Opinion

അമിത് ഷാ പ്രതിപക്ഷത്തെ വേട്ടയാടുമ്പോള്‍ – എസ്.എ അജിംസ്

 

കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് നാല് സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിക്ക് പുറത്തിറങ്ങി വന്ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ജുഡീഷ്യറിയുടെ പവിത്രതയും സ്വാതന്ത്ര്യവും അപകടത്തിലാണെന്ന സൂചന ലഭിച്ചിരുന്നു. മോദി രണ്ടാമൂഴം അധികാരത്തിലേറുമ്പോള്‍ രാജ്യം പൂര്‍ണാര്‍ഥത്തില്‍ ഒരു ബനാന റിപ്പബ്ലിക്കായി മാറിക്കൊണ്ടിരിക്കുകയാണ്. അന്ന് പുറത്തിറങ്ങി വന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ജഡ്ജിമാരിലൊരാളായ ഇന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കഴിഞ്ഞ ജുലൈ പതിനെട്ടിന് പറഞ്ഞ ചില വാക്കുകള്‍ അതിന് അടിവരയിടുന്നു. ദുഷിച്ച ഹീനശക്തികള്‍ ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്താന്‍ ഇരുട്ടിന്റെ മറവില്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് അദ്ദേഹം ന്യായാധിപ സമൂഹത്തെ ഓര്‍മിപ്പിച്ചിരുന്നു.

പി. ചിദംബരത്തെയും ഡി.കെ ശിവകുമാറിനെയും കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. പ്രതിപക്ഷത്തെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നത് മോദിയുടെ ആദ്യ ടേമിലും നടന്നിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസ് റെയ്ഡ് ചെയ്തതും അഖിലേഷ് യാദവിനെതിരെയും മായാവതിക്കെതിരുമുള്ള പഴയ കേസുകള്‍ കുത്തിപ്പൊക്കിയതും ഉദാഹരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കൊല്‍ക്കത്ത പൊലീസ് കമീഷണര്‍ രാജീവ്കുമാറിന്റെ ഓഫീസ് വാറന്റില്ലാതെ റെയ്ഡ് ചെയ്തതും റോബര്‍ട്ട് വാധ്രക്കെതിരെ കേസുകളുണ്ടാക്കിയതുമൊന്നും ആരും മറന്നു കാണില്ല. ഈ കേസുകള്‍ക്കൊക്കെ ഇപ്പോഴെന്ത് സംഭവിച്ചുവെന്ന് ആരും ഓര്‍ക്കാറുപോലുമില്ല. ഇന്ന് അമിത്ഷാ ആണ് ആഭ്യന്തര മന്ത്രി. കേന്ദ്ര ഏജന്‍സികളെന്ന വേട്ടപ്പട്ടികളെ പ്രതിപക്ഷത്തിനെതിരെ മാത്രം തിരിച്ചുവെച്ചിരിക്കുകയാണ് ഷാ. ഇന്ന് ചിദംബരമാണ് ഷായുടെ ഏറ്റവും വലിയ ഇര. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ 305 കോടിയുടെ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാന്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന് അനധികൃതമായി ക്ലിയറന്‍സ് നല്‍കിയെന്നാണ് ചിദംബരത്തിന് മേലുള്ള കുറ്റം. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രത്യേകം കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നു. 2007ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെയാണ് കേസിനാസ്പദമായ സംഭവം.

ആഗസറ്റ് 21ന് ചിദംബരം അറസ്റ്റിലായതുമുതല്‍, കസ്റ്റഡി നീട്ടിക്കൊണ്ടുപോകാന്‍ സി.ബി.ഐ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് വ്യക്തമായിരുന്നു. ഐ.എന്‍.എക്‌സ് മീഡിയയുടെ വിദേശനിക്ഷേപം അവരുടെ തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ ശ്രമമായിരുന്നുവെന്നാണ് കേസ്. ഇതിന് സഹായകരമായ ക്ലിയറന്‍സ് നല്‍കിയെന്നാണ് ആരോപണമെങ്കില്‍ പോലും എന്തിനാണ് ചിദംബരത്തെ കസ്റ്റഡിയില്‍ വെക്കാന്‍ സി.ബി.ഐ ശ്രമിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. ചോദ്യം ചെയ്യാനാണെങ്കില്‍ ഹാജരാവാന്‍ സന്നദ്ധനായ ഒരാള്‍ മാത്രമല്ല, രാജ്യത്തെ ഒരു മുന്‍ ധനമന്ത്രിയും ആഭ്യന്തരമന്ത്രിയായിരുന്നയാളുമാണല്ലോ ചിദംബരം. ചിദംബരത്തിനെതിരെ ഒരു തെളിവും ശേഖരിക്കാനാവാതെയാണ് സി.ബി.ഐ ഇത് ചെയ്യുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ആരോപണം.

