Opinionzero hour

ഭൂപരിഷ്‌കരണത്തിന്റെ ബാക്കിപത്രം അഥവാ കേരള മോഡലിന്റെ ദൗര്‍ബല്യങ്ങള്‍ – പഠനം – ഭാഗം നാല് / എസ്.എ അജിംസ്

 

ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടക്കം കുറിച്ചതും 1977-ല്‍ സി.പി.ഐ-കോണ്‍ഗ്രസ് കൂട്ടുകക്ഷി ഭരണം പൂര്‍ത്തീകരിച്ചതുമായ ഭൂപരിഷ്‌കരണ പ്രക്രിയ യഥാര്‍ഥത്തില്‍ ഒരു കമ്യൂണിസ്റ്റ് പരിപാടി എന്നതിലുപരി ഒരു മുതലാളിത്ത പരിപാടി ആയിരുന്നുവെന്ന് മുന്‍ അധ്യായത്തില്‍ സൂചിപ്പിച്ചു.സൂക്ഷ്മമായ വിലയിരുത്തലില്‍ അത് കാര്യക്ഷമമായ ഒരു മുതലാളിത്ത പരിപാടി പോലുമായിത്തീര്‍ന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സോഷ്യലിസത്തിലേക്കുള്ള പാതയില്‍ കര്‍ഷകര്‍ക്ക് കൃഷി ഭൂമിയിലുള്ള അവകാശവും കര്‍ഷകത്തൊഴിലാളിക്ക് ഭേദപ്പെട്ട കൂലിയും ലഭിച്ചുവെന്ന് മേനി നടിക്കുമ്പോള്‍, ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ നിലനിന്ന ഭൂബന്ധങ്ങളുടെ സ്വഭാവം സംബന്ധിച്ച കുറ്റകരമായ അജ്ഞത കമ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ പുലര്‍ത്തിക്കൊണ്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. കേരളത്തില്‍ നിലനിന്നത് കേവലം ജന്മി കുടിയാന്‍ ബന്ധമല്ല എന്ന സാമാന്യ ബോധം നഷ്ടപ്പെട്ട് ഭൂപരിഷ്‌കരണത്തില്‍ തികച്ചും യാന്ത്രികമായ വര്‍ഗസമീപനം കൈക്കൊള്ളുകയാണ് അവര്‍ ചെയ്തത്. ആദ്യ അധ്യായത്തില്‍ ചൂണ്ടിക്കാട്ടിയ പ്രാചീന കേരളത്തിലെ ഭൂബന്ധങ്ങളില്‍, വ്യക്തമാകുന്ന വസ്തുത, കേരളത്തിലെ കീഴാള ജാതിക്കാര്‍ അടിമകളെപ്പോലെ (പലപ്പോഴും കൃഷിഭൂമിക്കൊപ്പം കീഴ്ജാതിക്കാരായ തൊഴിലാളികളെയും ജന്മിമാര്‍ കൈമാറ്റം ചെയ്തു പോന്നുവെന്നും കീഴ്ജാതിക്കാരെ അകാരണമായി വധിക്കാനും അവരുടെ സ്ത്രീകളുടെ മാനം കവരാനും ജന്മിക്ക് ജന്മസിദ്ധമായ അവകാശമുണ്ടായിരുന്നു എന്നും മനസ്സിലാക്കുമ്പോള്‍ കേരളത്തില്‍ നിലനിന്ന അടിമത്തം എത്ര രൂക്ഷമായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും) മണ്ണില്‍ പണിയെടുക്കുന്നവരായി നൂറ്റാണ്ടുകളോളം ജീവിച്ചുപോന്നത് ജാതി വ്യവസ്ഥ മൂലമായിരുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ജന്മിയില്‍ നിന്ന് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നതിന് മനസ്സില്ലാഞ്ഞിട്ടല്ല കീഴ്ജാതിക്കാര്‍ അടിമസമാനം മണ്ണില്‍ പണിയെടുത്തുപോന്നത്. മറിച്ച്, പാട്ടഭൂമി പോലും കൈവശം വെച്ച് കൃഷി ചെയ്യാന്‍ ജാതി സമ്പ്രദായം അവരെ അനുവദിച്ചിരുന്നില്ല എന്നതാണ്. അതായത്, പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകാര്‍ കീഴ്ജാതിക്കാര്‍ക്ക് ചാര്‍ത്തിക്കൊടുത്ത