interview

ഞങ്ങള്‍ക്ക് ഇടനിലക്കാരെ ആവശ്യമില്ല – അഫ്രിന്‍ ഫാത്തിമ / സക്കിയ്യ കെ

2019 ലെ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ചറല്‍ സ്റ്റഡീസില്‍ നിന്നും കൗണ്‍സിലര്‍ ആയി ബാപ്സ-ഫ്രറ്റേണിറ്റി സഖ്യ സ്ഥാനാര്‍ഥി അഫ്രീന്‍ ഫാത്തിമ മികച്ച വോട്ട് വിഹിതം നേടി തെരഞ്ഞെടുക്കപ്പെട്ടു. മുമ്പെങ്ങുമില്ലാത്ത വിധം രാജ്യ ശ്രദ്ധയാകര്‍ഷിച്ച തെരഞ്ഞെടുപ്പാണ് കടന്ന് പോയത്. ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷനും ഫ്രറ്റേണിറ്റി മൂവ്‌മെന്റും സഖ്യം ചേര്‍ന്ന് ഇടത് മേധാവിത്വമുള്ള കാമ്പസില്‍ ഉയര്‍ത്തിയ ചോദ്യങ്ങളും മുദ്രാവാക്യങ്ങളും ചരിത്രത്തില്‍ സമാനതകളില്ലാത്തവണ്ണം പ്രസക്തമാണ്. വരേണ്യ ഇടമായ ജെ.എന്‍.യുവില്‍ മുസ്‌ലിം വേഷവും സ്വത്വവും മുറുകെ പിടിച്ചുകൊണ്ട് കശ്മീരും ഇസ്‌ലാമോഫോബിയയും പോലുള്ള വിഷയങ്ങള്‍ സംസാരിച്ച അഫ്രീനെ പോലുള്ള ഒരു പെണ്‍കുട്ടിയുടെ വിജയം ഏറെ പ്രാധാന്യമുള്ളതാണ്.


അലിഗഢ് മുസ്ലിം സര്‍വകലാശാല വനിതാ കോളേജിലെ എക്കാലത്തെയും മികച്ച യൂണിയന്‍ പ്രസിഡണ്ട് എന്ന നിലയില്‍ നേരത്തെ തന്നെ അഫ്രീന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്‌കൂള്‍ കാലം തൊട്ടേ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന അഫ്രീന്‍ അലിഗഢ് സര്‍വകലാശാല ഡിബേറ്റിങ് & ലിറ്റററി ക്ലബിന്റെ മാധ്യമ എഴുത്ത് വിഭാഗം ചുമതലയില്‍ സംഘാടക മികവ് പ്രകടിപ്പിച്ചുകൊണ്ടാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കെ കോളേജ് യൂണിയന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോളജ് പ്രസിഡണ്ട് ആയിരിക്കെ ചരിത്രത്തിലാദ്യമായി അലിഗഢ് വനിതാ കോളജില്‍ അതുവരെ യൂണിയന്‍ ബഡ്ജറ്റുമായി ബന്ധപ്പെട്ട് നടന്ന വലിയ അഴിമതിയെ പുറത്തുകൊണ്ടുവരാന്‍ നേതൃത്വം നല്‍കുകയും തുടര്‍ന്ന് പ്രതിയായ ഉദ്യോഗസ്ഥന്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.
ജെ.എന്‍.യുവിലെ വിജയത്തെത്തുടര്‍ന്ന് അഫ്രീന്‍ ഫാത്തിമയുമായി സകിയ്യ കെ നടത്തിയ അഭിമുഖം