കാരണം എല്ലാവര്‍ക്കുമാറിയാം. ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഗുജറാത്ത് ഏറ്റുമുട്ടല്‍ കൊലകളുടെ പേരില്‍ അമിത് ഷാ നിയമനടപടികള്‍ നേരിട്ടത്. അമിത് ഷാ ആ കേസുകളില്‍ അറസ്റ്റിലായത്. അമിത്ഷായുടെ വ്യക്തിവൈരാഗ്യം മാത്രമല്ല ഇതിന് പിന്നില്‍. ബി.ജെ.പിയുടെയും മോദി സര്‍ക്കാരിന്റെയും ഏറ്റവും ശക്തനായ വിമര്‍ശകനാണ് ചിദംബരം എന്നത് കൂടിയാണ്.ഡി.കെ ശിവകുമാറാണ് അമിത് ഷായുടെ അടുത്ത ഇര. കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമ്പോള്‍ രക്ഷകനായി രംഗത്തെത്തുന്നയാളാണ് ശിവകുമാര്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസുകാരെ റാഞ്ചാന്‍ ബി.ജെ.പി ഓപറേഷന്‍ കമലവുമായി രംഗത്തിറങ്ങിയപ്പോള്‍ അവരെ പിടിച്ചുനിര്‍ത്താന്‍ ശേഷിയുണ്ടായിരുന്ന ഇന്ത്യയിലെ തന്നെ ഒരേയൊരു കോണ്‍ഗ്രസ് നേതാവ്. വോക്കലിംഗ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവ്. നികുതിവെട്ടിപ്പും അഴിമതിയുമാണ് ശിവകുമാറിനെതിരെയുള്ള കുറ്റം. കള്ളപ്പണം വെളുപ്പിക്കലിന് എന്‍ഫോഴ്‌സ്‌മെന്റ് വക വേറെ കേസ്. സെപ്റ്റംബര്‍ ആദ്യവാരം അറസ്റ്റിലായ ശിവകുമാറിന്റെയും കസ്റ്റഡി നീട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ശ്രമിച്ചു.

ചിദംബരത്തിലും ശിവകുമാറിലും ഒതുങ്ങുന്നില്ല ഈ ലിസ്റ്റ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെങ്കിലും ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തിയ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയുടെ പിന്നാലെയുമുണ്ട് എന്‍ഫോഴ്‌സമെന്റ്. ശിവസേനാ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷിയുടെ മകന്‍ ഉന്മേഷ് ജോഷിയുടെ 421 കോടി വരുന്ന കോഹിനൂര്‍ ബില്‍ഡിങ് പ്രൊജക്ടില്‍ ഓഹരിയുണ്ടായതാണ് രാജ്താക്കറെക്കെതിരെയുള്ള കുറ്റം. ഐ.എല്‍ ആന്‍ഡ് എഫ്.എസ് കള്ളപ്പണക്കേസിന്റെ അന്വേഷണത്തില്‍ ഈ പദ്ധതിയുടെ ചില വിവരങ്ങള്‍ ലഭിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം. ഇതിന്റെ പേരില്‍ രാജ് താക്കറെക്കും ലഭിച്ചു സമന്‍സ്.
പ്രതിപക്ഷപാര്‍ട്ടികളുടെ നേതാവാകേണ്ട, അവരുടെ ബന്ധുവായാലും മതി അമിത് ഷായുടെ ദൃഷ്ടി പതിയാന്‍. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരി 354 കോടിയുടെ ബാങ്ക് തട്ടിപ്പിന്റെ പേരില്‍ അടുത്തിടെ അറസ്റ്റിലായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് രതുല്‍ പുരിയുടെ വീടും ഓഫീസും റെയ്ഡ് ചെയ്തിരുന്നു. എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ മരുമകന്‍ അജിത് പവാറും ബാങ്ക് തട്ടിപ്പ് കേസില്‍ അമിത് ഷാ നോട്ടമിട്ടിട്ടുണ്ട്. 2010 മുതല്‍ 14 വരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ തീരുമാനം മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കിന് പതിനായിരം കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

