Opinion

അഗ്രഹാരങ്ങളില്‍ മുഴങ്ങുന്ന വേറിട്ട ശബ്ദങ്ങള്‍ – അന്‍സര്‍ അബൂബക്കര്‍

രാജ്യത്തെ ഉന്നത കലാലയമായ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ അടയാളപ്പെടുത്തലുകളിലൂടെയാണ് കടന്നുപോയത്. ഇടത് ഐക്യമുന്നണിയാണ് തെരഞ്ഞെടുപ്പില്‍ ആധിപത്യം നേടിയത്. പ്രധാന സീറ്റുകളില്‍ വിജയിക്കാനായില്ലെങ്കിലും ‘അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യവും അവരുടെ പ്രതിനിധാനവും’ തീര്‍ത്ത മൂര്‍ച്ചയേറിയ ചോദ്യങ്ങളും ചര്‍ച്ചകളും ഈ വര്‍ഷത്തെ ജെ.എന്‍.യു തെരഞ്ഞെടുപ്പിനെ വേറിട്ടതാക്കുന്നു.

2015ലാണ് ജെ.എന്‍.യുവില്‍ അംബേദ്കറേറ്റ് രാഷ്ട്രീയ ശബ്ദങ്ങളുടെ വേദിയായി ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ബാപ്‌സ) രൂപീകൃതമാവുന്നത്. സവര്‍ണ സമൂഹങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ സാമൂഹിക മൂലധനത്തെ അക്കാദമിക ഇടങ്ങളില്‍ ചോദ്യംചെയ്ത ബാപ്‌സ 2015 മുതല്‍ നടത്തിയ വിച്ഛേദനങ്ങളാണ് ജെ.എന്‍.യു കാമ്പസിന്റെ ഘടനയെതന്നെ ചോദ്യംചെയ്ത ഏറ്റവും തീക്ഷ്ണമായ നവരാഷ്ട്രീയ പരീക്ഷണം.
അതോടൊപ്പം നവ-വിദ്യാര്‍ഥി രാഷ്ട്രീയ മുന്നേറ്റമായി ഇന്ത്യയിലുടനീളം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫ്രറ്റേണിറ്റി മൂവ്‌മെമെന്റ്് ഉയര്‍ത്തിയ സാമൂഹിക നീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സഹോദര്യത്തെക്കുറിച്ചുമുള്ള മുദ്രാവാക്യങ്ങളും കാമ്പസില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ഒറ്റക്ക് മത്സരിച്ചിരുന്ന ബാപ്‌സയും ഈ വര്‍ഷം ആദ്യമായി മത്സര രംഗത്തിറങ്ങിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റും ഒന്നിച്ചുചേര്‍ന്നപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ മുദ്രാവാക്യം ക്യാമ്പസില്‍ ആവേശത്തോടെ ഉയര്‍ന്നുകേട്ടു. ജാതീയതക്കെതിരെയും ഉന്മാദ ദേശീയതക്കെതിരെയും ഇസ്ലാമോഫോബിയക്കെതിരെയും വിവേചനങ്ങള്‍ക്കെതിരെയുമുള്ള ചര്‍ച്ചകള്‍ തെരെഞ്ഞെടുപ്പ് കാമ്പയിനിലുടനീളം ബാപ്‌സ-ഫ്രറ്റേണിറ്റി സഖ്യം സജീവമാക്കി. നവരാഷ്ട്രീയ മുന്നേറ്റങ്ങളുടെ ശക്തമായ പ്രതിനിധാനം കാരണം ഓരോ വര്‍ഷങ്ങളിലും ടഇ,ടഠ,ഛആഇ വിഭാഗങ്ങള്‍ ഇടതിന് വോട്ടുചെയ്യുന്നത് കുറഞ്ഞുവരുന്നുണ്ട്. കഴിഞ്ഞ നാലുവര്‍ഷം മുന്‍പ് വരെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഐസ, ഡി.എസ്.എഫ് എന്നിങ്ങനെയായി വെവ്വേറെ മത്സരിച്ചിരുന്ന ഇടതുസംഘടനകള്‍ക്ക് ഒരുമിച്ച് ചേര്‍ന്ന് മത്സരിക്കേണ്ടി വന്നത് ബാപ്‌സ-ഫ്രറ്റേണിറ്റി സഖ്യം ഉയര്‍ത്തിയ രാഷ്ട്രീയ ചോദ്യങ്ങള്‍ കാരണമായിരുന്നു. സാമൂഹ്യനീതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അവസരം കണ്ടെത്താതെ ഇടതുസഖ്യവും ഉന്മാദ ദേശീയതയിലൂന്നിയ സംഘ്പരിവാര്‍ സംഘടനകളും സ്വീകരിച്ചുപോന്ന കാമ്പസ് തെരഞ്ഞെടുപ്പ്.

