Opinion

മാറുന്ന കാലവാസ്ഥയും മാറ്റമില്ലാത്ത സംവിധാനങ്ങളും – സന്തോഷ് കൊടുങ്ങല്ലൂര്‍

ദൈവത്തിന്റെ സ്വന്തം നാടിന് ഇതെന്തു പറ്റി. അനവസരത്തിലെ കാലാവസ്ഥ പ്രതിഭാസങ്ങളാല്‍ ജീവിതം ദുസ്സഹമാവുകയാണിവിടെ. വരള്‍ച്ച അല്ലെങ്കില്‍ പ്രളയം; ഇത് രണ്ടിനുമിടയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളം വല്ലാതെ മാറുകയാണ്. 2018ലെ മഹാപ്രളയത്തിന് പിന്നാലെ 2019ല്‍ മിന്നല്‍ പ്രളയം. തുലാമഴയും വേനല്‍മഴയും ചതിച്ചതിനാല്‍ ദുരന്തം ഇക്കുറി അത്രമേല്‍ ഭീകരമായില്ല. എന്നാല്‍, കഴിഞ്ഞ ആഗസ്റ്റിനേക്കാള്‍ ഈ ആഗസ്റ്റ് തിമര്‍ത്തുപെയ്തു. മേഘ വിസ്‌ഫോടനം അടക്കം ചര്‍ച്ച മുറുകുകയാണ് കലാവസ്ഥ വ്യതിയാന ഗവേഷകര്‍ക്കിടയില്‍. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഭീകരമായ ഈ മാറ്റത്തിന് പ്രധാന കാരണമാണ്. എന്നാല്‍, പ്രകൃതിയെ കൈകാര്യം ചെയ്യുന്നതിലെ ഭീകരത അത്രമേല്‍ ഭീകരമാണ്.
ഒരുമയാണ് പ്രളയനാളുകളില്‍ കണ്ട സുന്ദര കാഴചകളില്‍ ഒന്ന്. എന്നാല്‍, പ്രളയത്തെ നേരിടുന്നതിലും പുനരധിവാസത്തിലും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഇപ്പോഴും കഴിഞ്ഞ വര്‍ഷത്തെ 10,000 രൂപ പോലും ലഭ്യമായിട്ടില്ല. വീടുകളുടെ പുനര്‍ നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. അതുപോലും കീഴ്‌മേല്‍ മറിക്കുന്നതിന് സര്‍ക്കാരിന്റെ നയനിലപാടുകള്‍ കാരണമായി. വിവിധ രാജ്യങ്ങളില്‍ നിന്നും രാജ്യാന്തര സംഘടനകളില്‍ നിന്നും അടക്കം ഒഴുകിയെത്തിയ കോടിക്കണക്കിന് വരുന്ന സഹായധനം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴച ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാനാവില്ല. സാലറി ചലഞ്ചിലൂടെ കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്നും പിരിച്ച കോടി കണക്കിന് വരുന്ന തുക ഒരു വര്‍ഷം കഴിഞ്ഞ് മാധ്യമങ്ങള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഖജനാവില്‍ പോലും എത്തുന്നത്.

പ്രളയം ഒരു വര്‍ഷത്തെ സവകാശം നല്‍കിയെങ്കിലും കേരളം എന്തുപഠിച്ചു. സര്‍ക്കാര്‍ എന്തുചെയ്തു. നയങ്ങളില്‍ എന്ത് മാറ്റം വരുത്തി. പശ്ചിമഘട്ടത്തിന്റെ സംരക്ഷണവും ഭൂമിയുടെ വിനിയോഗവും ജലസ്രോതസുകളുടെ സംരക്ഷണത്തിനുമായി എന്തുചെയ്യാന്‍ സര്‍ക്കാരിനായി. കഴിഞ്ഞ പ്രളയകാലത്തിന് ശേഷം നവകേരളം പറഞ്ഞവര്‍ സാക്ഷര കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത്. ശാസ്ത്ര സാഹിത്യപരിഷത്തിന്റെ അടക്കം പിന്‍ബലമുള്ള ഇടതുസര്‍ക്കാര്‍ ഇങ്ങനെയാണോ ഇത്തരം ദുരന്തങ്ങളെ നേരിടുകയും അതിജീവിക്കുകയും ചെയ്യേണ്ടത്. ഒന്നും പഠിച്ചില്ലെന്ന് മാത്രമല്ല ജനത്തെ വല്ലാതെ ബുദ്ധിമുട്ടുകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നയങ്ങളില്‍ കാതലായ മാറ്റം വരുത്താതെ 1038 വില്ലേജുകളെ ദുരന്ത ബാധിതമായി പ്രഖ്യാപിക്കുന്നത് കൊï് എന്തു ഫലമാണുണ്ടാവുക. വിവിധ വിഭാഗങ്ങളില്‍ നിന്നും ഒഴുകിയത്തെുന്ന സഹായങ്ങള്‍ എത്തിക്കുക മാത്രമാണോ പുരോഗമനം പറയുന്ന സര്‍ക്കാരിന് ചെയ്യാനാവുന്ന പ്രവര്‍ത്തി. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തവര്‍ അദ്ദേഹവുമായി ഒരു ചര്‍ച്ചക്കുപോലും തയാറായോ. അതും വേണ്ട കസ്തൂരി രംഗന്‍ റീപ്പോര്‍ട്ടിന്റെ ഗതി എന്തായി. വോട്ടിന് പിന്നാലെ മാത്രം പോയി പ്രകൃതിക്ക് അനുയോജ്യമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ കൃത്യമായ നിലപാടുള്ള പ്രകൃതി അതിന്റെ പണി ഇനിയും ഗംഭീരമായി തുടരും. അതുകൊണ്ട് ഭൂമി, പുഴ, കടല്‍, മല അങ്ങനെ പ്രകൃതി മുഴൂവന്‍ മനുഷ്യന് മാത്രമുള്ളതല്ലെന്ന തിരിച്ചറിവാണ് ആദ്യം സൃഷ്ടിക്കേണ്ടത്. ഈ തിരിച്ചറിവില്‍ നിന്നും പ്രകൃതിപാഠങ്ങളിലേക്ക് മടങ്ങാന്‍ ആയെങ്കില്‍ മാത്രമേ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനാവൂ.

