keralanewszero hour

എസ്.എഫ്.ഐക്കാര്‍ക്കുവേണ്ടി ശബ്ദിക്കുന്നത് എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍

എസ്.എഫ്.ഐക്കാര്‍ക്കുവേണ്ടി ശബ്ദിക്കുന്നത് എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍. കോഴിക്കോട് പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് കാമ്പസിലെ ഫ്രറ്റേണിറ്റി യൂണിറ്റാണ് എസ്.എഫ്.ഐക്കാര്‍ക്കുവേണ്ടി രംഗത്തുവന്നത്. മാവോവാദി ബന്ധം ആരോപിച്ച് പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് വിദ്യാര്‍ഥി അലന്‍ ഷുഹൈബ്, കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേണലിസം വിദ്യാര്‍ഥിയും ഒളവണ്ണ സ്വദേശിയുമായ ത്വാഹ ഫൈസല്‍ എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പാലയാട് കാമ്പസിലെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോളജ് യൂണിറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. മുമ്പ് സംഘ്പരിവാര്‍ ലിഞ്ചിങ്ങിനെ കുറിച്ച് കോളജ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞതിന് ഫ്രറ്റേണിറ്റി യൂണിറ്റ് നേതാവായ അമല്‍ റാസിഖിനെ ഈ കാമ്പസില്‍വെച്ച് എസ്.എഫ്.ഐ നേതാക്കള്‍ മര്‍ദിച്ച് മൃതപ്രായനാക്കിയിരുന്നു. അതേ കാമ്പസിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരായ അലനും ത്വാഹക്കും നീതി ലഭിക്കണമെന്നും അവര്‍ക്കെതിരിലുള്ള യു.എ.പി.എ കേസ് റദ്ദ് ചെയ്ത് വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് കാമ്പസിലെ ഫ്രറ്റേണിറ്റി യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. കോളജ് വിദ്യാര്‍ഥികളുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ സ്വാഗതം പറഞ്ഞത് എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ അമല്‍ റാസിഖ് തന്നെയായായിരുന്നു. മറ്റൊരവസരത്തില്‍ മര്‍ദിക്കപ്പെട്ട സലീലും പ്ലക്കാര്‍ഡും കൈയിലേന്തിക്കൊണ്ട് സംഗമത്തില്‍ പങ്കാളിയായി.

സംഗമം ഫ്രറ്റേണിറ്റി മൂവ്മന്റ് സംസ്ഥാന പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. കാമ്പസില്‍ യു.എ.പി.എ വേട്ടക്കെതിരെ മിണ്ടാതെ മനഃപൂര്‍വമോ അല്ലാതെയോ മൗനം പാലിച്ച് നിര്‍വൃതിയടയുന്ന എസ്.എഫ്.ഐ സഖാക്കള്‍ക്കും കൂടി വേണ്ടിയാണ് അമല്‍ റാസിഖ് സ്വാഗത സംസാരം നടത്തിയത് എന്ന് ശംസീര്‍ ഇബ്രാഹിം പറഞ്ഞു. ബി.ജെ.പിയില്‍ നിന്ന് ഭിന്നമായി കോണ്‍ഗ്രസും ഇടതുപക്ഷവും പറയുന്നത് യു.എ.പി.എ എല്ലായിടത്തും പ്രയോഗിക്കാനുള്ളതല്ല എന്നാണ്. എന്നുവെച്ചാല്‍ പ്രയോഗിക്കാവുന്ന ഇടങ്ങളും കേസുകളും ഉണ്ട്; അവിടെ പ്രയോഗിക്കണം. പിണറായിയും ചെന്നിത്തലയും പരസ്പരം വാട്ടബൗട്ടറി വ്യായാമത്തില്‍ ഏര്‍പ്പെട്ടുകൊള്ളട്ടെ. സകരിയയെ പോലുള്ളവര്‍ക്ക് ഉമ്മയെ കാണാന്‍ ഒരു സെക്കന്റിന് ഒരു രൂപ ഇരുപത് പൈസ വിലയോടുക്കേണ്ടി വരുന്ന മുന്തിയ തരം യു.എ.പി.എ ഉണ്ടല്ലോ, അതിനെ കുറിച്ച് തന്നെയാണ് സംസാരിക്കേണ്ടതും ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതുമെന്ന് വിഷയത്തിലെ പ്രതികരണമായി പിന്നീട് ശംസീര്‍ ഇബ്രാഹിം ഫെയ്‌സബുക്കില്‍ കുറിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757