Opinion

ഭൂപരിഷ്‌കരണം; ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്ക് – എസ്.എ അജിംസ്

പഠനം: ഭാഗം-03
ആധുനിക കേരളം രൂപപ്പെട്ടതിന് പിന്നില്‍ നടന്ന ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ ഐതിഹാസികമായ ഒരു ചരിത്രത്തെയാണ് രേഖപ്പെടുത്തുന്നത്. നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്ന ജാതിബോധം കേവലം, പതിറ്റാണ്ടുകള്‍ കൊണ്ട് കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായി എന്ന് കരുതുന്നത് വിഢിത്തമാണ്. യഥാര്‍ഥത്തില്‍ കേരളത്തില്‍ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നിലനിന്ന ഫ്യൂഡല്‍ വ്യവസ്ഥ ഇല്ലാതായെങ്കിലും ജാതിബോധം പാടെ കേരളീയരെ വിട്ടൊഴിഞ്ഞുവെന്ന് കരുതുന്നതില്‍ കാര്യമില്ല. കീഴാളരില്‍ ജാതി ബോധത്തിനും സവര്‍ണമേധാവിത്തത്തിനുമെതിരായ അവകാശ ബോധം സൃഷ്ടിക്കാന്‍ ശ്രീനാരായണഗുരുവിനും മറ്റും കഴിഞ്ഞുവെന്നത് തന്നെയാണ് കേരളത്തിലെ ജാതി വിരുദ്ധ സമരത്തിന്റെ സവിശേഷത. പക്ഷേ, മേലാളരില്‍ ജാതി ചിന്ത പാടെ തുടച്ചുനീക്കാന്‍ കേവലം പതിറ്റാണ്ടുകള്‍ മാത്രം നീണ്ടുനിന്ന ആ പ്രക്ഷോഭങ്ങള്‍ക്ക് കഴിയാതെ പോയത് അവയുടെ പരിമിതിയായി വിലയിരുത്താന്‍ കഴിയില്ല. എങ്കിലും, ജാതി ചിന്ത അശ്ലീലമായി മാറുന്ന ഒരു സാമൂഹ്യ പരിസരം സൃഷ്ടിക്കാന്‍ നവോത്ഥാന നായകര്‍ക്ക് കഴിഞ്ഞു. നമ്പൂതിരി സമുദായത്തില്‍ തന്നെ കാര്യമായ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ വി.ടിയെ പോലുള്ളവര്‍ക്ക് കഴിഞ്ഞു. എങ്കിലും, ജാതി ചിന്ത പൂര്‍ണമായും ഇല്ലാതായിരുന്നില്ല.

ഉത്തരേന്ത്യയേക്കാളുപരി വിചിത്രമായ ജാതി സമ്പ്രദായവും അയിത്തവും നിലനിന്ന കേരളത്തില്‍ ആധുനിക വിദ്യാഭ്യാസം കീഴ്ജാതിക്കാരില്‍ ജാതി വിവേചനത്തിനെതിരായ വിത്തുകള്‍ പാകി. ഏറ്റവും കഠിനമായ ജാതി വിവേചനം അനുഭവിച്ചിരുന്ന പുലയര്‍, ചേരമര്‍, പറയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ അടിമകള്‍ക്ക് സമാനമായ ജീവിതമാണ് നയിച്ചിരുന്നത്. കൃഷിഭൂമിയോടൊപ്പം, കൈമാറ്റം ചെയ്യപ്പെട്ടുപോന്ന ഈ വിഭാഗത്തില്‍പ്പെട്ടവരെ കൊല്ലാന്‍ പോലും ജന്മിമാര്‍ക്ക് സ്വാതന്ത്രമുണ്ടായിരുന്നു. തൊട്ടുമുകളിലുള്ള ജാതിയായി പരിഗണിച്ചിരുന്ന ഈഴവരാകട്ടെ, വൈദ്യം, ആയുധ പരിശീലനം എന്നിവയില്‍ വൈദഗ്ധ്യം നേടിയെങ്കിലും കൃഷിഭൂമി കൈവശം വെക്കാനുള്ള അവകാശം ഭൂരിഭാഗത്തിനും ലഭിച്ചിരുന്നില്ല. പക്ഷേ, വിവിധ കൈത്തൊഴിലുകള്‍ വഴി അവര്‍ കൃഷിഭൂമിയില്‍ അധ്വാനിക്കുന്ന കീഴ്ജാതിക്കാരേക്കാള്‍ മെച്ചപ്പെട്ട സാമൂഹികാവസ്ഥ നേടിയെടുത്തു. കാലക്രമേണ ഈഴവരില്‍ ചിലരെങ്കിലും ഭൂജന്മിമാരായതിനും ഉദാഹരണങ്ങളുണ്ട്. ജാതിഘടനയില്‍ ഈഴവരോടൊപ്പമായിരുന്നു മാപ്പിളമാരുടെ സ്ഥാനം. അതുകൊണ്ട് തന്നെ, ഈഴവരെ പോലെ തന്നെ, മാപ്പിള പ്രമാണി കുടുംബങ്ങളില്‍ ചിലരെങ്കിലും ഭൂമി സ്വന്തമാക്കുകയും അറക്കല്‍ രാജവംശം പോലുള്ള നാടുവാഴി കുടുംബങ്ങള്‍ രൂപം കൊള്ളുകയും ചെയ്തു. മലബാറിന്റെ തീരപ്രദേശത്തുനിന്ന് ഉള്‍നാടുകളിലേക്കുള്ള മാപ്പിളമാരുടെ കുടിയേറ്റം കുടിയാന്‍മാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പുതിയ ഒരു നിരയെ സൃഷ്ടിച്ചു. മാപ്പിളമാരില്‍ വളരെ പേര്‍ കച്ചവടത്തിലേക്കും തിരിയാന്‍ തുടങ്ങി. ജാതിഘടനയില്‍ മാപ്പിളമാര്‍ക്ക് ലഭിച്ച സ്ഥാനവും മതപരമായി മാപ്പിളമാര്‍ അന്യോന്യം പുലര്‍ത്തിയിരുന്ന സാഹോദര്യവും പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിലേക്ക് വന്‍തോതിലുളള പരിവര്‍ത്തനത്തിന് വഴിതെളിച്ചു. പുലയ വിഭാഗമാണ് ഈ അര്‍ത്ഥത്തില്‍ കൂട്ടത്തോടെ ഇസ്‌ലാമിലെത്തിച്ചേര്‍ന്നത്. അതായത് മലബാറില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അടിമത്തം നിരോധിച്ച 1856ല്‍ മലബാറിലെ മൊത്തം ജനസംഖ്യയുടെ 12 ശതമാനം പുലയരായിരുന്നുവെങ്കില്‍ ഇരുപത്തഞ്ച് വര്‍ഷത്തിനുശേഷം അതായത് 1881ല്‍ ഇവരുടെ ജനസംഖ്യ കേവലം രണ്ട് ശതമാനമായി കുറഞ്ഞു.

അടിമത്തം ഇല്ലാതായതോടെ, സ്വയം നിര്‍ണയശേഷി നേടിയ ഈ വിഭാഗം, ജാതിവ്യവസ്ഥയില്‍ നിന്ന് സ്വയം മോചിതരാകാനുള്ള ശ്രമം തുടങ്ങിയെന്നു സാരം. തിരുവിതാംകൂറിലാകട്ടെ, ഈഴവരില്‍ വലിയൊരു വിഭാഗം ക്രൈസ്തവതയിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെട്ടു. എന്നാല്‍, ആദ്യകാല ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ലഭിച്ച ജാതി ഔന്നത്യം മതം മാറിയിട്ടും ഇവര്‍ക്ക് ലഭിച്ചില്ല. മതം മാറുന്നതുകൊണ്ട് ജാതി മാറുന്നില്ലെന്ന യാഥാര്‍ഥ്യമാണ് ഇവിടെ ദൃശ്യമാകുന്നത്. അതുതന്നെ ഭൂബന്ധങ്ങളെയും ബാധിച്ചു. ആധുനിക വിദ്യാഭ്യാസം, കമ്പോള സാമ്പത്തിക വ്യവസ്ഥയുടെയും നാണയങ്ങളുടെയും വ്യാപനം, ഫ്യൂഡല്‍ വ്യവസ്ഥയിലെ ഉല്‍പാദന മുരടിപ്പ്, നമ്പൂതിരി-നായര്‍ കൂട്ടുകുടംബ വ്യവസ്ഥ മൂലമുണ്ടായ സാംസ്‌കാരികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ എന്നിവ കേരളത്തില്‍ ഫ്യൂഡല്‍ ഘടനയെയും ജാതിഘടനയെയും പ്രതിസന്ധിയിലാക്കാനും തുടങ്ങിയിരുന്നു. സവര്‍ണകുടുംബങ്ങളിലെ, വിശിഷ്യാ നായര്‍ കുടുംബങ്ങളിലെ അഭ്യസ്തവിദ്യരായ യുവാക്കളില്‍ വ്യാപകമായി അസംതൃപ്തി പടരാന്‍ തുടങ്ങി. മരുമക്കത്തായ സംവിധാനവും കുടുംബകാരണവര്‍ക്ക് തറവാടുകളിലുള്ള സ്ഥാനവും മറ്റും കൂട്ടുകുടുംബവ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങി. നമ്പൂതിരി കുടുംബങ്ങളിലാകട്ടെ, ആണ്‍ മക്കളില്‍ മൂത്തയാള്‍ മാത്രം വേളി കഴിക്കുകയും മറ്റുള്ള ആണ്‍മക്കള്‍ വേദപഠനത്തിനും മറ്റുമായി ബ്രാഹ്മചര്യം അനുഷ്ഠിക്കുകയും വേണമെന്ന സമ്പ്രദായം, ബ്രാഹ്മചര്യം