വയനാടും ഇടുക്കിയും
ചൂടിന് ചൂട്. തണുപ്പിന് തണുപ്പ്. മഴക്ക് മഴ. സന്തുലിതമായ കേരളീയ കാലാവസ്ഥ അപ്രത്യക്ഷമാവുകയാണ്. മണ്‍സൂണിന്റെ ആദ്യപാദമായ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് അധിക മഴ ലഭിക്കാറുള്ളത്. എന്നാലിത് രണ്ടാംപാദത്തിലേക്ക് ചുവടുമാറുകയാണ്. ആഗസ്റ്റ് ഭീകരമഴ മാസ പട്ടികയില്‍ ഇടം പിടിക്കുകയാണ്. കാലത്തിന് മാത്രമല്ല വിവിധ പ്രദേശങ്ങളിലും ഈ മാറ്റം അലയടിക്കുന്നുണ്ട്. ഹൈറേഞ്ച് ജില്ലകളായ വയനാട്ടിലും ഇടുക്കിയിലും മഴ കാലങ്ങളായി കുറയുകയാണ്. അവിടങ്ങളിലെ കലാവസ്ഥ പോലും മാറി. തണുപ്പിന് പകരം ചൂട് ഇരച്ചത്തെുന്ന അവസ്ഥയാണുള്ളത്. ഇക്കുറി മണ്‍സൂണില്‍ മഴ കുറവ് ലഭിച്ച രണ്ടു ജില്ലകള്‍ ഇടുക്കിയും വയനാടുമാണ്. ശരാശരിയില്‍ എത്തിനില്‍ക്കുമ്പോളും ഇതര ജില്ലകളെ അപേക്ഷിച്ച് ഭീകര കുറവാണ് രണ്ടു ജില്ലകളിലും പ്രതിഫലിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ എന്ന് ചോദിച്ചാല്‍ ശാസ്ത്രലോകം ഇരുട്ടില്‍ തപ്പുകയാണ്.

മനുഷ്യനിര്‍മിതി
കവളപ്പാറയിലും അമ്പട്ടാംപൊട്ടിയിലും പുത്തുമലയിലും അടക്കം വടക്കന്‍ ജില്ലകള്‍ വിറങ്ങലിച്ച നിമിഷങ്ങള്‍ വരുത്തിവെച്ചതാണ്. ഭൂമിയുടെ അതിലോല ഭാഗങ്ങളില്‍ കൃഷിയടക്കം പാടില്ലെന്ന അറിവ് സാധാരണക്കാരന് പോലും അറിയാം. കാടിനോടും മലകളോടും എങ്ങനെ വര്‍ത്തിക്കണമെന്ന് അറിയില്ലെങ്കില്‍ ആദിവാസികളോട് ചോദിച്ചാല്‍ മതി. ഇത്തരം അതിലോല മേഖലകളില്‍ ജെ.സി.ബി വരെ ആയുധമാക്കപ്പെടുമ്പോള്‍ ദുരന്തം ഇനിയും ആവര്‍ത്തിക്കപ്പെടും. ഭൂമിയുടെ അല്ലെങ്കില്‍ പ്രകൃതിയുടെ നൈസര്‍ഗീകതയെ ഇല്ലാതാക്കി വമ്പന്‍ സാമ്രാജ്യം കെട്ടിപ്പൊക്കിയ ജനപ്രതിനിധി 10 ലക്ഷം നല്‍കി മുതലക്കണ്ണീര്‍ ഒഴുക്കിയത് ഈ വര്‍ഷത്തെ പ്രളയത്തിലെ അതിദുരന്ത കാഴ്ചയായി. ഭൂമി വിണ്ടതിന്റെ ശാസ്ര്തീയ കാരണങ്ങള്‍ അവ്യക്തമായതിനാല്‍ ഇതുസംബന്ധിച്ച പഠനം തിരുവനന്തപുരത്തെ ഭൗമശാസ്ര്ത പഠനകേന്ദ്രത്തിന്റെ (സെസ്) നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.


കനത്തമഴയില്‍ വെളളം ഭൂമിക്കടിയില്‍ ഇറങ്ങുമ്പോള്‍ മണ്ണിന് ബലം കുറഞ്ഞ ഭാഗത്തേക്കും പുറത്തേക്കും ഒഴുകും. മണ്ണിനടിയില്‍ ഒഴിഞ്ഞ സ്ഥലം രൂപപ്പെടും. അതാണ് സോയില്‍ പൈപ്പിംഗ്. അത്തരം സ്ഥലങ്ങളില്‍ മണ്ണ് ഇടിഞ്ഞുപോകും. കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തില്‍ വ്യാപകമായി നടക്കുന്ന പ്രതിഭാസമാണിത്. മലയടിവാരങ്ങളില്‍ കൃഷിപോലും പാടില്ലെന്നാണ് ശാസ്ത്രം. അത്രമേല്‍ ലോലമാണ് മലഞ്ചെരുവിലെ മണ്ണ്. കുന്നിന്‍ മുകളിലെ സ്വാഭാവിക വനം നശിപ്പിച്ച് തേക്ക് കൃഷിയടക്കം കേരളത്തിന്റെ അങ്ങിനിങ്ങോളം കാണാം. അതുകൊണ്ട് മലയെ ഭൂമിയുമായി പിടിച്ചുനിര്‍ത്തുന്ന ആഴത്തില്‍ ഊന്നിയ വേരുകള്‍ നഷ്ടമാവും. പശിമയില്ലാത്ത മണ്ണാണ് മിക്കവാറും മലകളിലുമുള്ളത്. അതും മണല്‍ സ്വഭാവമുള്ളത്. നേര്‍ത്തചാലുകള്‍ ഇതിലൂടെ ഉലിച്ചിറങ്ങുന്നുമുണ്ട്. അടിയിലെ മണ്ണ് ഇളകി ഒലിച്ചുപോകുന്ന പ്രതിഭാസമാണ് ഇവിടെ കണ്ടത്. വീടുകള്‍ അടക്കം തുടച്ചുനീക്കിയ പരാക്രമമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ താഴ്‌വരയില്‍ ജനവാസയോഗ്യവുമല്ല.