കര്‍ഷകത്തൊഴിലാളി എന്ന വിശേഷണം അവര്‍ സ്വയം എടുത്തണിഞ്ഞതല്ലെന്ന് സാരം. ഭൂമിയിലുള്ള അവകാശം അധികാരവും സ്വയം നിര്‍ണയാവകാശവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത് ഭൂപരിഷ്‌കരണാനന്തര കേരള ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നുമുണ്ട്. ഭൂപരിഷ്‌കരണ പ്രക്രിയ തുടങ്ങുമ്പോള്‍, ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭക്ക് ലഭിച്ച പ്ലാനിംഗ് ബോര്‍ഡ് മാര്‍ഗ നിര്‍ദേശം കാര്‍ഷികോല്‍പാദനത്തിന്റെ ഇന്നത്തെ തടസ്സങ്ങള്‍ക്ക് കാരണമായ ഭൂബന്ധങ്ങള്‍ പരിഷ്‌കരിക്കുക എന്ന് മാത്രമായിരുന്നു. ഇതേത്തുടര്‍ന്ന് കാര്‍ഷിക ബന്ധ ബില്ലിന്റെ ലക്ഷ്യങ്ങളായി അന്നത്തെ റവന്യു മന്ത്രി കെ.ആര്‍ ഗൗരിയമ്മ തന്നെ എണ്ണിപ്പറഞ്ഞവ കുടിയാന് കൃഷി ചെയ്യുന്ന ഭൂമിയിലുള്ള സ്ഥിരാവകാശം, മര്യാദ പാട്ടത്തിന്റെ നിര്‍ണയം, കുടിയാന് ജന്മിയില്‍ നിന്ന് ഭൂമി വിലക്കു വാങ്ങാനുളള അവകാശം, ഭൂപരിധി നിര്‍ണയം എന്നിവയാണ്. ഇതിലൊന്നിലും അന്ന് കര്‍ഷകത്തൊഴിലാളിയെന്നോ, മണ്ണില്‍ പണിയെടുക്കുന്നവനെന്നോ വിശേഷിപ്പിക്കാവുന്ന കീഴ്ജാതിക്കാരനെ പരാമര്‍ശിച്ചിട്ടുപോലുമില്ല. ബില്‍ അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ ഗൗരിയമ്മ ഭൂരഹിതരെ കുറിച്ച് പറയുന്ന ഭാഗം ഇങ്ങനെ. ബില്ലിലെ വ്യവസ്ഥകള്‍ നിലവില്‍ വന്നാല്‍ എത്ര കുടിയാന്‍മാര്‍ക്ക് സ്ഥിരാവകാശവും കൈവശാവകാശവും കിട്ടുമെന്നോ, അഞ്ചേക്കറില്‍ കൂടുതല്‍ ഭൂമിയില്ലാത്ത ചെറുഭൂവുടമകള്‍ എത്ര ഉണ്ടെന്നോ ഭൂമിയില്‍ വരുത്തിയിട്ടുള്ള കടം എത്രയുണ്ടെന്നോ വ്യക്തമായ കണക്ക് ഗവണ്‍മെന്റിന്റെ കൈവശം ഇല്ല…. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ നിന്ന് ലഭിച്ച കണക്കനുസരിച്ച് 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശമുളളവര്‍ 86,000ല്‍പരവും അവരുടെ കൈവശമുളള ഭൂമി 34 ലക്ഷത്തില്‍പരവുമാണ്. ഇതില്‍നിന്ന് തോട്ടങ്ങളെയും മതസ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയെയും ഒഴിവാക്കേണ്ടതായിട്ടുണ്ട്. ഇതുകൊണ്ടു മാത്രം പരിധി നിര്‍ണയിച്ച് ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യാന്‍ ഗവണ്‍മെന്റിന്് കിട്ടേണ്ട ഭൂമി എത്രയുണ്ടെന്ന് കണക്കാക്കുവാന്‍ അഞ്ചേക്കറിന് താഴെ കൈവശമുള്ള ഭൂമി ഉടമസ്ഥന്‍മാരുടെ എണ്ണം 23,47,476 എന്നാണ് തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ കൈവശമുളള ഭൂമിയുടെ വിസ്തീര്‍ണം 26,21,472 ഏക്കര്‍ ആണ്. ഇവര്‍ പാട്ടത്തിനുകൊടുത്തിട്ടുള്ള ഭൂമിയുടെ വിസ്തീര്‍ണം 61,271 ഏക്കര്‍ എന്നാണ് കണക്കില്‍ കാണുന്നത്.