അനുഷ്ഠിക്കേണ്ടവര്‍ സംബന്ധം പോലെ സമൂഹത്തില്‍ മാന്യത കുറഞ്ഞ വിവാഹ ബന്ധങ്ങളിലേര്‍പ്പെടാന്‍ തുടങ്ങിയതോടെ നമ്പൂതിരി സമുദായത്തിലെ അഭ്യസ്തവിദ്യരില്‍ ഇത്തരം സമ്പ്രദായങ്ങള്‍ക്കെതിരെ ശക്തമായ അവബോധം വളര്‍ന്നുവരാന്‍ തുടങ്ങി. ഭേദപ്പെട്ട ജാതിശ്രേണി കരസ്ഥമാക്കിയ ഈഴവരില്‍ പലരും ആധുനിക വിദ്യാഭ്യാസം നേടിയതും, വേദപഠനം വഴി നേടിയെടുത്ത അറിവും ആ സമുദായത്തിലും മാറ്റത്തിന്റെ അലയൊലികളുണ്ടാക്കി. ശ്രീ നാരായണഗുരു വേദാന്തത്തോടൊപ്പം ആധുനികതയും കൂട്ടിച്ചേര്‍ത്ത് ഈഴവരില്‍ ഒരേസമയം ഹൈന്ദവതയും ആധുനികതയും വളര്‍ത്തിയെടുത്തു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മുദ്രാവാക്യത്തിലൂടെ കേരള നവോത്ഥാനത്തില്‍ മുഴുവന്‍ മത ജാതി വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുവിന്റെ ആപ്തവാക്യം ജാതി ചിന്തയെ കേരള ചിന്താമണ്ഡലത്തില്‍ അശ്ലീലമാക്കി മാറ്റി.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദന്‍ തന്റെ മുപ്പത്തൊമ്പതാമത്തെ വയസ്സില്‍ മരിക്കുന്നതിനു മുമ്പ് ശ്രീനാരായണഗുരുവിന്റെ കാര്‍മികത്വത്തില്‍ എസ്.എന്‍.ഡി.പി യോഗം രൂപം കൊണ്ടുവെന്ന് പറയുമ്പോള്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ജാതിവ്യവസ്ഥക്കെതിരായ കലാപം എത്ര പെട്ടെന്നാണ് രൂപം കൊണ്ടതെന്ന് മനസ്സിലാകും. ഈ വേഗത പിന്നീട് വിവിധ സമുദായങ്ങളിലുണ്ടായ നവോഥാനത്തിലും ദൃശ്യമായി. മുസ്‌ലിം സമുദായത്തില്‍ ആധുനികത ദൃശ്യമായത് പരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെയായിരുന്നു. ക്രൈസ്തവര്‍ കൊളോണിയല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നേരത്തെ മുന്നേറിയിരുന്നു. നേരത്തെ തന്നെ കൊളോണിയല്‍ വിരുദ്ധ സമരം കേരളത്തില്‍ രൂപപ്പെട്ടുവെങ്കിലും ദേശീയ സ്വാതന്ത്ര സമരപ്രസ്ഥാനവുമായി കേരളത്തിലെ ചെറുത്തു നില്‍പുകള്‍ യോജിക്കാന്‍ തുടങ്ങി. മലബാര്‍ കലാപം മാത്രമായിരുന്നു അതിനപവാദം. മലബാര്‍ കലാപം ദേശീയ സമരപ്രസ്ഥാനത്തിന്റെ പൊതു ശൈലിയില്‍ നിന്ന് വ്യത്യസ്തമായ ഒരു കാര്‍ഷിക കലാപമായിരുന്നു. ഇതിനിടയില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കാര്യമായ ജനകീയ പിന്തുണ ലഭിച്ചുതുടങ്ങി. ജാതി ചിന്തക്കെതിരായ ഉയിര്‍ത്തെഴുന്നേല്‍പ് കേരളത്തില്‍ എല്ലാ സമുദായങ്ങളിലും വ്യാപകമായെങ്കിലും ഫ്യൂഡലിസത്തിന്റെയും ജന്മി വാഴ്ചയുടെയും കെടുതികളില്‍ നിന്ന് പൂര്‍ണമോചനം ലഭിക്കാത്ത കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം അണി നിരന്നു. ദേശീയ പ്രസ്ഥാനത്തിന് ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള മുക്തി എന്നതില്‍ കവിഞ്ഞ് കേരളത്തിലെ സാമൂഹ്യഘടനയില്‍ മാറ്റം വേണമെന്ന ചിന്തയുണ്ടായിരുന്നില്ല.

