keralapress release

ഇടതുസർക്കാർ പാർട്ടി താൽപ്പര്യത്തിന് വേണ്ടി പി.എസ്.സിയെ തകർക്കുന്നു-വെൽഫെയർ പാർട്ടി

 

സാമൂഹ്യനീതിയും സുതാര്യതയും ഉറപ്പാക്കി സർക്കാർ ഉദ്യോഗങ്ങളിൽ നിയമനം നടത്തുന്നതിന് ഭരണഘടനാപരമായി നിലവിൽവന്ന സ്വയംഭരണ സ്ഥാപനമായ പിഎസ്‌സിയെ പാർട്ടി സംഘടനാ താൽപര്യങ്ങൾക്ക് വേണ്ടി ഇടതു സർക്കാർ തകർക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പല സന്ദർഭങ്ങളിലും അനർഹരെ സർക്കാർ ഉദ്യോഗങ്ങളിൽ നിയമിക്കുന്നതിന് വേണ്ടി നടന്ന നിരവധി ഇടപെടലുകൾ പുറത്തുവന്നിരുന്നു. പരീക്ഷകളുടെ വിശ്വാസ്യത തന്നെ ഇല്ലാതായിരിക്കുന്നു. ഇപ്പോൾ പി.എസ്.സി നിയമനങ്ങളിലെ ഉയർന്ന തസ്തികയായ ആസൂത്രണ ബോർഡ് നിയമനങ്ങളിൽ വൻ അട്ടിമറിയാണ് നടന്നിരിക്കുന്നത്. പരീക്ഷയിൽ മികച്ച റാങ്ക് നേടിയ ഉദ്യോഗാർത്ഥിയെ പുറന്തള്ളി പാർട്ടി താൽപര്യം മുൻനിർത്തി പരീക്ഷയിൽ കുറഞ്ഞ മാർക്ക് നേടിയ പാർട്ടി അനുഭാവികൾക്ക് സുപ്രീംകോടതിയുടെ മാർഗനിർദേശം പോലും പരിഗണിക്കാതെ അഭിമുഖത്തിന് ഉയർന്ന മാർക്ക് നൽകിയാണ് റാങ്ക് ലിസ്റ്റിൽ അട്ടിമറി നടത്തിയത്.

സ്വാർഥതാല്‍പര്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ പി.എസ്‌.സിയെ സംഘടനാ സങ്കുചിതത്വത്തിന് വേണ്ടി ഉപയോഗിക്കുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ സംഭവം. പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ കൃത്രിമം നടത്തി എസ്.എഫ്.ഐ നേതാക്കൾക്ക് ഉയർന്ന റാങ്ക് നേടിയ സംഭവം മുമ്പ് പുറത്തുവന്നിരുന്നു. മികവിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷകളിലൂടെ സർക്കാർ ജോലി നേടിയെടുക്കാൻ പരിശ്രമിക്കുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സർക്കാർ നോമിനികളായ പി.എസ്.സി അംഗങ്ങളെ പാർട്ടി താൽപര്യത്തിന് വേണ്ടി ഉപയോഗിച്ചുകൊണ്ട് നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യവിരുദ്ധമാണ്. ആസൂത്രണ ബോർഡിലേക്കുള്ള നിയമനത്തിന് വേണ്ടി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് റദ്ദാക്കി സുപ്രീം കോടതി മാർഗനിർദേശം മുൻനിർത്തി പുതിയ അഭിമുഖ പരീക്ഷ നടത്തി അതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പി.എസ്.സി തയ്യാറാകണമെന്നും സർക്കാർ നടത്തുന്ന നീതിനിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757