editorial

പശു ചവച്ച വൈക്കല്‍ പോലെയായ ഇന്ത്യന്‍ ഇക്കോണമി

 

എഡിറ്റോറിയല്‍
രണ്ടാം മോദി സര്‍ക്കാരിന്റെ വംശീയാധിഷ്ഠിത സംഘ് രാഷ്ട്ര നിര്‍മിതി പ്രവര്‍ത്തനങ്ങള്‍ ത്വരിത വേഗതയില്‍ നീങ്ങുന്ന അതേ സന്ദര്‍ഭത്തില്‍തന്നെ രാജ്യത്തെ സാമ്പത്തിക സ്ഥിതി അതിലും വേഗതിയില്‍ കൂപ്പുകുത്തുകയാണ്. മോദിയുടെ ജന്മദിനമാഘോഷിച്ച 2019 സെപ്തംബര്‍ 17ന് മാത്രം 642 പോയിന്റാണ് ഓഹരി വിപണിയില്‍ ഇടിവുണ്ടായത്. മോദി 2.0 അധികാരത്തിലേറിയ ആദ്യനാളുകളില്‍ സെന്‍സെക്‌സ് പോയിന്റ് 39711 വരെ ഉയര്‍ന്നിരുന്നുവെങ്കില്‍ അതിന് ശേഷമുള്ള നൂറു ദിവസങ്ങള്‍ക്കുള്ളില്‍ 36487 ലേക്ക് കൂപ്പുകുത്തി. മൂവായിരത്തിലധം പോയിന്റുകളാണ് ഇടിഞ്ഞത്.
രാജ്യത്തിന്റെ ആഭ്യന്തര മൊത്ത ഉല്‍പാദന(ജി.ഡി.പി) വളര്‍ച്ചാനിരക്ക് 2010 ല്‍ 10.7 ശതമാനമായിരുന്നു. അത് മോദി ആദ്യം അധികാരത്തിലേറിയ 2014ല്‍ 8.7 ശതമാനമായിരുന്നു; പിന്നീട് താഴേക്ക്‌വന്നു. 2019 ഏപ്രില്‍-ജൂണിലെ ജി.ഡി.പി നിരത്ത് അഞ്ച് ശതമാനമാണ്. അതുതന്നെ പെരുപ്പിച്ചുകാണിച്ച കള്ളക്കണക്കാണെന്നാണ് സാമ്പത്തിക വദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് യഥാര്‍ഥ ജി.ഡി.പി നിരക്ക് എന്ന് പല സാമ്പത്തിക വിദഗ്ദരും അഭിപ്രായപ്പെടുന്നുണ്ട്.
അധികാര പ്രഖ്യാപനത്തിനായെടുത്ത നോട്ട് നിരോധം എന്ന മരമണ്ടന്‍ തീരുമാനം വഴി തകര്‍ന്ന സാമ്പത്തിക സ്ഥിതി ഇനിയും കരകയറിയിട്ടില്ല. വിപണിയിലുള്ള 500 രൂപ നോട്ടിന്റെ 125 ശതമാനം കള്ള നോട്ടുകളാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. കറന്‍സി ഇന്‍ സര്‍ക്കുലേഷന്‍ 22 ലക്ഷം കോടി രൂപയോടടുത്തു. 17 ലക്ഷം കോടി രൂപ ആയിരുന്നപ്പോള്‍ അത് അപകടകരമാംവിധം കൂടുതലാണെന്ന് പറഞ്ഞാണ് നോട്ട് നിരോധിച്ചത്. ക്യാഷ്‌ലെസ് എക്കോണമിയെ പ്രോത്സാഹിപ്പിക്കാനായി സകല തന്ത്രവും പയറ്റിയിട്ടും കറന്‍സി ഇന്‍ സര്‍ക്കുലേഷന്‍ വര്‍ധിച്ചത് ആശങ്കയുണ്ടാക്കുന്നു. കള്ളപ്പണവും കള്ളനോട്ടും വര്‍ധിക്കുന്നതായാണ് ഇത് തെളിയിക്കുന്നത്.


