keralanews

എം.ജി യൂണിവേഴ്‌സിറ്റി വി.സി.യേയും സിന്‍ഡിക്കേറ്റിനെയും ഗവര്‍ണര്‍ ഇടപെട്ട് പിരിച്ചുവിടണം – ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

 

കോട്ടയം: എം.ജി. സര്‍വകലാശാലയില്‍ അനധികൃതമായി അദാലത്തും മാര്‍ക്ക്ദാനവും നടത്തിയ വിഷയത്തില്‍ ഉത്തരവാദികളായ വൈസ് ചാന്‍സലറെയും സിന്‍ഡിക്കേറ്റിനെയും ഗവര്‍ണര്‍ ഇടപെട്ട് പിരിച്ചുവിടണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്‌റാഹിം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഇഷ്ടക്കാര്‍ക്ക് മാര്‍ക്ക് ദാനം: എം ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് പിരിച്ചുവിടുക, വൈസ് ചാന്‍സലറെ പുറത്താക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നടത്തിയ സര്‍വകലാശാലാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തികഞ്ഞ നിയമ ലംഘനമാണെന്ന് തെളിഞ്ഞിട്ടും ധാര്‍ഷ്ട്യപൂര്‍വം തന്റെ ചെയ്തികളില്‍ ഉറച്ചുനില്‍ക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന വകുപ്പു മന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. തന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കുത്തഴിഞ്ഞ ഒരു സംവിധാനമാക്കി ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റുന്ന മന്ത്രിയെ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കി സര്‍വകലാശാലകളിലുള്ള വിദ്യാര്‍ഥികളുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള ബാധ്യത ഗവര്‍ണര്‍ക്കും സംസ്ഥാന ഭരണകൂടത്തിനും ഉണ്ട്. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സമരരംഗത്ത് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

അതിരമ്പുഴയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സര്‍വകലാശാല്ക്ക് കീഴിലുള്ള വിവിധ കോളേജുകളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
സര്‍വകലാശാലക്ക് മുന്നില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയും നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് നിസാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എം ഷെഫ്‌റിന്‍, വൈസ് പ്രസിഡണ്ടുമാരായ അനീഷ് പാറമ്പുഴ, ഫസ്‌ന മിയാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി മാത്യു, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയംഗം അമീന്‍ റിയാസ്, കോട്ടയം ജില്ലാ പ്രസിഡണ്ട് അര്‍ച്ചന പ്രജിത്ത്, എറണാകുളം ജില്ലാ പ്രസിഡണ്ട് മുഫീദ് കൊച്ചി, ആലപ്പുഴ ജില്ലാ പ്രസിഡണ്ട് സജി ഫാസില്‍ എന്നിവര്‍ സംസാരിച്ചു. ഷഹിന്‍ ഷിഹാബ്, ജവാദ് പി എസ്, തന്‍സീര്‍ കുഞ്ഞുണ്ണിക്കര, ഷിറിന്‍ സിയാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757