മോദിയുടെ നിശിതവിമര്‍ശകയായ മമതാ ബാനര്‍ജിയും അമിത് ഷായുടെ ഇരയാണ്. ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ മമതാ മന്ത്രിസഭയിലെ അംഗമായ പാര്‍ത്ഥാ ചാറ്റര്‍ജിയെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു കഴിഞ്ഞു. തൃണമൂല്‍ മുഖപത്രമായ ജാഗോ ബംഗ്ലായുടെ എഡിറ്റര്‍ കൂടിയാണ് പാര്‍ത്ഥാ ചാറ്റര്‍ജി. മദന്‍ മിത്ര, സുദീപ് ബന്ദോപാദ്ധ്യായ എന്നീ രണ്ട് മന്ത്രിമാരുള്‍പ്പടെ പത്തോളം തൃണമൂല്‍ നേതാക്കള്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍, നിരവധി ചിട്ടി തട്ടിപ്പു കേസുകളില്‍ പങ്കാളികളാണെന്ന് നാരദാ ഒളിക്യാമറാ ഓപറേഷനില്‍ തെളിയിക്കപ്പെട്ട ബാബുല്‍ സുപ്രിയോ, മുകുള്‍ റോയ് എന്നിവര്‍ വിലസിനടക്കുകയും ചെയ്യുന്നു. ഒറ്റക്കാരണമേയുള്ളൂ; അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവിടെ കാര്യം വ്യക്തമാണ്. അഴിമതിക്കെതിരായ അന്വേഷണമാണിതെന്ന് പറയാനേ കഴിയില്ല. തികച്ചും രാഷ്ട്രീയ പ്രതികാരമാണിതെന്ന് സമാന ആരോപണങ്ങള്‍ നേരിടുന്ന ബി.ജെ.പി നേതാക്കള്‍ സ്വതന്ത്രരായി വിഹരിക്കുന്നതില്‍ നിന്ന് വ്യക്തമാണ്. അവരാരൊക്കെയാണെന്ന് നോക്കാം

ബിഎസ് യെദിയൂരപ്പ- ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് യെഡ്ഢി ഡയറീസ് എന്ന പേരില്‍ ഖനന അഴിമതിയില്‍ നിന്ന് തലയൂരാന്‍ ബി.ജെ.പി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കുമുള്‍പ്പടെ യെദിയൂരപ്പ പണം നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നത്. മോദി അധികാരത്തിലെത്തിയപ്പോള്‍ യെദിയൂരപ്പക്കെതിരെയുള്ള കേസുകള്‍ ജലരേഖകളായി മാറി. ഇന്ന് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാണ്. അതിനുവേണ്ടി കോണ്‍ഗ്രസ് എം.എല്‍.എമാരെ പര്‍ച്ചേസ് ചെയ്തതൊന്നും ജനാധിപത്യ ഇന്ത്യയില്‍ ഒരു കുറ്റമേയല്ല.

റെഡ്ഢി സഹോദരന്മാര്‍- 2018 കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബെല്ലാരി രാജാക്കന്മാരായ റെഡ്ഢി സഹോദരന്മാര്‍ക്കെതിരെയുള്ള 16,500 കോടിയുടെ ഖനന അഴിമതി കേസുകള്‍ സി.ബി.ഐ അവസാനിപ്പിച്ചത്. ഈ കേസ് പുറത്തുകൊണ്ടുവന്ന കോലോള്‍ ബിശ്വാസ് ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ മോദി പിരിച്ചുവിടുകയും ചെയ്തിരുന്നു.

 

ഹിമന്ത ബിശ്വ ശര്‍മ- അസമിലെ അമിത് ഷാ എന്നറിയപ്പെടുന്നയാളാണ് ഹിമന്ത. കോണ്‍ഗ്രസുകാരനായ ഹിമന്തക്കെതിരെ ഒരു അമേരിക്കന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ അമേരിക്കന്‍ നീതിന്യായ വകുപ്പ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. 2015 വരെ ഇയാള്‍ക്കെതിരെ ലഘുലേഖ പുറത്തിറക്കി പ്രചാരണം നടത്തിയ ബി.ജെ.പി, 2015ല്‍ ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ മിണ്ടാതായി. ഇയാള്‍ക്കെതിരെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്ന ബി.ജെ.പി ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ അത് വിഴുങ്ങി.
ശിവരാജ് സിങ് ചൗഹാന്‍- ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ വ്യാപം കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാന് സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കി. ചൗഹാന്‍ കോണ്‍ഗ്രസുകാരനായിരുന്നെങ്കില്‍ എന്താണുണ്ടാവുകയെന്ന് മുകളിലെ ഉദാഹരണങ്ങളില്‍ നിന്ന് ഊഹിക്കുക. ഈ കേസിലെ നാല്‍പതോളം സാക്ഷികളും പരാതിക്കാരുമാണ് കൊല്ലപ്പെട്ടതെന്നോര്‍ക്കുക.

മുകുള്‍ റോയ്- തൃണമൂല്‍ നേതാവായിരുന്ന മുകുള്‍ റോയിക്കെതിരെ, നാരദ നടത്തിയ സ്റ്റിങ് ഓപ്പറേഷന് തൊട്ടുപിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് അയച്ചു. ഉടന്‍ തന്നെ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നു. ശാരദാ ചിട്ടിക്കേസിലും പ്രതിയാണ് റോയ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് മുകുള്‍ റോയ് ഇപ്പോഴും പറയുന്നത്. അതേത് വഴിയാണെന്ന് റോയിക്ക് നന്നായി അറിയാം.

