Opinion

ബാങ്ക് ലയനം പിടിമുറുക്കുന്നതാര് – അമിത്രജിത്ത്

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചങ്ങാത്ത മുതലാളിത്തം, മുതലാളിത്തത്തിന്റെ സാമാന്യ നിര്‍വചനങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നല്ല. മുതലാളിത്തം അനുവദിക്കുന്ന വ്യാപാരമോ, സംരംഭകത്വമോ ഒന്നും തന്നെയത് പ്രദാനം ചെയ്യുന്നില്ല. അധികാര കേന്ദ്രങ്ങളോട് ഒട്ടിനില്‍ക്കുന്ന, വിരലിലെണ്ണാവുന്ന, ഏതാനും വ്യവസായ ഗ്രൂപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന കച്ചവടങ്ങളാണ് മുതലാളിത്തത്തിന്റെ ഏറ്റവും വികൃതമായ രൂപങ്ങളിലൊന്നായി നമ്മുടെ മുന്നിലെത്തുന്നത്.
ലോകപ്രശസ്തമാ

യ ദി ഇക്കോണമിസ്റ്റ് മാസിക പുറത്തുവിട്ട ചങ്ങാത്ത മുതലാളിത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഒന്‍പത്. ഇന്ത്യ നിലമെച്ചപ്പെടുത്തുകയാണെന്ന് മാസിക നിരീക്ഷിക്കുന്നു. 2008ല്‍ ചങ്ങാത്ത മുതലാളിത്തത്തിലൂടെ ഇന്ത്യക്കാര്‍ സമ്പാദിച്ചത് ജി.ഡി.പിയുടെ 18 ശതമാനമായിരുന്നു. റഷ്യയുടേതിന് അടുത്തെത്തും ഈ കണക്ക്. എന്നാല്‍, ഇന്നത് താഴ്ന്ന് ജി.ഡി.പിയുടെ മൂന്ന് ശതമാനമായി മാറിയിരിക്കുന്നതായി മാസികയില്‍ പറയുന്നു.

ലോകത്ത് ചങ്ങാത്ത മുതലാളിത്തം ഏറ്റവും രൂക്ഷമായി നില്‍ക്കുന്ന രാജ്യം വ്‌ളാദമിര്‍ പുടിന്റെ റഷ്യയാണ്. മലേഷ്യ, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍, യുക്രെയ്ന്‍, മെക്സികോ, ഇന്തോനേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍ വരുന്നത്.ചങ്ങാത്ത മുതലാളിത്ത പ്രവണതകള്‍ ഇന്ത്യയില്‍ കുറഞ്ഞു വരുകയാണെന്ന് സൂചിപ്പിക്കുന്നതിനായി, യാതൊരു ബിസിനസ് പാരമ്പര്യവുമില്ലാത്ത ഫ്‌ളിപ്കാര്‍ട്ടിന്റെ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഫോബ്സിന്റെ 2016ലെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടം നേടിയതും ഇക്കോണമിസ്റ്റിന്റെ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ജനക്ഷേമകരമായ നടപടിയായിരുന്നു ബാങ്ക് ദേശസാല്‍കരണം. 1969 ജൂലൈ 19ന് 14 വന്‍കിട ബാങ്കുകള്‍ ദേശസാല്‍കരിച്ചപ്പോള്‍ കേവലം 8268 ബാങ്ക് ശാഖകളാണ് രാജ്യത്ത്ഉണ്ടായിരുന്നത്. ഇന്ന് 75,000 പൊതുമേഖലാ ബാങ്ക് ശാഖകള്‍ ഉണ്ട്. 1969ല്‍ 1863 ഗ്രാമീണ ശാഖകളാണുണ്ടായിരുന്നതെങ്കില്‍ ഇന്നത് 36,000 ആയിരിക്കുന്നു. ആകെ നിക്ഷേപം 4665 കോടി ആയിരുന്നുവെങ്കില്‍ ഇന്നത് 45 ലക്ഷം കോടി രൂപയാണ്. വായ്പയാകട്ടെ 3609 കോടിയില്‍നിന്നും 33 ലക്ഷം കോടിയായി വര്‍ധിച്ചു. എന്നാല്‍, ഈ പൊതുമേഖലാ ബാങ്കുകളെ പടിപടിയായി സ്വകാര്യവല്‍ക്കരിക്കുന്നതും ജനകീയ ബാങ്കിങ്് സേവനം അന്യമായ പുത്തന്‍ തലമുറ സ്വകാര്യ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് കേന്ദ്ര നയം.

