culturalOpinion

പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികള്‍ – വായന – വിനീത വിജയന്‍

ഒ.പി രവീന്ദ്രന്‍ എഴുതിയ പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികള്‍ എന്ന പുസ്തകത്തിന്റെ വായന

എയ്ഡഡ് വിദ്യാഭ്യാസ രംഗത്തെ പരസ്യമായ സാമൂഹ്യനീതി നിഷേധത്തെയും സംവരണ അട്ടിമറിയെയും ഭരണഘടനാ ലംഘനത്തെയും യുക്തിഭദ്രമായ സൂക്ഷ്മ ചര്‍ച്ചക്കും വസ്തുതാന്വേഷണാധിഷ്ഠിതമായ സമഗ്ര പഠനത്തിനും വിധേയമാക്കുന്ന ആധികാരിക ഗ്രന്ഥമാണ് ‘പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികള്‍’. സംവരണത്തെയും അതിന്റെ ചരിത്ര പശ്ചാത്തലത്തെയും അതു നേരിടുന്ന സമകാല വെല്ലുവിളികളെയും വിഷയമാക്കുന്ന ഒട്ടധികം പുസ്തകങ്ങളും ലേഖനങ്ങളും മലയാളത്തിലും ഇതര പ്രാദേശിക ഭാഷകളിലും മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എയ്ഡഡ് മേഖല എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കപ്പെടുന്ന സ്വകാര്യ മാനേജ്‌മെന്റ് നിയന്ത്രിതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പതിറ്റാണ്ടുകളായി സാമ്പത്തിക/സമുദായ ധ്രുവീകരണത്തിലൂടെ ചെയ്യുന്ന, ‘തുല്യനീതി, തുല്യാവസരം, തുല്യപരിഗണന’ എന്ന ഭരണഘടനയുടെ അടിസ്ഥാന മൂല്യ ലംഘനത്തെ പൊതുസമൂഹത്തിന്റെ ചര്‍ച്ചക്കായി നീക്കിവെക്കുന്ന ഈ പുസ്തകം ഇത്തരത്തിലെഴുതപ്പെടുന്ന ആദ്യ പുസ്തകം തന്നെയാണ്. എയ്ഡഡ് മേഖലാ സംവരണ സംരക്ഷണ സമിതിയുടെ കണ്‍വീനറെന്ന നിലയില്‍ പുസ്തക രചയിതാവ് ഒ.പി രവീന്ദ്രനും സമാനമനസ്‌കരും നീതി നിഷേധത്തിനെതിരായി നടത്തുന്ന പ്രത്യക്ഷ സമരത്തിന്റെ ആശയപരമായ പോരാട്ടത്തുടര്‍ച്ചയില്‍ എഴുതപ്പെട്ടതാണ് ഈ പുസ്തകം. അനീതിയുടെ ആഴമെന്തെന്നുള്ള അറിവാണ് പ്രതിരോധത്തിന്റെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാവുക, എന്നതിനാല്‍ തന്നെ അത്തരമൊരു ബോധന സമരായുധം കൂടിയാണ് പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികള്‍ എന്ന പുസ്തകം.


കോളനിവത്കരിക്കപ്പെട്ട പൊതുവിദ്യാഭ്യാസത്തിന്റെ ഉപോല്‍പന്നമായ സവര്‍ണ/സാമ്പത്തിക മേല്‍ക്കോയ്മയുടെയും ജാതിവെറിയുടെയും ഇരകളായി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന രോഹിത് വെമുലക്കും രജനി എസ്.ആനന്ദിനും സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകത്തിന് അഞ്ച് അധ്യായങ്ങളാണുള്ളത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രവും വളര്‍ച്ചാ വികാസങ്ങളുമാണ് ആദ്യ അധ്യായത്തില്‍ വിശദചര്‍ച്ചക്ക് വിധേയമാക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ വികാസ ചരിത്രം എന്നത് അതുല്‍പ്പാദിപ്പിച്ച ബൃഹത്തായ തൊഴില്‍ മേഖലയില്‍ നിന്ന് കേരളത്തിലെ ദശലക്ഷക്കണക്കായ ദലിതരെയും ആദിവാസികളെയും അതി പിന്നാക്ക ജനവിഭാഗങ്ങളെയും ബഹിഷ്‌കൃതരാക്കിയതിന്റെ ചരിത്രം കൂടിയാണെന്ന് ആദ്യ അധ്യായത്തിലൂടെതന്നെ സുവ്യക്തമാവുന്നുണ്ട്.

