keralanews

വാളയാര്‍ കേസ്; മുഖ്യമന്ത്രി രാജിവെക്കും വരെ പ്രക്ഷോഭം – ഇ.സി ആയിഷ

തിരുവനന്തപുരം: വാളയാര്‍ കൊലപാതകക്കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ പറഞ്ഞു. പ്രതികളെ വെറുതെവിട്ട വാളയാര്‍ കേസില്‍ പുനരന്വേഷണം നടത്തുക, പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കുക, ചൈല്‍ഡ് വെല്‍ഫെയര്‍ കമീഷനെ രാഷ്ട്രീയ മുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

വ്യക്തമായ രാഷ്ട്രീയ ഇടപെടലുകളാണ് തെളിവുകള്‍ ദുര്‍ബലമാക്കി കേസ് അട്ടിമറിക്കപ്പെടാന്‍ ഇടവരുത്തിയത്. പതിനൊന്നു വയസായ മൂത്ത പെണ്‍കുട്ടിയെ കെട്ടിത്തൂക്കിയത് കാണുന്ന വേളയില്‍ രണ്ടുപേര്‍ മുഖംമറച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയോടുന്നതുകണ്ട ഇളയകുട്ടിയുടെ മൊഴിയും മറ്റൊരു സാക്ഷിയായ അബ്ബാസിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. കേസില്‍ രാഷ്ട്രീയ ഇടപെടലുകളാണ് നടന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. പ്രഥമഘട്ടത്തില്‍തന്നെ കേസിനെ ദുര്‍ബലപ്പെടുത്തുവാനുള്ള സംശയാസ്പദ നീക്കങ്ങളാണ് പ്രോസിക്യൂഷന്റേയും പൊലീസിന്റേയും ഭാഗത്തുനിന്നുണ്ടായത്. മുഖംരക്ഷിച്ചെടുക്കുവാനായി സമ്മര്‍ദത്തെത്തുടര്‍ന്ന് സ്ഥനഭ്രഷ്ടനാക്കപ്പെട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ചെയര്‍മാന്‍ പ്രതികള്‍ക്കായി ഹാജരായതുതന്നെ പ്രതികളെ രക്ഷിച്ചെടുക്കുന്നതിനുള്ള സൂചനയായിരുന്നു എന്നും അവര്‍ പറഞ്ഞു.

കേസ് പ്രതികള്‍ക്കനുകൂലമായതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഇതുള്‍കൊണ്ട് രാജിക്ക് തയ്യാറാവുക എന്ന രാഷ്ട്രീയ ധാര്‍മികത മുഖ്യമന്ത്രി കാണിക്കണമെന്നും കേസ് പുനരന്വേഷിക്കണമെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ് പറഞ്ഞു. നേരത്തെ മ്യൂസിയം പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ക്ലിഫ്ഹൗസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ്, മുംതാസ്ബീഗം, ചന്ദ്രിക കൊയിലാണ്ടി, സുബൈദ കക്കോടി, സുഭദ്രാമ്മ തോട്ടപ്പള്ളി, സീനത്ത് കോക്കൂര്‍, സനീറ സജീദ് എന്നിവരുള്‍പ്പെടെ ഇരുപത്തിരണ്ടുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മാര്‍ച്ചില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീജ നെയ്യാറ്റിന്‍കര മുഖ്യപ്രഭാഷണം നടത്തി. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി മുംതസ് ബീഗം, ജില്ല പ്രസിഡണ്ട് രഞ്ജിത ജയരാജ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡണ്ട് എന്‍.എം അന്‍സാരി എന്നിവര്‍ സംസാരിച്ചു. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി വേണുഗോപാല്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി നന്ദിയും പറഞ്ഞു.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757