ബാങ്ക് ലയന നീക്കം പൊതുമേഖലാബാങ്കുകളെ സ്വകാര്യ-കോര്‍പറേറ്റ് ബാങ്കുകളാക്കുവാന്‍ വഴിയൊരുക്കും. വിദേശ പ്രത്യക്ഷ നിക്ഷേപം വര്‍ധിപ്പിക്കുന്നതും വോട്ടവകാശ നിയന്ത്രണം റദ്ദാക്കുന്നതും ബാങ്കുകളിന്മേലുള്ള വിദേശാധിപത്യം വര്‍ധിപ്പിക്കും. ജനകീയ ബാങ്കിങ്് അന്യമാവാനും, മുന്‍ഗണനാ വായ്പകള്‍ നിലക്കാനും ഇത് കാരണമാവും. ഉഭയകക്ഷി കരാര്‍ ലംഘിച്ച് ബാങ്കിങ്് സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നത് സുരക്ഷ തകര്‍ക്കും. വിശ്വാസ്യതയേയും സേവന നിലവാരത്തേയും പ്രതികൂലമായി ബാധിക്കും. ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്റെ പേരില്‍ ബിസിനസ് കറസ്പോണ്ടന്റ്/ഫെസിലിറ്റേറ്റര്‍ തുടങ്ങിയ ദല്ലാളുകളെ നിയോഗിക്കുകയല്ല, ബാങ്കില്ലാ മേഖലയില്‍ ബാങ്ക് ശാഖകള്‍ ആരംഭിക്കുകയാണ് വേണ്ടത്. മൂലധനത്തിനായി ലോക ബാങ്ക് വായ്പ സ്വീകരിച്ചത് ജനവിരുദ്ധ നിബന്ധനകള്‍ ബാങ്കുകളിന്മേല്‍ ക്ഷണിച്ചുവരുത്തും. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞിട്ടുള്ള നിശ്ചിത സേവന-വേതന വ്യവസ്ഥകളെ തകിടം മറിക്കുന്ന, റിക്രൂട്ട്മെന്റ്, വേതനക്രമം, പരിശീലനം, സ്ഥലംമാറ്റം, പ്രമോഷന്‍ തുടങ്ങിയവ ഏകപക്ഷീയമാക്കുന്ന, തൊഴിലാളിവിരുദ്ധമായ ഖണ്ഡേല്‍വാള്‍ കമ്മിറ്റി ശുപാര്‍ശകള്‍ നിരാകരിക്കണം. കസ്റ്റമര്‍ സര്‍വീസ് മികവുറ്റതാക്കണം, ജോലിഭാരം ലഘൂകരിക്കണം. അംഗീകരിച്ച ആശ്രിത നിയമന/ധനസഹായ പദ്ധതി നടപ്പാക്കുക, കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ പെന്‍ഷന്‍ അപ്ഡേഷനും നൂറുശതമാനം ക്ഷാമബത്തയും അനുവദിക്കുക. കമ്മ്യൂട്ടേഷന്‍-ഫാമിലി പെന്‍ഷന്‍, പ്രീ-1986 എക്സ്ഗ്രേഷ്യ തുടങ്ങിയവ വര്‍ധിപ്പിക്കുക. സഹകരണ ബാങ്കുകളെ 80 പി. വകുപ്പ് പ്രകാരം ആദായനികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കുകയും പുനര്‍ മൂലധനസഹായമുള്‍പ്പെടെ നല്‍കി ശാക്തീകരിക്കുകയും ജീവനക്കാര്‍ക്ക് പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുക. ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് സ്പോണ്‍സര്‍ ബാങ്കുകളിലേതിന് സമാനമായ പെന്‍ഷനും അലവന്‍സുകളും അനുവദിക്കുക. ലഘുനിക്ഷേപ സമ്പാദകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകള്‍ ഉന്നയിക്കുന്നു.

