Opinion

ഇന്ത്യയില്‍ ഫാഷിസത്തിന് വേരുകളുണ്ട് – പി സുരേന്ദ്രന്‍

ഫാഷിസം, ജനപഥങ്ങള്‍ക്കുമേല്‍ ഭീതിയുടെ പുതപ്പ് വിരിക്കും. അത് എടുത്തുമാറ്റി, തെരുവുകളെ സംവാദാത്മകമാക്കി മാറ്റിയെടുക്കലാണ് ഫാഷിസത്തെ നേരിടാനുള്ള വഴിയെന്ന് എം.എന്‍ വിജയന്‍ മാഷ് പറഞ്ഞിട്ടുണ്ട്. അടുത്ത കാലത്തായി സോണിയ ഗാന്ധിയും ഇത്തരത്തിലൊരു അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. തെരുവില്‍നിന്ന് സംസാരിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നുമില്ല എന്നാണ് സോണിയ ഗാന്ധി പറഞ്ഞത്.

ഇന്ത്യ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിപ്പെട്ടതെങ്ങനെയെന്ന് പരിശോധിക്കുമ്പോഴാണ് കൂടുതല്‍ ഭയപ്പാടുണ്ടാക്കുന്നത്. സംഘ്പരിവാര്‍ ഓരോ ദിവസവും പുതിയ പുതിയ നരേഷനുകളുമായിട്ടാണ് അവതരിക്കുന്നത്. ഏറ്റവും പുതിയതായി ഏക ഭാഷ എന്ന നരേഷനാണ് കൊണ്ടുവന്നിട്ടുള്ളത്. ഏക രാഷ്ട്രം, ഏക മതം, ഏക ഭരണാധികാരി എന്നിങ്ങനെ അത് വികസിക്കുന്നുണ്ട്. ഇത് വംശീയ പ്രത്യയശാസ്ത്രങ്ങളുടെ പ്രത്യേകതയാണ്.
സംഘ്പരിവാറും ബി.ജെ.പിയും അവരുടെ കാമ്പയിന്‍ വിജയിപ്പിച്ചെടുത്തു എന്നതില്‍ ഒരു സംശയവും വേണ്ടതില്ല. നരേന്ദ്ര മോദി എന്തിനാണ് ലോകം മുഴുവന്‍ സഞ്ചരിച്ചത് എന്ന് ഇപ്പോള്‍ മനസ്സിലാകും. അദ്ദേഹത്തിന് അതില്‍ കൃത്യമായ അജണ്ടകള്‍ ഉണ്ടായിരുന്നു. മധ്യേഷ്യയില്‍ അദ്ദേഹം സന്ദര്‍ശിച്ചതിനുശേഷം അവിടങ്ങളിലെ ഇന്ത്യക്കാര്‍ക്ക് മോദിയെ വിമര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യം വന്നു. ലോകരാജ്യങ്ങളിലൊക്കെ സന്ദര്‍ശിക്കുകയും വലിയ പിന്തുണ നേടിയെടുക്കാനും മോദിക്ക് കഴിഞ്ഞു. റഷ്യയുടെവരെ പിന്തുണ മോദി നേടിയെടുത്തു. ഈ പിന്തുണയെ ഇന്ത്യയില്‍ ഒരു വംശീയ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള പിന്തുണയായി അദ്ദേഹം ഉപയോഗിക്കുകയും ചെയ്തു. ഏകീകൃതമായ ഒരു ഹിന്ദുരാഷ്ട്രം എന്ന നരേഷനിലേക്ക് ഇവിടത്തെ സാമാന്യജനങ്ങളെ എത്തിക്കാന്‍ സംഘ്പരിവാറിന് ഒരളവുവരെ കഴിഞ്ഞിരിക്കുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഹിന്ദുഘടനയിലുള്ള ഒരു സംഘ് രാഷ്ട്ര നിര്‍മിതിക്കാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെല്ലാം അവര്‍ ഉപയോഗിക്കുന്ന വ്യത്യസ്തങ്ങളായ തന്ത്രങ്ങളാണ് പ്രധാനം. വളരെ കാലത്തെ പഠനങ്ങള്‍ അതിനുപിന്നിലുണ്ട്; പെട്ടെന്നുണ്ടായ മാറ്റമല്ല. രണ്ട് ഘട്ടങ്ങളിലായി അധികാരത്തില്‍ വന്നതിന്റെ ഫലം മാത്രമല്ല അത്. ഇതിന്റെയെല്ലാം പിന്നില്‍ പതിയിരിക്കുന്ന രോഗാണു ആര്‍.എസ്.എസ് ആണ്. ഒരു നൂറ്റാണ്ടുകാലം അവര്‍ കാത്തിരുന്നു. സവര്‍ക്കര്‍ കണ്ട ഒരു സ്വപ്‌നരാജ്യമാണ് ഇന്ന് ഇവിടെ അവര്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിംകളൊക്കെ രണ്ടാം പൗരന്‍മാരായി മാറുന്ന ഒരു രാഷ്ട്രം.

