Opinion

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പതനത്തിലേക്ക് – വിഷ്ണു ജെ

മാന്ദ്യം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കരിനിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെയും മാന്ദ്യ മുന്നറിയിപ്പുകളോട് ധിക്കാരപരമായ സമീപനമാണ് രാജ്യം ഭരിച്ച മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു. ഒരിക്കലും തകരില്ലെന്ന് പ്രതീക്ഷിച്ചിരുന്ന സമ്പദ്‌വ്യവസ്ഥയില്‍ വിള്ളല്‍ വീണിരിക്കുന്നു. ആ വിള്ളല്‍ അനുദിനം വര്‍ധിക്കുകയും ചെയ്യുകയാണ്. എന്നാല്‍, ഹിന്ദുത്വ അജണ്ട എങ്ങനെ സമര്‍ഥമായി രാജ്യത്ത് നടപ്പാക്കാമെന്നതില്‍ ഗവേഷണം നടത്തുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് ഇക്കാര്യങ്ങളിലൊന്നും ശ്രദ്ധയില്ല. തങ്ങള്‍ വേണ്ടപ്പെട്ടവരെ എങ്ങനെ സഹായിക്കാമെന്നത് മാത്രമാണ് മാന്ദ്യകാലത്തും അവരുടെ പരിഗണനാ വിഷയം. പ്രതിസന്ധി കാലഘട്ടത്തിലും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് വന്‍ ലാഭം നേടുന്നത് ഇതിനുള്ള ഉദാഹരണമാണ്. രാജ്യം ആവശ്യപ്പെടുന്ന ശക്തമായ പരിഷ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇനിയും ഉണ്ടാവുന്നില്ലെന്നതും യാഥാര്‍ഥ്യമാണ്. സാമ്പത്തിക മാന്ദ്യത്തില്‍ ജനരോഷമുയരാതിരിക്കാനായി അവരുടെ ശ്രദ്ധ തിരിക്കാനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ തുടരുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണകാലയളവില്‍ സമ്പദ്‌വ്യവസ്ഥയെ കേന്ദ്രസര്‍ക്കാര്‍ ഒട്ടും പരിഗണിച്ചിരുന്നില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോഴും അത് എങ്ങനെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് പഠിക്കാന്‍ പോലും അവര്‍ മുതിര്‍ന്നിരുന്നില്ല. നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയ പരിഷ്‌കാരങ്ങള്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയിളക്കാന്‍ പോന്നതായിരുന്നു. ഇതിനൊപ്പം രൂക്ഷമായ തൊഴിലില്ലായ്മയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയുടെ ആക്കം കൂട്ടി.

തുടക്കമിട്ടത് നോട്ടുനിരോധനം
അഴിമതി തടയും, കള്ളപ്പണം ഇല്ലാതാക്കും; ഈ രണ്ട് വാഗ്ദാനങ്ങളുമായാണ് 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിനുള്ള ഒരു നടപടിയും ഇല്ലാതായതോടെ വിമര്‍ശനമുയര്‍ന്നു. ഇതില്‍ നിന്ന് രക്ഷനേടാന്‍ എന്തെങ്കിലുമൊരു ചെപ്പടിവിദ്യ കാണിക്കുക മാത്രമായിരുന്നു സര്‍ക്കാരിന് മുന്നിലുള്ള പോംവഴി. ഇതിന് വേണ്ടി അവര്‍ ചെയ്തത് നോട്ടുനിരോധനം നടപ്പിലാക്കുക എന്നതായിരുന്നു. കള്ളപ്പണത്തിന്റെ ഭൂരിഭാഗവും വിദേശ ബാങ്കുകളിലും ഇന്ത്യയിലെ തന്നെ റിയല്‍ എസ്റ്റേറ്റിലുമാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്ന് അറിഞ്ഞിട്ടും നോട്ടുനിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. ബി.ജെ.പി നേതാക്കളുടെയും അവരെ അനുകൂലിക്കുന്നവരുടെയും കള്ളപ്പണം സുരക്ഷിതമാക്കിയായിരുന്നു സര്‍ക്കാറിന്റെ നോട്ടുനിരോധനം.
തീരുമാനം മൂലം യഥാര്‍ഥത്തില്‍ വലഞ്ഞത് രാജ്യത്തെ സാധാരണക്കാരായിരുന്നു. നോട്ടുനിരോധനം മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്തായിരുന്ന അസംഘടിത വ്യവസായ മേഖല പ്രതിസന്ധിയെ നേരിട്ടു. വലിയൊരു വിഭാഗം ഇടപാടുകളും കറന്‍സിയിലൂടെ നടത്തുന്ന സമ്പദ്‌വ്യവസ്ഥയില്‍ നോട്ട് നിരോധനം ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. നിരോധനത്തോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച കുറഞ്ഞു. രൂക്ഷമായ തൊഴിലില്ലായ്മയുണ്ടായി. ഇത് ഇന്ത്യയില്‍ സൃഷ്ടിച്ച വെല്ലുവിളി ചെറുതല്ല.
നോട്ട് നിരോധനത്തിന് പിന്നാലെയെത്തിയ ജി.എസ്.ടിയും രാജ്യത്ത് പ്രതിസന്ധി ഉണ്ടാക്കി. രാജ്യത്തെ സങ്കീര്‍ണമായ നികുതി ഘടനക്ക് പകരമെത്തിയ ജി.എസ്.ടിയിലും വ്യാപകമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. റിട്ടേണ്‍ നല്‍കല്‍, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എന്നിവയിലാണ് പ്രശ്‌നമുണ്ടായത്. നികുതി സ്ലാബുകളില്‍ ഉല്‍പന്നങ്ങള്‍ ക്രമീകരിച്ചതിനെതിരെയും പരാതികളുയര്‍ന്നു. ജി.എസ്.ടിയും പാളിയതോടെ സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി.

