയമ വിരുദ്ധമാണെന്നും ഭൂമി ഏറ്റെടുക്കണമെന്നും വ്യക്തമാക്കി. ഭൂമി ഒഴിയണമെന്ന നോട്ടീസ് നല്‍കിയതിന് പിന്നാലെ ബിലീവേഴ്സ് ചര്‍ച്ച് ഹൈക്കോടതിയില്‍ കേസ് സമര്‍പ്പിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ അത് സിവില്‍ കോടതിയില്‍ പരിഹരിക്കണമെന്ന് ഉത്തരവിട്ട ഹൈക്കോടതി കരമടക്കുന്നതിനും മരംമുറിക്കുന്നതിനും തോട്ടമുടമകള്‍ക്ക് അനുമതി നല്‍കി. എന്നാല്‍, സിവില്‍ കേസ് കോടതി വിധിയനുസരിച്ചായിരിക്കും പിന്നീട് കരമടക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക എന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചു. ഭൂമി സര്‍ക്കാരിന്റേതാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും, നിയമ വിരുദ്ധമായി കൈവശം വെച്ചിരുന്ന ഭൂമി നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതിന് ഹാരിസണ്‍സിനും ബിലീവേഴ്സ് ചര്‍ച്ചിനുമെതിരെ സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ നഷ്ടപരിഹാരത്തുക കെട്ടിവെച്ച് സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ തന്നെ വാങ്ങുന്നത് സര്‍ക്കാരും സ്വകാര്യ വ്യക്തികളും ഭൂമാഫിയയും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് ആരോപണം.

കേന്ദ്ര നിയമമനുസരിച്ചുള്ള സാധാരണ നടപടിക്രമമായാണ് റവന്യൂ വകുപ്പ് ഇതിനെ വിലയിരുത്തുന്നത്. സര്‍ക്കാര്‍ പദ്ധതിക്കായി തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ അതിനുള്ള നഷ്ടപരിഹാരം കെട്ടിവെച്ച ശേഷം പദ്ധതി നടപ്പാക്കാം എന്ന വ്യവസ്ഥയനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെന്നാണ് റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. ഇതുവഴി നിയമലംഘനങ്ങളെയും കയ്യേറ്റത്തേയും സാധൂകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് വിമര്‍ശനം. എന്നാല്‍, പണം കെട്ടിവെക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും മറിച്ച് തര്‍ക്കം ഉന്നയിക്കപ്പെടുകയാണെങ്കില്‍ പദ്ധതി നടത്തിപ്പിന് വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ പണം കെട്ടിവെക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചതിന്റെ അടുത്ത ദിവസം ബിലീവേഴ്സ് ചര്‍ച്ച് പരസ്യമായി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. ചെറുവള്ളി എസ്റ്റേറ്റ് തര്‍ക്ക ഭൂമിയാണെന്ന സര്‍ക്കാരിന്റെ നിലപാട് ബിലീവേഴ്സ് ചര്‍ച്ച് തള്ളി. രാജ്യത്തെ ഒരു കോടതിയിലും ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലില്ല. ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകള്‍ നിലവിലില്ലാതിരിക്കെ കോടതിയില്‍ പണം കെട്ടിവെച്ച് സ്ഥലം ഏറ്റെടുക്കുക എന്ന നടപടിക്കുള്ള നിയമസാധുത തള്ളിക്കളയണം. കോടതിയില്‍ പണം കെട്ടിവെക്കാന്‍ ആലോചിക്കുന്നുവെങ്കില്‍ ഉടമസ്ഥാവകാശം സര്‍ക്കാരിനല്ല എന്നുള്ളതിന്റെ നഗ്‌നമായ അംഗീകാരമാണിത്. ചെറുവള്ളി എസ്റ്റേറ്റ് സഭയുടെ ഭൂമിയാണ് എന്ന് അംഗീകരിച്ചുകൊണ്ടുള്ള ഏത് വികസന പ്രവര്‍ത്തനത്തെയും സഭയും വിശ്വാസി സമൂഹവും അംഗീകരിക്കുമെന്നുമാണ് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍ പ്രതികരിച്ചത്.