പ്രകൃതി ചൂഷണത്തിന്റെ നിലക്കാത്ത പ്രളയം
ഇവിടെയെല്ലാം പരിശോധിച്ചാല്‍ പ്രകൃതി ചൂഷണത്തിന്റെ നിലക്കാത്ത പ്രളയം തന്നെ കണ്ടത്തൊനാവും. മലകളുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതിനപ്പുറം അവക്ക് പരിചയമല്ലാത്ത പരിസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടുകയാണ്. മലഞ്ചെരിവ് കൃഷി, കൈയാലകള്‍, കോഴി, പന്നി ഫാമുകള്‍ അടക്കമുണ്ടാക്കി വിനാശകരമായ പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുന്നത്. നേരത്തെ യൂക്കാലി പ്‌ളാന്റേഷന്‍ ആയിരുന്നുവെങ്കില്‍ നിലവില്‍ മാഞ്ചിയവും തേക്കും അടക്കം കൃഷിചെയ്യുന്നു. ഭൂവിനിയോഗ പരിവര്‍ത്തനത്തിന് വിധേയമാകുന്നിന്റെ പ്രതികരണമായിരുന്നു പലയിടത്തും കണ്ടത്.
മലഞ്ചെരുവിലെ ലോലപ്രശേദങ്ങളില്‍ കൃഷി പാടില്ലെന്നും അത് മണ്ണിന്റെ സ്വാഭവകിതക്ക് മാറ്റമുണ്ടാക്കി ഭൂഗര്‍ഭ അറകളിലേക്ക് വെള്ളം എത്തിക്കാന്‍ ഇടയാക്കുമെന്നും നേരത്തെ തന്നെ മുന്നറയിപ്പുണ്ട്. എന്നാല്‍, കര്‍ശനമായി ഇത് നിയന്ത്രിക്കാന്‍ റവന്യൂ, കൃഷി വകുപ്പുകള്‍ക്കാവുന്നുമില്ല. ഈ സാഹചര്യത്തില്‍ ഇവിടെ ഭൂഗര്‍ഭ ഇടങ്ങളില്‍ ശേഖരിക്കപ്പെട്ട ഉള്‍കൊള്ളാവുന്നതിലും അധികമായ ജലത്തിന്റെ മര്‍ദം കൂടിയതാണ് ഉരുള്‍പൊട്ടലിന് കാരണം. ഉരുള്‍പൊട്ടല്‍ സമയത്ത് ഭൂഗര്‍ഭ അറകളില്‍ നിന്നും വന്നത് തിളച്ചവെള്ളമാണെന്ന് പരിസരവാസികള്‍ വ്യക്തമാക്കുന്നു. അസാധാരണമായ മഴയില്‍ കുതിര്‍ന്ന ദൃഢതയില്ലാത്ത മണ്ണ് ജലമര്‍ദം വര്‍ധിച്ചതിനാല്‍ മേല്‍ മണ്ണിന്റേയും താഴേയുള്ള ദ്രവിച്ച പാറയുടേയും പ്രതലത്തില്‍കൂടി തെന്നിമാറുന്ന പ്രവണതയുണ്ടാവും.
വ്യാപകമായി കാട്ടുതീ ഉണ്ടായ സ്ഥലങ്ങളിലും പ്രളയദിനത്തില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. അടിക്കാട് അടക്കം നശിച്ചതോടെ വേരുകള്‍ ഇല്ലാതായി. വേരുകള്‍ ഭൂമിയുമായി പാറയെ ഉറപ്പിച്ചു നിര്‍ത്തുന്ന ഘടകമാണ്. ഇതിനൊപ്പം നശിച്ചവേരുകളുടെ സ്ഥാനത്തുണ്ടായ ദ്വാരങ്ങളില്‍ വന്‍തോതില്‍ വെള്ളം ശേഖരിക്കപ്പെട്ടു. ഇത് ഭുഗര്‍ഭപാളികള്‍ വരെ എത്തി. തുടര്‍ന്ന് മര്‍ദം രൂപപ്പെട്ട് പൊട്ടലുകളും ഉണ്ടായി. വേരുകള്‍ നഷ്ടമായതോടെ കുന്നുകള്‍ക്ക് ഉണ്ടായ ബലക്ഷയം ഒരുഭാഗത്ത്. അടിക്കാടുകളുടെ നാശം വലിയ കുന്നിടിച്ചലിന് കാരണവുമായി. സുദീര്‍ഘവും ആഴത്തിലുമുള്ള ശാസത്രീയ പഠനങ്ങള്‍ എത്രയും പെട്ടന്ന് തന്നെ നടത്തണമെന്നാണ് ഗവേഷകരുടെ ആവശ്യം.

ജൈവസന്തുലിതാവസ്ഥയും തകരും
മണ്ണിന്റേയും ഭൂമിയുടെ ഉപരിതലത്തിന്റേയും സന്തുലിതാവസ്ഥയും ഗുണമേന്മയും തകിടം മറിയുന്നുവെന്ന ആശങ്കയിലാണ് ശാസ്ര്തലോകം. പ്രളയത്തില്‍ ശക്തമായി മേല്‍മണ്ണ് ഒലിച്ചുപോകുകയും മറ്റിടങ്ങളിലെ മണ്ണ് അടിഞ്ഞുചേരുകയും ചെയ്തു. പ്രളയത്തിന് പിന്നാലെ അര കിലോമീറ്ററോളം ചുറ്റളവില്‍ മലയോരമേഖലയില്‍ വിളളല്‍ വീണതും മണ്ണിടിഞ്ഞ് മലയുടെ ഭാഗങ്ങള്‍ തെന്നിമാറിയതുമല്ലാം സംഭവിച്ച പശ്ചാത്തലത്തിലാണ് ഭീതി ഉയരുന്നത്. ഇത്തരം പ്രതിഭാസങ്ങള്‍ ഭൂചലനമോ മറ്റോ അല്ലെന്ന് ഭൗമശാസ്ര്തജ്ഞര്‍ സ്ഥിരീകരിക്കുന്നുണ്ട്. ഭൂചലനമാപിനിയില്‍ അത് രേഖപ്പെടുത്തിയിട്ടുമില്ല. മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്ന ബാക്ടീരിയകളും മണ്ണിരകളും ജൈവസമ്പത്തും നശിച്ചുപോയെന്നാണ് പ്രാഥമികപഠനങ്ങള്‍ അടിവരയിടുന്നത്. മണ്ണിലും ഭൗമോപരിതലത്തിലും വന്ന മാറ്റങ്ങളെ കുറിച്ചും ശാസ്ര്തീയ പഠനങ്ങള്‍ വേണം. ഇത്തരം പാരിസ്ഥിതിക ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമോ എന്ന വിലയിരുത്തലും അവശ്യമാണ്.
അതേസമയം, പുഴയിലൂടെ ഒഴുകിവന്ന എക്കല്‍ മണ്ണും മറ്റും മണ്ണിനെ ഫലഭൂയിഷ്ഠമാക്കിയെന്ന ആശ്വാസവുമുണ്ട്. മണ്ണിന്റെ ഘടനയിലും മൂലകങ്ങളുടെ അളവിലും വ്യത്യാസം സംഭവിക്കുമ്പോള്‍ ജൈവസന്തുലിതാവസ്ഥയും തകരും. പ്രളയത്തില്‍ പുഴയുടെ അടിമണ്ണ് ഇളകിപ്പോയതിനാല്‍ ജലം ശേഖരിക്കപ്പെടാതെ കടലിലേക്ക് ഒഴുകി പോകുന്നുമുണ്ട്. പുഴയുടെ ആഴംകൂടിയത് കിണറുകളിലെ അടക്കം ജലവിതാനത്തെയും ബാധിക്കും. ചൂടിന്റെ കാഠിന്യം മണ്ണിന്റെയും ജലത്തിന്റെയും സുരക്ഷയെ ഒരുപോലെ പ്രതികൂലമായി ബാധിക്കും. പ്രളയത്തിന്റെ ആഘാതത്തില്‍ മേല്‍മണ്ണിന് താഴെ ജലം സംഭരിച്ചുനിര്‍ത്തിയിരുന്ന മണ്‍പാളിയിലും വിള്ളലുണ്ടായി. മണ്ണിനടിയില്‍ അറകള്‍ വലുതായതോടെ മേല്‍മണ്ണിന് ജലം പിടിച്ചുനിറുത്തുന്നതിനുള്ള ശേഷി കുറയുകയും ചെയ്തു. ചാലക്കുടി പുഴയില്‍ കണ്ട ജലച്ചുഴലി അടക്കം വിനാശ സൂചനകളാണ്.