അതേസമയം, ഫ്യൂഡല്‍ വ്യവസ്ഥക്കെതിരെ അതിശക്തമായ കാര്‍ഷിക കലാപങ്ങളുയര്‍ത്തിക്കൊണ്ടുവരാനും തൊഴിലാളികളെ സംഘടിപ്പിക്കാനും ശ്രമിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വാതന്ത്രസമര പോരാട്ടത്തിന് സമാന്തരമായി അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കേരളത്തില്‍ ജാതി അപ്രസക്തമാക്കുന്ന ഇടപെടലുകളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നത്. സവര്‍ണരായ നിരവധി യൂവാക്കള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. എന്നാല്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നട്ടെല്ല് അധഃസ്ഥിതരായ ജനവിഭാഗങ്ങള്‍ തന്നെയായിരുന്നു. ജാതീയതക്കെതിരായ സാംസ്‌കാരികവും സാമൂഹികവുമായ പശ്ചാത്തലം ഒരുങ്ങിയെങ്കിലും ഫ്യൂഡലിസം അതിന്റെ ഭൂവുടമസ്ഥതയുടെ സ്വഭാവത്തില്‍ മാറ്റം വരുത്താത്തതു കൊണ്ട് തന്നെ, കമ്യൂണിസ്റ്റ് പാര്‍ട്ടിക്കേ ഫ്യൂഡലിസത്തിന്റെ കഥകഴിക്കാനാകൂവെന്ന് ജനങ്ങള്‍ പൊതുവേ വിശ്വസിച്ചൂവെന്നുവേണം കരുതാന്‍. കാരണം, ഫ്യൂഡലിസത്തെക്കുറിച്ചും, ഭൂമിയില്‍ പണിയെടുക്കുന്നവന് ഭൂമിയിന്‍മേലുള്ള അധികാരത്തെക്കുറിച്ചും ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നത് അവര്‍ മാത്രമാണ്. പക്ഷേ, 1946 വരെയെങ്കിലും കാത്തിരിക്കേണ്ടി വന്നു ഫ്യൂഡലിസത്തിനെതിരായ ഒരു സമരം കേരളത്തില്‍ ഉയര്‍ന്നുവരാന്‍. അതേസമയത്ത് തന്നെയാണ് ബി.ടി രണദിവെയുടെ നേതൃത്വത്തില്‍ തെലങ്കാനയില്‍ കര്‍ഷക സമരം അരങ്ങേറിയതും. പുന്നപ്രയിലും വയലാറിലും നടന്ന തൊഴിലാളി മുന്നേറ്റങ്ങള്‍ അമേരിക്കന്‍ മോഡല്‍ ഭരണഘടനാ പരിഷ്‌കാരത്തിനെതിരെ ദിവാനെതിരെയുള്ള സമരമായിരുന്നെങ്കിലും ഫ്യൂഡലിസത്തിനെതിരായ സമരമായി അത് കണക്കാക്കപ്പെട്ടു. തെലങ്കാനയില്‍ നടന്നത് കര്‍ഷകരുടെ കലാപമായിരുന്നെങ്കില്‍ വയലാറില്‍ നടന്നത് കയര്‍ തൊഴിലാളികളുടെ സമരമായിരുന്നു. തെലങ്കാനയില്‍ നടന്നതുപോലെ ഒരു കാര്‍ഷിക കലാപം കേരളത്തില്‍ ഉയര്‍ന്നുവന്നില്ലെങ്കിലും ഫ്യൂഡല്‍ വ്യവസ്ഥക്കെതിരായ ഒരു രോഷം ജനങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞു. നാടകങ്ങളുടെയും ഗാനങ്ങളുടെയും മറ്റും സ്വാധീനം ഇക്കാര്യത്തിലുണ്ടായി. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന ഗാനം മണ്ണില്‍ പണിയെടുക്കുന്നവരില്‍ വളര്‍ത്തിയ പ്രതീക്ഷ നമുക്ക് സങ്കല്‍പിക്കാന്‍ കഴിയും.

 1931ല്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്് കറാച്ചി പ്രമേയത്തിലൂടെ ഭൂപരിഷ്‌കരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കോണ്‍ഗ്രസിനകത്തെ ജന്മിമാരുടെ സ്വാധീനം മൂലം അതിന് കാര്യമായ വികാസമുണ്ടായില്ല. കറാച്ചി പ്രമേയം പോലും കോണ്‍ഗ്രസിനകത്തെ സോഷ്യലിസ്റ്റ് ചേരിയുടെ സമ്മര്‍ദ്ദ ഫലമായാണുണ്ടായത്. സ്വാതന്ത്ര്യ ശേഷം സംസ്ഥാന രൂപീകരണങ്ങളുമായി ബന്ധപ്പെട്ട ബഹളങ്ങള്‍ക്കിടയില്‍ ഭൂപരിഷ്‌കരണം കാര്യമായി ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഒന്നാം പ്ലാനിങ് കമീഷനാണ് കാര്‍ഷിക വ്യാവസായിക വികസനത്തിന് ഭൂപരിഷ്‌കരണം അത്യാന്താപേക്ഷിതമാണെന്നും അതിന് സംസ്ഥാനങ്ങള്‍ മുന്‍കയ്യെടുക്കണമെന്നും നിര്‍ദ്ദേശിച്ചത്. പക്ഷേ, പ്ലാനിങ് കമീഷന്റെ നിര്‍ദ്ദേശത്തിനും മുന്‍പ് തന്നെ ഒരു ഇന്ത്യന്‍ സംസ്ഥാനം ഭൂപരിഷ്‌കരണം ഫലപ്രദമായി നടപ്പിലാക്കി മൊത്തം ഇന്ത്യക്ക് മാതൃകയായി. 