zero hour

കൂത്ത്: മോഡിയും അമിട്ടും – ചാക്യാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘസിദ്ധാന്തം ഏറെ പ്രസിദ്ധമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബാലകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട ചാനല്‍ചര്‍ച്ചയിലാണ് മോദിജി ഈ സിദ്ധാന്തം അവതരിപ്പിച്ചത്. മോശം കാലാവസ്ഥയുള്ളതിനാല്‍ ഇന്ത്യന്‍ സൈന്യം പാക് ആക്രമണത്തിന് തയ്യാറായിരുന്നില്ല. കഠിനമായി മഴ പെയ്യുന്നതിനാല്‍ ആക്രമണവിമാനങ്ങള്‍ക്ക് പറക്കാന്‍ കഴിയില്ലായെന്ന നിഗമനത്തിലായിരുന്നു വ്യോമസേന. സേനാ മേധാവി പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അപ്പോഴാണ് മേഘസിദ്ധാന്തം അവതരിച്ചത്. ഇതാണ് ആക്രമണത്തിന് പറ്റിയ മുഹുര്‍ത്തമെന്നും മഴമേഘങ്ങള്‍ റഡാറുകളില്‍ നിന്നും പോര്‍വിമാനങ്ങളെ മറക്കുമെന്നുമുളള ശാസ്ത്രീയബുദ്ധി മോദി സൈന്യത്തിന് പറഞ്ഞുകൊടുത്തു. ഇത് മഹത്തായ കണ്ടുപിടുത്തമായി ഭാരതീയ ജനതാ പാര്‍ട്ടി അവതരിപ്പിക്കുകയും ചെയ്തു. മഴ പെയ്യുമ്പോള്‍ മേഘങ്ങള്‍ യാത്രാ വിമാനങ്ങളെ എയര്‍പോര്‍ട്ടിലെ റഡാറുകളില്‍ നിന്നും മറയ്ക്കുമോയെന്നും അവ എങ്ങനെയാണ് സിഗ്‌നലുകള്‍ സ്വീകരിക്കുകയെന്നും രാഹുല്‍ ഗാന്ധി തിരിച്ചു ചോദിച്ചിരുന്നു. വിവരം കൂടുതലുള്ളവരോട് സംസാരിച്ചിട്ട് കാര്യമില്ലെന്നായിരുന്നു സംഘിപ്രതികരണം.

2019 സെപ്തംബര്‍ ആദ്യവാരത്തില്‍ എല്ലാ കണ്ണുകളുമെന്ന പോലെ ചാക്യാരുടെ രണ്ടു കണ്ണുകളും ബാംഗ്ലൂരിലായിരുന്നു. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 2 കുതിച്ചുപൊങ്ങുന്നത് കാത്ത് ചാക്യാരും ലോകവും അഭിമാനവിജ്രംഭൃതരായ നിമിഷം. ഇപ്രാവിശ്യം ചാക്യാര്‍ക്ക് ശുഭപ്രതീക്ഷയായിരുന്നു. ഐ.എസ്.ആര്‍.ഒ ശാസത്രജ്ഞന്മാര്‍ക്ക് പിഴച്ചാലും മുന്നില്‍ നില്‍ക്കുന്നത് നരേന്ദ്ര മോദിയല്ലേ. മേഘത്തെ പിളര്‍ത്തിയാണെങ്കിലും അതിയാന്‍ ചന്ദ്രയാനെ വിജയപഥത്തിലെത്തിക്കും. പക്ഷേ, തൊട്ടടുത്ത ദിവസത്തെ പത്രങ്ങളില്‍ ചാക്യാര്‍ കണ്ടത്, പൊട്ടിക്കരയുന്ന ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ കെട്ടിപ്പിടിച്ച് കരയുന്ന നരേന്ദ്ര മോദിയെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ മേഘസിദ്ധാന്തം ഇവിടെ വര്‍ക്ക് ഔട്ട് ആയില്ലെന്ന് സാരം. ശാസത്രം പുരോഗമിക്കുകുയും ചന്ദ്രയാന്‍ ലക്ഷ്യം കൈവരിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. പക്ഷേ, ബി.ജെ.പി ഇതിനെകുറിച്ച് ക,മ എന്നു പ്രതികരിച്ചു കാണാത്തതിലാണ് ചാക്യാര്‍ക്ക് കുണ്ഠിതം.

