keralanewspress release

ഉപതെരെഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കും

ഒക്ടോബര്‍ 21ന് അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കും. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും രാജ്യത്തിന്റെ വൈവിധ്യത്തെയും തകര്‍ക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കും സംസ്ഥാന ഭരണം കയ്യാളുന്ന ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധതക്കുമെതിരായ വിധിയെഴുത്തായി വരാന്‍പോകുന്ന ഉപതെരഞ്ഞെടുപ്പ് ഫലം മാറണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പത്ര പ്രസ്താവനയുടെ പൂര്‍ണ രൂപം
തിരുവനന്തപുരം: ജനാധിപത്യത്തെയും മതനിരപേക്ഷതയെയും രാജ്യത്തിന്റെ വൈവിധ്യത്തെയും തകര്‍ക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കും സംസ്ഥാന ഭരണം കയ്യാളുന്ന ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധതക്കുമെതിരായ വിധിയെഴുത്തായി വരാന്‍പോകുന്ന ഉപതെരഞ്ഞെടുപ്പ് ഫലം മാറണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വീണ്ടും അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും കൊലപ്പെടുത്തിയിരിക്കുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും നിര്‍വീര്യമാക്കി സംഘ് സമഗ്രാധിപത്യമാണ് നടപ്പിലാക്കുന്നത്. വംശീയ അതിക്രമത്തിന് രാജ്യത്തെ ന്യൂനപക്ഷ-ദലിത്-ആദിവാസി ജനവിഭാഗങ്ങള്‍ നിരന്തരമായി ഇരയാവുകയാണ്. ഭരണകൂടത്തെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാകുന്ന സൈനിക രാജ്യമായി ഇന്ത്യയെ മാറ്റിയിരിക്കുന്നു. അതോടൊപ്പം രാജ്യത്തിന്റെ സമസ്ത മണ്ഡലങ്ങളും തകര്‍ന്നടിഞ്ഞിരിക്കുന്നു. സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, വ്യാപാര-വ്യവസായ മേകലകളിലെ മുരടിപ്പ്, കാര്‍ഷിക തകര്‍ച്ച എന്നിവയെല്ലാം മോദി ഭരണകൂടത്തിന്റെ കോര്‍പറേറ്റ് പ്രേമവും സാധാരണ ജനങ്ങളോടുള്ള അവഗണനയില്‍ നിന്നും ഉണ്ടാകുന്നതാണ്. എല്ലാ നിലക്കും ഇത്രയും ജനദ്രോഹകരമായ ഒരു ഭരണകൂടം മുന്‍പ് ഉണ്ടായിട്ടില്ല. പൗരവകാശത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന കേരളീയ ജനങ്ങളുടെ ശക്തമായ പ്രഹരം ഈ സന്ദര്‍ഭത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ഉണ്ടാവണം. അതിനുള്ള അവസരമായി കൂടി സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിനെ കാണണം എന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്.

2016 മുതല്‍ സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധതയും ഉപതെരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ടതാണ്. കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഇടതു ഭരണത്തിലെ ഭൂരിപക്ഷം തീരുമാനങ്ങളും ജനവിരുദ്ധവും സാമൂഹിക നീതിയെ ദുര്‍ബലപ്പെടുത്തുന്നതുമാണ്. കേരളത്തിലെ അഞ്ച് ലക്ഷത്തോളം വരുന്ന ഭൂരഹിതരെ വഞ്ചിക്കുകയും ഹാരിസണടക്കമുള്ള കോര്‍പറേറ്റ് ഭൂമാഫിയകള്‍ക്ക് വേണ്ടി കേസുകള്‍ തോറ്റുകൊടുക്കുകയും അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന നയപരമായ തീരുമാനങ്ങളെടുക്കുകയുമാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്. കയ്യേറ്റ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് പണം കൊടുത്തുവാങ്ങി വിമാനത്താവളം നിര്‍മിക്കാനുള്ള തീരുമാനം ഇതില്‍ ഒടുവിലത്തേതാണ്. ഭൂപരിഷ്‌കരണത്തിലെ പിഴവുകള്‍ പരിഹരിക്കുന്നതിന് വേണ്ടി ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൃഷി ഭൂമിയടക്കം വിതരണം ചെയ്യുന്നതിന് പകരം കോളനി സ്വഭാവത്തിലുള്ള ഫ്‌ലാറ്റുകളില്‍ അവരെ ഒതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നിയമനിര്‍മാണത്തില്‍ നിന്ന് പിന്തിരിയുകയും അതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമമടക്കമുള്ള പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിച്ച് കോര്‍പറേറ്റ് ഖനനമാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും ഒത്താശ ചെയ്യുകയാണ് സര്‍ക്കാര്‍. 2019ലെ പ്രളയ കാലത്തിന് ശേഷം മാത്രം 110 പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കി. പാരിസ്ഥിതിക ദുര്‍ബല മേഖലകളെ സംരക്ഷിക്കുന്നതിന് പകരം പശ്ചിമഘട്ടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്.