ധനകാര്യ മേഖല അപകടത്തില്‍
പൊതുമേഖല ബാങ്കുകളില്‍ തുടങ്ങി ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വരെ നീളുന്നതാണ് ഇന്ത്യയുടെ ധനകാര്യരംഗം. ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ധനകാര്യ മേഖലയിലെ പ്രതിസന്ധിയാണ്. ബി.ജെ.പിയുടെ ഇഷ്ടക്കാര്‍ക്ക് ദാനമെന്ന രീതിയിലായിരുന്നു പൊതുമേഖല ബാങ്കുകളിലെ പണം വായ്പയായി നല്‍കിയത്. ഇതോടെ പൊതുമേഖല ബാങ്കുകള്‍ സമാനതകളില്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചു.
വായ്പ തിരിച്ചടവ് ശേഷി പോലും പരിഗണിക്കാതെയായിരുന്നു ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ വായ്പ നല്‍കിയത്. ഇടക്കാലത്ത് രാജ്യത്ത് വാഹന മേഖലയിലും റിയല്‍ എസ്റ്റേറ്റ് സെക്ടറിലും കച്ചവടം കൂടാനുള്ള കാരണങ്ങളിലൊന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ വായ്പകളായിരുന്നു. എന്നാല്‍, നോട്ട്‌നിരോധനവും ജി.എസ്.ടിയും പ്രതിസന്ധി സൃഷ്ടിച്ചതോടെ പതിയെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും ട്രാക്ക് തെറ്റി തുടങ്ങി. ഇതിന് പുറമേ ഇത്തരം സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥത കൂടി ആയതോടെ സ്ഥിതി കൂടുതല്‍ വഷളായി.
ഈ രണ്ട് പ്രതിസന്ധിയും മറികടക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്ത് ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂലധന സമാഹരണത്തിലൂടെ ബാങ്കുകളില്‍ നിലനില്‍ക്കുന്ന പണ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ധനകമ്മി കൂടുതലുള്ള സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം ഇത്തരത്തില്‍ ബാങ്കുകള്‍ക്ക് അധിക പണം നല്‍കുന്നത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നതില്‍ സംശയമില്ല.