അറബിക്കടലും
അശാന്തമാവുന്നു
ശാന്തിയുടെ പ്രതീകമായ അറബിക്കടല്‍ പ്രക്ഷുബ്ദമാണ്. എപ്പോള്‍ വേണമെങ്കിലും ന്യുനമര്‍ദവും പിന്നാലെ ചുഴലിക്കാറ്റും രൂപപ്പെടുന്ന സമുദ്രമേഖലയായി അത് മാറിയിരിക്കുകയാണ്. ബംഗാള്‍ ഉള്‍കടലിന് സമാനം പ്രവചനാതീതമായി മാറിയിരിക്കുകയാണ് അറബിക്കടലിന്റെ സ്വഭാവം. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് ഒരു മുന്നറിയിപ്പാണ്. 100 കണക്കിന് പേരുടെ ജീവന്‍ നഷ്ടപ്പെട്ട ഓഖിക്ക് സമാനമായ ചുഴലിക്കാറ്റുകള്‍ അറബിക്കടലില്‍ ഇനിയും ആവര്‍ത്തിമെന്ന മുന്നറിയിപ്പ് പിന്നീട് വന്ന സാഗര്‍ എന്ന ചുഴലിക്കാറ്റ് ശരിവെക്കുന്നു. യമന്‍ തീരത്തേക്ക് ഇത് സഞ്ചരിച്ചതുകൊണ്ട് മാത്രമാണ് കേരളം രക്ഷപ്പെട്ടത്. മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനമാണ് അറബിക്കടലിനെ അശാന്തമാക്കുന്ന പ്രധാന ഘടകം. കടലിനെ മലിനമാക്കുന്ന പ്രവര്‍ത്തികള്‍ക്കൊപ്പം ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും മാറ്റത്തിന് കാരണമാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ പടലങ്ങളും സള്‍ഫേറ്റുമുകുളങ്ങളും ഇതിന് ആക്കം കൂട്ടുന്നതുമാണ്. കഴിഞ്ഞ വര്‍ഷങ്ങള്‍ പരിശോധിച്ചാല്‍ അശാന്ത സ്വഭാവം ആവര്‍ത്തിക്കുന്നത് കൃത്യമായി മനസിലാക്കാം. 2014 ഒക്‌ടോബറില്‍ ആഞ്ഞടിച്ച നിലോഫറിന് പിന്നാലെ 2015 ഒക്‌ടോബറിലും ചുഴലിയുണ്ടായി. ചപാല എന്ന പേരിലുണ്ടായ കാറ്റ് ചെറുതല്ലാത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷമുണ്ടായ മേഘ് കേരളത്തെ നേരിട്ട് ബാധിച്ചില്ലെന്ന് മാത്രം. നേരത്തെ 2004ല്‍ സുനാമിയല്ലാതെ മറ്റൊന്നും അടുത്ത ദശകങ്ങളില്‍ അറബിക്കടലില്‍ ഉണ്ടായിട്ടില്ല. 1924ല്‍ പ്രത്യക്ഷപ്പെട്ട ന്യൂനമര്‍ദത്തിന് പിന്നാലെയുണ്ടായ ചുഴലിക്കാറ്റിലെ പേമാരിയും തുടര്‍ന്നുണ്ടായ വെള്ളപൊക്കവും പഴയതലമുറക്ക് ഓര്‍മയുണ്ടാവും. ഇതല്ലാതെ എപ്പോഴും ശാന്തയായിരുന്ന അറബിക്കടലിന്റെ രൂപമാറ്റം ഏറെ ഭീതിപരത്തുന്നതാണ്.

ചുഴലിക്കാറ്റിന്റെ സ്വഭാവം മാറുന്നു
കാലാവസ്ഥ വ്യതിയാനനാളുകളില്‍ ചുഴലിക്കാറ്റുകളുടെ സഞ്ചാരഗതി മാറുകയാണ്. ഒരു കടലില്‍നിന്നും ന്യുനമര്‍ദമായി ഉത്ഭവിച്ച് ചുഴലിക്കാറ്റായി പരിണമിച്ച് അതില്‍തന്നെ നിര്‍വീര്യമാവുകയാണ് സാധാരണ ഗതി. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഒരുകടലില്‍ നിന്നും മറ്റൊരു കടലിലേക്കും കടലില്‍ നിന്നും കരയിലേക്കും പിന്നീട് വീണ്ടും മറ്റൊരു കടലിലേക്കും പ്രവേശിക്കുന്ന പ്രവണതായണ് അടുത്തിടെ കണ്ടത്. കടലില്‍ നിന്നും കരയില്‍ എത്തിയാല്‍ പൊതുവെ ഇല്ലാതാവുകയെന്ന പതിവ് തെറ്റിച്ചാണ് ഗജ സഞ്ചരിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ പ്രതിഭാസം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ന്യുനമര്‍ദമായി തുടങ്ങി തമിഴ്‌നാട്ടില്‍ ആഞ്ഞുവീശി പിന്നീട് കരയിലേക്ക് പശ്ചിമഘട്ടം വഴിയായിരുന്നു ഗജയുടെ സഞ്ചാരം. ശേഷം ആലപ്പുഴ, എറണാകുളം വഴി കരയിലുടെ സഞ്ചരിച്ചാണ് വീണ്ടും അറബിക്കടലില്‍ പ്രവേശിച്ചത്. നേരത്തെ 2015 നവംബര്‍ 30ന് രൂപപ്പെട്ട ഓഖി ഒരു കടലില്‍ നിന്നും മറ്റൊരു കടലിലേക്ക് സഞ്ചരിച്ചതും അപൂര്‍വതയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തുടങ്ങി അറബിക്കടലിന്റെ തെക്കേമുനമ്പില്‍ പ്രവേശിച്ചാണ് ലക്ഷദ്വീപിലും കേരളത്തിലും ഓഖി ആഞ്ഞുവീശിയത്. ഇരു കടലുകളിലായി 2500 കിലോമീറ്ററില്‍ അധികം സഞ്ചരിച്ച് ഒടുവില്‍ ഗുജറാത്ത് തീരത്ത് നീര്‍വീര്യമാവുകയായിരുന്നു.

