Opinion

പൗരത്വ ഭീതിക്കാലത്തെ പ്രജനന സ്വാതന്ത്ര്യം – സുഫീറ എരമംഗലം

കെ. ആര്‍ ഇന്ദിരയുടെ പ്രമാദമായ പ്രസ്താവനയെ ജാമ്യമില്ലാ കേസ് ചുമത്തി ഇടതുസര്‍ക്കാര്‍ നേരിട്ടെങ്കിലും അതുയര്‍ത്തിയ വിഷധൂളികള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുക തന്നെയാണ്. ജനസംഖ്യയെക്കുറിച്ച ഭീതി ഉല്‍പാദിപ്പിക്കുകയും അത് പടര്‍ത്തുകയും ചെയ്യുന്നത് ഫാഷിസത്തിന്റെ സ്ഥിരം പ്രവണതയാണ്. ജനാധിപത്യം എന്നത് ഭൂരിപക്ഷ വിഭാഗത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നു. ഇത് രാഷ്ട്രീയമായ പ്രതിലോമതയാകുന്നത് ജനാധിപത്യപരമായ പ്രതിഷ്ഠിത മൂല്യങ്ങളെ വംശീയ വിചാരങ്ങള്‍ ഹൈജാക് ചെയ്യുമ്പോഴാണ്. ജനസംഖ്യയുടെ ശ്രേണീകരണം ചരിത്രപരമായ സാമൂഹിക യാഥാര്‍ഥ്യങ്ങളിലുപരിയായ മത വിഭാഗീയപരമായിരിക്കുന്നതിലേക്ക് അധഃപതിക്കുന്നത് ജനാധിപത്യ സങ്കല്‍പത്തിനേല്‍ക്കുന്ന അപചയത്തെയാണ് സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15 ലോക ജനാധിപത്യ ദിനമായി ആചരിക്കപ്പെട്ടു. പങ്കാളിത്ത ജനാധിപത്യം എന്ന മുദ്രാവാക്യത്തിലൂന്നിയാണെങ്കിലും പ്രഖ്യാപിതലക്ഷ്യത്തിലേക്കുള്ള നേര്‍ത്ത കണികകളെപ്പോലും ജനാധിപത്യ ഇടങ്ങളില്‍ നിന്ന് ഇല്ലാതാക്കുവാനുള്ള വലതുപക്ഷ പരിശ്രമങ്ങളാണ് നിലവിലുള്ളത്.

