keralanewsUncategorized

വാളയാര്‍ കേസ് പുനരന്വേഷിക്കണം; പോലീസിലും പ്രൊസിക്യൂഷനിലും ഉണ്ടായ ഉന്നത രാഷ്ട്രീയ ഇടപെടലുകളും അന്വേഷിക്കണം- വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: വാളയാര്‍ സഹോദരിമാരുടെ കോലക്കേസ് പുനരന്വേഷിക്കണമെന്നും കൊലപാതകികള്‍ രക്ഷപെടാനിടയായ സാഹചര്യം സൃഷ്ടിച്ച പോലീസിലും പ്രൊസിക്യൂഷനിലും ഉണ്ടായ ഉന്നത രാഷ്ട്രീയ ഇടപെടലുകളും അന്വേഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഭരണകക്ഷിയായ സി.പി.എമ്മുമായി ബന്ധമുള്ളവരാണ് കുറ്റവാളികള്‍ എന്ന ശക്തമായ ആരോപണം നിലനില്‍ക്കുന്നതിനാല്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം. കൊലചെയ്യപ്പെട്ട ഒമ്പതും ഉം 12 ഉം വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ വിശദീകരണം നല്‍കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോഴും സര്‍വ്വീസിലുണ്ട് എന്നതില്‍നിന്ന് ആഭ്യന്തര വകുപ്പ് കുറ്റവാളികളെ അകമഴിഞ്ഞു സഹായിക്കുന്നു എന്നത് വ്യക്തമാണ്. പോക്‌സോ കേസിലെ പ്രതികള്‍ക്കായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍തന്നെ കോടതിയില്‍ ഹാജരായത് ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള വ്യക്തികളെ രാഷ്ട്രീയം മാത്രം നോക്കി നിയമിച്ചത് സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ ഗുരുതരമായ തെറ്റാണ്. ദൃക്‌സാക്ഷിയടക്കമുണ്ടായിട്ടും പ്രതികളെ ശിക്ഷിക്കാനാവാതെ പോയതില്‍ പ്രൊസിക്യൂഷനുമേല്‍ ഇടപെടലുണ്ടായതുകൊണ്ടാണെന്ന് വ്യക്തമാണ്. ആഭ്യന്തര വകുപ്പും സാമൂഹ്യ ക്ഷേമ വകുപ്പും നിയമവകുപ്പും വരുത്തിയ വീഴ്ചകളില്‍ ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.കെ ഷൈലജ ടീച്ചര്‍, എ.കെ ബാലന്‍ എന്നിവര്‍ക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ട്. കേസില്‍ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നിലവിലെ കൂറുമാറിയ സാക്ഷിമൊഴികളും നശിപ്പിക്കപ്പെട്ട തെളിവുകളും വെച്ച് കുറ്റവാളികള്‍ക്ക് വലിയ ശിക്ഷ ലഭിക്കാനുള്ള സാധ്യതയില്ല. രണ്ട് ദലിത് കുഞ്ഞുങ്ങള്‍ ക്രൂരമായി പീഡനത്തിനിരയായി അരുംകൊല ചെയ്യപ്പെട്ടിട്ടും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനാവാതെ ഇഷ്ടക്കാരായ കൊടുംക്രിമനലുകളെ സംരക്ഷിക്കുന്ന ഭരണകൂടം കേരളത്തിന് അപമാനമാണ്. ഈ പാപക്കറ കഴുകിക്കളയാനായെങ്കിലും സ്വതന്ത്ര ഏജന്‍സിയെ വെച്ച് പുനരന്വേഷണം നടത്തി കുറ്റവാളികള്‍ക്കും തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്ന പൊലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതൃത്വങ്ങള്‍ എന്നിവര്‍ക്കും കടുത്ത ശിക്ഷ വാങ്ങി നല്‍കണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757