ഒരേസമയം രണ്ടു കടലുകളില്‍ ന്യുനമര്‍ദ്ദം ഉണ്ടായതും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രകട ഉദാഹരണമാണ്. കഴിഞ്ഞമാസം അറബിക്കടലില്‍ ലുബാനും ബംഗാള്‍ ഉള്‍ക്കടലില്‍ തിത്‌ലിയും ഒരേ സമയത്താണ് ഉത് ഭവിച്ചത്. എന്നാല്‍, ഇവ രണ്ടും കൂടുതല്‍ തീവ്രത പ്രാപിച്ചില്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ചുഴലിക്കാറ്റിന്റെ സ്വഭാവം മാറുന്നതാണ് പ്രശ്‌നങ്ങളുടെ കാതല്‍. ചുഴലിക്കാറ്റിന്റെ ശക്തി, വേഗത, വലുപ്പം എന്നിവയില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കാലാവസഥ വ്യതിയാന ഗവേഷകന്‍ ഡോ.സി.എസ് ഗോപകുമാറിന്റെ നിഗമനം.
ന്യുനമര്‍ദത്തിന്റെ വിവിധഘട്ടങ്ങളില്‍ നിന്നും ചുഴലിക്കാറ്റായി മാറുന്നതിന് സമുദ്രോപരിതലത്തിലെ താപനില പ്രധാന ഘടകമാണ്. സമുദ്രോപരിതലത്തില്‍ ഏറെ ഉയരത്തില്‍ പോലും ഈ സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, കരയില്‍ വലിയ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഊര്‍ജനഷ്ടമുണ്ടാവും. എന്നാല്‍, കാറ്റ് അതിവേഗത്തില്‍ വീണ്ടും അനുകൂലമായ കടല്‍ സാഹചര്യത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

കാരണങ്ങള്‍ എന്ത്
സമാനതകളില്ലാതെ പെയ്തിറങ്ങിയ പേമാരിയുടെ കാരണങ്ങള്‍ തേടുകയാണ് കാലാവസ്ഥ ഗവേഷകര്‍. നാലു പ്രധാനകാരണങ്ങള്‍ നിരത്തുന്നുവെങ്കിലും അവ തന്നെയാണ് കാരണങ്ങള്‍ എന്ന് ഉറപ്പാക്കാനാവുന്നില്ല. 1924ന് സമാനം പ്രളയം പെയ്തിറങ്ങുമ്പോഴും കാലാവസ്ഥ വ്യതിയാന സാഹചര്യങ്ങളുടെ പരിണിതയാണിതെന്ന നിഗമനത്തിലാണ് കാലാവസ്ഥ ഗവേഷകരുള്ളത്. സമുദ്രോപരിതല താപനില വര്‍ധിക്കുന്നതാണ് പേമാരിയുടെ ഒരു പ്രധാന കാരണമായി വിലയിരുത്തുന്നത്. ഈ താപ വര്‍ധന ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാക്കുന്ന ന്യുനമര്‍ദങ്ങളാണ് ശക്തമായ നിലക്കാത്ത മഴക്ക് കാരണമത്രേ. വര്‍ധിക്കുന്ന താപനില ന്യൂനമര്‍ദത്തിലേക്കും പീന്നീട് അതിതീവ്ര ന്യൂനമര്‍ദത്തിലേക്കും ചുവടുമാറുകയാണ് ചെയ്യുന്നത്. ചുഴലിക്കാറ്റിന് താഴെയുള്ള ഘട്ടമാണ് അതിതീവ്ര ന്യൂനമര്‍ദം. ഇതാണ് നിലക്കാതെയുള്ള പേമാരിക്ക് അടക്കം കാരണം. ഇതിനൊപ്പം അനുകൂലമായ അന്തരീക്ഷ സമുദ്ര സാഹചര്യം കൂടി ഒത്തുവരുന്നതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നത്. മണ്‍സൂണില്‍ ചുഴലിക്കാറ്റ് അത്യപൂര്‍വമാണ്. താപനില 27 സെന്റിഗ്രേഡിന് മുകളില്‍ എത്തിയാല്‍ മാത്രമേ ചുഴലിക്കാറ്റിന് സാധ്യതയുള്ളു. ഒരു മണ്‍സൂണില്‍ ഒന്നും രണ്ടും ഘട്ടങ്ങളിലായി 10 മുതല്‍ 12 വരെ ന്യുനമര്‍ദങ്ങള്‍ ഉണ്ടാവാം. എന്നാല്‍, കഴിഞ്ഞ വര്‍ഷം ആദ്യഘട്ടം അവസാനിച്ച് രണ്ടാംഘട്ടത്തിന്റെ തുടക്കത്തില്‍ തന്നെ പതിനഞ്ചോളം ന്യൂനമര്‍ദങ്ങള്‍ ഉണ്ടായി. ന്യൂനമര്‍ദങ്ങള്‍ മണ്‍സൂണിന്റെ പ്രധാനഘടകമാണെങ്കിലും ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലക്ക് അസാധാരണവും അസ്വാഭാവികവുമായ ന്യൂനമര്‍ദങ്ങള്‍ ഈ മണ്‍സൂണി ന്റെ സവിശേഷതയാണ്.