 

രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് – രാജ്യത്തിന്റെ മാനവ വിഭവശേഷി മന്ത്രിയാണ് പൊഖ്രിയാല്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. ഭൂമി ഇടപാടും ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട രണ്ട് വലിയ അഴിമതി കേസുകളില്‍ ആരോപണ വിധേയനാണ്. അഴിമതിയാരോപണത്തിന്റെ പേരില്‍ 2011ല്‍ മുഖ്യമന്ത്രി പദം രാജിവെച്ചയാളാണ്. ഒരന്വേഷണവുമില്ലെന്ന് മാത്രമല്ല, മാനവിഭവശേഷി പോലെ നല്ല ഒരു വകുപ്പ് നല്‍കി മോദി ആദരിക്കുകയും ചെയ്തു.

 

നാരായണ്‍ റാണെ – മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി. ശിവസേനക്കാരനായിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2017ല്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. ബി.ജെ.പി റാണെയെ രാജ്യസഭാംഗമാക്കി. മുംബൈയിലെ ചെംബൂരിലെ ഒരു തെരുവുഗുണ്ടയായിരുന്നു രാഷ്ട്രീയത്തില്‍ ചേരുന്നതിന് മുന്‍പ് നാരായണ്‍ റാണെ. ഭൂമി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി നേതാവ് കിരിത് സോമയ്യ തന്നെ നല്‍കിയ പരാതികള്‍ നിലനില്‍ക്കെയാണ് റാണെ ബി.ജെ.പി പിന്തുണയോടെ രാജ്യസഭാംഗമായത്.

ബനാന റിപ്പബ്ലിക്ക് എന്നതിനേക്കാള്‍ ആര്‍.എസ്.എസ് കാഴ്ചപ്പാടിലുള്ള കൃത്യമായ ഒരു ഫാഷിസ്റ്റ് രാഷ്ട്രമായാണ് ഇന്ത്യ മാറുന്നതെന്ന സൂചനയാണ് അമിത് ഷാ നല്‍കുന്നത്. രണ്ടാം മോദി സര്‍ക്കാരില്‍ യഥാര്‍ഥ പ്രധാനമന്ത്രി അമിത് ഷാ തന്നെയാണെന്ന് ഈ സര്‍ക്കാരിന്റെ നൂറ് ദിവസം പിന്നിടുമ്പോള്‍ വ്യക്തമാവുന്നു. പൗരത്വ പട്ടിക തയ്യാറാക്കി ലക്ഷക്കണക്കിന് ഇന്ത്യക്കാരെ തടവറയിലാക്കാന്‍ ശ്രമം നടക്കുന്നു. ആരെയാണ് ഷാ ലക്ഷ്യം വെക്കുന്നതെന്നും വ്യക്തമാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് ആ സംസ്ഥാനത്തെ ഒരു തുറന്ന ജയിലാക്കി മാറ്റിയിരിക്കുന്നു ഷാ. രാജ്യത്തിന് ഒരു ഭാഷ വേണമെന്ന ആവശ്യമുയര്‍ത്തുന്നതും ബഹുകക്ഷി സമ്പ്രദായം രാജ്യത്തിന് ഗുണം ചെയ്‌തോയെന്ന് ജനങ്ങള്‍ക്ക് സംശയമുെണ്ടന്ന് പ്രസംഗിക്കുന്നതുമൊക്കെ കൃത്യമായ സിഗ്‌നലുകളാണ്. അടുത്ത അന്‍പത് വര്‍ഷത്തേക്ക് ബി.ജെ.പി അധികാരത്തിലുണ്ടാവുമെന്ന ഉറപ്പ് ആര്‍.എസ്.എസിന് അമിത് ഷാ നല്‍കിയിട്ടുണ്ട്. ഒരു ഏകാധിപത്യ രാഷ്ട്രവും ഫാഷിസ്റ്റ് രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം മനസിലാക്കുമ്പോഴേ ഇതിന്റെ ഭീഷണി മനസിലാവൂ. അടുത്ത അന്‍പത് വര്‍ഷം ഒരു വ്യക്തി ഭരിക്കുമെന്നല്ല, ഫാഷിസ്റ്റ് വീക്ഷണമുള്ള ഒരു കക്ഷി ഭരിക്കുമെന്നാണ്. പ്രതിപക്ഷം ദുര്‍ബലമായ, സിവില്‍ സമൂഹം മൗനികളായ, ഭയം പൊതുവികാരമായ ഒരു രാഷ്ട്രീയ കാലാവസ്ഥ രാജ്യത്ത് രൂപപ്പെട്ടുകഴിഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757