കശ്മീരിലെയും അസമിലെയും പൗരന്മാര്‍ മനുഷ്യാവകാശ ലംഘനങ്ങളിലും നിലനില്‍പിനെക്കുറിച്ച ആശങ്കകളിലും അമരുകയും ആ വേദന മനുഷ്യത്വം ശേഷിക്കുന്നവര്‍ ഏറ്റെടുക്കുകയും ചെയ്തുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് ഇന്ദിരയുടെ വിദ്വേഷ വെടി സോഷ്യല്‍ മീഡിയയെ മലീമസമാക്കിയത്. കെ.ആര്‍ ഇന്ദിരയുടെ കേവല വ്യക്തിദോഷമായി ഇതിനെ പ്രതിബോധ കേരളം നിസ്സാരവല്‍കരിക്കാതിരുന്നത് അവര്‍ പ്രധിനിധീകരിക്കുന്ന ആകാശവാണി എന്ന പൊതുസ്ഥാപന സങ്കല്‍പത്തിന്റെയും എഴുത്തുകാരി എന്ന അക്ഷര ബാധ്യതയുടെയും ആഭിമുഖ്യത്തിലാണ്. ആകാശവാണി അസി. ഡയറക്ടര്‍ പൊതു മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യുന്ന വര്‍ഗീയ ബോധ്യങ്ങള്‍ നാടിന്റെ ജനാധിപത്യാകാശത്തേക്ക് വമിക്കുന്ന വിഷപ്പുകയുടെ ഗണത്തില്‍ പെട്ടതുതന്നെയാണ്. താന്‍ സംഘ്പരിവാര്‍ സഹയാത്രികയല്ലെന്ന് ആണയിടുന്നുണ്ടെങ്കിലും സംഘ്‌ബോധ്യത്താല്‍ പരുവപ്പെട്ട മാനസിക ഘടനയെയാണ് അവര്‍ പ്രതിഫലിപ്പിക്കുന്നത്. അസമില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എന്‍.ആര്‍.സിക്കെതിരെ രൂപപ്പെട്ട നേരിയ അനുതാപ തരംഗത്തെപ്പോലും പരിഹസിക്കുകയാണവര്‍. മാനുഷിക വേദനകളെ അവമതിക്കുന്നതാണ് അവരുടെ പ്രസ്താവന. സ്ത്രീവാദിയെന്ന് നടിക്കുന്ന അവരുടെ വിലകുറഞ്ഞ വാക്കുകള്‍ക്ക് പിന്നാലെ പോകേണ്ടതില്ലെന്ന് തീരുമാനിക്കാമെങ്കിലും, ഇതു പോലുള്ള വിഷങ്ങളാണ് ഫാഷിസ്റ്റ് ഭൂപടത്തിലേക്കുള്ള രാജ്യത്തിന്റെ രാഷ്ട്രീയ വ്യതിയാനങ്ങളുടെ സഞ്ചാരവേഗത്തെ നിര്‍ണയിച്ചത് എന്നതിനെ മറക്കാനാവില്ല. കേരളത്തിന്റെ ജനാധിപത്യ-മതേതര ബോധ്യങ്ങളെ തകിടം മറിക്കുന്ന വേല എളുപ്പമല്ലെങ്കിലും നിരന്തരമായ മാളം തുരക്കലുകള്‍ സുശക്ത മലകളെയും നാമാവശേഷമാക്കുന്ന ചരിത്ര പാഠങ്ങള്‍ നമുക്കുണ്ട്.
ജനസംഖ്യാ ഭീതി
ഓഫീസ് ഓഫ് ദ രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമീഷണര്‍ ഓഫ് ഇന്ത്യ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. പത്തു വര്‍ഷത്തിലൊരിക്കല്‍ സമഗ്രമായ സെന്‍സസ് ഈ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. 2011ലെ സെന്‍സസിന്റെ മതം തിരിച്ചുള്ള കണക്കുകള്‍ 2015 ആഗസ്റ്റ് 25ന് രജിസ്ട്രാര്‍ ജനറലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് പൊതുജന സമക്ഷം അവതരിപ്പിക്കുകയുണ്ടായി. വൈകാരിക മാനങ്ങളുള്ള നടപടിയായതിനാല്‍ പ്രസ്തുത കണക്കുകള്‍ നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സംഘ്പരിവാര്‍, ഭരണകൂടത്തിന്റെ ഒത്താശയോടു കൂടിത്തന്നെയാണ് നിക്ഷിപ്ത താല്‍പര്യ പ്രകാരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തയാറാക്കപ്പെട്ട കണക്കുകള്‍ പ്രസിദ്ധം ചെയ്തത്. രാജ്യത്തെ മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന സംഘ്പരിവാര്‍ പ്രചാരണ തന്ത്രങ്ങള്‍ക്കുള്ള തെളിവായി അതിനെ അവര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. യഥാര്‍ഥത്തില്‍ ചരിത്രപരവും പശ്ചാത്തലപരവുമായ വിവരണങ്ങളോ മുന്‍കണക്കുകളോ നല്‍കാതെയാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് ഈ പ്രതിലോമ നീക്കം നടത്തിയത്.

