cultural

ആധിപത്യങ്ങള്‍ – കവിത – അക്ബര്‍ അണ്ടത്തോട്

ആധിപത്യങ്ങള്‍ 

1. ശബ്ദാധിപത്യം
ഉരിയാടാന്‍ ഒരൊറ്റ നാക്കും
കേള്‍ക്കാന്‍ ഒരായിരം ചെവികളും.

ഇവിടെ,
പ്രതിഷേധങ്ങളും മുറുമുറുപ്പും
കടലാഴങ്ങളിലെ പ്രകമ്പനം പോലെ ഉരുണ്ടുരുണ്ട്,
ഭയത്തിനും പ്രതീക്ഷക്കുമിടയിലെ വേലിയേറ്റങ്ങളില്‍ ആടിയുലഞ്ഞ്,
തൊണ്ടക്കുഴിയോളമെത്തി ഉയിരെടുക്കാനാവാതെ അലതല്ലിച്ചാവും.

2. ബഹളാധിപത്യം
ഉരിയാടലിന്റെ ഓണത്തല്ലില്‍ ഒരായിരം നാക്കുകള്‍,
കേട്ട് കേട്ട് തലച്ചോറിലേക്കുള്ള വഴിയടഞ്ഞ ഒരായിരം ചെവി ജോഡികള്‍
ഇവിടെ,
ആത്മാര്‍ഥതയുടെ അഗാധതയില്‍ നിന്ന് ഒരു വാക്കും പുറപ്പെടുന്നില്ല;
ചെവികള്‍ ഒരു പ്രതീക്ഷയിലേക്കും വട്ടം പിടിക്കുന്നുമില്ല.
ഉള്ളത്
ശബ്ദങ്ങളുടെ കോലാഹലമേട്ടില്‍ പാറുന്ന
ഒച്ചയുള്ളവന്റെ പതാക മാത്രം.

3. സംസാരം
മനുഷ്യാ,
നീ മാത്രമേ സംസാരിക്കുന്നുള്ളൂ !
നീയും, ഞാനും, നമ്മളും
ജീവിത തീരങ്ങളില്‍
പാരസ്പര്യത്തിന്റെ കടല കൊറിച്ച്
മിണ്ടിയും പറഞ്ഞുമിരിക്കെ
നമ്മേക്കടന്നു പോകുന്നുണ്ട്;
സ്വാതന്ത്ര്യത്തിന്റെ ഇളംകാറ്റ്
ദേശാതിര്‍ത്തികള്‍ വകവെക്കാത്ത കിളികള്‍.

നമ്മള്‍ കൈമാറിയ
അകം കടഞ്ഞ ആത്മാര്‍ഥതയുടെ വാക്കുകള്‍
പട്ടില്‍ പൊതിഞ്ഞ് ചെവിയേറ്റു വാങ്ങും
നെഞ്ചകത്തു സൂക്ഷിക്കും;
കൂടുതല്‍ മിനുസമാര്‍ന്ന് മറ്റൊരാള്‍ക്കു മൊഴിയാന്‍.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757