keralanews

പെരുമ്പിലാവില്‍ കഞ്ചാവ് മാഫിയകളുടെ വിളയാട്ടം; പ്രതിഷേധവുമായി വെല്‍ഫെയര്‍ പാര്‍ട്ടി

പെരുമ്പിലാവ് : പെരുമ്പിലാവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. തമിഴ്‌നാട്ടില്‍നിന്നടക്കം കൊണ്ടുവരുന്ന കഞ്ചാവ് മറ്റുപ്രദേശങ്ങളിലേക്ക് എത്തിക്കുന്ന ഹബ്ബായി പെരുമ്പിലാവ് മാറിയിരിക്കുന്നു. പ്രൊഫഷണല്‍ കോളജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പിലാവിലും സമീപ്രദേശങ്ങളിലുമാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമാഫിയകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഈ മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നത് അത്യന്തം ഗൗരവതരമാണ്.

അധികാരികളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും പിന്തുണയിലാണ് ഈ മാഫിയ സംഘങ്ങള്‍ തഴച്ചുവളരുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. കഞ്ചാവ് മാഫിയകളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 8ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് പെരുമ്പിലാവ് സെന്ററില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. മദ്യം, മയക്കമരുന്ന്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തിനെതിരെ ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.എ കമറുദ്ദീന്‍ പറഞ്ഞു.
‘കഞ്ചാവു റാണി’ എന്ന പേരില്‍ അറിയപ്പെടുന്ന പെരുമ്പിലാവ് ആല്‍ത്തറ സ്വദേശിയായ ശ്രീദേവി എന്ന യുവതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. മുന്‍പ് പലതവണ പൊലീസും എക്‌സൈസും ശ്രീദേവിക്കായി വലവിരിച്ചിരുന്നെങ്കിലും പിടികൂടനായില്ല. അപ്പോഴൊക്കെയും ശ്രീദേവി കഞ്ചാവു വില്‍പന തകൃതിയായി നടത്തി. ഇപ്പോള്‍ ഒന്നരവര്‍ഷത്തിനുശേഷം സ്റ്റുഡന്റ് പൊലീസ് കേഡറ്റും ജനമൈത്രി പൊലീസും ചേര്‍ന്നാണ് ശ്രീദേവിയെ വലയിലാക്കിയത്. തമിഴ്‌നാട്ടില്‍നിന്നടക്കം കൊണ്ടുവരുന്ന കഞ്ചാവ് മറ്റുപ്രദേശങ്ങളിലെ കഞ്ചാവ് വില്‍പനക്കാര്‍ക്ക് കൈമാറുന്നത് പെരുമ്പിലാവില്‍വെച്ചാണത്രെ. ഇത്തരം കച്ചവടക്കാരുടെ കേന്ദ്രമായി പെരുമ്പിലാവ് മാറിയിരിക്കുന്നു എന്നാണ് ആക്ഷേപം.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757