ലയനങ്ങള്‍: ഗുണം ആര്‍ക്ക് ?
ബാങ്കിങ് മേഖലയിലെ ലയനങ്ങളുടെ അന്താരാഷ്ട്ര അനുഭവം ഏറെ പഠന വിധേയമായതാണ്. 1999ല്‍ ഗാരി ഡിംസ്‌ക്കി അര്‍ഥശങ്കക്കിടയില്ലാത്ത വിധം കാര്യങ്ങള്‍ വ്യക്തമാക്കിയത് അമിയാകുമാര്‍ ബാഗ്ചി ഉദ്ധരിക്കുന്നുണ്ട്. ‘ബാങ്ക് ലയനങ്ങള്‍ ഉപഭോക്താക്കളുടെയും ധനകാര്യേതര സ്ഥാപനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാവാന്‍ സാധ്യതയുണ്ട്. ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കുന്ന കാര്യത്തില്‍ (എന്നുവെച്ചാല്‍ സേവനങ്ങളുടെ ചാര്‍ജ് എന്നര്‍ഥം) കുത്തകവത്കരണത്തിന് സാധ്യതയേറെയാണ്. വളരെ സാന്ദ്രമായ കമ്പോളങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ പലിശയേ കിട്ടൂ. ഫെഡറല്‍ റിസര്‍വ് ശേഖരിച്ച കണക്കുകളനുസരിച്ച് വന്‍കിട ബാങ്കുകളില്‍, സര്‍ക്കാരേതര ഉടമസ്ഥതയുള്ളയിടങ്ങളില്‍, ഇടപാടുകാര്‍ക്ക് കനത്ത ചാര്‍ജുകള്‍ നല്‍കേണ്ടിവരുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ഏറെ നേട്ടങ്ങളുണ്ടാക്കിയെങ്കിലും ഇതേ കാലയളവില്‍ ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് കിട്ടുന്ന ധനസേവനങ്ങള്‍ക്ക് നല്‍കിയ ഫീസ് ഒട്ടും കുറഞ്ഞിട്ടില്ല. ലയനോന്മുഖമായി പ്രവര്‍ത്തിക്കുന്ന വലിയ ബാങ്കുകള്‍ മിക്കതും ചാര്‍ജുകള്‍ അക്രമാസക്തമാം വിധം കൂട്ടിയിട്ടുണ്ട്. ഈ ബാങ്കുകളുടെ വര്‍ധിച്ച മേധാവിത്വം സൂചിപ്പിക്കുന്നത് ഇടപാടുകാര്‍ ഉയര്‍ന്ന ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്നാണ്.”