കേരളീയ ജനതയുടെ നിരന്തര പോരാട്ടത്തിലൂടെ നേടിയെടുത്ത സമ്പൂര്‍ണ മദ്യനിരോധനം എന്ന നാടിനുപകരിക്കുന്ന തീരുമാനത്തെ ഇടതു സര്‍ക്കാര്‍ റദ്ദ് ചെയ്യുകയും മദ്യമാഫിയകളെ സഹായിക്കാനായി കേരളമാകെ മദ്യമൊഴുക്കുകയും ചെയ്തു. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ മാത്രം 70 പുതിയ ബാറുകളാണ് തുറന്നത്. സംവരണം എന്ന ഭരണഘടനാ അവകാശത്തെ ദുര്‍ബലപ്പെടുത്തി ദലിത് – പിന്നാക്ക ജനവിഭാഗങ്ങളെ കെ.എ.എസ് ഉന്നത തസ്തികകളില്‍ നിന്ന് അകറ്റിനിര്‍ത്താനാണ് ആദ്യ ഘട്ടത്തില്‍ ഇടതു സര്‍ക്കാര്‍ ശ്രമിച്ചത്. സംവരണ സമരത്തെ തുടര്‍ന്ന് ഇതില്‍ തിരുത്തല്‍ വരുത്തിയെങ്കിലും ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പാക്കിയാണ് സര്‍ക്കാര്‍ സംവരണ വിരുദ്ധരോട് ഐക്യപ്പെട്ടത്.

സംഘ്പരിവാറിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കേണ്ട സര്‍ക്കാര്‍ പോലീസ് സംവിധാനത്തെ സമ്പൂര്‍ണമായി സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് വിധേയപ്പെടുത്താന്‍ വിട്ടുകൊടുക്കുകയാണ് ചെയ്തത്. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിയായിട്ടുള്ള നിരവധി കേസുകളാണ് സംസ്ഥാനത്ത് ദുര്‍ബലമായിപ്പോയത്. എന്നാല്‍ സംഘ്പരിവാര്‍ സംഘടനകള്‍ കൊടുക്കുന്ന കേസുകളില്‍ അമിതാവേശത്തടുകൂടിയാണ് പോലീസ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ദലിതര്‍ക്കെതിരെയും മുസ്‌ലിംകള്‍ക്കെതിരെയും കള്ളക്കേസുകളും രാജ്യദ്രോഹ കേസുകളും ചമക്കുകയും സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ പ്രചരണങ്ങളേയും ആക്രമണങ്ങളേയും നിസ്സാരവല്‍ക്കരിച്ച് കുറ്റവാളികളെ രക്ഷപ്പെടാനനുവദിക്കുകയും ചെയ്യുന്നു. ദലിത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് നീതി നിര്‍വഹണ സംവിധാനത്തില്‍ നിന്ന് ലഭ്യമാകേണ്ട സംരക്ഷണങ്ങള്‍ നിഷേധിക്കപ്പെടുകയും കടുത്ത അക്രമണങ്ങള്‍ക്ക് ഇരയാകേണ്ടിവരികയും ചെയ്തിട്ടുണ്ട്.

ആശ്രിതരെയും ഇടതു സംഘടനാ നേതാക്കളേയും ഉന്നത തസ്തികകളില്‍ തിരുകിക്കയറ്റാന്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ പോലും ദുരുപയോഗം ചെയ്യുന്നു. പ്രളയവും സാമ്പത്തിക മാന്ദ്യവും നിലനില്‍ക്കുമ്പോഴും ഭരണ ധൂര്‍ത്താണ് നടമാടുന്നത്. തെരെഞ്ഞെടുപ്പില്‍ ജനം പരാജയപ്പെടുത്തിയ നേതാക്കളെയും പരിവാരങ്ങളേയും കുടിയിരുത്താന്‍ ക്യാബിനറ്റ് റാങ്കുള്ള തസ്തികള്‍ സൃഷ്ടിച്ച് ഭരണധൂര്‍ത്ത് തുടരുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന ഒരു ജനകീയ സമരത്തോടും ജനാധിപത്യ പരമായ സമീപനം ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഏകപക്ഷീയമായ അടിച്ചേല്‍പിക്കാലാണ് സര്‍ക്കാരിന്റെ പൊതുനയം. ദേശീയപാത, ഗെയില്‍, ഭൂസമരങ്ങള്‍, പരിസ്ഥിതി സമരങ്ങള്‍, മദ്യവിരുദ്ധ പ്രക്ഷോഭം ഇവയോടെല്ലാം സര്‍ക്കാര്‍ നിഷേധാത്കമകമായ സമീപനമാണ് സ്വീകരിച്ചത്.

ഇത്തരത്തില്‍ നിരവധി ജനവിരുദ്ധ സമീപനങ്ങള്‍ സ്വീകരിച്ച ഒരു ഭരണകൂടത്തെ വിലയിരുത്താനും ജനകീയ പ്രതിഷേധം അറിയിക്കാനുള്ള അവസരം കൂടിയായി ഉപതെരഞ്ഞെടുപ്പിനെ കാണണം എന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാട്.

ഈ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 21ന് അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കുന്നു. കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ ആവശ്യപ്പെടുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757