കേരളത്തില്‍ ആദ്യമായി, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മേല്‍ നിയമനത്തിലും നിയന്ത്രണത്തിലും നിര്‍ണായക ശക്തിയാവാന്‍ സര്‍ക്കാറിടപെടേണ്ടതുണ്ട് എന്ന് ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയത് 1943 നവംബര്‍ 24 ന് തിരുവിതാംകൂര്‍ വൈസ് ചാന്‍സലറായിരുന്ന മിസ്റ്റര്‍ എച്ച്.സി പാപ്പ് വര്‍ത്താണ്. എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കണം എന്ന മുഖ്യവ്യവസ്ഥ ഉള്‍പ്പെടുത്തിയിറക്കിയ എച്ച്.സി പാപ്പ് വര്‍ത്ത് എഡ്യൂക്കേഷന്‍ കമ്മറ്റി റിപ്പോര്‍ട്ട് സ്വകാര്യ മാനേജ്‌മെന്റുകളെ പ്രതിരോധത്തിലാക്കി. അവരുടെ പ്രതിഷേധങ്ങളും സമ്മര്‍ദ്ദവും ബ്രിട്ടീഷ് പാര്‍ലമെമെന്റ്‌വരെ നീണ്ടു. അവരുടെ ശ്രമങ്ങള്‍ വിജയം കണ്ടതിനാല്‍ പാപ്പ് വര്‍ത്ത് റിപ്പോര്‍ട്ട് റദ്ദു ചെയ്യപ്പെട്ടു. പിന്നീട് തിരുക്കൊച്ചി സംസ്ഥാന രൂപീകരണത്തിന് ശേഷം പനമ്പള്ളി ഗോവിന്ദമേനോന്‍ സര്‍ക്കാരാണ്, മറ്റൊരു ശ്രദ്ധേയമായ നീക്കം നടത്തിയത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനും നിയമനങ്ങളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തപ്പെട്ട ‘പനമ്പള്ളി സ്‌കീമിന് നേരേയും സ്വകാര്യ മേഖലയുടെ കടുത്ത പ്രതിരോധമുണ്ടായി. സ്വകാര്യ മാനേജുമെന്റുകള്‍ പ്രമേയങ്ങളുമായി കേന്ദ്രത്തെ സമീപിക്കുകയും കേന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കനുകൂലമായതിനെ തുടര്‍ന്ന് പനമ്പള്ളി സ്‌കീം അട്ടിമറിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഐക്യകേരള രൂപീകരണത്തിന് ശേഷം 1957ല്‍ പനമ്പിള്ളി സ്‌കീമിന് സമാനമായ വ്യവസ്ഥകളോടെ ആദ്യവിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ പ്രസിദ്ധമായ എഡ്യുക്കേഷന്‍ ബില്ല് വരികയും പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ബില്ല് സുപ്രീം കോടതി വരെ എത്തുകയും ചെയ്തു. നിയമനം പി.എസ്.സി വഴിയാക്കണമെന്നതും (സെക്ഷന്‍ 11) വേണ്ടിവന്നാല്‍ സര്‍ക്കാറിന് എയ്ഡഡ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കാമെന്ന വ്യവസ്ഥയും ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ആര്‍ട്ടിക്കിള്‍ 30 (1) ന്റെ ലംഘനമാവും എന്ന് കോടതി കണ്ടെത്തി. എന്നാല്‍, നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കണമെന്ന സെക്ഷന്‍ 11 നിലനില്‍ക്കുന്നതാണെന്നും ഏഴംഗ സുപ്രീംകോടതി ബഞ്ച് വിധിച്ചു.