1950ലെ ബിഗ് ലാന്റഡ് എസ്റ്റേറ്റ് അബോളിഷന്‍ ആക്ടിലൂടെ ഷേക്ക് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫ്രന്‍സ് 1944ലെ പാര്‍ട്ടിയുടെ നയാ കശ്മീര്‍ എന്ന രാഷ്ട്രീയ സാമ്പത്തിക മാനിഫെസ്റ്റോയിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തുകയായിരുന്നു. തുടര്‍ന്ന് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തോടെ, ഒട്ടു മിക്ക സംസ്ഥാനങ്ങളും ഭൂപരിഷ്‌കരണ നിയമങ്ങള്‍ പാസ്സാക്കിയെടുത്തു. പലയിടത്തും കാര്യക്ഷമമായി നടപ്പിലായില്ലെങ്കിലും നിയമം എല്ലായിടത്തും ഉണ്ടായിയെന്നു സാരം. തെലങ്കാന സമരത്തിന്റെ മുഖ്യ പ്രമേയവും ആവശ്യവും ഭൂമി കര്‍ഷകന് എന്നതായിരുന്നതിനാല്‍ ഭാഷാടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാനമായ ആന്ധ്രപ്രദേശില്‍ 1950 മുതല്‍ ഭൂപരിഷ്‌കരണ ശ്രമങ്ങള്‍ ആരംഭിച്ചു. ഭൂവിസ്തൃതിയും കൃഷിഭൂമിയും ധാരാളമുളള ആന്ധ്രയില്‍ 1961ലാണ് ഭൂപരിധി നിയമം കൊണ്ടുവരുന്നത്. 2004 വരെ, 7.10 ലക്ഷം ഏക്കര്‍ ഭൂമിയാണ് മിച്ചഭൂമിയായി ആന്ധ്രയില്‍ പ്രഖ്യാപിച്ചത്. ഇതില്‍ 6.41 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. പക്ഷേ, ആന്ധ്രയില്‍ ഇന്നും പരോക്ഷമായ ജന്മിത്വം നിലനില്‍ക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂപരിധി നിയമത്തില്‍ നല്‍കിയിട്ടൂള്ള ഇളവുകളുടെ മറവിലാണിത്. തമിഴ്‌നാട്ടില്‍ 1960ലാണ് ഭൂപരിധി നിയമങ്ങള്‍ പ്രാബല്യത്തിലായത്. ഉത്തരപ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭൂപരിഷ്‌കരണം നിയമത്തിലായെങ്കിലും ഇന്നും പൂര്‍ണമായും പ്രാബല്യത്തിലായിട്ടില്ല. ബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 1967ല്‍ അധികാരത്തിലെത്തിയതോടെ ഭൂപരിഷ്‌കരണ ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്വാതന്ത്രത്തിന് മുന്‍പ് നിലനിന്ന ജമീന്ദാരി സമ്പ്രദായം മറ്റൊരു രൂപത്തില്‍ നിലനിര്‍ത്തുക മാത്രമാണ് അതുവരെ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. 1977ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ബംഗാളില്‍ ഭരണമാരംഭിച്ചതോടെയാണ് ഭൂവിതരണം തുടങ്ങിയത്. കേരളവും ബംഗാളുമാണ് ഭൂവിതരണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.

കേരളത്തിലെ ഭൂപരിഷ്‌കരണശ്രമങ്ങള്‍ ഫ്യൂഡലിസത്തിനെതിരായ ക്രമപ്രവൃദ്ധമായ സാമൂഹ്യ മുന്നേറ്റത്തിന്റെ തന്നെ ഭാഗമായി കാണണം. 1929ലെ മലബാര്‍ കുടിയായ്മ നിയമം, 1934 ലെ കൊച്ചി വെറുംപാട്ടം കുടിയാന്‍ നിയമം, 1950ലെ തിരുകൊച്ചി വിധി നടത്തു നിര്‍ത്തിവെക്കല്‍ നിയമം, കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, 1954ലെ തിരുകൊച്ചി കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍, 1957ലെ ഒഴിപ്പിക്കല്‍ നിരോധന നിയമം തുടങ്ങിയ നിയമ നിര്‍മാണങ്ങളുടെ തുടര്‍ച്ചയാണ് 1957 ഡിസംബര്‍ 21ന് അവതരിപ്പിച്ച ബില്ല്. അഗ്രേറിയന്‍ റിലേഷന്‍ ബില്ലെന്നാണ് അവതരണ വേളയില്‍ ആദ്യ റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ അതിനെ വിശേഷിപ്പിച്ചത്. എന്തായാലും കുടിയാന്‍ വ്യവസ്ഥ അവസാനിപ്പിച്ചുകൊണ്ട് സ്ഥിരം കുടിയാന്‍മാരുടെ കൃഷിഭൂമിയില്‍ അവര്‍ക്ക് അവകാശം നല്‍കുകയും വാരം, പാട്ടം, കാണം തുടങ്ങിയ ജന്മി കുടിയാന്‍ വ്യവസ്ഥകളില്‍ കൃഷി ചെയ്തുപോന്ന ഭൂമിയില്‍ കുടിയാന്‍മാരുടെ അവകാശം ഉറപ്പിക്കുകയും ചെയ്യാനുദ്ദേശിച്ചുള്ള ഈ ബില്ല് ഫ്യൂഡലിസത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി മാറി എന്നുള്ളതില്‍ സംശയമില്ല. ഇക്കാര്യത്തില്‍ നിയമനിര്‍മാണത്തിന് സര്‍ക്കാരിന് പ്രേരകമായത് ഒന്നാം കേന്ദ്ര പ്ലാനിങ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങളായിരുന്നു എന്ന കാര്യം കെ.ആര്‍ ഗൗരിയമ്മ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. അവ താഴെ പറയുന്നവയാണ്.