സംവാദ-സമര ശീലങ്ങളെ ബാപ്‌സ-ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സഖ്യം മാറ്റിയെഴുതി. തെരഞ്ഞെടുപ്പ് സംവാദങ്ങളെ ജാതി, മതം, ലിംഗം, ദേശം തുടങ്ങിയ നിരവധി വിഷയങ്ങളെ പ്രശ്‌നവല്‍കരിച്ച് ജെ.എന്‍.യു കാമ്പസിന് പുതിയൊരു വിമോചന രാഷ്ട്രീയ ഭാഷ നിര്‍മിക്കാന്‍ ബാപ്‌സ-ഫ്രറ്റേണിറ്റി സഖ്യത്തിന് സാധിച്ചിരിക്കുന്നു. അതാണ് ജെ.എന്‍.യുവിലെ ഈ തെരഞ്ഞെടുപ്പിനെ ഏറെ വ്യത്യസ്തമാക്കുന്നത്. ഇടതുമുന്നണി, ബാപ്‌സ-ഫ്രറ്റേണിറ്റി സഖ്യം, എ.ബി.വി.പി എന്നിവയെ കൂടാതെ എന്‍.എസ്.യു-എം.എസ്.എഫ് സഖ്യം, സി.ആര്‍.ജെ.ഡി എന്നീ സംഘടനകളുമാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.
സെന്‍ട്രല്‍ സീറ്റുകളിലേക്ക് പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി മുന്‍ ബാപ്‌സ യൂണിറ്റ് പ്രസിഡണ്ട് ജിതേന്ദ്ര സുനയും ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റി അംഗമായ വസീം ആര്‍.എസുമാണ് മത്സരിച്ചത്. കൂടാതെ വ്യത്യസ്ത സ്‌കൂള്‍ കൗണ്‍സിലര്‍ സ്ഥാനങ്ങളിലേക്ക് പത്തോളം ബാപ്‌സ-ഫ്രറ്റെണിറ്റി സാരഥികളും മത്സരിച്ചു. പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി മത്സരിച്ച ജിതേന്ദ്രസുന ഒഡീഷക്കാരനായ ഗവേഷക വിദ്യാര്‍ഥിയാണ്. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച് ജോലിയാവശ്യാര്‍ഥം ഡല്‍ഹിയിലെത്തി റോഡുപണിയെടുത്തും പെട്രോള്‍ പമ്പിലെ ജീവനക്കാരനായും തൊഴില്‍ ചെയ്ത് കഠിനാധ്വാനത്തിലൂടെയാണ് ജിതേന്ദ്ര ജെ.എന്‍.യുവില്‍ ഗവേഷകനായി മാറുന്നത്. കാമ്പസിനകത്തും പുറത്തും നടന്ന നിരവധി സമരങ്ങളില്‍ തന്റെ വ്യത്യസ്ത കഴിവുകള്‍ കൊണ്ട് വേറിട്ട ശബ്ദമായ ജിതേന്ദ്ര, രാജ്യത്തിലെ ഉന്നത കലാലയത്തില്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നിയോഗിക്കപ്പെട്ടത് തന്നെയാണ് അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യം മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ ആശയം.