ഗൗരിയമ്മ അവതരിപ്പിച്ച സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ നിന്നുള്ള കണക്ക് താഴെ കാണുന്ന പട്ടികയില്‍ കൊടുക്കുന്നു.

ഭൂമിയുടെ അളവ്, ഉടമസ്ഥരുടെ എണ്ണം, വിസ്തീര്‍ണം, പാട്ടഭൂമി, പതിനഞ്ചേക്കറില്‍ കൂടുതല്‍ ഭൂമി കൈവശമുളളവര്‍ എന്നിവയെപ്പറ്റി ഗൗരിയമ്മയുടെ കയ്യില്‍ കൃത്യമായ കണക്കുണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. അതായത്, പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശമുള്ളവര്‍ എണ്‍പത്തിയാറായിരത്തില്‍പരവും അവരുടെ കൈവശമുള്ള ഭൂമി 34 ലക്ഷത്തില്‍പരവും എന്ന അവ്യക്തമെന്ന് തോന്നുന്ന കണക്കാണിത്. ഈ കണക്ക് പ്രകാരമാണെങ്കില്‍ പോലും ഓരോ വന്‍കിട ഭൂജന്മിയുടെയും കൈവശം ശരാശരി 39.5 ഏക്കര്‍ ഭൂമിയുണ്ടായിരുന്നതായി കണക്കാക്കാം. ഗൗരിയമ്മയുടെ പ്രസംഗത്തിലൊരിടത്തും കുടികിടപ്പുകാരായ കര്‍ഷകത്തൊഴിലാളികളുടെ എണ്ണം സൂചിപ്പിക്കുന്നില്ല. മുകളില്‍ സൂചിപ്പിച്ച കണക്ക് പ്രകാരം ഏകദേശം 21 ലക്ഷം ഏക്കര്‍ മിച്ചഭൂമി ഭൂപരിധി നിര്‍ണയത്തിലൂടെ കണ്ടെത്താനാകുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ, വന്‍കിട ഭൂജന്മിമാരുടെ അവ്യക്തമായ കണക്കുമായും, കുടികിടപ്പവകാശം മാത്രമുള്ള ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളുടെ ഇല്ലാത്ത കണക്കുമായും ഭൂപരിഷ്‌കരണത്തിന് ഇറങ്ങിപ്പുറപ്പെട്ട സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ മിച്ചഭൂമി ഏറ്റെടുക്കലും വിതരണവും കാര്യക്ഷമമായി നടത്തണം എന്ന് നിശ്ചയിച്ചിരുന്നു എന്ന് കരുതുക സാധ്യമല്ല. കൂടാതെ, ഗൗരിയമ്മ ഇതുകൂടി തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. തോട്ടങ്ങളെയും മതസ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമികളെയും ഒഴിവാക്കേണ്ടതായിട്ടുണ്ട്. നാണ്യവിളകളുടെ കയറ്റുമതി സാധ്യത മുന്‍നിര്‍ത്തി ഇത്തരം തോട്ടങ്ങളെ ഭൂപരിഷ്‌കരണ പ്രക്രിയയില്‍ ഒഴിവാക്കണമെന്ന് ഒന്നാം