അറബിക്കടലില്‍ മഹാരാഷ്ട്ര-ഗുജറാത്ത്-കൊങ്കണ്‍ ഭാഗങ്ങളില്‍ നീണ്ടുകിടക്കുന്ന ന്യൂനമര്‍ദപാത്തിയും അനുയോജ്യഘടകമാണ്. ഇത് ശക്തമായി നിലകൊണ്ടതാണ് മഴ വിട്ടുമാറാത്തതിന് കാരണമായി പറയുന്നത്. ദക്ഷിണാര്‍ധഗോളത്തില്‍ നിന്നും പ്രവേശിക്കുന്ന പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിന്റെ ശക്തി ന്യുനമര്‍ദപാത്തിയെ സജീവമായി നിലനിര്‍ത്തുന്ന ഘടകം കൂടിയാണ്. ഒപ്പം അറ്റ്‌ലാന്റിക് സമുദ്രം ഉള്‍പ്പെടുന്ന പശ്ചിമമേഖല സമുദ്രങ്ങളില്‍ രൂപപ്പെടുന്ന സംവഹനവ്യൂഹം (മാഡം ജൂലിയന്‍ ഓസിലേഷന്‍) മണ്‍സൂണിനെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. ഈ അനുകൂല ഘടകങ്ങള്‍ എല്ലാം ഒത്തുവന്നതാണ് കേരളം പ്രളയത്തിന്റെ ഭീകരതയില്‍ മുങ്ങാന്‍ കാരണം. അതിനിടെ മേഘവിസ്‌ഫോടനം അടക്കം 2019ലെ പേമാരിക്ക് കാരണമായി പറയുന്നുണ്ട്. എന്നാല്‍, ഇവ പേമാരിക്ക് കാരണങ്ങളാണെങ്കിലും ഏത് ഘടകമാണ് കൂടുതല്‍ നിഴലിച്ചുനില്‍ക്കുന്നതെന്ന കൃത്യമായ വിലയിരുത്തല്‍ ഇതുവരെ ഉണ്ടായിട്ടില്ല.

പ്രളയത്തിന് പിന്നാലെ
പ്രളയത്തിന് പിന്നാലെ ഭീതിപ്പെടുത്തുന്ന കാലാവസ്ഥയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. കനത്ത ചൂട്, പുഴ അടക്കം ജലസ്രോതസുകള്‍ വറ്റിവരളുന്നു, മണ്ണ് വരണ്ടുണങ്ങുന്നു, ഒപ്പം രാത്രി മഞ്ഞും. കാലാവസ്ഥയില്‍ സംഭവിക്കുന്ന പ്രതിഭാസങ്ങള്‍ വിവരിക്കാനാവതെ കുഴങ്ങുകയാണ് കാലാവസ്ഥ വകുപ്പ്. കാലവര്‍ഷം കഴിയുന്നതിന് മുന്‍പേ ചൂടുകൂടുന്ന സാഹചര്യം നിലവിലുണ്ട്. രേഖപ്പെടുത്തുന്നതിനെക്കാളും ചുട്ടുപൊളിക്കുന്ന ചൂടാണ് അനുഭവപ്പെടുന്നത്. മഴക്കാലത്തെ ചൂടിന് ഈര്‍പ്പത്തിന്റെ പിന്തുണ കൂടി ഉണ്ടാവും. അന്തരീക്ഷത്തിലെ ഈര്‍പ്പം ചൂടിനെ സാംശീകരിക്കുകയും ചെയ്യും. രണ്ടും ചൂട് കൃത്യമായി വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് ഒരുക്കുന്നത്. ഒപ്പം രാത്രിയിലുണ്ടാവുന്ന മഞ്ഞ് അനുകൂലഘടകവുമാണ്. ഇങ്ങനെ പ്രതിഫലിക്കുന്ന ചൂട് ജലസ്രോതസുകളെ ബാധിക്കുന്നുണ്ട്. കേരളം ചൂടുപിടിക്കുന്നതായാണ് സൂചിപ്പിക്കുന്നത്. പകലും, രാത്രിയിലും ചൂട് കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചൂടിന്റെ കാഠിന്യം ജലസുരക്ഷയെപ്പോലും പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍, ഫെബ്രുവരി ആദ്യവാരത്തില്‍ ഉണ്ടാവുന്ന ചൂടാണ് സെപ്റ്റംബറില്‍ അനുഭവപ്പെടുന്നത്.

കാലാവസ്ഥ പാഠ്യവിഷയമാക്കണം
കാലാവസ്ഥ സ്‌കൂള്‍ തലംമുതല്‍ പാഠ്യവിഷയമാക്കണമെന്നും മുഖ്യവിഷയമായി പരിഗണിക്കണമെന്ന ആവശ്യം മാറുന്ന കാലഘട്ടത്തില്‍ അനിവാര്യമാണ്. അതിസൂക്ഷ്മമായ വിവരങ്ങളാണ് കാലാവസ്ഥാനിരീക്ഷണത്തില്‍ ലഭിക്കുന്നത്. സ്‌കൂള്‍തലത്തില്‍ പഠിപ്പിക്കണം. ബഹുജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ മാധ്യമങ്ങളെ പഠിപ്പിക്കണം. മൂന്നു ജില്ലകളിലെ ചൂടും കാര്‍മേഘവും പറയുന്നതല്ല കാലാവസ്ഥാ അറിയിപ്പ്. ചെറിയ മാറ്റങ്ങളിലൂടെപ്പോലും ഉണ്ടാകാവുന്ന ഫലം വിശദീകരിക്കണം. എങ്കിലേ പ്രയോജനമുള്ളൂ. മൊബൈല്‍ ഫോണ്‍ വഴി വിവരം ലഭിച്ചാല്‍ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാന്‍ സാധാരണക്കാരന് കഴിയുന്ന സംവിധാനം വേണം. കാലാവസ്ഥയെ, പഞ്ചായത്തുതലം മുതലുള്ള എല്ലാ ആസൂത്രണ പദ്ധതിയുടെയും പരിപാടികളുടെയും വികസനപ്രവര്‍ത്തനങ്ങളുടെയും ഭാഗമാക്കി, ഗൗരവ വിഷയമായി കാണണം. പക്ഷേ, അത്തരം ചര്‍ച്ചകളിലേക്ക് കടക്കുകയോ അതെക്കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നില്ല എന്നത് ആശങ്കപ്പെടുത്തുന്നതാണ്.