സംഘ്പരിവാറിന്റെ ഈ നീക്കങ്ങള്‍ക്ക് വഴിവെച്ചുകൊടുത്തതില്‍ കോണ്‍ഗ്രസ്് പ്രസ്ഥാനത്തിന്റെ പങ്ക് തള്ളിക്കളയാന്‍ കഴിയില്ല. ഏറ്റവും പ്രധാനപ്പെട്ടകാര്യം, കഴിഞ്ഞ ബി.ജെ.പി ഗവണ്‍മെന്റ് ഒരു പരീക്ഷണം നടത്തുകയായിരുന്നു. തങ്ങള്‍ക്കെതിരായ പ്രതിരോധം രൂപപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു അവര്‍. പ്രതിരോധങ്ങള്‍ എങ്ങിനെയൊക്കെയാണ് രൂപപ്പെട്ടുവരുന്നത്, പ്രതിരോധിക്കാന്‍ ശേഷിയുള്ള ആരെങ്കിലുമുണ്ടോ, തെരുവോരങ്ങള്‍ കലുഷിതമായി മാറുമോ എന്നിങ്ങനെയുള്ള നിരീക്ഷണത്തിലായിരുന്നു അവര്‍. ഒന്നും സംഭവിച്ചില്ല എന്നവര്‍ക്ക് ബോധ്യമായി. കാരണം, നാല്‍പ്പത്തിമൂന്ന് ശതമാനം വോട്ട് ഷെയര്‍ ഉള്ള കോണ്‍ഗ്രസ് പാര്‍ട്ടി നിശ്ചലമായി തരിച്ചുനില്‍ക്കുകയായിരുന്നു. ഇപ്പോഴും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ബി.ജെ.പിക്കെതിരെ തെരുവുകള്‍ പ്രക്ഷുബ്ധമാക്കാനോ വലിയ റാലികള്‍ സംഘടിപ്പിക്കാനോ അവര്‍ക്ക് കഴിയുന്നില്ല. അതിന് സാധ്യമല്ലാത്ത തരത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന ചില ഘടകങ്ങളുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് മുന്നില്‍ അവര്‍ പതറിപ്പോകും. അതിന്റെ നിഴല്‍ എപ്പോഴും അവരെ വേട്ടയാടിക്കൊണ്ടിരിക്കും. കോണ്‍ഗ്രസ് പോലുള്ള ഒരു ജനാധിപത്യ പാര്‍ട്ടിയില്‍നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അത്.