എന്നാല്‍ തുടര്‍ന്ന് മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന പട്ടം താണുപിള്ള, നിയമനം പബ്ലിക് സര്‍വീസ് കമീഷന് വിടണമെന്ന വ്യവസ്ഥ റദ്ദ് ചെയ്തു കൊണ്ട് വിദ്യാഭ്യാസ ബില്‍ പാസാക്കിയെടുത്തു. സ്‌കൂളധ്യാപക അനധ്യാപക നിയമനങ്ങള്‍ക്കുള്ള അധികാരം ഇതോടെ മാനേജ്‌മെന്റുകളുടെ കൈവശമായി. 1972ല്‍ അച്ചുതമേനോന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഡയറക്ട്് പേമെന്റ് സമ്പ്രദായത്തിലൂടെ എയ്ഡഡ് കോളജ് നിയമനങ്ങള്‍ക്കുള്ള അവകാശവും സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് ലഭിച്ചു. അതോടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമന / നിയന്ത്രണാധികാരങ്ങള്‍ക്ക് മേല്‍ സര്‍ക്കാരിന് യാതൊരു വിധ അധികാരാവകാശങ്ങളും ഇല്ലാതെ ധനദാന സംവിധാനമായി (എൗിറ ുൃീ്ശറശിഴ അഴലിര്യ) സര്‍ക്കാര്‍ മാറുകയും ചെയ്തു. ഓരോ വര്‍ഷവും ബജറ്റില്‍. എയ്ഡഡ് സ്ഥാപനങ്ങളുടെ ശമ്പളത്തിനും പെന്‍ഷനുമായി മാത്രം12,000 കോടിയിലേറെ രൂപയാണ് മാറ്റി വെക്കുന്നത്. മെയിന്റെനന്‍സ് ഗ്രാന്റുകളെന്ന പേരില്‍ വേറെയും. ജനങ്ങളുടെ നികുതിയായി പൊതു ഖജനാവിലെത്തുന്ന പണത്തിന്റെ ഗുണഭോക്താക്കള്‍ കേരളത്തിലെ നായര്‍, ഈഴവ, ക്രിസ്ത്യന്‍, മുസ്‌ലിം മാനേജുമെന്റുകളും കോടികള്‍ കോഴ വാങ്ങി അവര്‍ നിയമിക്കുന്ന അവരുടെ തന്നെ സമുദായാംഗങ്ങളുമാണ്. പൊതു ധനം ഇത്തരത്തില്‍ യാതൊരു ജനാധിപത്യ മാനദണ്ഡങ്ങളും പാലിക്കാതെ സമ്പത്തിന്റെയും സമുദായത്തിന്റെയും മാത്രം അടിസ്ഥാനത്തില്‍ കേവലം നാലു വിഭാഗങ്ങളിലെ കച്ചവട മനസ്‌കരായ സമ്പന്നരിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ സിംഹഭാഗവും കയ്യടക്കിവെച്ചിരിക്കുന്ന എയ്ഡഡ് മേഖലയിലെ തൊഴില്‍ അവസരങ്ങളില്‍ ബഹിഷ്‌കൃതരാവുന്ന ദലിതരും ആദിവാസികളും സാമ്പത്തിക സാമൂഹ്യ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ഇതര വിഭാഗങ്ങളിലെ വിദ്യാസമ്പന്നരും മാനേജ്‌മെന്റ് സമുദായങ്ങളിലെ തന്നെ സാമ്പത്തിക ശേഷിയില്ലാത്ത ജനവിഭാഗങ്ങളും ഉള്‍പ്പെടെ വലിയൊരു വിഭാഗം ജനതയാണ് ഇരകളാക്കപ്പെടുന്നത്. അസന്തുലിതമായ സമ്പദ്/അധികാര വികേന്ദ്രീകരണത്തിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയാണ് ഇല്ലാതാക്കപ്പെടുന്നത്.