വേണം സംസ്ഥാന ദുരന്തനിവാരണ വകുപ്പിന് സ്വാതന്ത്ര്യം
സംസ്ഥാന ദുരന്തനിവാരണ വകുപ്പിനെ സ്വതന്ത്ര്യമാക്കണമെന്ന ആവശ്യം ശക്തമാണ്. തിരക്കോട് തിരക്കുള്ള റവന്യു വകുപ്പില്‍ തളച്ചിടാതെ സ്വതന്ത്ര ചുമതല നല്‍കിയാല്‍ മാത്രമേ ദുരന്തനിവാരണം കൃത്യമായി നടത്താനാവൂ. നിരവധി പ്ലാനുകള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നിലവിലെ സാചര്യത്തില്‍ വകുപ്പിന് സാധ്യമല്ല. ഇത് പ്രളയനാളുകളില്‍ കേരളം അനുഭവിച്ചതുമാണ്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വെള്ളപൊക്ക സാധ്യത കൃത്യമായി പ്രവചിക്കുന്ന വകുപ്പിന് കീഴിലുള്ള ദുരന്തനിവാരണ അതോററ്റി അതിന് അനുസരിച്ച പദ്ധതി ഇതുവരെ തയാറാക്കിയിട്ടില്ല. അതുകൊണ്ടാണ് പ്രളയദിനങ്ങളില്‍ കേരളത്തിന് കൈതാങ്ങാവേണ്ട അതോറിറ്റി നോക്കുകുത്തിയായി മാറിയത്. ഈ നിലക്ക് പ്രവര്‍ത്തനം തുടര്‍ന്നാല്‍ കേന്ദ്രസേനയെ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് സമാനം ദുരന്തനിവാരണ അതോറിറ്റി വേണ്ടെന്ന കാഴ്ച്ചപ്പാടിലേക്ക് ജനം എത്തിചേരും.
ജനപങ്കാളിത്തം തീരെ ഇല്ലാത്ത വിവിധ ദുരന്തങ്ങളെ കുറിച്ച പ്രവചനക്കാരായ ശാസ്ത്രജ്ഞമാരെ ഉള്‍ക്കൊള്ളുന്ന സ്ഥാപനമായി അതോറിറ്റി മാറിയിരിക്കുന്നു.

മത്സ്യതൊഴിലാളികളും സാധാരണജനവും അടക്കം ഉള്‍കൊള്ളുന്ന ജനാവലി നടത്തിയ പരിശ്രമങ്ങളാണ് കേരളത്തില്‍ ഇപ്പോഴുണ്ടായ ദുരന്തത്തില്‍ മരണസംഖ്യയടക്കം ദുരന്ത വ്യാപ്തി കുറയാന്‍ ഇടയായത്. അതുകൊണ്ട് തന്നെ ജനത്തെ ഉള്‍ച്ചേര്‍ത്ത കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള സ്ഥാപനമാണ് ദുരന്ത നിവാരണത്തിന് ആവശ്യം. കൃത്യമായ മുന്നൊരുക്കം നടത്തിയാല്‍ ഇത് നടപ്പിലാക്കാന്‍ കേരളത്തിന് കഴിയാതെയുമില്ല. നേരത്തെ 2012 ഡിസംബറില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുന്നുവെന്ന പ്രചരണ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ ജനപങ്കാളിത്തത്തോടെ നാലു മേഖലകളില്‍ ദുരന്ത നിവാരണ ടീമിനെ തയാറാക്കിയിരുന്നു. ടാസ്‌ക്‌ഫോഴ്‌സ് (തിരച്ചില്‍ രക്ഷാപ്രവര്‍ത്തനം), പ്രഥമശുശ്രൂഷ, സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കല്‍, പുനരധിവാസം എന്നിങ്ങനെയാണ് നാലു ടീമുകളെ തെരഞ്ഞെടുത്തത്. കുമളി, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍, ഏലപ്പാറ, കാഞ്ചിയാര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള 700 പേരടങ്ങുന്ന ടീം അംഗങ്ങള്‍ക്ക് അന്ന് പരിശീലനവും നല്‍കി. എന്നാല്‍, തുടര്‍ പ്രവര്‍ത്തനം ഉണ്ടായില്ല. നേരത്തെ സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളില്‍ അടക്കം സിറ്റി ഓഫീസര്‍മാരും സംസ്ഥാന പ്രോജക്ട് ഓഫീസറും ഉണ്ടായിരുന്നുവെങ്കിലും നിലവിലില്ല. സുനാമിയുടെ പശ്ചാത്തലത്തില്‍ 2005ലാണ് കേന്ദ്രസര്‍ക്കാര്‍ ദുരന്ത നിവാരണ ആക്ട് കൊണ്ടുവരുന്നത്. ആദ്യമായി ദുരന്ത നിവാരണ അതോറിറ്റി ഒരുക്കിയ സംസ്ഥാനം കേളരവും. കേന്ദ്രഫണ്ട് ലഭിക്കുന്നതിനായി സംസ്ഥാനതലത്തിലും മുഴുവന്‍ ജില്ലകളിലും പ്ലാന്‍ തയ്യാറാക്കിയതല്ലാതെ തുടര്‍ നടപടികള്‍ കടലാസില്‍ ഉറങ്ങുകയാണ്.

അതിതീവ്ര മഴയളക്കാന്‍ സംവിധാനങ്ങളില്ല
പ്രളയ വാര്‍ഷികത്തില്‍ പ്രഹരമായി മിന്നല്‍ പ്രളയമായിരുന്നെങ്കെിലും മാറിയ മണ്‍സൂണിന്റെ പരിണാമം പഠിക്കാന്‍ സംവിധാനങ്ങള്‍ നിലവില്‍ കേരളത്തിലില്ല. ചുരുങ്ങിയ കാലയളവില്‍ ചുരുങ്ങിയ സ്ഥലങ്ങളിലെ മഴ രേഖപ്പെടുത്താന്‍ സംവിധാനങ്ങളൊന്നുമില്ല. മാറിയ സാഹചര്യത്തില്‍ മഴ അളക്കുന്നതിനുള്ള ശൃംഖല വികസിപ്പിക്കുന്നതിനും നൂനത സംവിധാനങ്ങള്‍ അനിവാര്യമാണ്. ഈ ആവശ്യവുമായി സംസ്ഥാന കാലാവസ്ഥ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ട് വര്‍ഷമൊന്നു കഴിഞ്ഞു. റവന്യൂ വകുപ്പിനും വകുപ്പിന് കീഴിലുള്ള ദുരന്തനിവാരണ അതോററ്റിക്കും നല്‍കിയ കത്തില്‍ നടപടി മുടന്തുകയാണ്. 100 സ്വയം നിയന്ത്രിത കാലാവസ്ഥ സ്‌റ്റേഷനുകളും ഒപ്പം നിലവിലുള്ള സാധാരണ മാപിനികള്‍ക്ക് പുറമേ 55 സ്റ്റേഷനുകള്‍ കൂടി ആവശ്യപ്പെട്ടിരുന്നു. ഓഖി ചുഴലിക്കാറ്റിന് പിന്നാലെ നല്‍കിയ കത്തില്‍ ഇവ സ്ഥാപിക്കുന്നതിനുള്ള സ്ഥല പരിശോധന തുടരുകയാണെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പിനും മാറിയ സാഹചര്യത്തില്‍ മാറ്റം അനിവാര്യമാണെന്ന നിലപാടാണുള്ളത്. നിരന്തര പ്രകൃതിദുരന്തങ്ങള്‍ക്കും പേമാരിക്കും അടക്കം സാക്ഷ്യം വഹിച്ചിട്ടും അനിവാര്യമായ നവീകരണത്തിന് അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.
നിലവില്‍ കാലാവസ്ഥ വകുപ്പിന്റെ കീഴില്‍ നഅതിതീവ്ര മഴ അളക്കുന്നതിനുള്ള 15 സ്വയം നിയന്ത്രിത കാലാവസ്ഥ സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ആറെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കൂടാതെ ചാര്‍ട്ട് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തെ മഴയളക്കുന്ന 30 ഓട്ടോമാറ്റിക് റെയിന്‍ ഗേജുകളുമുണ്ട്. ഇതില്‍ 12 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, 24 മണിക്കൂറില്‍ മഴ അളക്കുന്ന 54 സാധാരണ മഴ മാപനികളെല്ലാം പ്രവര്‍ത്തനസജ്ജമാണ്. ഇതര സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് മൊത്തം 79 സാധാരണ മഴ മാപിനികളാണുള്ളത്. ഇതില്‍ 12 എണ്ണം പ്രവര്‍ത്തിക്കുന്നില്ല. കാലാവസ്ഥ വ്യതിയാന സാഹചര്യത്തില്‍ പ്രവര്‍ത്തനരഹിതമായവയെ ഉപയോഗിക്കാനാവുന്ന സാഹചര്യം ഒരുക്കുകയും എണ്ണംകൂട്ടി ശൃംഖല വികസിപ്പിക്കുകയും വേണം. നവകേരള സൃഷ്ടിയെ കുറിച്ച് വാചാലമാവുന്നതിന് പകരം ഇത്തരം നടപടികളുമായി മുന്നേറി മഴയുടെ മാറ്റം പഠിക്കുന്നതിന് സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

