Uncategorized

അഗളി ഏറ്റുമുട്ടല്‍ കൊല; ഭരണ കൂട ഭീകരത – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: അഗളിയില്‍ മാവോയിസ്റ്റുകള്‍ എന്ന് പറയപ്പെടുന്ന മൂന്നുപേരെ തണ്ടര്‍ ബോള്‍ട്ട് വെടിവെച്ച് കൊലപ്പെടുത്തിയത് ഭരണകൂട ഭീകരത തന്നെയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്. നേരത്തേ നിലമ്പൂരും വൈത്തിരിയിലും നടന്ന ഏറ്റുമുട്ടല്‍ നാടകങ്ങളുടെ തനിയാവര്‍ത്തനമാണ് അഗളിയിലും സംഭവിച്ചത്. തങ്ങളിലാര്‍ക്കും ഒരു പരിക്ക് പോലും പറ്റാതെ പരസ്പരം വെടിവെപ്പ് നടന്നു എന്ന് തണ്ടര്‍ബോള്‍ട്ട് പറയുന്ന ഏകപക്ഷീയ വിവരങ്ങള്‍ അവിശ്വസനീയമാണ്. കേരളത്തില്‍ കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തിനുള്ളില്‍ സായുധ മാവോയിസ്റ്റ് ആക്രമണം ഉണ്ടായിട്ടില്ല. എന്തെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരാണ് അവരെങ്കില്‍ നിയമത്തിന് മുന്നില്‍ ഹാജരാക്കുന്നതിന് പകരം വെടിവെച്ച് കൊല്ലുന്നത് ഭീകര ഭരണത്തിന്റെ ലക്ഷണമാണ്. ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍മാരെ ഉണ്ടാക്കുന്ന രീതി കേരളത്തില്‍ അനുവദിക്കാനാവില്ല. കേരളത്തിലെ ഭരണ പക്ഷത്തെ പ്രധാന പാര്‍ട്ടിയായ സി.പി.ഐ ആവശ്യപ്പെട്ടിട്ടുപോലും കരുളായി വ്യാജ ഏറ്റുമുട്ടലിനെ സംബന്ധിച്ച് സുതാര്യമായ അന്വേഷണം നടത്താഞ്ഞത് ആരെ സംരക്ഷിക്കാനാണ്. വഴിതെറ്റിയ സഖാക്കള്‍ എന്ന് കമ്യൂണിസ്റ്റ് നേതാക്കള്‍ വിശേഷിപ്പിക്കുന്നവരെ കാണുന്നിടത്ത് വെച്ച് വെടിവെച്ച് കൊല്ലന്നത് കമൂണിസ്റ്റുകാരനായ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്. കേരളത്തില്‍ നടന്ന മൂന്ന് ഏറ്റുമുട്ടല്‍ കൊലകളേയും കുറിച്ച് സിറ്റിംഗ് ജഡ്ജിയെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. വാളയാര്‍ കേസിലെ രാഷ്ട്രീയ ഇടപെടലിലൂടെ ജനരോക്ഷം ഏറ്റ് വാങ്ങി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പിണറായി സര്‍ക്കാരും പോലീസും മുഖം രക്ഷിക്കാനാണ് ഏറ്റുമുട്ടല്‍ നാടകം നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757