സാമൂഹ്യനീതിയെയും അവസരസമത്വത്തെയും അപ്പാടെ അട്ടിമറിക്കുന്ന ഈ പകല്‍ക്കൊള്ള ഭരണകൂടത്തിന്റെ ഒത്താശയോടെ എങ്ങനെയാണ് പതിറ്റാണ്ടുകളായി ഒരു തടസ്സവും കൂടാതെ നടന്നുവരുന്നതെന്ന് കണക്കുകളും അന്വേഷണ റിപ്പോര്‍ട്ടുകളും നിരത്തി തെളിയിക്കുകയാണ് രണ്ടാം അധ്യായം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ സംവരണം നടപ്പിലാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിയമവും അതിനായുള്ള യു.ജി.സി മാര്‍ഗ നിര്‍ദേശങ്ങളും നിലവിലുണ്ടായിട്ടും കേരളത്തിലെ സര്‍വകലാശാലകളോ അതിനു കീഴില്‍ വരുന്ന എയ്ഡഡ് കോളജുകളോ ഈ സംവരണ നിയമം ഇന്നോളം പാലിച്ചിട്ടില്ല. മാറിമാറി വന്ന സര്‍ക്കാരുകളാവട്ടേ, ഈ നിയമ ലംഘനം ഗുരുതരമായ സാമൂഹ്യനീതി നിഷേധത്തിന് കാരണമാവുന്ന ഒന്നാണെന്ന തിരിച്ചറിവോ അവക്ക് തടയിടാനുള്ള നീക്കങ്ങളോ നടത്തിയില്ല. എന്നാല്‍, ഈ ഭരണഘടനാ ലംഘനത്തെ ചോദ്യം ചെയ്തുകൊണ്ട് 2010ല്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ദലിത്-ആദിവാസി ഉദ്യോഗാര്‍ഥികളുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ കേസ് സമര്‍പ്പിക്കപ്പെട്ടു. വാദത്തിലുടനീളം സംവരണത്തിന്റെ എതിര്‍ചേരിയില്‍ എന്‍.എസ്.എസ് സജീവമായി നിലയുറപ്പിച്ചു. എന്നിരുന്നിട്ടും ബഹു.ഹൈക്കോടതി ജസ്റ്റിസ് എ.എം ഷഫീഖ് 2015 മെയ് 25ന് പട്ടികജാതി പട്ടികവര്‍ഗ സംവരണം നടപ്പിലാക്കണമെന്ന വിധിയാണ് പ്രസ്താവിച്ചത്. സംവരണ വിഷയത്തിലോ എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന വിഷയത്തിലോ അക്കാലം വരെ ചെറുവിരലു പോലും അനക്കാതിരുന്ന ഇടത് ഗവണ്‍മെന്റ് സംവരണാനുകൂല വിധി പ്രസ്താവമുണ്ടായ ഉടനേ, വിധി നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഇടപെടലും അപ്പീലും വിധിക്കെതിരേ സ്റ്റേ വാങ്ങാന്‍ സ്വകാര്യ മാനേജുമെന്റുകള്‍ക്ക് സഹായകമായി. സ്വകാര്യ മാനേജ്‌മെന്റുകളുടെ ഏകാധിപത്യം അവസാനിപ്പിക്കുന്നതിനായും സര്‍ക്കാരിന്റെ അവകാശാധികാരങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായുമുള്ള വാദങ്ങള്‍ കോടതിയില്‍ നടക്കുമ്പോള്‍ കൗണ്ടര്‍ അഫിഡവിറ്റ പോലും സമര്‍പ്പിക്കാതെ മാനേജ്‌മെന്റുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഒളിച്ചുകളിയുടെ നിജാവസ്ഥ മൂന്നാം അദ്ധ്യായത്തില്‍ വിശദമായ തുറന്നെഴുത്തിലൂടെ പുറത്തുകൊണ്ടുവന്നിരിക്കുന്നു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമന വിശദാംശങ്ങള്‍ ഗവണ്‍മെന്റോ അതത് മാനേജുമെന്റുകളോ പുറത്തുവിടാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ വളരെ ശ്രമകരമായ അന്വേഷണങ്ങളിലൂടെയും തിരച്ചിലിലൂടെയും കണ്ടെടുത്ത കണക്കുകള്‍ സമാഹരിച്ച്, ക്രോഡീകരിച്ച് പരിശോധനാ വിധേയമാക്കാവുന്ന രൂപത്തിലെത്തിക്കാന്‍ ഗ്രന്ഥകാരന്‍ ഒ.പി. രവീന്ദ്രന്‍ എടുത്ത അധ്വാനത്തെ എത്ര ശ്ലാഘിച്ചാലും അധികമാവില്ല. അദ്ദേഹം പുറത്തുകൊണ്ടുവന്ന ആ കണക്കുകള്‍ അനീതിയുടെ ആഴം സങ്കല്‍പ്പ ശേഷിക്കുമപ്പുറത്താണെന്നുതന്നെ വിളിച്ചു പറയാന്‍ പ്രാപ്തമാണ്.