ഭാരതം മഹാഭാരതം എന്നതാണ് സംഘസഖാക്കളുടെ മുദ്രാവാക്യം. അതിനായുള്ള ബി.ജെ.പിയുടെ ഭാഷയില്‍ പറഞ്ഞാല്‍ യജ്ഞമാണ് ഇപ്പോള്‍ നടന്നുവരുന്നത്. മോദിയും അമിട്ടും ചേര്‍ന്ന് അശ്വമേധം നടത്തികൊണ്ടിരിക്കുകയാണ്. ആരുണ്ടെന്‍ കുതിരയെ കെട്ടുവാനെന്നാണ് ചോദ്യം. കുതിരയെ തടഞ്ഞാല്‍ മഹാഭാരതയുദ്ധം അരങ്ങേറും. 370ാം വകുപ്പും 35എയും റദ്ദുചെയ്ത് കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതും നേതാക്കന്മാരെ ജയിലിലടച്ചതും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിഛേദിച്ചതുമെല്ലാം യുദ്ധം തുടങ്ങുന്നതിനുള്ള ഉപാധിയാണ്. 100 ദിവസത്തിനുള്ളില്‍ വിപ്ലവകരമായ കാര്യങ്ങളാണ് മോദി നടപ്പിലാക്കിയത്. മുത്തലാഖ് ബില്‍ അവതരിപ്പിച്ചതാണ് അതില്‍ പ്രധാനം. മുസ്‌ലിം പുരുഷന്മാരാല്‍ ഒഴിവാക്കപ്പെട്ട സ്ത്രീകളുടെ കണ്ണീര്‍ തുടക്കാനാണ് പ്രസ്തുത ബില്‍ അവതരിപ്പിച്ചതെന്നാണ് പ്രചാരണം. ഇതെഴുതികൊണ്ടിരിക്കുമ്പോഴാണ് മോദിയെ കാണാന്‍ പുറപ്പെട്ട പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മുമ്പില്‍ യശോദബെന്‍ പ്രത്യക്ഷപ്പെട്ടത്. അപ്രതീക്ഷിതമായിരുന്നു കൂടിക്കാഴ്ച്ച. മമതയും യശോദയും ഏറെ നേരം സംസാരിച്ചുവത്രെ. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീയായതുകൊണ്ടായിരിക്കണം മമത അവര്‍ക്ക് ബംഗാളി സാരി സമ്മാനിക്കുകയും ചെയ്തു. നമ്മുടെ പ്രധാനമന്ത്രിയാല്‍ ഉപേക്ഷിക്കപ്പെട്ട പാവം യശോദാബെന്മാര്‍ക്കുവേണ്ടി ഇനി ഏതെങ്കിലും ബില്‍ ഭരതീയ ജനതാ പാര്‍ട്ടി കൊണ്ടുവരുമോയെന്നറിയില്ല. പാവം നിതിന്‍ ഗഡ്കരി; ഒരു സത്യം തുറന്നു പറഞ്ഞതിന്റെ പേരിലാണ് അദ്ദേഹം മോദിയുടെ ഗുഡ്ബുക്കില്‍ നിന്നും പുറത്തായത്. കുടുംബം നോക്കാനറിയാത്തവര്‍ രാജ്യം ഭരിച്ചാല്‍ ശരിയാകില്ലായെന്നാണ് ഗഡ്കരി പൂനയില്‍ പറഞ്ഞത്. ഗഡ്കരി പറഞ്ഞതിനെ ശരിവെക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. നരേന്ദ്ര മോദിയുടെ 69ാം പറന്നാളോഘോഷത്തിന് ടിയാന്‍ ഗുജറാത്തിലെത്തി. അമ്മയോടൊപ്പം അല്‍പ സമയം ചെലവഴിച്ചു. ക്ഷേമവിവരങ്ങളന്വേഷിച്ചു. കഴിഞ്ഞ കൊല്ലം തന്നെ ഇപ്രകാരം ഫോട്ടോ ഇട്ടപ്പോള്‍ അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചത് ചാക്യാര്‍ക്ക് ഓര്‍മ വരുന്നു. ഞങ്ങള്‍ എല്ലാ ദിവസവും ചെയ്യുന്നതാണ് മോദി പിറന്നാള്‍ ദിവസം മാത്രം ചെയ്യുന്നത്. മോദിക്ക് അങ്ങനെയാണ്. എല്ലാം പുറംമോഡിയാണ്.