മാറുന്ന കാലാവസ്ഥയെ അതിജീവിക്കുന്ന കൃഷിരീതികള്‍, ദുരന്തങ്ങളെ അതിജീവിക്കാനാവുന്ന നിര്‍മാണരീതികള്‍ എന്നിവ പ്രയോഗവല്‍കരിക്കാതെ രക്ഷയില്ല. കനത്തമഴയില്‍ അട്ടപാടിയിലും നിലമ്പൂരും വയനാടും അടക്കം പശ്ചിമഘട്ട മലനിരകള്‍ നശിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പൊടിപിച്ചിരിക്കുന്ന ഗാഡ്ഗില്‍ കമീഷന്‍ റിപ്പോര്‍ട്ട് തപ്പിയെടുത്ത് പ്രയോഗവല്‍കരിക്കുകയാണ് വേണ്ടത്. പശ്ചിമഘട്ടത്തില്‍ വരുന്ന 44 ജില്ലകളില്‍ 142 താലൂക്കുകളില്‍ 134 പരിസ്ഥിതി ലോല പ്രദേശങ്ങളാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കേരളത്തിലെ 75 താലൂക്കുകളില്‍ 25 പരിസ്ഥിതി ലോല പ്രദേശങ്ങളുïെന്നും കമീഷന്‍ വ്യക്തമാക്കുന്നു. വയനാടും നിലമ്പൂരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മാറിയ സാഹചര്യത്തില്‍ ഇവയെല്ലാം വിചിന്തനത്തിന് വിധേയമാക്കണം. ജനതിക മാറ്റം വരുത്തിയ വിത്തുകള്‍, പ്‌ളാസ്റ്റിക് ഉപയോഗം അടക്കം ഗാഡ്ഗിലിന്റെ മറ്റു നിഗമനങ്ങളും പരിശോധിച്ച് നടപ്പിലാക്കണം.
അതിതീവ്ര മഴക്ക് പിന്നാലെ മല തുരക്കാന്‍ അനുവാദം നല്‍കുന്ന വികസനം നയം തന്നെയാണ് കൊണ്ടുനടക്കുന്നതെങ്കില്‍ ചെകുത്താന്റെ നാടായി കേരളം പരിണമിക്കും. വീടില്ലാത്ത 50 ശതമാനത്തിലധികം പേര്‍ വീടിനായി നെട്ടോട്ടം ഓടുമ്പോഴാണ് കേരളത്തിലിപ്പോള്‍ 50 ശതമാനത്തോളം വീടുകള്‍ പൂട്ടിക്കിടക്കുന്നത്. ഇതിന് അറുതി വരുത്താനാവണം. ഭൂവിനിയോഗത്തില്‍ കൃത്യമായ നിലപാട് എടുക്കാന്‍ സര്‍ക്കാരിനാവണം. പാഠം പഠിച്ചതിനാല്‍ ജനത്തിന് മാറാന്‍ ആഗ്രഹമുണ്ടെങ്കിലും സര്‍ക്കാരിന്റെ വികസനനയത്തില്‍ കാതലായ മാറ്റം ഉണ്ടാവാതെ കാര്യങ്ങള്‍ക്ക് യാതൊരു മാറ്റവുമുണ്ടാവില്ല. പ്രളയം ഒരു തിരിച്ചറിവാണ്; ഉരുള്‍പൊട്ടല്‍ ഒരു കരുതലും. മനുഷ്യകരങ്ങളുടെ ആര്‍ത്തിമൂത്ത വിനാശ വികസനത്തിന്റെ ബാക്കിപത്രമാണവ. ഒന്നിച്ചുനിന്ന് ദുരന്തത്തെ തുരത്തിയതിന് സമാനം ജൈവികതയെ തകര്‍ക്കുന്നവര്‍ക്കെതിരെ കൈകോര്‍ത്ത് ചെറുക്കാനാവുമോ. അല്ലെങ്കില്‍ വരാനിരിക്കുന്നത് ആപല്‍കരമായ വിപത്താണ്. കഴിഞ്ഞ ദുരന്തം നമ്മോട് വിളിച്ചുപറയുന്നത് ഭൂമിയുടെ അവകാശി മനുഷ്യന്‍ മാത്രമല്ലെന്നാണ്. മണല്‍ത്തരികളും വെള്ളത്തുള്ളികളും അടക്കം അണുക്കള്‍ക്കുകൂടി ഉള്ളതാണവ. ഇത് മറന്നാല്‍ അവ സംഹാരതാണ്ഡവമാടും. ഇത് മനസിലാക്കിയുള്ള വികസനനയം സ്വീകരിക്കാനായാല്‍ കേരളത്തിന് മുന്നോട്ടുപോകാം. പരിസ്ഥിതി അവബോധത്തോടുകൂടിയ വികസന സങ്കല്‍പ്പം അനുവാര്യമായും നടപ്പിലാക്കാനാവണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757