അടിയന്തരാവസ്ഥക്കെതിരെയുള്ള ജനകീയ പോരാട്ടത്തിലൂടെയുണ്ടായ ഐക്യമാണ് ബി.ജെ.പിക്ക് ഒരു അംഗീകാരം നേടിക്കൊടുത്തത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ നിശ്ബദരായി നോക്കിനില്‍ക്കേണ്ടി വന്നു എന്ന പാപഭാരംകൂടി കോണ്‍ഗ്രസിനെ വേട്ടയാടുന്നുണ്ട്. ഒരുപക്ഷേ, അന്ന് കോണ്‍ഗ്രസും ജനതാദളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഒന്നിച്ചുനിന്നുകൊണ്ട് കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചുനീക്കാന്‍ വന്ന ഘട്ടത്തില്‍ മനുഷ്യ മഹാവലയം തീര്‍ത്ത് ആ മന്ദിരത്തെ സംരക്ഷിക്കാമായിരുന്നു. മസ്ജിദ് സംരക്ഷിക്കപ്പെട്ടില്ല എന്നതോടുകൂടി പ്രതിരോധിക്കാന്‍ ഇവിടെ ആരുമില്ല എന്ന സത്യം അന്നേ സംഘ്പരിവാര്‍ മനസ്സിലാക്കി. പ്രകോപനപരമായ പ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ട് ഇന്ത്യന്‍ ഫാഷിസം തെരുവിലേക്ക് പ്രത്യക്ഷപ്പെട്ടത് ആ ഘട്ടത്തിലായിരുന്നു. എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയായിരുന്നു അക്രമോത്സുകമായ പ്രതികരണങ്ങളിലേക്ക് വഴിതെളിച്ചത്. ഇന്ത്യന്‍ ഭരണഘടനതന്നെ ശരിയല്ല എന്ന തരത്തിലുള്ള പ്രചരണങ്ങളിലേക്ക് അവര്‍ എത്തിപ്പെട്ടത്.

ചിദംബരത്തിന്റേയും ഡി.കെ ശിവകുമാറിന്റേയും അറസ്റ്റിലൂടെ ബി.ജെ.പി നല്‍കുന്ന ഒരു സന്ദേശമുണ്ട്. കോടതിയില്‍നിന്ന് നീതി ലഭിക്കുകയില്ല എന്ന തോന്നല്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഏജന്‍സികളെ അതിനവര്‍ ഉപയോഗിക്കുന്നു. ഇത് തുറന്നുപറയാന്‍ ധൈര്യംകാണിച്ചത് ഹിന്ദു പത്രത്തിന്റെ എഡിറ്ററായ എന്‍. റാം ആണ്. പ്രതിപക്ഷത്തെ തകര്‍ക്കാനും നിശബ്ദമാക്കാനും വേണ്ടി വളരെ ബോധപൂര്‍വമായി നടത്തിയ നീക്കമാണ് ചിദംബരത്തിന്റെ അറസ്റ്റ് എന്ന് എന്‍. റാം പറയുകയുണ്ടായി. കോണ്‍ഗ്രസാകട്ടെ ഈ അറസ്റ്റുകളെ ഭയപ്പെടുകയാണ്. അറസ്റ്റ് ചെയ്യരുത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഗാന്ധിയും നെഹ്‌റുവും കിടന്ന ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്ന് പറയുകയായിരുന്നു അവര്‍ ചെയ്യേണ്ടത്. പലഘട്ടങ്ങളിലായി ദീര്‍ഘകാലം ജയില്‍വാസം അനുഭവിച്ചവരായിരുന്നു പഴയ കോണ്‍ഗ്രസ് നേതാക്കളൊക്കെ.