ഒരുപാട് സവിശേഷതകളും ഒരു പുതിയ രാഷ്ട്രീയ പ്രതിനിധാനത്തിന്റെ പ്രതീക്ഷയുമുള്ള ഈ വിജയത്തെ കുറിച്ച് എന്തു തോന്നുന്നു?
ഈ വിജയം വളരെയധികം സന്തോഷം തരുന്നുണ്ട്. അതേസമയം ഒരുപാട് ഉത്തരവാദിത്തങ്ങളും. വിശാല ഇടതുസഖ്യത്തെ തെരഞ്ഞെടുക്കുന്ന പതിവ് രീതിയില്‍ നിന്നും മാറിക്കൊണ്ട്, ഇത്തവണ ഒരുപാട് പേര്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. അതിനര്‍ഥം ഒരു പുതിയ രാഷ്ട്രീയ വ്യവഹാരത്തിന് തുടക്കമിടാന്‍ കാമ്പസ് ഒരുക്കമാണെന്നാണ്.
നജീബിന്റെ നിര്‍ബന്ധിത തിരോധാനം സംഭവിച്ച ഒരു കാമ്പസില്‍ ആണ് താങ്കളുടെ വിജയം. മുസ്ലിം സ്ത്രീ എന്ന നിലയില്‍, അതിലുപരിയായി പാര്‍ശ്വവല്‍കൃത സമൂഹത്തില്‍ നിന്നുള്ള പ്രതിനിധി എന്ന നിലക്ക് ഈ ഐഡന്റിറ്റിയുമായി ഒരു സവര്‍ണ വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കാനും പ്രതിനിധീകരിക്കാനും താങ്കള്‍ക്ക് എന്തു മാത്രം ആത്മവിശ്വാസമുണ്ട്?
എനിക്ക് എന്നില്‍ മാത്രമല്ല വിശ്വാസമുള്ളത്. രോഹിത് വെമുല സമരം, നജീബ് സമരം തുടങ്ങി ഒട്ടേറെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് ഈ കാമ്പസിനകത്തും പുറത്തും പോരാടികൊണ്ടിരിക്കുന്ന മനോഹരമായ രണ്ട് പ്രസ്ഥാനങ്ങളില്‍ (ബാപ്സ & ഫ്രറ്റേണിറ്റി) കൂടിയാണ്. സത്യങ്ങള്‍ക്കും ശരികള്‍ക്കും വേണ്ടി എനിക്ക് പോരാടാന്‍ സാധിക്കുമെന്നും എന്റെ രണ്ട് പ്രസ്ഥാനങ്ങളും എല്ലായ്പോഴും കൂടെയുണ്ടാകുമെന്നും എനിക്കറിയാം.
വിമോചനത്തിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യത്തിന്റെ ആശയവുമാണ് ജെ.എന്‍.യുവിലെയും മറ്റു കേന്ദ്ര സര്‍വകലാശകളുമടങ്ങുന്ന വരേണ്യ ഇടങ്ങളില്‍ ഉയര്‍ത്താനുള്ളത്. സ്വാതന്ത്ര്യം എന്ന പൊതു ലക്ഷ്യത്തിനായി മുസ്ലിം-കശ്മീര്‍-ദലിത് ഐഡന്റിറ്റികള്‍ ഐക്യപ്പെടേണ്ടതുണ്ട്.

എങ്ങനെ ഈ ഒത്തുചേരല്‍ സാധ്യമാകുന്നു? ബാപ്സ-ഫ്രറ്റേണിറ്റി സഖ്യം എത്രത്തോളം ഈ ആശയത്തെ സഹായിച്ചു?
ഈ സഖ്യം തന്നെ സ്വാതന്ത്ര്യത്തിന്റെ ആശയങ്ങള്‍ക്ക് ഉദാഹരണമാണ്. ഞങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്, പാര്‍ശ്വവല്‍കൃതരായ ഞങ്ങള്‍ക്ക് മറ്റൊരാളുടെ പ്രതിനിധീകരണത്തിന്റെ ആവശ്യമില്ല. ഞങ്ങള്‍ക്ക് ഇടനിലക്കാരന്റെയോ ഇടനിലക്കാരിയുടെയോ അവശ്യമില്ല. ജാതീയതയും ഇസ്ലാമോഫോബിയയും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇഴുകിച്ചേര്‍ന്ന ജെ.എന്‍.യുപോലുള്ള ഇന്ത്യയിലെ പ്രമുഖ കാമ്പസില്‍ ഇലക്ഷനില്‍ മത്സരിക്കുകയും നമ്മുടെ സ്വത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം തന്നെയാണ്. ഈ വിജയം ബാപ്സയുടെയും ഫ്രറ്റേണിറ്റിയുടേയും മാത്രമല്ല, ഇവിടത്തെ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ വിദ്യാര്‍ഥികളുടേതും കൂടിയാണ്. ജെ.എന്‍.യുവിലെ മിക്ക ഡിപാര്‍ട്‌മെന്റുകളിലും കൂടുതല്‍ വോട്ട്‌നേടിയ രണ്ടാം സ്ഥാനക്കാരായി ബാപ്സ-ഫ്രറ്റേണിറ്റി ഉയര്‍ന്നു എന്നത് വലിയ കാര്യമല്ലേ. ഒരുപാട് പേര്‍ ഞങ്ങളുടെ രാഷ്ട്രീയത്തെ അനുകൂലിക്കുകയും പോരാട്ടത്തില്‍ പങ്കുചേരുകയും ചെയ്യുന്നു എന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്.