ഏറ്റെടുക്കുന്ന ഭൂമിയില്‍ തര്‍ക്കം ഉന്നയിക്കപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കി സ്ഥലമേറ്റെടുക്കുമെന്ന തീരുമാനത്തിന് പിന്നാലെ തര്‍ക്കം ഉന്നയിച്ച് ബിലീവേഴ്സ് ചര്‍ച്ച് എത്തിയത് ഇരുകൂട്ടരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് കണക്കാക്കേണ്ടത്. സര്‍ക്കാര്‍ ഭൂമി എന്ന് പ്രഖ്യാപിച്ചതിന് ശേഷം നഷ്ടപരിഹാരം നല്‍കാം എന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ഹാരിസണ്‍ മലയാളത്തിനെതിരെ കേസ് വാദിച്ച മുന്‍ ഗവ.പ്ലീഡര്‍ സുശീല ഭട്ട് പറയുന്നു. കോടതിയില്‍ തീര്‍ക്കാന്‍ നില്‍ക്കുന്ന കേസിനെ സര്‍ക്കാരിന്റെ നീക്കം ദുര്‍ബലപ്പെടുത്തുമെന്ന അവരുടെ അഭിപ്രായം ശ്രദ്ധേയമാണ് ‘ചെറുവള്ളി എസ്റ്റേറ്റ് മാത്രമേ വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമായി സര്‍ക്കാര്‍ പരിഗണിക്കുന്നുള്ളൂ. സര്‍ക്കാര്‍ ഭൂമി എന്ന് പ്രഖ്യാപിച്ച് കഴിഞ്ഞിട്ട്, അതല്ല എന്ന ഉറപ്പിച്ചിട്ടാണോ നഷ്ടപരിഹാരം കെട്ടിവെക്കാന്‍ തീരുമാനിച്ചത്? തര്‍ക്കമുള്ള ഭൂമിയാണെന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പിക്കുന്നതാണ് ആ തീരുമാനം. ഭൂമി സര്‍ക്കാരിന്റേതെന്ന് ഉറപ്പിച്ച് മുന്നോട്ട് പോവേണ്ട സര്‍ക്കാരിന് എങ്ങനെയാണ് അത് തര്‍ക്കമുള്ള ഭൂമിയാണെന്ന് പറയാന്‍ കഴിയുന്നത്? തര്‍ക്കമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നടപടിയെടുക്കണം. അല്ലാതെ പണം കെട്ടുന്ന രീതിയില്‍ തരികിട ചെയ്തിട്ട് പത്ത് വര്‍ഷമോ നൂറ് വര്‍ഷമോ കഴിഞ്ഞ് തര്‍ക്കം തീര്‍ത്ത് ആ പണം തിരികെ പിടിക്കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കോടതിയില്‍ തോട്ടം ഭൂമിയുമായി ബന്ധപ്പെട്ട് നല്‍കാനിരിക്കുന്ന കേസുകള്‍ ഇതേവരെ നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. കോടതിയില്‍ കേസ് വരുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണമാക്കി, ഉടമസ്ഥത സംബന്ധിച്ച് സര്‍ക്കാരിന് തന്നെ സംശയമുണ്ടെന്ന് വരുത്തിതീര്‍ത്ത് എല്ലാ തോട്ടംഭൂമികളും കയ്യേറ്റക്കാര്‍ക്ക് തന്നെ നല്‍കാന്‍ ഇടവരുത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഒത്തുകളിക്കുന്നു എന്ന് മാത്രമല്ല, എത്ര കോടികളാണ് ബിലീവേഴ്സ് ചര്‍ച്ചിന് പൊതുഖജനാവില്‍ നിന്ന് സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 2263 ഏക്കര്‍ സ്ഥലം ഇപ്പോഴത്തെ ഭൂമി വിലക്ക് എടുക്കുന്നു എന്നാല്‍ രണ്ടായിരം കോടി രൂപയിലധികം ഖജനാവില്‍ നിന്ന് ബിലീവേഴ്സ് ചര്‍ച്ചിന് ലഭിക്കും. ഇത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാണ്. തോട്ടം ഭൂമി ഉടമസ്ഥ തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിപ്പിക്കുന്നതിന് സമാനമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.