ജനസംഖ്യാ ശാസ്ത്രം കാവിവല്‍കരിക്കപ്പെട്ടതിന് ദീര്‍ഘകാല ചരിത്രമുണ്ട്. 1909ല്‍ വലതുപക്ഷ ഹിന്ദു സൈദ്ധാന്തികന്‍ യു.എന്‍ മുഖര്‍ജി ‘ഹിന്ദുക്കള്‍ മരിച്ചു കൊണ്ടിരിക്കുന്ന വര്‍ഗം’ എന്ന പേരില്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. 1881-91 കാലഘട്ടത്തിലെ സെന്‍സസ് കണക്കുകളെ ആധാരമാക്കി ഇന്ത്യയില്‍ മുസ്‌ലിംകള്‍ ക്രമാതീതമായി പെരുകിക്കൊണ്ടിരിക്കുകയാണെന്നും അര നൂറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ നാമാവശേഷമാകുമെന്നും അദ്ദേഹം പ്രവചിച്ചു. 1915ലെ നാസിക് സമ്മേളനത്തില്‍ പുരി ശങ്കരാചാര്യര്‍ പ്രവചിച്ചത് ഒരു നൂറ്റാണ്ടുകൊണ്ട് ഇന്ത്യ ഒരു മുസ്‌ലിം രാഷ്ട്രമായി മാറുമെന്നാണ്.

രാജ്യത്ത് മുസ്‌ലിംകളുടെ ജനസംഖ്യ 0.8 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍, മുസ്‌ലിം ജനസംഖ്യാ വര്‍ധനവിന്റെ നിരക്ക് 2001ലെ 29.52 ശതമാനത്തില്‍ നിന്നും 2011ലെത്തുമ്പോള്‍ 24.52 ശതമാനമായി താഴ്ന്നിരിക്കുകയാണ്. 2001ല്‍ 19.92 ശതമാനമാണ് ഹിന്ദു ജനസംഖ്യാ വര്‍ധന നിരക്കെങ്കില്‍ 20011ല്‍ അത് 16.76 ശതമാനമാണ്. വര്‍ധന നിരക്കിലെ കുറവ് ഹിന്ദുക്കളുടേതിനേക്കാള്‍ കുറവ് മുസ്‌ലിംകളിലാണ് എന്നാണ് ഇത് തെളിയിക്കുന്നത്. മുസ്‌ലിംകള്‍ ബോധപൂര്‍വം ജനസംഖ്യ പെരുപ്പിക്കുന്നു എന്ന സംഘ് പ്രചരണങ്ങളെ നിരാകരിക്കുന്നതാണ് കണക്കുകള്‍. മത ഭേദങ്ങളില്ലാത രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും സാമൂഹികമായും സാമ്പത്തികമായും ആരോഗ്യ, വിദ്യാഭ്യാസപരമായും ഉന്നതിയിലേക്ക് നയിക്കുവാനുതകുന്ന ആസൂത്രണങ്ങളെയും ഭൂമിശാസ്തരപരമായ കണക്കുകളെയും അവലംബിക്കാതെ മതദ്വേഷങ്ങളെ ഉദ്ദീപിപ്പിക്കുന്ന തരം കണക്കുകള്‍ വിളംബരം ചെയ്തത്, ബി.ജെ.പി ഭരണം അതിന്റെ വര്‍ഗീയാധിപത്യ പ്രവണതകള്‍ക്ക് വളമൊരുക്കുവാനായിരുന്നു എന്നത് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

