keralanews

ബസ് കണ്‍സെഷന്‍ നിഷേധിക്കാനുള്ള തീരുമാനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധ മാര്‍ച്ച്

 

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുവരുന്ന ബസ് കണ്‍സെഷന്‍ നിഷേധിച്ചുകൊണ്ടുള്ള കെ.എസ്.ആര്‍.ടി.സിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തമ്പാനൂര്‍ ഡിപ്പോയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട അവകാശമായ ബസ് കണ്‍സഷന്‍ നിര്‍ത്തലാക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നടപടി വലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് കാരണമായി തീരുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് ആദില്‍ അഹ്ദുറഹീം അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളുടെ തുടര്‍ച്ചയായി മാത്രമേ ഈ നടപടിയെ കാണാന്‍ കഴിയുകയുള്ളൂ. പ്രക്ഷോഭം ക്ഷണിച്ചുവരുത്തുന്ന ഇത്തരം വിദ്യാര്‍ഥി ദ്രോഹ നടപടികളില്‍ നിന്നും സര്‍ക്കാര്‍ ഉടന്‍ പിന്‍മാറണം. നിലവില്‍ കെട്ടിക്കിടക്കുന്ന വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ അപേക്ഷകള്‍ ഉടന്‍ പരിഗണിക്കാനും നടപടികള്‍ പൂര്‍ത്തിയാക്കാനും അധികൃതര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഷറഫുദ്ദീന്‍ പ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കാമ്പസ് സമിതി അംഗം റഹ്മാന്‍ ഇരിക്കൂര്‍ സമാപന പ്രഭാഷണം നടത്തി. ജില്ല കമ്മിറ്റി അംഗം ഹസന്‍ നസീഫ് അധ്യക്ഷത വഹിച്ച പരിപടിയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഹന്ന ഫാത്തിമ നന്ദി പറഞ്ഞു. എസ്.എം.വി സ്‌കൂളിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ പൊലീസ് തടഞ്ഞു. ജില്ല വൈസ് പ്രസിഡണ്ട് അല്‍ മയൂഫ്, സെക്രട്ടറി ഫായിസ് ശ്രീകാര്യം, നജീബ് പാലോട്, അബ്ദുല്ല നേമം തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757