വര്‍ഷങ്ങളുടെ ആലോചന
ചെറുവള്ളി എസ്റ്റേറ്റും ശബരി വിമാനത്താവളവുമായി ബന്ധപ്പെട്ട ഒത്തുകളി വര്‍ഷങ്ങള്‍ക്ക് മുന്നേ തുടങ്ങിയതിന്റെ റിപ്പോര്‍ട്ടുകള്‍ പല തവണ പുറത്തു വന്നിരുന്നു. 2016ല്‍ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്ത ഗൗഡരുടെ ബഞ്ചില്‍ ബിലീവേഴ്സ് ചര്‍ച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിമാനത്താവള പദ്ധതിയുടെ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഏതാണ്ട് ഇതേ സമയം ശബരിമലയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലക്കായി വിമാനത്താവളം ആവശ്യമുണ്ടെന്ന് സൂചിപ്പിച്ചു. ഇതേ കാലയളവില്‍ തന്നെയാണ് ഇന്തോ ഹെരിറ്റേജ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ കമ്പനി തുടങ്ങിയത് വാര്‍ത്തയായത്. ഗ്ലോബല്‍ ഇന്ത്യ അസോസിയേഷന്‍ എന്ന സംഘടനയുടെ ഭാരവാഹി കൂടിയായ രാജീവ് ജോസഫ് മാനേജിങ് ഡയറക്ടറായി രൂപീകരിച്ച കമ്പനി ഡല്‍ഹി കേന്ദ്രീകരച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയതായും പത്തനംതിട്ടയില്‍ ഓഫീസ് തുറന്നതായും പ്രഖ്യാപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്കല്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ അമേരിക്ക കേന്ദ്രമായ എയ്കോം കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയെയാണ് നിയോഗിച്ചത്. കുമ്പഴ, ളാഹ, കല്ലേലി, ചെറുവള്ളി എസ്റ്റേറ്റുകള്‍ സമിതി പരിഗണിച്ചു. ഏറ്റവും അനുയോജ്യം ചെറുവള്ളി എസ്റ്റേറ്റ് എന്ന് സമിതി ശുപാര്‍ശ ചെയ്തു. 2263 ഏക്കര്‍ സ്ഥലം, രണ്ട് ദേശീയ പാതകള്‍, അഞ്ച് സംസ്ഥാന പാതകള്‍ തുടങ്ങിയ സവിശേഷതകളാണ് ഈ ഭൂമി അനുയോജ്യമെന്ന് കണ്ടെത്താന്‍ കാരണം. പിന്നീട്, 2017ല്‍ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം 2015ല്‍ തന്നെ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി തുടങ്ങിയിരുന്നുവെന്നാണ് ബിലീവേഴ്സ് ചര്‍ച്ച് സി.ആര്‍.ഒ സിജോ പന്തപ്പള്ളില്‍ വെളിപ്പെടുത്തിയത്.