എയ്ഡഡ് മേഖലയിലെ സാമൂഹ്യ അസമത്വങ്ങളെ കുറിച്ചാണ് അവസാന അധ്യായം ചര്‍ച്ച ചെയ്യുന്നത്. അധ്യാപക അനധ്യാപക നിയമനങ്ങളില്‍ ‘കോഴ’ ഒരംഗീകൃത വ്യവസ്ഥയായി മാറുന്നതെങ്ങനെയെന്നും മാനേജ്‌മെന്റുകള്‍ യാതൊരു യോഗ്യതാ മാനദണ്ഡങ്ങളും പരിഗണിക്കാതെ സമ്പത്തും സമുദായവും മാത്രം അടിസ്ഥാനമാക്കി വന്‍ കോഴ വാങ്ങി നിയമിക്കുന്ന അധ്യാപകരെ ഗവണ്‍മെന്റ് ഏറ്റെടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിക്കുന്ന യുക്തിരഹിതമായ നീതിനിഷേധം സംവരണ വിഭാഗങ്ങളിലേതുള്‍പ്പെടെയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ തുലോം പരിമിതരായ അവസരങ്ങളെക്കൂടി ഇല്ലാതാക്കിക്കളയുന്നതെങ്ങനെയെന്നുമുള്ള തുറന്നെഴുത്താണ് അവസാന അധ്യായം. പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികള്‍ തന്നെയായ, സ്വസമുദായത്തിന്റെ തലമുറകളിലേക്ക് സമ്പത്ത് വാങ്ങി ഉദ്യോഗക്കൈമാറ്റം നടത്താനുള്ള കച്ചവട സ്ഥാപനങ്ങളായി നിലകൊള്ളുന്ന എയ്ഡഡ് മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പകല്‍ക്കൊള്ളയെ മറനീക്കി പുറത്തുകൊണ്ടുവരികയാണ് ഈ പുസ്തകത്തിലുടെ ഒ.പി രവീന്ദ്രന്‍ ചെയ്തിരിക്കുന്നത്. ഗൗരവചര്‍ച്ചകള്‍ക്കും സൂക്ഷ്മ വിലയിരുത്തലുകള്‍ക്കും അര്‍ഹമായ ഒന്നെന്ന നിലയില്‍ അത് അതിന്റെ പ്രസക്തി സ്വയം അടയാളപ്പെടുത്തുകയും ഒപ്പം അനീതിയെക്കുറിച്ചുള്ള ബോധ്യപ്പെടുത്തല്‍ തന്നെയാകയാല്‍ നീതിയുടെ വഴിയിലേക്കുള്ള ചൂണ്ടുപലകയുമാവുന്നു .

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757