പന്നിപ്പേറിന്റെ വര്‍ത്തമാനങ്ങള്‍
2016 ഒക്‌ടോബറിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ എന്‍. ഗോപാല കൃഷ്ണന്‍ മലപ്പുറത്തെ മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന പന്നിപ്രസംഗം നടത്തിയത്. മലപ്പുറത്ത് കൂടുതല്‍ എം.എല്‍.എമാരുണ്ടാകാന്‍ പന്നി പ്രസവിക്കുന്നതുപോലെ കുട്ടികളെ ഉണ്ടാക്കുന്നതു കൊണ്ടാണ്… എന്നിങ്ങനെയായിരുന്നു ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചത്. രാജ്യത്ത് ബലാല്‍സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നതാണ് എന്ന മാരക പ്രസ്താവനയാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും എം.പിയുമായ ഹരി പാണ്ഡെയില്‍ നിന്നുണ്ടായത്. ഭീകരത, ബലാല്‍സംഗം, ലൈംഗികാതിക്രമം എന്നിവ രാജ്യത്ത് വര്‍ധിക്കാനുള്ള ഏക കാരണം മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നതാണ്. സ്വാതന്ത്ര്യത്തിനുശേഷം മുസ്‌ലിം ജനസംഖ്യയില്‍ വന്‍വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മുസ്‌ലിം ജനസംഖ്യാ വര്‍ധന തടഞ്ഞില്ലെങ്കില്‍ പാക്കിസ്ഥാനെ പോലെ പുതിയ ഒരു രാജ്യം കൂടി രൂപീകരിക്കപ്പെടുമെന്നും യു.പിയിലെ അംബേദ്കര്‍ നഗര്‍ എം. പിയായ പാണ്ഡെ പറയുകയുണ്ടായി. ഇനിയുമൊരു ഇന്ത്യാ വിഭജനം തടയണമെങ്കില്‍ പാര്‍ലമെന്റില്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇതു നിയന്ത്രിച്ചില്ലെങ്കില്‍ തൊഴിലില്ലായ്മക്ക് കാരണമാവുകയും സാമ്പത്തിക വളര്‍ച്ച മുടങ്ങുകയും ചെയ്യുമെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.


കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്‌ലിംകളാണെന്ന് നവജാത ശിശുക്കളെപ്പോലും മതപരമായി പൊതിഞ്ഞത് മുന്‍ ഡി.ജി.പി സെന്‍കുമാറാണ്. ജനസംഖ്യാ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ ഏതു രീതിയിലുള്ള മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും സെന്‍കുമാര്‍ ചോദിച്ചത് 2017 ജൂലൈയില്‍ ആണ്. അതേ വര്‍ഷം തന്നെയാണ് മുസ്‌ലിംകള്‍ക്കെതിരെ ജനസംഖ്യയെക്കുറിച്ച നുണബോംബ് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് വര്‍ഷിച്ചത്. രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ ഇന്ത്യ ഒരു മുസ്‌ലിം രാഷ്ട്രമായി മാറുമെന്നും ഗിരി രാജ് ഗര്‍ജിച്ചു. ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും കണക്കുകള്‍ എടുത്തുപറഞ്ഞായിരുന്നു കേന്ദ്രമന്ത്രി വര്‍ഗീയ പ്രസ്താവന നടത്തിയത്. രാജ്യത്തിന്റെ സംസ്‌കൃതിക്ക് ഭീഷണിയാവുന്ന തരത്തിലാണ് മുസ്‌ലിം ജനസംഖ്യാ വര്‍ധനവത്രെ.

റാഞ്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസിന്റെ കേന്ദ്ര നിര്‍വാഹക സമിതി യോഗം നിലവിലുള്ള ജനസംഖ്യാ നയം പൊളിച്ചെഴുതണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് മതഭേദത്തിലൂന്നിയ ജനസംഖ്യാ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കിയതിനു ശേഷമാണ്. അഖില ഭാരതീയ കാര്യ കാരണ്‍ മണ്ഡല്‍ എന്നറിയപ്പെടുന്ന ആര്‍.എസ്.എസിന്റെ പരമോന്നത സമിതി അംഗീകരിച്ച പ്രമേയം ആരോപിക്കുന്നത് രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം വര്‍ധിക്കുന്നത് ജനസംഖ്യാ സന്തുലനത്തെ തകിടം മറിക്കുന്നു എന്നാണ്. ഇതിനെ പ്രതിരോധിക്കാന്‍ കേന്ദ്ര ഇടപെടലാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇത്തരം ജല്‍പനങ്ങള്‍ ആര്‍.എസ്.എസിനെ സംബന്ധിച്ച് പുതിയതല്ല. ഇന്ത്യന്‍ മത ജനസംഖ്യയില്‍ സമീപ കാലത്തുണ്ടായ അസന്തുലിതത്വം രാജ്യത്തിന്റെ ഏകതക്കും സാംസ്‌കാരികത്തനിമക്കും വന്‍ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അത് മറികടക്കാന്‍ ഒരു പുതിയ ജനസംഖ്യാ നയം സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടതുണ്ടെന്നും പറഞ്ഞത് ആര്‍.എസ്.എസ് നേതാവ് മോഹന്‍ വൈദ്യയാണ്. ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതും സമാന രീതിയില്‍ ആവശ്യമുന്നയിക്കുകയുണ്ടായി. വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ അന്ന് ആഹ്വാനം ചെയ്തത് രണ്ടിലധികം കുട്ടികളുള്ള മുസ്‌ലിം ദമ്പതികളെ കുറ്റവാളികളായി പ്രഖ്യാപിച്ച് ജയിലിലടക്കണമെന്നാണ്.