1. ഭൂവുടമാ ബന്ധങ്ങളുടെ ഇന്നത്തെ സ്വഭാവത്തില്‍ നിന്നുദിക്കുന്ന കാര്‍ഷികോല്‍പാദനത്തിന്‍മേലുള്ള തടസ്സങ്ങള്‍ നീക്കുക.
2. ഉയര്‍ന്ന കാര്യക്ഷമതയും ഉല്‍പാദനക്ഷമതയുമുള്ള ഒരു കാര്‍ഷിക വ്യവസ്ഥ കഴിയുന്നതും വേഗം വാര്‍ത്തെടുക്കുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക. ഇതിനായി പ്ലാനിങ് കമീഷന്‍ മുന്നോട്ടുവെച്ച ശിപാര്‍ശകള്‍ താഴെ പറയുന്നു.
1. മധ്യവര്‍ത്തികളെ ഒഴിവാക്കുക.
2. സ്ഥിരാവകാശം, മര്യാദപ്പാട്ടം, സ്ഥിരകുടിയാന്‍മാര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥത, ഉടമാവകാശം ഉള്‍പ്പടെയുള്ള ഭൂമികള്‍ക്ക് പരിധി നിര്‍ണയം.
3. തുണ്ടു തുണ്ടു ഭൂമികള്‍ ഒന്നിച്ചുചേര്‍ത്ത് കൃഷി ശാസ്ത്രീയവും ആദായകരവുമാക്കുക, കൃഷി നടത്തിപ്പില്‍ കാര്യക്ഷമതയുണ്ടാക്കുക, സഹകരണാടിസ്ഥാനത്തിലുള്ള കൃഷി വളര്‍ത്തുക.

മേല്‍കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കാനുള്ള കാരണം, പ്ലാനിങ് കമീഷന്‍ ഭൂപരിഷ്‌കരണം കൊണ്ടുദ്ദേശിച്ച ലക്ഷ്യങ്ങള്‍ ചൂണ്ടിക്കാട്ടുകയെന്നുള്ളതാണ്. കേരളത്തിലെ ആദ്യ മന്ത്രിസഭ ഭൂബന്ധ ബില്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ക്ക് മുന്നിലും ഇതേ ലക്ഷ്യങ്ങള്‍ തന്നെയാണുണ്ടായിരുന്നത്. അതായത്, ഒരു കൊളോണിയല്‍-ജന്മി വ്യവസ്ഥയില്‍ നിന്ന് മുതലാളിത്ത സാമ്പത്തിക ക്രമത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന് കേരളവും അരങ്ങൊരുക്കി എന്നതിനാല്‍ ദേശീയ സാഹചര്യങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു കേരളത്തിലെ ഭൂപരിഷ്‌കരണ ശ്രമങ്ങള്‍ എന്നു കരുതുന്നതില്‍ ന്യായമില്ല. ജന്മിത്തത്തിനെതിരായ സാമൂഹിക പ്രതിഷേധങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഭൂപരിഷ്‌കരണ ശ്രമങ്ങളുടെ കാര്യക്ഷമതയെ ബാധിച്ചിട്ടുïെന്നതും ജന്മിമാര്‍ക്ക് സമൂഹത്തില്‍ തുടര്‍ന്നു ലഭിച്ചുപോന്ന മേല്‍ക്കൈ ഭൂപരിഷ്‌കരണ ശ്രമങ്ങള്‍ക്ക് പലയിടത്തും തിരിച്ചടിയായെന്നതും വിസ്മരിക്കുന്നില്ല. ഫ്യൂഡല്‍ വ്യവസ്ഥയില്‍ നിന്നും മുതലാളിത്ത വ്യവസ്ഥയിലേക്കുള്ള സാമ്പത്തിക ക്രമത്തിന്റെ പരിണാമം മാര്‍ക്‌സിയന്‍ വീക്ഷണത്തില്‍ പുരോഗമനപരമാണ്. മുതലാളിത്ത വ്യവസ്ഥയില്‍ വര്‍ഗ വൈരുധ്യങ്ങള്‍ മൂര്‍ച്ചിക്കുകയും അത് തൊഴിലാളി വര്‍ഗത്തിന്റേതായ ഒരു ഭരണകൂടത്തിന് വഴിയൊരുക്കും വിധം വര്‍ഗസംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും കരുതിയവരാണ് കേരളത്തിലെയും മാര്‍ക്‌സിസ്റ്റുകള്‍. പക്ഷേ, അത്തരം ഒരു ബൂര്‍ഷ്വാ മുതലാളിത്ത ഭരണകൂടത്തിന് കേരളത്തിലെങ്കിലും തുടക്കക്കാരാകാന്‍ നിയോഗം ലഭിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ സിദ്ധാന്തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പിഴവു പറ്റിയെന്ന് ഇന്നും കരുതുന്നില്ല. ഒരു ബൂര്‍ഷ്വ ദേശീയ ഭരണകൂടത്തിന് കീഴില്‍ ഫ്യൂഡലിസത്തിന്റെ കഥ കഴിച്ച് തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന് അനുഗുണമാകുന്ന രീതിയില്‍ പുതിയ ഒരു രാഷ്ട്രീയ ധാര രൂപപ്പെടുത്താന്‍ കഴിഞ്ഞു എന്ന അര്‍ഥത്തില്‍ ഭൂപരിഷ്‌കരണ ശ്രമങ്ങളെ ചരിത്രപരമെന്നും ഐതിഹാസികമെന്നും അവര്‍ വിലയിരുത്തുന്നു. ഇതെക്കുറിച്ച് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ധനമന്ത്രിയുമായ ഡോ. തോമസ് ഐസക് പറയുന്നത് ശ്രദ്ധിക്കുക. സ്വാതന്ത്രാനന്തര കേരളത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവവികാസമായിരുന്നു ഭൂപരിഷ്‌കരണം. 28 ലക്ഷം കുടിയാന്‍മാര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിച്ചു. 5.3 ലക്ഷം കുടികിടപ്പുകാര്‍ക്ക് കുടികിടപ്പാവകാശം ലഭിച്ചു. കര്‍ഷകത്തൊഴിലാളിയുടെ വിലപേശല്‍ കഴിവ് ഉയര്‍ന്നത് കൂലി വര്‍ധനയിലേക്ക് നയിച്ചു. സവര്‍ണ മേധാവിത്തത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നത് വലിയ സാമൂഹ്യമാറ്റങ്ങള്‍ക്ക് കളമൊരുക്കി.

മാര്‍ക്‌സിയന്‍ സിദ്ധാന്തപ്രകാരം തോമസ് ഐസക്കിന്റെ നിരീക്ഷണം വസ്തു നിഷ്ഠം തന്നെയാണ്. കാരണം ഫ്യൂഡലിസത്തില്‍ നിന്നും മുതലാളിത്തത്തിലേക്കുള്ള ക്രമാനുഗത വളര്‍ച്ചയാണ് ഭൂപരിഷ്‌കരണ ശ്രമം വഴിയുണ്ടായത്. കുടിയാന്‍മാര്‍ക്ക് കൃഷി ഭൂമിയും കര്‍ഷകത്തൊഴിലാളികള്‍ക്ക് കൂലിവര്‍ധനയും ലഭിച്ചു. പക്ഷേ, ഭൂപരിഷ്‌കരണം കേരളത്തിലുണ്ടാക്കിയ ആഘാതത്തിനിരയായതും ഭൂപരിഷ്‌കരണ ശ്രമങ്ങളില്‍ വഞ്ചിക്കപ്പെട്ടവരുമായ സാമൂഹ്യഘടകങ്ങളും ജനവിഭാഗങ്ങളും ഇന്ന് കേരളത്തിലെ നീറുന്ന രാഷ്ട്രീയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ മൂര്‍ത്ത രൂപം പ്രാപിക്കുന്നതാകട്ടെ; എണ്‍പതുകളിലും തൊണ്ണൂറുകളിലും. 1959ല്‍ ആരംഭിച്ച ഭൂപരിഷ്‌കരണ ശ്രമങ്ങള്‍ 1977ലാണ് പൂര്‍ത്തിയാകുന്നത്. 1959ലെ അഗ്രേറിയന്‍ റിലേഷന്‍ ബില്‍ നിയമമായതിനുശേഷം, ഏതാണ്ട് അന്‍പതിലേറെ നിയമങ്ങളും ചട്ടങ്ങളും ഭൂമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിക്കഴിഞ്ഞു. എന്നിട്ടും, ഭൂമി ഇന്ന് ഏറ്റവും വലിയ രാഷ്ട്രീയ ചോദ്യമായി മാറിയതെന്തുകൊണ്ടാണെന്ന അന്വേഷണം ഈ സാഹചര്യത്തില്‍ പ്രസക്തമാകുകയാണ്. കേരളത്തിലെ ഏറ്റവും നിര്‍ണായക സംഭവമെന്ന് തോമസ് ഐസക് വിശേഷിപ്പിച്ച ഭൂപരിഷ്‌കരണം തന്നെയാണ് ഈ സാഹചര്യത്തില്‍ വിമര്‍ശനപരമായി സമീപിക്കേണ്ട മുഖ്യ വിഷയവും. യഥാര്‍ഥത്തില്‍, ഇടതുരാഷ്ട്രീയം തങ്ങളുടെ മുഖ്യനേട്ടവും കേരള വികസന മാതൃകയുടെ ആധാരശിലയുമായി കാണുന്ന ഭൂപരിഷ്‌കരണം, എങ്ങനെയാണ് കീഴാള വിരുദ്ധവും, ഫ്യൂഡല്‍ കാലത്തെ ജാതിക്കനുസൃതമായ ഭൂബന്ധങ്ങളുടെ ബാക്കിപത്രവും കേരള വികസനത്തെ പ്രതിസന്ധിയിലാക്കുകയും മുതലാളിത്ത വികസന ശൈലിയിലേക്ക് കേരളത്തെ അതിവേഗം എടുത്തെറിയുകയും ചെയ്തുകൊണ്ട് അതിനുള്ള രാസത്വരകമായി മാറുകയും ചെയതതെന്ന പരിശോധനയാണ് നടക്കേണ്ടത്.