ജി.എസ്.ടി എന്ന അശാസ്ത്രീയവും ഫെഡറല്‍ വിരുദ്ധവുമായ ടാക്‌സ് സമ്പ്രദായം വിപണിയെ തകര്‍ത്തത് വ്യവസായങ്ങള്‍ക്ക് തിരിച്ചടിയായി. മോട്ടോര്‍ വാഹന വിപണി കൂപ്പുകുത്തി. അശോക് ലെയ്‌ലന്റ് അടക്കമുള്ള വാഹന കമ്പനികള്‍ പ്ലാന്റുകള്‍ പൂട്ടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കാറുകളുടെ വില്‍പനയില്‍ 35.95 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. പാസഞ്ചര്‍ വാഹന വിപണിയില്‍ 30.98 ശതമാനത്തിന്റെ ഇടിവാണ് വില്‍പനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇരുചക്ര വാഹന വില്‍പനയിലുണ്ടായ ഇടിവ് 18.88 ശതമാനമാണ്. ആകെ വാഹനങ്ങളുടെ രജിസ്‌ട്രേഷനിലും മുന്‍ വര്‍ഷത്തെക്കാള്‍ 18.71 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. ഈ മേഖലയില്‍ നിരവധി പേരുടെ തൊഴില്‍ നഷ്ടപ്പെട്ടു. അശോക് ലെയ്‌ലാന്റ്, ടി.വി.എസ്, ഹീറോ, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ തെരഞ്ഞെടുത്ത നിര്‍മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിടേണ്ടിവന്നു. കമ്പനികള്‍ കരാര്‍ തൊഴിലാളികളുടെ കരാര്‍ പുതുക്കുന്നില്ല.
ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാനാവാതെ പ്രതിസന്ധിയിലാണ്. വിവിധ പൊതുമേഖലാ ബാങ്കുകള്‍ പ്രതിസന്ധി മൂലം ഒന്നിപ്പിച്ച് താല്‍കാലികമായി രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഭാവിയില്‍ ഇത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. സാമ്പത്തിക രംഗത്തെ ഈ തകര്‍ച്ച രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ വലിയ അളവില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. കര്‍ഷകര്‍ മാത്രമല്ല, വന്‍ വ്യവസായികളും ആത്മഹത്യ ചെയ്തു തുടങ്ങി. കോഫീ രാജാവ് എന്നറിയപ്പെട്ടിരുന്ന സിദ്ധാര്‍ഥ, തമിഴ്‌നാട്ടിലെ പ്രമുഖ കാര്‍ഡീലറായ ലാന്‍സണ്‍ ടൊയോട്ടയുടെ ജോയിന്റ് ചെയര്‍പേഴ്‌സണ്‍ റീത്താ ലങ്കലിംഗം എന്നിവര്‍ സമീപകാലത്ത് സാമ്പത്തിക പ്രതിസന്ധിയാല്‍ ജീവനൊടുക്കിയ വ്യവസായികളാണ്. അതേ സമയം കേന്ദ്ര സര്‍ക്കാരില്‍ വലിയ പിടിപാടുള്ള വന്‍ വ്യവസായികള്‍ വായ്പയെടുത്ത പണവുമായി നേരത്തേ തന്നെ വിദേശത്തേക്ക് മുങ്ങി ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെട്ടു!
ആര്‍.ബി.ഐ ഗവര്‍ണറും സാമ്പത്തിക മാന്ദ്യം സ്ഥിരീകരിച്ചു. റിപ്പോ നിരക്ക് വീണ്ടും റിസര്‍വ് ബാങ്കിന് കുറക്കേണ്ടി വന്നു. ഈ പോക്ക് രാജ്യത്തെ എങ്ങോട്ട് നയിക്കും എന്നതിന് യാതൊരു എത്തും പിടിയുമില്ല. ധനകാര്യമന്ത്രി നിര്‍മലാ സീതാരമനും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും നടത്തുന്ന മരമണ്ടന്‍ പ്രസ്താവനകള്‍ കൊണ്ട് രാജ്യം രക്ഷപെടില്ല. ധന കമ്മി മാനേജ് ചെയ്യാനായി റിസര്‍വ് ബാങ്കിലെ കരുതല്‍ ധനത്തില്‍ നിന്ന് 1.75 കോടി രൂപ സര്‍ക്കാര്‍ പിടിച്ചു വാങ്ങിയത് വിത്തെടുത്ത് കുത്തി കഞ്ഞിവെക്കുന്നത് പോലെ അപകടകരമാണ്. വൈകാരിക അജണ്ടകളിലൂടെ രാജ്യത്തെ സവര്‍ണാധിപത്യ വംശീയ രാഷ്ട്രമാക്കാനുള്ള ധൃതിയില്‍ രാജ്യം ഒന്നായി തകരുന്നത് ശ്രദ്ധിക്കാന്‍ മോദി-അമിത്ഷാ സര്‍ക്കാരിനാവുന്നില്ല. പശു ചവച്ച വൈക്കോല്‍ പോലെയാക്കിയ എക്കോണമിയാണ് ഇന്ത്യയിലിന്ന്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757