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ അവരുടെ പ്രതാപകാലം മുഗള്‍ കാലഘട്ടമാണ്. ബ്രിട്ടീഷുകാരുടെ വരവോടുകൂടിയാണ് വേട്ട ആരംഭിക്കുന്നത്. അവിടന്നങ്ങോട്ട് നീണ്ട വര്‍ഷക്കാലം മുസ്‌ലിംകള്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന്റെ മാര്‍ഗത്തിലായിരുന്നു. സ്വാമി അഗ്നിവേശ് ചോദിക്കുന്നുണ്ട്, ‘സാമ്രാജ്യത്ത ശക്തികള്‍ക്കെതിരായി പോരാടി രക്തസാക്ഷ്യം വഹിച്ചവരില്‍ ആയിരക്കണക്കിന് മുസ്‌ലിംകളുടെ പേര് ഞാന്‍ മുന്നില്‍വെക്കാം. എന്നാല്‍, ഏതെങ്കിലുമൊരു ആര്‍.എസ്.എസുകാരന്റെ പേര് പറയുവാന്‍ കഴിയുമോ’ എന്ന്. ആര്‍.എസ്.എസ് ഒരുഘട്ടത്തിലും ഇന്ത്യയുടെ ജനാധിപത്യവത്കരണത്തിന്റെ ഭാഗമാകാന്‍ ശ്രമിച്ചിട്ടില്ല. ഹിന്ദു സമൂഹത്തില്‍നിന്ന് ധാരാളം നവോത്ഥാന ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദയാനന്ദ സരസ്വതിയും സ്വാമി വിവേകാനന്ദനും അത്തരത്തിലുള്ള നവോത്ഥാന നായകന്‍മാരായിരുന്നു. കേരളത്തില്‍ ശ്രീനാരായണ ഗുരു നവോത്ഥാന നായകനായിരുന്നു. എന്നാല്‍, ദയാനന്ദ സരസ്വതിയില്‍നിന്ന് സവര്‍ക്കറിലേക്കെത്തുമ്പോള്‍ ഏകീകൃതമായൊരു ഹിന്ദുത്വ എന്ന ഘടനയിലേക്കുള്ള മാറ്റം കാണാന്‍ കഴിയും.

സവര്‍ക്കറാണ് സംഘ്പരിവാര്‍ നിര്‍മിതിയുടെ ധിഷണ എന്നു പറയുന്നത്. അന്തമാന്‍ ജയിലില്‍വെച്ച് സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് അദ്ദേഹം ഭീരുവായതുകൊണ്ടല്ല. ഇന്ത്യയില്‍ വരാനിരിക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രമായിരിക്കും, അത് താന്‍ ആഗ്രഹിക്കുന്നതുപോലുള്ള ഒന്നായിരിക്കില്ല എന്ന് ജയിലില്‍വെച്ച് സവര്‍ക്കര്‍ക്ക് ബോധ്യമായി. അതില്‍ ഇടപടേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല എന്നും ബ്രിട്ടീഷ് വിധേയത്വമാണ് തങ്ങള്‍ക്ക് നല്ലത് എന്നും മനസ്സിലാക്കിക്കൊണ്ടാണ് മാപ്പ് എഴുതിക്കൊടുക്കുന്നത്. അന്ന് സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് പറഞ്ഞത്. നിങ്ങളുടെ ഒരു ഇവാഞ്ചലിസ്റ്റ് ഘടകമായി ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളാം എന്നായിരുന്നു. മഹാത്മ ഗാന്ധിയുടെ രാമരാജ്യത്തില്‍ സവര്‍ക്കറിന് വിശ്വസമുണ്ടായിരുന്നില്ല. ഒരു ബഹുസ്വര രാഷ്ട്രത്തിലോ സാംസ്‌കാരിക ബഹുസ്വരതയിലോ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. ഏക മതം എന്നതായിരുന്നു സവര്‍ക്കറിന്റെ കാഴ്ചപ്പാട്. അതിന്റെ ഭാഗമായി അദ്ദേഹം സെമിറ്റിക്ക് മതങ്ങളെ പഠനവിധേയമാക്കുന്നുണ്ട്. സെമിറ്റിക്ക് മതങ്ങളുടെ ഏകീകൃതമായ ഘടനയും ഭാഷയും ഇന്ത്യയില്‍ നിര്‍മിച്ചെടുക്കാനണ് സവര്‍ക്കര്‍ ആഗ്രഹിച്ചതും ശ്രമിച്ചതും.