അദ്വാനിയെ വൃദ്ധസദനത്തിലേക്കും രാജ് നാഥ്‌സിങ്ങിനെയും ഗഡ്കരികയേയും രാജകൊട്ടാരത്തിലെ ആലയിലേക്കും അയച്ചതിനുശേഷം മോദിയും അമിതും ചേര്‍ന്നാണ് ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്. രാജ്യത്തിനകത്തെ കാര്യം അമിതും വിദേശരാജ്യങ്ങളില്‍ മോദിയും എന്ന മട്ടിലാണ് ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്. ഹിന്ദി എന്ന ഒറ്റ ഭാഷ മതിയെന്നാണ് അമിത് പ്രഖ്യാപിക്കുന്നത്. അതിന് പ്രധാന കാരണം ഹിന്ദി മാത്രമേ അമിതിന് അറിയൂവെന്നുള്ളതാണ്. ബി.ജെ.പിക്കെതിരായ ട്രോളുകള്‍ ഇന്ത്യയിലെ എല്ലാ ഭാഷയിലും എല്ലാ നിമിഷത്തിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പടം കണ്ടാണ് പല കാര്യങ്ങളും മന്ത്രിക്കസേരയിലിരുന്ന് അമിത് മനസിലാക്കുന്നത്. പലരും പല രീതിയിലുമാണ് കാര്യങ്ങള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തുകൊടുക്കുന്നത്. കേരളത്തില്‍ അമിത് വന്നപ്പോള്‍ സുരേന്ദ്രന്‍ജിയും ശോഭാജിയും ഗോപാലന്‍ജിയും പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തപ്പോള്‍ വന്ന വലിയ പിഴകള്‍ പത്രങ്ങളില്‍ വെണ്ടക്കയായിരുന്നുവല്ലോ. നവംബര്‍ മാസം വരുന്നുണ്ട്. അര്‍ധരാത്രിയിലെ നോട്ടുനിരോധം കണക്ക് ഉടന്‍ ഒരു ഭാഷാനിരോധം പ്രതീക്ഷിക്കാം. അല്‍പന് അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രിയിലും കുടപിടിക്കുമെന്നല്ലേ പഴമക്കാര് പറേണത്. അമിതിനോടൊരു കാര്യം ചാക്യാര്‍ക്ക് പറയാനുണ്ട്. അമിതമായാല്‍ അമൃതും വിഷമാണ് കേട്ടോ.

കഴിഞ്ഞ പ്രാവിശ്യം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നിര്‍മലാ സീതാരാമന്‍ പെട്ടികള്‍ക്ക് പകരം പട്ടില്‍ പൊതിഞ്ഞാണ് ബജറ്റ് കൊണ്ടുവന്നത്. സാധാരണ ധനമന്ത്രിമാര്‍ പ്രത്യേകം പെട്ടികള്‍ ബജറ്റ് അവതരണ സന്ദര്‍ഭത്തില്‍ കൊണ്ടുവരാറുണ്ട്. ആ ആചാരവും പാരമ്പര്യവുമാണ് നിര്‍മല ലംഘിച്ചത്. പെട്ടിയില്‍ കൊണ്ടുവന്നാലും പട്ടില്‍ പൊതിഞ്ഞാലും ബജറ്റ് കിടു ആയിരക്കണണെന്ന് മാത്രമാണ് ചാക്യാര്‍ മനസില്‍ നിനച്ചത്. പക്ഷേ, ഇപ്പോ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമായി കൂപ്പുകുത്തിയപ്പോള്‍ പട്ടില്‍ പൊതിഞ്ഞത് പൊട്ടത്തരങ്ങളായിരുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രയാപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ ചുഴികളില്‍ വീണ് വട്ടം കറങ്ങികൊണ്ടിരിക്കുകയാണ് രാജ്യവും ജനങ്ങളും. എന്നാലും നമുക്ക് സമാധാനിക്കാന്‍ വകയുണ്ട്. കാരണം കൂടെ മോഡിജിയുണ്ട്, അമിട്ട്ജിയുണ്ട്, പിന്നെ പട്ടില്‍ പൊതിഞ്ഞ പൊട്ടത്തരങ്ങളുമുണ്ട്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757