പ്ലാനിങ്് കമീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. പക്ഷേ, മതസ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന ന്യായം ഉന്നയിച്ചത് എന്തര്‍ഥത്തിലാണ് എന്നത് ദുരൂഹമാണ്. ഈ രണ്ട് പഴുതുകളിലൂടെയാണ് യഥാര്‍ഥത്തില്‍ പില്‍ക്കാലത്ത് ഭൂപരിഷ്‌കരണ പ്രക്രിയ അട്ടിമറിക്കപ്പെട്ടത് എന്നും 1957-58 കാലത്ത് 21 ലക്ഷം ഏക്കറായി കണക്കാക്കപ്പെട്ട മിച്ചഭൂമി 1970 ആയപ്പോഴേക്കും ഏഴ് ലക്ഷം ഏക്കറായി ചുരുങ്ങിയതെന്നും വ്യക്തമാകുന്നു. തോട്ടങ്ങളെ ഒഴിവാക്കാന്‍ പ്ലാനിങ്് കമീഷന്‍ ശിപാര്‍ശ ചെയ്തത് ഭൂമിയുടെ തുണ്ടുവല്‍കരണം ഒഴിവാക്കാനും അതുവഴി കാര്‍ഷികോല്‍പാദനം കുറയാതിരിക്കാനുമായിരുന്നു. എന്നാല്‍, കേരളത്തിന്റെ അനുഭവം നേരെ തിരിച്ചായിരുന്നു എന്നതാണ് വസ്തുത. ആ വസ്തുതകള്‍ തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വിശകലനം ചെയ്യാം.

മതസ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും പേരിലുള്ള ഭൂമി ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാക്കുമെന്ന സൂചന ലഭിച്ചതോടെ, ഭൂസ്വാമിമാര്‍ ട്രസ്റ്റുകള്‍ രൂപീകരിച്ച് ഭൂമി സംരക്ഷിച്ചു.ആദ്യ മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന വി.ആര്‍ കൃഷ്ണയ്യരുടെ സഹോദരന്‍ ഇത്തരത്തില്‍ ഭൂമി സംരക്ഷിച്ചതായി നിയമസഭയില്‍പോലും ആരോപണമുയര്‍ന്നു. തോട്ടങ്ങളെ ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാക്കണമെന്ന പ്ലാനിങ്് ബോര്‍ഡ് നിര്‍ദേശം ആദ്യ മന്ത്രിസഭയുടെ കാലത്ത് നടപ്പായിരുന്നില്ല. 1959 ജൂണ്‍ പതിനൊന്നിന് ബില്‍ പാസ്സാക്കിയതിന് പിന്നാലെ വിദ്യാഭ്യാസ ബില്ലിനെ മുന്‍ നിര്‍ത്തി കേരളത്തില്‍ വിമോചന സമരം ആരംഭിച്ചു. 1961ലും 1963ലും യഥാക്രമം സുപ്രീം കോടതിയും ഹൈക്കോടതിയും ബില്ലില്‍ ഭേദഗതികള്‍ ആവശ്യപ്പെട്ടു. 1967ല്‍ ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിലൂടെ പശ്ചിമഘട്ട മലനിരകളിലെ തോട്ടങ്ങളെ ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാക്കി. ഇ.എം.എസിന്റെ ഒന്നാം മന്ത്രിസഭ മുതല്‍ 1967ല്‍ രണ്ടാം ഇ.എം.