പുതിയ ജനസംഖ്യാ നിയന്ത്രണത്തിനായി വാദിക്കുന്നവര്‍ തന്നെയാണ് തങ്ങളുടെ വര്‍ഗീയ ലക്ഷ്യത്തിനായി ഹിന്ദു വിഭാഗത്തിലെ സ്ത്രീകളോട് പ്രസവാഹ്വാനം നടത്തുന്നത്. ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗത്തില്‍ ആവശ്യപ്പെട്ടത് ഓരോ ഹിന്ദു സ്ത്രീയും കുറഞ്ഞത് നാലു കുട്ടികളെയെങ്കിലും പ്രസവിച്ച് രാജ്യത്തെയും മതത്തെയും രക്ഷിക്കണമെന്നാണ്. ഓരോ ഹിന്ദു സ്ത്രീയും പത്തു കുട്ടികളുടെയെങ്കിലും അമ്മയാകണമെന്ന് ആക്രോശിച്ചത് സാധ്വി പ്രാചിയാണ്. വി.എച്ച്.പി മുന്‍ ജനറല്‍ സെക്രട്ടറി അശോക് സിംഗാളും, യോഗി ആദിത്യനാഥും സ്വാമിനിയുടെ വാക്കുകളെ പൂര്‍ണമായി പിന്തുണച്ചു. ഹിന്ദുത്വയെ സംരക്ഷിക്കാന്‍ ഹിന്ദു ദമ്പതികള്‍ക്ക് ചുരുങ്ങിയത് അഞ്ചു കുട്ടികളെങ്കിലും വേണമെന്ന് മുന്‍പ് പ്രസ്താവിച്ചത് ബി.ജെ.പി എം.എല്‍.എ സുരേന്ദ്രസിങ്ങായിരുന്നു. ജനസംഖ്യാ വിവാദത്തില്‍ മുക്കി സ്ത്രീകളെ പന്നിപ്പേറിന് മാത്രം പ്രാപ്തരാക്കുന്നതിലെയും അത് അടിച്ചേല്‍പിക്കുന്നതിലെയും സ്ത്രീ വിരുദ്ധത ഇവര്‍ക്ക് ബോധ്യമാകുമോ?

വാത്സ്യായനന്റെ കാമസൂത്രത്തിന് ഫെമിനിസ്റ്റ് മറുപടിയായി സ്‌ത്രൈണ കാമസൂത്രമെഴുതിയ ഇന്ദിര ലൈംഗികതയുടെ സാക്ഷാല്‍ക്കാരമായ പ്രസവ ധര്‍മത്തെ ഇകഴ്ത്തിയത് സ്ത്രീ വിരുദ്ധത തന്നെയാണ്. സ്‌ത്രൈണ ആത്മീയതയായി എഴുത്തുകാരി റോസി തമ്പി വിശേഷിപ്പിച്ച പ്രജനന പ്രക്രിയകളെ ഉള്‍കൊള്ളാതിരിക്കുന്നത് വികല ഭാവനകളാണ്. ജീവന്റെ സൗന്ദര്യവും ആനന്ദവുമായാണ് സ്ത്രീയുടെ ഉര്‍വരതയെ അവര്‍ കാണുന്നത്. വന്ധ്യതാ ദുഃഖങ്ങള്‍ അനുഭവിക്കുന്നവര്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍, മനസിന്റെ അധമത്വം വെളിവാക്കുന്ന നികൃഷ്ട പ്രയോഗങ്ങളെ കൂട്ടുപിടിക്കുന്നവര്‍ മാതൃഭാവങ്ങളെ, സ്‌നേഹങ്ങളെ അറിയാത്തവരാണ്. അവരാണ് മാതൃദേശത്തുനിന്ന് പിറന്നവരെ ആട്ടിയോടിക്കുന്നതിനെ അനുകൂലിക്കുന്നവര്‍. മാനുഷിക വളര്‍ച്ചയുടെയും വികാസത്തിന്റെയും ജൈവിക സര്‍ഗങ്ങളെ നിരാകരിക്കുന്ന അതിവാദങ്ങളെ കൂട്ടുപിടിക്കുന്ന അയുക്തിയുടെ വാദം വളക്കൂറാവുക ആര്‍ക്കാണെന്നത് വ്യക്തമാണ്.