2001ല്‍ ജി-10 രാജ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കി ജനുവരി 25ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ അന്നത്തെ ജാപ്പാനീസ് ബാങ്ക് തകര്‍ച്ച ലോകത്തു മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു; ധനമേഖലയിലെ സംയോജനങ്ങളുടെ ആഗോളപശ്ചാത്തലത്തില്‍. (ഇതിന്റെ വിശദാംശങ്ങള്‍ ംംം.യശ.െീൃഴല്‍ ലഭ്യമാണ്) അതും കഴിഞ്ഞ് ഒരു മാസത്തിനുശേഷം പുറത്തിറക്കിയ ഐ.എല്‍.ഒ റിപ്പോര്‍ട്ടും ധനമേഖലയിലെ ലയനങ്ങളെയും സംയോജനങ്ങളെയും കുറിച്ച് ഏറെ മുന്നറിയിപ്പ് നല്‍കുന്നണ്ട്. (ംംം.ശഹീ.ീൃഴല്‍ ഇതേപറ്റിയുള്ള വിശദാംശങ്ങള്‍ ലഭ്യമാണ്)
ഇടപാടുകാര്‍ തങ്ങള്‍ക്ക് കിട്ടുന്ന സേവനങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കുക, ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് കിട്ടിപ്പോന്ന ലാഭവിഹിതം കുറയുക, നിക്ഷേപകര്‍ക്ക് തങ്ങളുടെ പലിശ നിരക്ക് കുറയുക, ജീവനക്കാര്‍ക്ക് വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുക, ഗ്രാമീണ ശാഖകള്‍ അടച്ചു പൂട്ടപ്പെടുക എന്നിവയൊക്കെയാണ് ഫലങ്ങള്‍. പക്ഷേ, വന്‍ ലയനങ്ങള്‍ നടന്നിടങ്ങളിലൊക്കെ, ഏറ്റെടുക്കുന്ന ബാങ്കുകളുടെ മേധാവിമാരുടെ വരുമാനം കുത്തനെ കൂടിയ കാര്യം ഐ.എല്‍.ഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു; മെച്ചം അവര്‍ക്ക് മാത്രം.
ഈയൊരവസ്ഥയിലേക്ക് ഇന്ത്യന്‍ ബാങ്കുകളേയും എത്തിക്കാനാണ് നീക്കം. സംയോജിപ്പിച്ച് വലുതായി മത്സരിച്ചു കീഴടക്കുമെന്നാണ് പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചരിത്രം തയ്യാറാക്കിയ പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ അമിയാകുമാര്‍ ബാഗ്ചി നടത്തിയ ഒരു നിരീക്ഷണമുണ്ട്. ഇന്ത്യന്‍ അനുഭവം മുന്‍നിര്‍ത്തി ലയനാനുഭവം പരിശോധിക്കുകയാണദ്ദേഹം.

സ്വകാര്യമൂലധനത്തിന്റെ നായാട്ട്!
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചകളുടെ കഥയും അമിയാ കുമാര്‍ ബാഗ്ചി ചൂണ്ടിക്കാട്ടുന്നണ്ട്. 1860ലെ ആഗ്രാ ആന്റ് യുണൈറ്റഡ് സര്‍വീസസ് ബാങ്ക് തകര്‍ച്ച, 1906ലെ ആര്‍ബത്നോട്ട് ബാങ്ക് തകര്‍ച്ച, 1921-22ലെ അലിയന്‍സ് ബാങ്ക് ഓഫ് സിംല തകര്‍ച്ച, വിദേശങ്ങളിലെ മാനേജര്‍മാരുടെ തെറ്റായ നിക്ഷേപ തീരുമാനങ്ങളായിരുന്നു തകര്‍ച്ചക്കുപിന്നില്‍. പൊളിഞ്ഞു പാളീസായ ആര്‍ബത്നോട്ടിനെ സ്വദേശി പ്രസ്ഥാനം ഏറ്റെടുത്താണ് അതിന്റെ ചിതയില്‍ നിന്ന് ഇന്ത്യന്‍ ബാങ്കിന് രൂപം നല്‍കിയത്. കഥകള്‍ ഇങ്ങനെയിരിക്കെ വീണ്ടും ചരിത്രത്തെ തിരിച്ചിടുന്നത് എന്തിനു വേണ്ടിയാണ്?
പറയുന്നത് വന്‍കിട വിദേശബാങ്കുകളോട് മത്സരിക്കേണ്ടിവരുന്നതു കൊണ്ടാണ് ലയനം എന്നാണ്. എന്നാല്‍, വസ്തുത എന്താണ്? ഇന്ത്യയിലെ 27 പൊതുമേഖലാ ബാങ്കുകളേയും ലയിപ്പിച്ച് ഒന്നാക്കി മാറ്റി എന്നു കരുതുക. അതിന്റെ മൂലധനം 12,400 കോടി രൂപ വരും. എന്നുവെച്ചാല്‍ മൂന്ന് ബില്യണ്‍ ഡോളര്‍. എന്നാല്‍, സിറ്റി ബാങ്കിന്റെ മാത്രം മൂലധനം 63 ബില്യണാണ്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റേത് 65 ബില്യണും. ഇവരോടാണ് മൂന്നു ബില്യണ്‍ ഏറ്റുമുട്ടി വിജയിക്കേണ്ടത്! അതിനായാണ് ഈ സംയോജനങ്ങള്‍ എന്നു നാം വിശ്വസിച്ചു കൊടുക്കണം!