എസ് മന്ത്രിസഭ വരെയുള്ള കാലയളവിലാണ് ഈ പ്രക്രിയ നടന്നത്. പട്ടം താണുപിള്ളയും ആര്‍.ശങ്കറുമായിരുന്നു ഈ ഇടവേളയിലെ മുഖ്യമന്ത്രിമാര്‍. പശ്ചിമഘട്ടത്തിലെ തോട്ടം മേഖലകളെ ഭൂപരിധിയില്‍ നിന്നൊഴിവാക്കാനുള്ള നിയമഭേദഗതിയുടെ മറവില്‍ ഇടനാട്ടിലും വ്യാപകമായി തോട്ടങ്ങള്‍ ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാക്കപ്പെട്ടു. മലമ്പ്രദേശം എന്ന റവന്യൂ ഉദ്യോഗസ്ഥരുടെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

1968ല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഭൂപരിഷ്‌കരണ ശ്രമങ്ങളുടെ പുരോഗതി പഠിക്കാന്‍ വേണ്ടി നടത്തിയ ഭൂപരിഷ്‌കരണ സര്‍വേ പത്തുവര്‍ഷത്തെ ഭൂപരിഷ്‌കരണ ശ്രമങ്ങളുടെ ഫലം പുറത്തുകൊണ്ടുവന്നു. 1966 വരെ, 17,700 ഏക്കറിന്റെ ഉടമസ്ഥാവകാശം മാത്രമാണ് കുടിയാന്‍മാര്‍ വാങ്ങിയതെന്നും ഒരു കോടി രൂപയോളം ഇതിന് പ്രതിഫലമായി ജന്മിമാര്‍ക്ക് ലഭിച്ചതായും കണ്ടെത്തി. 1957 മുതല്‍ 1966 വരെ 4.37 ലക്ഷം ഏക്കര്‍ ഭൂമിയുടെ കൈമാറ്റം നടന്നതായി സര്‍വേ കണ്ടെത്തി. അതായത് ഈ കാലയളവില്‍ ഭൂസ്വാമിമാര്‍ വന്‍തോതില്‍ ഭൂമി തിരിമറി നടത്തി സംരക്ഷിച്ചുവെന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. ഇഷ്ടദാന നിയമം പ്രാബല്യത്തിലായതോടെ, മിച്ചഭൂമി വേണ്ടപ്പെട്ടവരുടെ പേരിലേക്കെഴുതിച്ചേര്‍ത്ത് രക്ഷപ്പെടുത്തുകയെന്ന തന്ത്രവും പയറ്റി. എന്തായാലും, ഭൂമിയില്‍ നിന്നൊഴിവാക്കപ്പെട്ട ദലിതര്‍ക്ക് അവരുടെ ചെറ്റപ്പുരകള്‍ സ്ഥിതി ചെയ്ത പത്തുസെന്റ് ഭൂമിയില്‍ (നഗരപ്രദേശങ്ങളില്‍ അഞ്ചു സെന്റ്) ഉടമസ്ഥത നല്‍കുകയും അതുമില്ലാത്തവരെ ലക്ഷംവീട് കോളനികളിലും മറ്റും കുടിയിരുത്തുകയും ചെയ്തു. എന്തായാലും നൂറ്റാണ്ടുകളോളം അടിമത്തം അനുഭവിക്കുകയും പിന്നീട് ജന്മിയുടെയും കുടിയാന്റെയും കീഴില്‍ മണ്ണില്‍ പണിയെടുക്കുന്നവനായി മാറുകയും നമ്മള്‍ കൊയ്യുന്ന വയലെല്ലാം നമ്മുടേതാകുമെന്ന് സ്വപ്നം കാണുകയും ചെയ്ത കേരളത്തിലെ അടിസ്ഥാന വിഭാഗം വീണ്ടും ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ടു.