മുസ്‌ലിംകളുടെ ദേശക്കൂറാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. പാക്കിസ്ഥാനിലേക്ക് പോകൂ എന്നാണ് സംഘ്പരിവാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിര്‍ത്തി രാഷ്ട്രങ്ങളായ ചൈനയിലേക്കോ ഭൂട്ടാനിലേക്കോ പോകൂ എന്നവര്‍ പറയുന്നില്ല. കാരണം, ആ രാജ്യങ്ങളെവെച്ചുകൊണ്ട് അപരത്വം എന്ന ഹിന്ദുത്വ സങ്കല്‍പനം ഉണ്ടാക്കാന്‍ കഴിയില്ല. ഇപ്പോള്‍ അസമിലെ പൗരത്വപട്ടികയുടെ വിഷയത്തിലും അപരത്വമാണ് അവര്‍ ഉയര്‍ത്തുന്നത്. അതിര്‍ത്തിക്കപ്പുറത്തുള്ള മുസ്‌ലിം രാജ്യമായ ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി കുടിയേറി ഈ രാജ്യത്തെ ഹിന്ദു ജനവിഭാഗത്തിന് സുഖമായി ജീവിക്കേണ്ട സമ്പത്ത് തിന്നുമുടിക്കുന്നവരാണവര്‍ എന്നാണ് ബി.ജെ.പി നടത്തുന്ന പ്രചാരണം. യഥാര്‍ഥത്തില്‍ അതിര്‍ത്തി കടന്നുവന്നു എന്ന് പറയപ്പെടുന്നവര്‍ ഏത് കാലഘട്ടത്തില്‍ എത്തിപ്പെട്ടവരാണെന്ന് കണക്കാക്കാന്‍ കഴിയില്ല. അവിടെ ഇപ്പോള്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നതോടുകൂടി റോഹിങ്ക്യകള്‍ക്ക് സമാനമായ രീതിയില്‍ രാഷ്ട്രമില്ലാത്ത ഒരുജനത രൂപപ്പെടുകയായിരക്കും സംഭവിക്കുക. അതേസമയം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍ ബി.ജെ.പിയുടെ പ്രചരണത്തിന് വലിയ തിരിച്ചടിനേരിട്ടു. കാരണം, പട്ടികയില്‍ ഉള്‍പ്പെടാതെ പോയതില്‍ വലിയ വിഭാഗം മുസ്‌ലിംകളല്ല, ഹിന്ദു ജനവിഭാഗത്തിലെ നിത്യദരിദ്രരായ മനുഷ്യരായിരുന്നു. അഛനും മക്കളും വ്യത്യസ്ത പൗരന്‍മാരായി മാറുന്നു. അഛന്റെ പൗരത്വം ഒന്നും അമ്മയുടെ പൗരത്വം മറ്റൊന്നും ആയി മാറുന്നു.

കശ്മീരിലെ ജനതക്ക് അത്യുദാരമായ ജനാധിപത്യം നല്‍കിക്കൊണ്ടായിരുന്നു അവരുടെ പ്രത്യക അവകാശം എടുത്തുകളയേണ്ടിയിരുന്നത്. മലയാളിക്കും തമിഴനും കന്നഡികനും ഗോവക്കാരനും ലഭിക്കുന്ന അളവറ്റ ജനാധിപത്യത്തിന്റെ പൂന്തോപ്പിലേക്കവരെ നയിക്കാന്‍ കഴിയണമായിരുന്നു. അല്ലാതെവരുമ്പോഴാണ് അപകടകരമായ വംശീയതയുടെ അടയാളമായി അത് മാറുന്നത്. കശ്മീരില്‍ ഒന്നും സംഭവിക്കുന്നില്ല എന്ന് ബി.ജെ.പി പറയുമ്പോള്‍ അവരുടെ ഇരുമ്പുമറകള്‍ക്കപ്പുറത്തുനിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ കശ്മീരിലെ ഇന്നത്തെ അവസ്ഥ മുന്‍പത്തേക്കാള്‍ മോശമാണെന്നാണ്. നവമാധ്യമങ്ങളിലൂടെയും വിദേശ പത്ര പ്രവര്‍ത്തകരിലൂടെയും അത്യപൂര്‍വമായി ലഭിക്കുന്ന വിവരങ്ങള്‍ അതിരൂക്ഷമാണ് സംഭവഗതികള്‍ എന്നാണ്. അവിടത്തെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ലെന്ന് നോബല്‍ സമ്മാന ജേതാവായ മലാല പറയുന്നു. കശ്മീരിലെ വിദ്യര്‍ഥികളെ പ്രത്യേകമായി പരിഗണിക്കണമെന്ന് മലാല ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇന്ത്യയുടെ ബഹുസ്വരതായാണ്. ലിപി ഉള്ളതും ലിപി ഇല്ലാത്തതുമായ ധാരാളം ഭാഷകളുള്ള നാടാണ് ഇന്ത്യ. ധാരാളം മതവിഭാഗങ്ങളും ഗോത്രവിഭാഗങ്ങളും മത ഗ്രന്ധമോ പ്രവാചകനോ പോലുമില്ലാത്ത മതങ്ങളുമുണ്ട് ഇന്ത്യയില്‍. ഇത്തരത്തില്‍ മുഖ്യധാര മതങ്ങള്‍ക്ക് പുറത്ത് ആയിരക്കണക്കിന് മതങ്ങളുണ്ട്. ഇപ്പോള്‍ ഏക ഭാഷ എന്ന ആശയം ഉയര്‍ത്തുന്നതിന്റെ പിന്നിലും കൃത്യമായ ലക്ഷ്യമണ്ട്. സംഘ്പരിവാറിന്റെ വെറുപ്പിന്റെ ഭാഷണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന സയ്യിദ് നഖ്‌വി 1983ല്‍ പുറത്തിറക്കിയ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. 1981ല്‍ തമിഴ്‌നാട്ടിലെ മീനാക്ഷിപുരം ഗ്രാമത്തിലെ ദലിത് കുടുംബങ്ങള്‍ കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. ജാതീയ വിവേചനമായിരുന്നു അഞ്ഞൂറോളം വരുന്ന കുടംബങ്ങള്‍ ഇസ്‌ലാംമതം സ്വീകരിക്കാന്‍ കാരണമായത്. ‘ഇനി ഞാന്‍ പിറന്ന മതത്തില്‍ ജീവിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു അക്കാലത്ത് ബുദ്ധമതത്തിലേക്ക് പോകുമ്പോള്‍ അംബേദ്കര്‍ പറഞ്ഞത്. നഖ്‌വി അന്ന് പ്രവര്‍ത്തിച്ചിരുന്നത് ഗോയങ്കയുടെ ഇന്ത്യന്‍ എക്‌സപ്രസ്സിലായിരുന്നു. ഗോയങ്കയാവട്ടെ തീവ്ര വലതുപക്ഷത്തിന്റെ വക്താവായിരുന്നു. എന്നാല്‍, നഖ്‌വി വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിന്നു. മീനാക്ഷിപുരത്തെ ജാതീയ വിവേചനത്തിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ നഖ്‌വി ഒരു എഡിറ്റോറിയല്‍ എഴുതി. ഇതില്‍ ക്ഷുഭിതനായ ഗോയങ്ക നഖ്‌വിയോട് പറഞ്ഞത് ‘ നിങ്ങള്‍ മക്കയിലേക്ക് പോയ്‌ക്കോളൂ, അതിന് ഞങ്ങള്‍ എന്താണ് ചെയ്തുതരേണ്ടത്’ എന്നായിരുന്നു. അപരവല്‍കരണം പണ്ടുമുതലേയുണ്ട് എന്ന് നമുക്കതില്‍നിന്ന് മനസ്സിലാകും. അന്ന് അതിന് ഭരണകൂട പിന്തുണയുണ്ടായിരുന്നില്ല. ഇന്ന് ഭരണകൂടത്തിന്റെ പിന്തുണയുണ്ട്. അതേസമയം രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്. ബി.ജെ.പിക്ക് ഒപ്പം നില്‍ക്കുന്ന വ്യവസായികള്‍പോലും പ്രതിസന്ധിയിലാണ്. ഇന്ത്യ നിക്ഷേപത്തിന് സുരക്ഷിതമല്ലാത്ത രാജ്യമായി മാറിയിരിക്കുന്നു എന്നാണ് ഗാഡിയന്‍ പത്രം നിക്ഷേപരായ വ്യവസായികളോട് പറയുന്നത്. അമേരിക്കന്‍ പാര്‍ലമെന്റില്‍നിന്ന് പോലും എതിര്‍പ്പുകള്‍ ഉണ്ടാകുന്നുണ്ട്.