ഈ ഘടാഘടിയന്‍ സ്വകാര്യ കുത്തക ബാങ്കുകള്‍ നിലനില്‍ക്കെത്തന്നെയല്ലേ ഇത്രയും കാലം ഇന്ത്യയിലെ ബാങ്കുകള്‍ വര്‍ഷാവര്‍ഷം ഖജനാവിലേക്ക് അനേകായിരം കോടികള്‍ ലാഭവിഹിതമെത്തിച്ചത്?
ലോകത്തെങ്ങുമുള്ള കമ്പോളങ്ങളാകെ കടന്നുചെന്ന് ലാഭം കൊയ്യാന്‍ അവസരം ഒരുക്കിക്കിട്ടേണ്ടത് അതിവേഗം ബഹുരാഷ്ട്രക്കുത്തകളായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ധനികവര്‍ഗത്തിന്റെ കൂടി ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലെനിന്‍ ചൂണ്ടിക്കാട്ടിയതു പോലെ ലയനങ്ങളും സംയോജനങ്ങളും വഴിയുള്ള വന്‍വെട്ടിപ്പിടുത്തങ്ങള്‍ അക്രമാസക്തമായ രീതിയില്‍ മുന്നേറുകയാണ്. ഉല്‍പാദന മേഖലയില്‍ നിന്ന് ധനമേഖലയിലേക്ക് കുതിച്ചൊഴുകുന്ന മൂലധനത്തിന് അതിരുകളില്ലാത്ത കമ്പോളമാണാവശ്യം. നിയന്ത്രണങ്ങളില്ലാത്ത സര്‍വതന്ത്ര സ്വാതന്ത്ര്യം! ദേശരാഷ്ട്രങ്ങളുണ്ടാക്കിയ പഴയ നിയമങ്ങളെല്ലാം തന്നെ അതിനുവേണ്ടവിധം മാറ്റിക്കിട്ടണം. ഭരണാധികാരികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അല്ലെങ്കില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങളെ ഉപയോഗിച്ചും ഇതിന് ശ്രമിച്ചു വരികയാണ്.

കഴിഞ്ഞ കുറേക്കാലമായി ബാങ്കിങ് മേഖലാ പരിഷ്‌കരണങ്ങളെ കുറിച്ച് അതിശക്തമായ പ്രചരണം നടക്കുന്നു. ബാങ്കുകള്‍ ഫൈനാന്‍ഷ്യല്‍ സൂപ്പര്‍സ്റ്റോറുകളാവണം, ഒറ്റപ്പുരക്കീഴില്‍ മുഴുവന്‍ ധനസേവനങ്ങളും ഊഹക്കച്ചവടമടക്കം ലഭ്യമാക്കണം, സര്‍ക്കാരുകള്‍ ഈ മേഖലയില്‍ നിന്ന് പിന്‍മാറണംഎന്നിങ്ങനെയായിരുന്നു തിട്ടൂരം. അത് സാധിച്ചെടുക്കുന്നതിനുള്ള അനേക തന്ത്രങ്ങളില്‍ ഒന്നുമാത്രമാണ് ലയനം. വര്‍ഷങ്ങളായി അതിനുള്ള സമ്മര്‍ദം തുടരുകയാണ്. 2004ല്‍ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ നടത്തിയ ശ്രമം തൊഴിലാളികളുടെയും ഇടതു കക്ഷികളുടെയും ചെറുത്തുനില്‍പ് വഴി തടഞ്ഞതാണ്. എന്നാലിപ്പോള്‍ വിശ്വാസം വില കൊടുത്തുവാങ്ങിയ ഔദാര്യത്തില്‍ നിയമ നിര്‍മാണ സഭകളെപ്പോലും മറികടന്ന് എക്‌സിക്യൂട്ടീവ് ഉത്തരവ് വഴി ലയനം നടപ്പാക്കുകയാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757