keralanewspress release

വ്യാജ ഏറ്റുമുട്ടല്‍ കൊല: ജുഡീഷ്യല്‍ അന്വേഷണവും നിയമസഭാ സമിതിയുടെ അന്വേഷണവും വേണം, തണ്ടര്‍ ബോള്‍ട്ടിനെ പിരിച്ചുവിടണം – സാംസ്കാരിക പ്രവര്‍ത്തകര്‍

 

തിരുവനന്തപുരം : ഒക്ടോബര്‍ 28ന് പാലക്കാട് ജില്ലയിലെ അഗളി അട്ടപ്പാടി വനമേഖലയില്‍ മണിവാസകം, കാര്‍ത്തി, ശ്രീമതി, സുരേഷ് എന്നീ നാല് മാവോവാദികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ നടപടി ഭരണകൂട ഭീകരതയും ജനാധിപത്യ വിരുദ്ധതയുമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച് മധ്യസ്ഥര്‍ വഴി പൊലീസുമായി ആശയവിനിമയം നടത്തിയവരെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വളഞ്ഞ് ഏകപക്ഷീയമായി പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു എന്നാണ് ഈ മേഖലയിലെ ആദിവാസികള്‍ വ്യക്തമാക്കുന്നത്. ആത്മരക്ഷാര്‍ത്ഥമാണ് വെടിയുതിര്‍ത്തത് എന്ന തണ്ടര്‍ ബോള്‍ട്ട് സേനയുടെ വാദം ശുദ്ധ കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് ആദിവാസികളുടെ വെളിപ്പെടുത്തലും പരിസര പ്രദേശത്തൊന്നും ഏറ്റുമുട്ടല്‍ നടന്നതിന്റെ യാതൊരു ലക്ഷണവും ഇല്ലാതിരുന്നതും. ഒരു പൊലീസ് സേനാംഗത്തിനും നിസാരമായ പരിക്കുപോലും ഉണ്ടായില്ല എന്നതും ഏകപക്ഷിയവും ആസൂത്രിതവുമായ കൊലപാതകമായിരുന്നു നടന്നതെന്ന് വ്യക്തമാക്കുന്നു.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറ്റ ശേഷം ഇതുള്‍പ്പടെ മൂന്ന് വ്യാജ ഏറ്റുമുട്ടലുകളിലായി രണ്ടു സ്ത്രീകളടക്കം ഏഴുപേര്‍ കൊലചെയ്യപ്പെട്ടു എന്നത് ഭയാനകമാണ്. കേരളത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ യാതൊരു സായുധ മാവോവാദി ഓപ്പറേഷനുകളും നടന്നിട്ടില്ല എന്നിരിക്കെ സായുധ മാവോവദികളെ വേട്ടയാടാനെന്ന പേരില്‍ തണ്ടര്‍ ബോള്‍ട്ട് എന്ന പ്രത്യേക സേന രൂപീകരിച്ചത് ദുരൂഹമാണ്. ഓഡിറ്റിങ്ങിന് വിധേയമാകാത്ത വലിയ തോതിലെ കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കാനും പൊലീസ് ഉന്നതോദ്യോഗസ്ഥര്‍ക്ക് കൃത്രിമമാര്‍ഗത്തിലൂടെ ബഹുമതികള്‍ സമ്പാദിക്കാനുമുള്ള വഴിമാത്രമാണ് തണ്ടര്‍ ബോള്‍ട്ട്.


മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും സമ്പൂര്‍ണമായി ഹനിക്കുന്ന ഈ പ്രവണതയെ അംഗീകരിക്കാനാവില്ല. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതശരീരം പോലും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വിട്ടു നല്‍കാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പ് മൃതശരീരം കാണുന്നതിന് ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നു. നേരത്തേ നടന്ന രണ്ട് വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളിലും ചട്ടപ്രകാരം നടന്ന മജിസ്റ്റീരിയല്‍ എന്‍ക്വയറി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുന്നതും ദുരൂഹമാണ്. അതുകൊണ്ടുതന്നെ അട്ടപ്പാടി വ്യാജ ഏറ്റുമുട്ടലില്‍ മജിസ്റ്റീരില്‍ എന്‍ക്വയറി അപര്യാപ്തമാണ്. നിയമത്തിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറായവരെ വെടിവെച്ചുകൊല്ലുക എന്നത് നിയമവാഴ്ചയെ അംഗീകരിക്കാത്തവരുടെ പ്രവൃത്തിയാണ്. അതിനാല്‍ കൊലപാതകം നടത്തിയവരും നേതൃത്വം നല്‍കിയവരുമായ ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് കേസെടുത്ത് നിയമ നടപടിക്ക് വിധേയരാക്കണം. സായുധ മാവോയിസ്റ്റ് പ്രവര്‍ത്തനമില്ലാത്ത കേരളത്തില്‍ അനാവശ്യമായ തണ്ടര്‍ ബോള്‍ട്ട് എന്ന പ്രത്യേക സേനയെ പിരിച്ചുവിടണം. അട്ടപ്പാടി വ്യാജ ഏറ്റുമുട്ടലിനെ സംബന്ധിച്ച് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണവും സംയുക്ത നിയമസഭാ സമിതിയുടെ അന്വേഷണവും നടത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍ :
ഡോ. ടി. ടി ശ്രീകുമാര്‍, ജെ ദേവിക, അഡ്വ. പി. എ പൗരന്‍, സാറാ ജോസഫ്, ഡോ. ആസാദ്, കെ പി ശശി, പി. സുരേന്ദ്രന്‍, അന്‍വറലി, ഹമീദ് വാണിയമ്പലം, സി. ആര്‍ നീലകണ്ഠന്‍, കെ. കെ രമ, ഹാഷിം ചേന്നാപ്പള്ളി, കെ. കെ ബാബുരാജ്, ഗ്രോ വാസു, തുഷാര്‍ നിര്‍മല്‍ സാരഥി, ഐ. ഗോപിനാഥ്, എന്‍ സുബ്രഹ്മണ്യന്‍, ജയഘോഷ്, അഡ്വ. വിന്‍സന്റ് ജോസഫ്, പി. ബാബുരാജ്, എന്‍. പി ചേക്കുട്ടി, മൃദുല ഭവാനി, എ. എസ് അജിത് കുമാര്‍, സി. കെ അബ്ദുല്‍ അസീസ്, റെനി ഐലിന്‍, എം. ഷാജര്‍ ഖാന്‍, നഹാസ് മാള, എ. എം മജീദ് നദ്‌വി, ആര്‍ അജയന്‍, ഷഫീഖ് സുബൈദ, ഷംസീര്‍ ഇബ്രാഹിം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757