പ്രസിഡണ്ട് സ്ഥാനാര്‍ഥി ജിതേന്ദ്ര സുന, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി വസീം ആര്‍.എസ്, അഫ്രീന്‍ ഫാത്തിമ,… ഇടത് അഗ്രഹാരം എന്നു പേരുകേട്ട ഒരു കാമ്പസില്‍ ഇടതുപാര്‍ട്ടികളുടെ തുടര്‍ച്ചയായ വിജയം വിദ്യാര്‍ഥികളുടെ എന്തു രാഷ്ട്രീയ അവബോധത്തിലേക്കാണ് വിരല്‍ ചൂïുന്നത്? പ്രഖ്യാപിത ഇടതിന് മര്‍ദിതര്‍ക്കായി എന്തെങ്കിലും ചെയ്യാനാകും എന്നു വിശ്വസിക്കുന്നുണ്ടോ?
ബി.ജെ.പി വിജയിച്ച് വരുന്നതുപോലെത്തന്നെയാണ് ഇടതും വിജയിച്ചുപോരുന്നത്. അവര്‍ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം ഉപയോഗിച്ച് പറയും ‘ഞങ്ങള്‍ക്ക് വോട്ട് ചെയ്യൂ ഇല്ലെങ്കില്‍ എ.ബി.വി.പി വരും’. എന്നാല്‍, ഇത്തവണ മര്‍ദിതരുടെ ഐക്യത്തിന് (ബാപ്‌സ-ഫ്രറ്റേണിറ്റി) രണ്ടാം ഭൂരിപക്ഷം നല്‍കുന്നതിലൂടെ വിദ്യാര്‍ഥികള്‍ ഇടതിനോട് പറയുന്നത്, പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്നും വിദ്യാര്‍ഥി പ്രശ്‌നങ്ങളില്‍ കാര്യമായി ഇടപെട്ടേ മതിയാകൂ എന്നുമാണ്. ഇടതുപക്ഷം എന്നും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ അവരുടെ ‘ടോക്കണ്‍’ ആയി ഉപയോഗിക്കുകയായിരുന്നു. അവര്‍ സാമൂഹിക നീതിയുടെ മുദ്രാവാക്യങ്ങള്‍ എന്നും ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, അതൊന്നും ഞങ്ങളെ സംതൃപ്തരാക്കുന്നില്ല; ഒരിക്കലും ആക്കുകയുമില്ല. കാരണം, അതെല്ലാം അവരുടെ കാപട്യം മാത്രമാണ്. ബാപ്സ നേതൃത്വം നല്‍കിയിട്ടുള്ള പല പോരാട്ടങ്ങളും സമരങ്ങളും നിശബ്ദമാക്കാന്‍ പലയവസരങ്ങളിലും അവര്‍ ശ്രമിച്ചിട്ടുണ്ട്. ഞങ്ങളുടെ പോലുള്ള സംഘടനകളെ അവര്‍ പലപ്പോഴും നിസ്സാരവല്‍കരിച്ചിട്ടുണ്ട്, ഞങ്ങളെ നോക്കി ചിരിച്ചിട്ടുണ്ട്, അതിലുപരിയായി കാമ്പസ്സിലെ ഞങ്ങളുടെ നിലനില്‍പ്പിനെ തന്നെയും നിഷേധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ എന്നാല്‍ ഇടതും വലതും തമ്മില്‍ മാത്രമാണ് എന്നാണ് അവര്‍ കരുതുന്നത്.

നിങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ ഭാവിയെ കുറിച്ച് എന്താണ് പറയാനുള്ളത്. ഫ്രറ്റേണിറ്റിയുടെ രാഷ്ട്രീയമുയര്‍ത്താന്‍ എന്തൊക്കെ ഭാവി പദ്ധതികളും വീക്ഷണങ്ങളുമാണുള്ളത്?
ഞാന്‍ വളരെ ടുീിമേിലീൗ െആയ ഒരാളാണ്. അതുകൊണ്ടുതന്നെ മുന്‍ നിശ്ചയിക്കപ്പെട്ട പദ്ധതികള്‍ ഉണ്ടോ എന്നു ചോദിച്ചാല്‍ പ്രയാസകരമാണ് മറുപടി. പക്ഷേ, ഒന്ന് എനിക്കുറപ്പാണ്; അടിച്ചമര്‍ത്തലുകള്‍ക്കെതിരെ അതിയായ അഭിനിവേശത്തില്‍ പോരാടുക തന്നെ ചെയ്യും. അത് ഈ രാജ്യത്തിന്റെ തീവ്ര വലതില്‍ നിന്നോ പറയപ്പെട്ട പുരോഗമന ഇടതില്‍ നിന്നോ ആകട്ടെ.

കടപ്പാട്: expatalive.com

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757