സ്ത്രീയുടെ സ്വാതന്ത്ര്യവും പ്രത്യുല്‍പന്നമതിത്വവും പ്രജനന പ്രക്രിയകളുമായിക്കൂടി ബന്ധപ്പെട്ടതാണെന്ന് അംഗീകരിക്കുവാന്‍ ഇന്ദിരയെപ്പോലുള്ളവര്‍ തയാറാവുകയില്ല. പ്രണയവും ലൈംഗികതയുടെ രാഷ്ട്രീയവും ലിബറല്‍ മുതലാളിത്തത്തിന് സ്വാര്‍ത്ഥതയിലൂന്നിയ ലാഭചിന്തയും കേവല ശാരീരികതയും മാത്രമാണ്. എന്നാല്‍, പ്രകൃതിയുടെ രാഷ്ട്രീയമായി പ്രണയത്തിന്റെ രാഷ്ട്രീയം സാക്ഷാല്‍കരിക്കപ്പെടുന്നത് വംശ പരമ്പരയുടെ സന്തുലിതമായ താളങ്ങളിലൂടെയാണ്. മുസ്‌ലിം സ്ത്രീയുടെ വ്യവഹാരങ്ങളെ മുത്ത്വലാഖിലും പന്നിപ്പേറിലും മാത്രം കുരുക്കിയിടുന്ന പൊതുഇടം എല്ലാ ലിബറലുകളുടെയും ഫാഷിസ്റ്റുകളുടെയും തീര്‍പ്പുകളാണ്. മനുഷ്യ രാശിയുടെ നിലനില്‍പിന്റെ അടിത്തറകളായ കുടുംബ-പ്രജനന പ്രതിഭാസങ്ങളെ അങ്ങേയറ്റത്തെ അസഹിഷ്ണുതയോടെ സമീപിക്കുന്നത് മാനുഷികതയോടുള്ള വെല്ലുവിളി തന്നെയാണ്. അത് ഒരു പ്രത്യേക സമുദായത്തെ ഉന്നം വെക്കുന്നതുകൂടിയാണെങ്കില്‍ വംശഹത്യാപരമായ മനോഘടന പേറുന്നതുകൊണ്ടാണ്. രാജ്യം നിഷേധിക്കപ്പെടുന്ന വിഭാഗത്തിന് ജന്മം തന്നെ നിഷേധിക്കാന്‍ അരയും തലയും മുറുക്കിയിരിക്കുകയാണവര്‍. ഭക്ഷണ സ്വാതന്ത്ര്യം മുതല്‍ പ്രജനന സ്വാതന്ത്ര്യം വരെ കവര്‍ന്നെടുക്കുന്നവര്‍, ഭാഷയും ഭാവിയും തീരുമാനിക്കുകയാണ്. പൗര സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെടുകയും സാമ്പത്തിക അടിത്തറകള്‍ തകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ പന്നികളേക്കാള്‍ പവിത്രമായ പ്രജനനങ്ങള്‍ തുടരുന്നത് പ്രതീക്ഷകളുടെ പ്രഭാതങ്ങളെയാണ് പുനര്‍ജനിപ്പിക്കുക.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757