ഇതിനിടെ, കേരള മോഡല്‍ എന്ന് വിഖ്യാതമായ കേരളവികസന പ്രക്രിയ മുന്നോട്ടുപോയി. എഴുപതുകളില്‍ ഗള്‍ഫ് നാടുകളിലേക്ക് വ്യാപകമായ കുടിയേറ്റമുണ്ടായി. വിദേശ വരുമാനം വരാന്‍ തുടങ്ങിയതോടെ, കേരളത്തിന്റെ കാര്‍ഷികാടിത്തറയുള്ള സാമ്പത്തിക വ്യവസ്ഥക്ക് മാറ്റം വരാന്‍ തുടങ്ങി. വിപണികേന്ദ്രീകൃതമായ ഒരു ഉപഭോക്ത സമൂഹമായി കേരളം മാറുന്നതും ഉല്‍പാദനോപാധി എന്ന നിലയില്‍ നിന്നും ഭൂമിയുടെ സ്വഭാവം നിക്ഷേപവസ്തുവെന്നോ കമ്പോള വസ്തു എന്നോ ഉള്ള തരത്തിലേക്ക് മാറുന്നതും പിന്നീട് സംജാതമായ അവസ്ഥയാണ്. ഈഴവ, മുസ്‌ലിം വിഭാഗങ്ങളിലേക്ക് കൂടി ഭൂമിയുടെ ഉടമസ്ഥത ക്രമേണ കിനിഞ്ഞിറങ്ങാന്‍ തുടങ്ങിയതോടെ, ഭൂബന്ധങ്ങളില്‍ കാര്യമായ മാറ്റമുണ്ടായി. നേരത്തെ, കുടിയാന്‍മാര്‍ എന്ന അര്‍ഥത്തില്‍ ഭൂപരിഷ്‌കരണ സമയത്ത് ലഭിച്ച ഭൂമിയേക്കാളുപരി, വിദേശവരുമാനമാണ് മുസ്‌ലിംകളുടെ ഭൂവുടമസ്ഥതയില്‍ വര്‍ധനവുണ്ടാക്കിയത്.

കാര്‍ഷികമേഖലയുടെ തകര്‍ച്ചയായിരുന്നു എണ്‍പതുകള്‍ മുതല്‍ ദൃശ്യമായ മറ്റൊരു മാറ്റം. കര്‍ഷകത്തൊഴിലാളികള്‍ നിര്‍മാണമേഖലയിലേക്ക് തിരിയുകയും ചെയ്തു. 1960ല്‍ കേരളത്തിന്റെ മൊത്തം ഉദ്പാദനത്തിന്റെ 53.42 ശതമാനം കാര്‍ഷിക-അനുബന്ധ മേഖലയില്‍ നിന്നായിരുന്നെങ്കില്‍ 1990ല്‍ 28.9 ശതമാനവും 2005ല്‍ 12.3 ശതമാനവുമായി കുറഞ്ഞു. 2008-09ലത് 11.9 ശതമാനമായി മാറി. ഉദ്പാദന മേഖലയുടെ,വിശിഷ്യാ കാര്‍ഷികമേഖലയുടെ തകര്‍ച്ചയും വിദേശത്തുനിന്നുള്ള വരുമാനത്തിന്റെ വളര്‍ച്ചയും ഡച്ചുദീനം എന്നപേരില്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന തരത്തിലുള്ള അവസ്ഥയിലേക്ക് കേരളത്തിന്റെ സാമ്പത്തിക മേഖലയെ കൊണ്ടെത്തിച്ചു. കേരളത്തില്‍ മാത്രം ലഭ്യമാകുന്നതും മറ്റിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യല്‍ പ്രായോഗികമായി ബുദ്ധിമുട്ടൂള്ളതുമായ സാധനങ്ങളുടെയും സേവനങ്ങളുടെയും വന്‍ തോതിലുള്ള വിലക്കയറ്റമാണ് ഡച്ചുദീനം കേരളത്തിന് സമ്മാനിച്ചത്. പണപ്പെരുപ്പം സാധാരണക്കാരുടെ ജീവിതത്തെ ദുഷ്‌കരമാക്കി മാറ്റുകയും ചെയ്തു. കാര്‍ഷികമേഖലയുടെ തകര്‍ച്ച ഭക്ഷ്യസുരക്ഷയെത്തന്നെ അപകടപ്പെടുത്തും വിധം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട നിസ്സഹായാവസ്ഥയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചു. ഇതിലേക്ക് നയിച്ച ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ കാര്യക്ഷമമല്ലാത്ത തരത്തില്‍ നടത്തപ്പെട്ട ഭൂപരിഷ്‌കരണമായിരുന്നു വില്ലനെന്ന് നമുക്ക് മനസ്സിലാക്കാം.

തുടരും (ഭൂപരിഷ്‌കരണത്തിലേക്ക് നയിച്ച സാമൂഹ്യഘടകങ്ങള്‍ – അടുത്ത ലക്കത്തില്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757