zero hour

വാളയാര്‍ കേസ്; ദലിത്-സത്രീ വിരുദ്ധതയുടെ ഭരണനിര്‍വഹണ മാതൃക – ഹമീദ് വാണിയമ്പലം

 

വാളയാറില്‍ പതിനൊന്നും ഒന്‍പതും വയസ്സുള്ള രണ്ട് ദലിത് പെണ്‍കുട്ടികള്‍ അതിക്രൂരമായി ബലാത്സംഗത്തിനിരകളായി കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതികള്‍ രക്ഷപ്പെട്ടത് ദലിതരോടും സ്ത്രീകളോടുമുള്ള ഭരണ നിര്‍വഹണ സംവിധാനത്തിന്റെ നിന്ദ്യവും വിവേചനപരവുമായ സമീപനമാണ് വെളിപ്പെടുത്തുന്നത്. പ്രതികള്‍ക്ക് രക്ഷപെടാന്‍ പഴുതുകളെല്ലാം ഒരുക്കി പൊലീസ് അന്വേഷണം ഏറെകുറെ അട്ടിമറിച്ചു. പെണ്‍കുട്ടികള്‍ കൊല്ലപെട്ടതാകാമെന്ന സാധ്യത പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇതില്‍ കേന്ദ്രീകരിച്ച് ഒരന്വേഷണവും നടന്നിട്ടില്ല. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടില്ലെന്നും, മറിച്ച് ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നുമാണ് അന്വേഷണോദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി നല്‍കിയ വിശദീകരണം. പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമല്ലെന്നും അന്വേഷണോദ്യഗസ്ഥന്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു.

ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായതും ദുരൂഹമാണ്. നേരത്തേ തന്നെ ഇക്കാര്യം സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജയോട് ചൂണ്ടിക്കാട്ടിയിട്ടും അയാളെ ആ സ്ഥാനത്ത് തന്നെ തുടരാനനുവദിക്കുകയാണ് ചെയ്തത്. പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ മാതാവ് തന്നെ പറഞ്ഞിരുന്നു. സി.പി.എം ബന്ധമുള്ള പ്രതികളെ രക്ഷിച്ചെടുക്കാനുള്ള ഗൂഡാലോചനയാണ് പൊലീസും പ്രോസിക്യൂഷനും നടത്തിയത്. നിരവധി സാക്ഷികള്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. ഇത് സാക്ഷികള്‍ക്ക് സമ്മര്‍ദമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. എന്നിട്ടും പ്രൊസിക്യൂഷന്‍ വേണ്ട ജാഗ്രത കാണിച്ചില്ല. മൂന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ കൊലക്കേസ് പ്രതികള്‍ രക്ഷപ്പെട്ടതില്‍ ഉത്തരവാദിത്തമുണ്ട്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പും കെ.കെ ശൈലജ ടീച്ചര്‍ കൈകാര്യം ചെയ്യുന്ന സാമൂഹ്യക്ഷേമ വകുപ്പും എ.കെ ബാലന്‍ കൈകാര്യം ചെയ്യുന്ന നിയമ വകുപ്പും ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചത്.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കൊലയാളികളും ശിക്ഷിക്കപ്പെട്ടേ മതിയാകൂ. നിലവിലെ കേസില്‍ അപ്പീല്‍ പോകുക എന്നതുകൊണ്ട് മാത്രം ഇത് നടക്കില്ല. അതിനായി സ്വതന്ത്രമായ പുനരന്വേഷണം നടത്തണം. ഇനിയും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് സൈ്വര്യ ജീവിതം സാദ്ധ്യമാകണമെങ്കില്‍ കുറ്റവാളികളെല്ലാം ശിക്ഷിക്കപ്പെട്ടേ മതിയാകൂ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757