ഭൂപരിഷ്‌കരണത്തിനു മുന്‍പ് നിലനിന്ന ഭൂബന്ധങ്ങള്‍, ശേഷമുണ്ടായ ഭൂബന്ധങ്ങളിലെ മാറ്റങ്ങള്‍, ഭൂവിനിയോഗത്തിലെ മാറ്റങ്ങള്‍, കാര്‍ഷികത്തകര്‍ച്ച, വ്യവസായങ്ങളുടെ മുരടിപ്പ്, തോട്ടം മേഖലയുടെ തകര്‍ച്ച, ഭൂമിയുടെ റിയല്‍ എസ്റ്റേറ്റുവല്‍ക്കരണം, പ്രത്യേക സാമ്പത്തിക മേഖലകളിലെ ഭൂമിയുടെ കേന്ദ്രീകരണം, ഭൂമാഫിയയുടെ ഉദയവും വളര്‍ച്ചയും തുടങ്ങിയ സമകാലിക പ്രശ്‌നങ്ങളെ വിലയിരുത്തിക്കൊണ്ട് മാത്രമേ, ഭൂപരിഷ്‌കരണത്തിന്റെ അനന്തര ഫലങ്ങളെ മനസ്സിലാക്കാന്‍ കഴിയൂ. ദലിത്-ആദിവാസി വിഭാഗങ്ങള്‍ നടത്തുന്ന ഭൂസമരങ്ങളുടെ രാഷ്ട്രീയം, ഇത്തരുണത്തില്‍ വിശദമായ ചര്‍ച്ച അര്‍ഹിക്കുന്നു. കേരള വികസനത്തിന്റെ ഭൂമികയില്‍ ഭൂമി തന്നെ മുഖ്യപ്രശ്‌നമായി ഉയര്‍ന്നുവരുമ്പോള്‍, ഭൂപരിഷ്‌കരണം ഒരു വലിയ സംഭവമായിരുന്നുവെന്ന് ഗീര്‍വാണം മുഴക്കുന്ന മുഖ്യധാരാ ഇടതുപക്ഷം ഒരു വശത്തും, ശവശരീരം സംസ്‌കരിക്കാന്‍ ചെറ്റപ്പുരയുടെ അടുക്കള പോലും പൊളിക്കേണ്ടി വരുന്ന ദലിത് വിഭാഗങ്ങളും സ്വന്തം ഭൂമിയില്‍ നിന്ന് വികസനത്തിനായി പുറത്താക്കപ്പെടുന്നവരും മറുവശത്തും നിലയുറപ്പിക്കുകയാണ്. യഥാര്‍ഥത്തില്‍, സാമ്പ്രദായിക ഇടതുപക്ഷം, ഒരു കാലത്തും സങ്കല്‍പ്പിക്കാത്ത തരത്തില്‍ കേരളത്തില്‍ ജനകീയ രാഷ്ട്രീയം വഴിമാറുന്ന സാഹചര്യത്തില്‍, അത്തരം രാഷ്ട്രീയ മാറ്റങ്ങളെ സ്വത്വരാഷ്ട്രീയം എന്ന പേരു വിളിച്ച് അരിക് ചേര്‍ത്തുനിര്‍ത്താനും, ഭൂപരിഷ്‌കരണ ശ്രമങ്ങളുടെ തുടര്‍ച്ച ആവശ്യപ്പെടുന്നവരെ രണ്ടാം ഭൂപരിഷ്‌കരണവാദികളെന്നും തീവ്രവാദികളെന്നും മുദ്രകുത്താനുമുള്ള നീക്കമാണ് കണ്ടുവരുന്നത്.

തുടരും (ഭൂപരിഷ്‌കരണത്തിന്റെ ബാക്കിപത്രം അഥവാ കേരള മോഡലിന്റെ ദൗര്‍ബല്യങ്ങള്‍ – അടുത്ത ലക്കത്തില്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757