keralanews

സംഘ്‌രാഷ്ട്ര നിര്‍മിതിയെ ചെറുക്കാന്‍ പൗരസമൂഹവും മതേതര ജനാധിപത്യ ശക്തികളും ഒന്നിക്കണം- ഡോ. എസ്.ക്യൂ.ആര്‍ ഇല്യാസ്

എറണാകുളം: ആര്‍.എസ്.എസ് വിഭാവന ചെയ്യുന്ന സംഘ്‌രാഷ്ട്രം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ പൗര സമൂഹവും മതേതര ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് ഡോ.എസ്.ക്യൂ.ആര്‍ ഇല്യാസ് ആഹ്വാനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സംഘ്‌രാഷ്ട്ര നിര്‍മിതിക്കെതിരെ സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യ നിര്‍മിതിയില്‍ പങ്കോ പാരമ്പര്യമോ ആര്‍.എസ്.എസിനില്ല. രാജ്യത്തെ സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്തുവരാണ് അവര്‍. രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളെ അധികാരം ഉപയോഗിച്ച് തകര്‍ക്കാനുള്ള നീക്കമാണ് ഇന്ന് നടക്കുന്നത്. കോടതികളേയും ഭരണഘടനാ സ്ഥാപനങ്ങളേയും വരുതിയിലാക്കി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സംഘ്പരിവാര്‍. 370ാം വകുപ്പ് എടുത്തുകളയുക വഴി കശ്മീര്‍ ജനതയെ രാജ്യത്ത് നിന്ന് അകറ്റുകയാണ് ഭരണകൂടം. എന്‍.ആര്‍.സി വഴി ക്രിസ്ത്യന്‍, ജൈന, ബുദ്ധ, ഹിന്ദു മത വിശ്വാസികളുടെ പൗരത്വം നഷ്ടപ്പെടില്ല എന്നു പറയുക വഴി ആഭ്യന്തര മന്ത്രി അമിത് ഷാ, ഭരണകൂടം വെച്ചുപുലര്‍ത്തുന്ന വിവേചനത്തെയും വംശീയതയുമാണ് വ്യക്തമാക്കിയത്. ഭരണഘടനയുടെ ആത്മാവ് ഇല്ലാതാക്കുന്ന നിയമങ്ങള്‍ നിര്‍മിച്ച് ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ സംഘ്പരിവാറിനെതിരെ യോജിച്ച ജനകീയ പോരാട്ടങ്ങള്‍ക്ക് ഇനിയും അമാന്തം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് വേണ്ടി പോരാടാനുള്ള സമയമാണ് ഇതെന്നും കേരളം ഈ പോരാട്ടത്തിന്റെ മുന്നണിയിലുണ്ട് എന്നത് സന്തോഷകരമാണെന്നും സൗത്ത് ഏഷ്യന്‍ ഡോക്യുമെന്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ രവി നായര്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. കേരളത്തിലെ വിഖ്യാത ചലച്ചിത്രകാരന്‍ അടൂരടക്കമുള്ള 49 പേര്‍ക്കെതിരെ നേരേ രാജ്യദ്രോഹക്കേസെടുത്തത് പ്രതികരിക്കുന്നവരെ ഭയപ്പെടുത്താനാണ്. പ്രതികരിച്ചുകൊണ്ടേയിരിക്കുക എന്നതാണ് നമുക്ക് ഭരണകൂടത്തിന് നല്‍കാനുള്ള മറുപടി. രാജ്യദ്രേഹത്തിന് കേസെടുക്കേണ്ടത് ആര്‍.എസ്.എസിനെതിരെയാണെന്നും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള എന്‍.ജി.ഒ കള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ മതേതര ജനാധിപത്യ ശക്തികള്‍ ഒന്നിക്കുന്നതിനെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുമെന്ന് കണ്‍വെന്‍ഷനില്‍ സംസാരിച്ച വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളും സിവില്‍ സമൂഹവും ഒന്നായി നിന്ന് സംഘ്പരിവാറിനെ തൂത്തെറിയണമെന്നും അദ്ദേഹം പറഞ്ഞു. ടി.ടി ശ്രീകുമാര്‍, പി.സുരേന്ദ്രന്‍, കെ.കെ ബാബുരാജ്, സി.കെ അബ്ദുല്‍ അസീസ്, വി.എം അലിയാര്‍, കെ.എ ശഫീഖ്, റസാഖ് പാലേരി, ജബീന ഇര്‍ഷാദ്, സജീദ് ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍ സമാപന പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ജ്യോതിവാസ് പറവൂര്‍ നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757