നിര്‍ദിഷ്ട എരുമേലി വിമാനത്താവളം സംബന്ധിച്ച പ്രാഥമിക പഠന റിപ്പോര്‍ട്ട് കണ്‍സള്‍ട്ടന്‍സിയായ ലൂയിസ് ബര്‍ഗ് കമ്പനി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. വിമാനത്താവള നിര്‍മാണത്തിന് മുന്നോടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള പാരിസ്ഥിതിക അനുമതിക്കായി ശ്രമം കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. സ്ഥലം കൈവശം വെച്ചിരിക്കുന്ന ബിലീവേഴ്സ് ചര്‍ച്ച് ആദ്യം സ്ഥലം നല്‍കാമെന്ന് നിലപാട് സ്വീകരിച്ചിരുന്നു എങ്കിലും പിന്നീട് സ്ഥലം വിട്ടുനല്‍കാനാവില്ലെന്ന നലപാടിലുറച്ചു. ഇതോടെ സ്ഥലം ഏറ്റെടുപ്പ് പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സര്‍ക്കാര്‍ പണം കെട്ടി വച്ച് ഭൂമിയേറ്റെടുക്കാനൊരുങ്ങുന്നത്. ചെറുവള്ളി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനായി തയ്യാറാക്കിയ ഫയലില്‍ ഇത് തര്‍ക്ക് ഭൂമിയാണെന്നും നഷ്ടപരിഹാരത്തുക കെട്ടിവെച്ച ഭൂമി ഏറ്റെടുക്കാവൂ എന്നും റവന്യൂ മന്ത്രി പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. റവന്യൂ വകുപ്പിന്റെ കടുത്ത നിലപാടാണ് യഥാര്‍ഥത്തില്‍ ഉടനടി നടക്കാനിരുന്ന വസ്തു കച്ചവടത്തെ തടഞ്ഞത്.

തുടങ്ങാത്ത സിവില്‍ കേസ്
എട്ട് ജില്ലകളില്‍ തോട്ടം കമ്പനികള്‍ കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിനായി സിവില്‍ കോടതികളില്‍ കേസ് നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് 2019 ജൂണ്‍ ആറിനാണ്. സിവില്‍ കോടതിയെ സമീപിക്കാന്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിക്കൊണ്ടായിരുന്നു ഉത്തരവ്. ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ കൈവശമിരിക്കുന്ന തോട്ടം ഭൂമികള്‍ക്ക് പുറമെ കൈമാറ്റം ചെയ്ത ഭൂമികളും ഉള്‍പ്പെടുത്തി കേസ് ഫയല്‍ ചെയ്യണമെന്ന വ്യക്തമായ നിര്‍ദേശം സര്‍ക്കാര്‍ വെച്ചിട്ടുണ്ട്. ഹാരിസണ്‍ ബിലീവേഴ്സ് ചര്‍ച്ചിന് വിറ്റ ചെറുവള്ളി എസ്റ്റേറ്റും ഇതില്‍ പെടും. 2018 ഏപ്രില്‍ 11നാണ് ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കാന്‍ സര്‍ക്കാരിന് സിവില്‍ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വിധിച്ചത്. ഹാരിസണ്‍സ് കൈവശം വെച്ചിരിക്കുന്നതും കൈമാറ്റം ചെയ്തതുമായ 38,000 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവായിരുന്നു അത്. ഹാരിസണ്‍ മലയാളം ലിമിറ്റഡും അവരില്‍ നിന്ന് ഭൂമി നേടിയ മറ്റുള്ളവരും കൈവശം വെച്ചിരിക്കുന്ന തോട്ടം ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിരുന്നു. കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഹാരിസണും മറ്റുള്ളവരും കൈവശം വെച്ചിരിക്കുന്ന 38,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നായിരുന്നു രാജമാണിക്യം കമീഷന്റെ കണ്ടെത്തല്‍. ഇത് പ്രകാരം ഇത്രയും ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഏറ്റെടുക്കുന്നതിന് ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവുകള്‍ക്കെതിരെ തോട്ടം കൈവശം വച്ചിരിക്കുന്ന കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഭൂമി ഏറ്റെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദ് ചെയ്തു. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി നിയമിതനായ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിനാണെന്ന് തെളിയിക്കാനുള്ള അധികാരമില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി ഉത്തരവുകള്‍ റദ്ദ് ചെയ്തത്. എന്നാല്‍, ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഭൂമിയില്‍ ഉടമസ്ഥതയുള്ളതായി കോടതി കണ്ടെത്തിയിട്ടില്ലെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കുകയുണ്ടായി. നിലവിലെ കേസില്‍ കേരള ഭൂസംരക്ഷണ നിയമ പ്രകാരമുള്ള അധികാരം മാത്രമാണ് പരിശോധിക്കുന്നതെന്നും ഉടമസ്ഥത സ്ഥാപിക്കുന്നതിന് സര്‍ക്കാരിന് സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവില്‍ കോടതിയെ സമീപിക്കണമെന്ന് ഉത്തരവിട്ട കോടതി കമ്പനികളില്‍ നിന്ന് കരം സ്വീകരിക്കുന്നത് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസിലെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ ഹൈക്കോടതി ഉത്തരവിന്‍മേല്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് 2019 ജൂണ്‍ ആറിന്. ഒരു വര്‍ഷം വൈകി ഉത്തരവിറക്കിയെങ്കിലും ഇതേവരെ സിവില്‍ കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടില്ല. ജില്ലാ കളക്ടര്‍മാര്‍ കേസ് സംബന്ധിച്ച രേഖകള്‍ ശേഖരിച്ച് വരികയാണെന്നാണ് റവന്യൂ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സിവില്‍ കേസ് നല്‍കുന്നത് സംബന്ധിച്ച് കളക്ടര്‍മാരുടെ യോഗം ഒക്‌ടോബര്‍ 24ന് വിളിച്ചിരുന്നു. എന്നാല്‍, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യോഗം നടത്താനാവില്ലെന്നും കളക്ടര്‍മാര്‍ കേസ് നല്‍കുന്ന നടപടികളുമായി മുന്നോട്ടുപോവാനുമാണ് റവന്യൂ വകുപ്പില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഭൂമിയേറ്റെടുക്കുന്നതിനുള്ള വഴികളിലേക്ക് ഒരു സര്‍ക്കാരും കടന്നിരുന്നില്ലെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് ഹാരിസണ്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് ഉന്നത തല യോഗമെങ്കിലും ചേര്‍ന്നിരുന്നു. റവന്യൂ, നിയമം, വനം വകുപ്പുകളുടെ സംയുക്ത തീരുമാനമാങ്ങള്‍ നടപ്പാക്കുകയുമുണ്ടായി. സുശീല ആര്‍ഭട്ടും, രാജമാണിക്യവും എല്ലാം വരുന്നത് അക്കാലത്തായിരുന്നു. എന്നാല്‍, നിലവിലെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരു ഉന്നതതല യോഗം പോലും ഇക്കാര്യത്തില്‍ വിളിച്ചിട്ടില്ല. കുറഞ്ഞത് അഞ്ച് റവന്യൂ ഉദ്യോഗസ്ഥരെങ്കിലുമുള്ള സ്പെഷ്യല്‍ സെല്‍ രൂപീകരിച്ച് വേണം കേസുമായി മുന്നോട്ട് പോവാന്‍ എന്ന് നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് കേസ് നല്‍കാനുള്ള അധികാരം നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവായത്. കേരള സര്‍ക്കാര്‍ ഉള്‍പ്പെട്ട പ്രധാനപ്പെട്ട ഒരു വ്യവഹാരത്തെ എങ്ങനെയാണ് അലക്ഷ്യമായി നേരിടുന്നതെന്നതിന്റെ ഉദാഹരണമാണിത്. സിവില്‍ കേസ് നടപടികള്‍ വൈകിപ്പിച്ചതിന് പിന്നാലെയാണ് കളക്ടര്‍മാരെ മാത്രം ഏല്‍പ്പിച്ച് കേസ് നടത്താന്‍ ഒരുങ്ങുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757