സര്‍വത്ര മാന്ദ്യം
2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ രാജ്യത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ പാദവുമായി താരത്മ്യം ചെയ്യുമ്പോള്‍ 0.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ജി.ഡി.പി എത്തിയതും 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലായിരുന്നു. സര്‍വത്ര മേഖലകളിലും പ്രതിസന്ധിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ കണക്കുകള്‍. അടിവസ്ത്ര വില്‍പന വരെ ഇടിഞ്ഞുവെന്നത് മാന്ദ്യത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
കൂടാതെ വാഹന നിര്‍മാണ മേഖല ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ഇരുചക്ര വാഹന വില്‍പന ഏതാണ്ട് 18 ശതമാനവും കാര്‍ വില്‍പന 33 ശതമാനവും ഇടിഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍നിര നിര്‍മാതാക്കളെല്ലാം ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരായി. വില്‍പന കുറഞ്ഞതോടെ പലരും താല്‍ക്കാലികമായി പ്ലാന്റുകള്‍ അടച്ചിട്ടു. വാഹനമേഖലക്കായി ഇളവുകള്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. ഇന്ത്യയില്‍ നഗരങ്ങളില്‍ മാത്രം വേരോട്ടമുള്ള ഒലയും ഉബറുമാണ് പ്രതിസന്ധിക്ക് കാരണമെന്ന വിചിത്ര വാദമുയര്‍ത്തി ആരോപണങ്ങളെ നേരിടാനാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ശ്രമിക്കുന്നത്. യാഥാര്‍ഥ്യ ബോധത്തോടെയുള്ള സമീപനം ഉണ്ടായാല്‍ മാത്രമേ നിലവിലുള്ള പ്രതിസന്ധി നേരിടാനാവു. എന്നാല്‍, ബി.ജെ.പി സര്‍ക്കാറില്‍ നിന്ന് അതിനുള്ള ഒരു നടപടിയും ഉണ്ടാവുന്നില്ല.

പ്രതിവിധി
സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധി മറികടക്കാന്‍ സമഗ്രമായൊരു ഉത്തേജക പാക്കേജാണ് വേണ്ടത്. ആറ് വര്‍ഷത്തെ മോദി ഭരണം സമ്പദ്‌വ്യവസ്ഥയില്‍ അത്ര മേല്‍ ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. മൂന്ന് പാക്കേജുകള്‍ നിര്‍മലാ സീതരാമന്‍ പ്രഖ്യാപിച്ചുവെങ്കിലും നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ അത് പര്യാപ്തമല്ല. ബജറ്റില്‍ അനുവദിച്ചതിന് പുറമേ കൂടുതല്‍ പണം ചെലവഴിച്ചാല്‍ മാത്രമേ ഇന്ത്യക്ക് കര കയറാനാവു. പക്ഷേ, നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അധികം പണം മുടക്കാനും കേന്ദ്രസര്‍ക്കാറിന് സാധിക്കില്ല. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ 2014ല്‍ മോദി അധികാരത്തിലെത്തുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ മതി.
കള്ളപ്പണം തിരിച്ചെത്തുമെന്നും അഴിമതി ഇല്ലാതാക്കുമെന്നുമായിരുന്നു മോദിയുെട വാഗ്ദാനങ്ങള്‍. വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കള്ളപണം തിരിച്ചെത്തിക്കുകയും രാജ്യത്ത് വായ്പയെടുത്ത് മുങ്ങിയവരുടെ പണം ബാങ്കുകളില്‍ തിരിച്ചടപ്പിക്കുകയും ചെയ്താല്‍ തന്നെ സമ്പദ്‌വ്യവസ്ഥയില്‍ അധികമായി ഇറക്കാനുള്ള പണം ലഭിക്കും. ഈ പണം ഉപയോഗിച്ച് ഉത്തേജക പാക്കേജ് നടപ്പിലാക്കിയാല്‍ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യക്ക് കര കയറാം.
കശ്മീര്‍, അസമിലെ പൗരത്വ രജിസ്റ്റര്‍, ഏകീകൃത സിവില്‍ കോഡ് തുടങ്ങി ആര്‍.എസ്.എസ് അജണ്ടകള്‍ ഒന്നിന് പിറകേ ഒന്നായി നടപ്പാക്കനാണ് ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമം. ഇതിനിടക്ക് തകരുന്ന സമ്പദ്‌വ്യവസ്ഥയൊന്നും അവര്‍ക്ക് പരിഗണിക്കേണ്ട ആവശ്യമേയില്ല. ഈയൊരു സമീപനം തന്നെയാണ് ഇന്ത്യയുടെ നിലവിലെ അവസ്ഥക്കുള്ള പ്രധാന കാരണം. സ്വന്തം അജണ്ടകള്‍ക്കപ്പുറത്ത് മറ്റൊന്നും നടപ്പാക്കാന്‍ ശേഷിയില്ലാത്തവരാണ് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. ഈ ഭരണം മാറിയാല്‍ മാത്രമേ പൂര്‍ണാര്‍ഥത്തില്‍ രാജ്യം കരകയറുകയുള്ളു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757