സഫര്‍ ആലം എന്ന പത്രപ്രവര്‍ത്തകന്‍ നാഷ്ണല്‍ ഹൊറാള്‍ഡില്‍ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. രണ്ടാം മോദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം പാക്കിസ്ഥാനിലുള്ള പത്ര പ്രവര്‍ത്തക സുഹൃത്ത് തന്നെ വിളിച്ച് ‘ ഭയപ്പെടേണ്ട, താങ്കള്‍ പാക്കിസ്ഥാനിലേക്ക് വരൂ ‘ എന്ന് പറഞ്ഞതായി. അതിനു മറുപടിയായി സഫര്‍ ആഗ പറഞ്ഞത് ‘ എന്ത് കഷ്ടതകളുണ്ടെങ്കിലും ഞങ്ങള്‍ ഈ രാഷ്ട്രത്തില്‍തന്നെയായിരിക്കും, നിങ്ങളുടെ സംരക്ഷണം ഞങ്ങള്‍ക്ക് വേണ്ട’ എന്നാണ്. ആ ലേഖനത്തില്‍ സഫര്‍ ആഗയുടെ പിതാവ് മുന്‍പ് എടുത്ത നിലപാടിനെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. 1947ല്‍ വിഭജനം കഴിഞ്ഞപ്പോള്‍ സിഖുകാരനായ ഒരു സുഹൃത്ത് ‘ നിങ്ങള്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമല്ലോ, ഞങ്ങള്‍ ഇന്ത്യയിലേക്ക് വരികയാണ്. നിങ്ങളുടെ വീട് ഞങ്ങള്‍ക്ക് തരുമോ, ഞങ്ങളുടെ പാക്കിസ്ഥാനിലുള്ള വീട് നിങ്ങള്‍ക്ക് തരാം’ എന്ന് പറയുകയുണ്ടായി എന്ന്. അതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ‘അത് എങ്ങനെ സാധ്യമാകും; ഇതാണെന്റെ ജന്മദേശം, ഇതാണെന്റെ രാഷ്ട്രം’എന്നായിരുന്നു. ഈ രാഷ്ട്രത്തോട് ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ അത്യസധാരണമായ കൂറായിരുന്നു പ്രകടിപ്പിച്ചിരുന്നത്.

ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അല്‍പമെങ്കിലും പ്രതീക്ഷയുള്ളത് കോണ്‍ഗ്രസ്് പാര്‍ട്ടിയിലാണ്. മറ്റു പാര്‍ട്ടികളിലോ സി.പി.എമ്മിലോ ദളിലോ പ്രതീക്ഷയില്ല. ഒരു സമര-പ്രക്ഷോഭ രീതി ഉയര്‍ന്നുവരണം. മുന്‍പ് മഹേന്ദ്ര ടിക്കായത്ത് നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് സമാനമായ ഒന്ന്. അന്ന് ദല്‍ഹിയിലെ മൈതാനങ്ങള്‍ ജനങ്ങള്‍ കയ്യടക്കി. ദല്‍ഹിയെ അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചു. ഭരണകൂടത്തെ ഭയപ്പെടുത്തുന്ന അത്തരത്തിലുള്ള സമരങ്ങളാണ് ഉയര്‍ന്നുവരേണ്ടത്. തെരുവുകള്‍ പ്രക്ഷുബ്ധമാകണം. അതിന് നേതൃത്വം നല്‍കുന്ന വിശാല ജനാധിപത്യ സഖ്യങ്ങള്‍ രൂപപ്പെട്ടുവരട്ടെ.
(സംഘ്‌രാഷ്ട്ര നിര്‍മിതിക്കെതിരെ, സ്വാതന്ത്ര്യ പ്രക്ഷോഭം എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ ആശയ സംഗ്രഹം)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757