തന്റെ പ്രസംഗ മികവും നേതൃപാടവവുമെല്ലാം ഒത്തിണങ്ങിയ ജിതേന്ദ്ര എന്ന മികച്ച വിദ്യാര്‍ഥി നേതാവിനെയാണ് തെരഞ്ഞെടുപ്പ് അനുഭവങ്ങളില്‍ കണ്ടത്. ബി.ജെ.പി സ്ഥാനാര്‍ഥിയോട് കേവലം ഏഴ് വോട്ടുകള്‍ പിറകിലായി കൊണ്ട് 1122 വോട്ടുകളാണ് ജിതേന്ദ്ര നേടിയത്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുന്‍ ദേശീയ സെക്രട്ടറിയായിരുന്ന വസീം ആര്‍.എസ് ആണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. കഴിഞ്ഞ ആറു വര്‍ഷങ്ങളായി കാമ്പസില്‍ സുപരിചിതനാണ് ആദ്ദേഹം. രോഹിത് മൂവ്‌മെന്റും നജീബ് തിരോധാനത്തിലുമുള്ള സമരങ്ങളിലും തുടങ്ങി സാമൂഹ്യ വിവേചനങ്ങള്‍ വിചാരണ ചെയ്ത് കാമ്പസിനകത്തും ദല്‍ഹിയുടെ തെരുവുകളിലും നടന്ന ഒട്ടേറെ സമരങ്ങളിലും സംവാദങ്ങളിലും ശക്തമായ സാന്നിധ്യമായിരുന്നു ജെ.എന്‍.യു ഗവേഷകനും കോഴിക്കോട് സ്വദേശിയുമായ വസീം ആര്‍.എസ്. വസീം ഉയര്‍ത്തിയ ഒട്ടേറെ ചോദ്യങ്ങള്‍ കാമ്പസ് അക്കാദമിക രാഷ്ട്രീയത്തില്‍ ഇന്നും ചര്‍ച്ചാ വിഷയമാണ്. തെരഞ്ഞെടുപ്പ് അനുഭവ പരിസരങ്ങളില്‍ മൂര്‍ച്ചയേറിയ ഭാഷയില്‍ വസീം നടത്തിയ കാമ്പയിന്‍ പ്രസംഗങ്ങള്‍ ആവേശകരമായിരുന്നു. 25ശതമാനം (1236) വോട്ടുകള്‍ നേടി ശക്തമായ മത്സരമാണ് വസീമും കാഴ്ചവെച്ചത്.

ബാപ്‌സ-ഫ്രറ്റേണിറ്റി സഖ്യത്തില്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജ് കൗണ്‍സിലറായി വിജയിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ കമ്മിറ്റി അംഗമായ അഫ്രീന്‍ ഫാത്തിമയുടേത് ഉജ്വല നേട്ടമാണ്. അലിഗഢ് സര്‍വകലാശാല വിമണ്‍സ് കോളേജ് മുന്‍ ചെയര്‍മാനും വിദ്യാര്‍ഥി നേതാവുമായിരുന്നു അലഹബാദുകാരിയായ അഫ്രീന്‍ ഫാത്തിമ. എഴുനൂറിലധികം വോട്ടുകള്‍ നേടി തിളക്കമാര്‍ന്ന വിജയം നേടിയ അഫ്രീന്‍ ഫാത്തിമയുടെ കാമ്പയിന്‍ രീതികളും പ്രസംഗങ്ങളും മികച്ചതും ശക്തവുമായിരുന്നു.

ഫ്രറ്റേണിറ്റി ജെ.എന്‍.യു യൂണിറ്റ് അംഗമായ ഉമര്‍ ഫാറൂഖാണ് മത്സരിച്ച മറ്റൊരു വ്യക്തി. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് കൗണ്‍സിലറായാണ് ഉമര്‍ മത്സരിച്ചത്. ജെ.എന്‍.യു ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധം ബാപ്‌സ-ഫ്രറ്റേണിറ്റി സഖ്യം അതിന്റെ പ്രതിനിധാനം കൊണ്ടും മുദ്രാവാക്യങ്ങള്‍ക്കൊണ്ടും നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ കൂടുതല്‍ പ്രതീക്ഷയുളവാക്കുന്നുണ്ട്. കേവലമായ തെരഞ്ഞെടുപ്പ് അധികാര നേട്ടങ്ങള്‍ക്കപ്പുറം പങ്കുവെക്കലുകളുടെയും പരസ്പര വിശ്വാസങ്ങളുടെയും പുതുജീവന്‍ പകരുന്ന മാതൃകകള്‍ കൂടിയാണ് അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യം അഥവാ ബാപ്‌സ-ഫ്രറ്റേണിറ്റി സഖ്യം മുന്നോട്ടുവെക്കുന്ന ഹൃദ്യമായ അനുഭവങ്ങള്‍. വരുംകാല കാമ്പസ് അനുഭവങ്ങളില്‍ കൂടുതല്‍ കരുത്തോടെ നവരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയും പ്രതിനിധാനങ്ങളും കാണാനാവുമെന്ന് ഉറച്ച് വിശ്വസിക്കാം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757