zero hour

ഗാന്ധിജിയെ ഘാതകര്‍ ഏറ്റെടുക്കുമ്പോള്‍ – ഹമീദ് വാണിയമ്പലം

സ്വാതന്ത്ര്യ പ്രക്ഷോഭത്തെ ഒറ്റുകൊടുത്തവരുടെയും ഗാന്ധിഘാതകരുടെയും പിന്മുറക്കാര്‍ ഗാന്ധിയെ സ്വന്തമാക്കി ഗാന്ധിജിയുടെതന്നെ ആശയത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് മോഹന്‍ ഭഗവതിന്റെ ഗാന്ധി അനുസ്മരണം തെളിയിക്കുന്നത്. ഗാന്ധിജിയുടെ ആശയത്തെയും ഇന്ത്യയെന്ന മഹാസങ്കല്‍പത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ‘മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം’ എന്ന തലക്കെട്ടില്‍ കുറിപ്പ് പ്രസിദ്ധീകരിച്ച് ഗാന്ധി ആശയങ്ങളെ അടിമുടി പരിഹസിക്കുക കൂടിയാണ്.

ഹിംസയുടെ വക്താക്കളാണ് അഹിംസയുടെ രാജകുമാരനെ സ്വന്തമാക്കുന്നത്. സംഘ്പരിവാറിപ്പോള്‍ വംശഹത്യയുടെ രാഷ്ട്രീയത്തിന് തടസ്സം നില്‍ക്കുന്ന ആശയങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. സഭയില്‍ ചുട്ടെടുത്ത നിയമഭേദഗതി ബില്ലുകളിലൂടെ ചെയ്തത് അതാണ്. ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നതും ഗാന്ധിയെ സ്വന്തമാക്കുന്നതും വെറുപ്പിന്റെരാഷ്ട്രീയത്തെ പ്രതിരോധിക്കാനുള്ള സാധ്യതകളെ തടയാനാണ്.
വൈവിധ്യങ്ങളെ നിരാകരിക്കുന്നവര്‍, സ്വതന്ത്ര്യ സമര പോരാട്ടത്തെ ഓറ്റുകൊടുത്തവര്‍, രാഷ്ട്രപിതാവിനെ കൊന്നവര്‍, ഇന്ന് ഇന്ത്യയുടെ മൂല്യങ്ങളെ കയ്യടക്കി വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്ഥാപിക്കുകയാണ്. ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും പലപ്പോഴും വംശീയതയുടെ രാഷ്ട്രീയം ഊന്നിനില്‍ക്കുന്ന ആശയങ്ങളെയും ചിഹ്നങ്ങളെയും സ്വീകരിച്ചതും ഇന്ത്യയില്‍ അവശേഷിക്കുന്ന മതേതര ജനാധിപത്യ ബോധങ്ങള്‍ കൂടി ഫാഷിസത്തെ അക്കമഡേറ്റ് ചെയ്യുന്നതും നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളിയുടെ ഏറ്റവും അവസാനത്തെ ഉദാഹരണവും തെളിവുമാണ് മതേതരത്വത്തെയും ഗാന്ധി ദര്‍ശനത്തെയുമെല്ലാം പ്രചരിപ്പിക്കുന്നവരെന്ന് അവകാശപ്പെടുന്ന പ്രമുഖ പത്രം പ്രസിദ്ധീകരിച്ച മോഹന്‍ ഭഗവതിന്റെ ലേഖനം. രാജ്യത്തിന്റെ ചരിത്രത്തെ അട്ടിമറിക്കാനും രാഷ്ട്രപിതാവിന്റെ ആശയങ്ങളെ മായ്ചുകളയാനും ഘാതകര്‍തന്നെ ഗാന്ധിജിയെ ഏറ്റെടുക്കുന്നതാണ് ഇവിടെ കാണാനാകുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757