keralanewszero hour

ചരിത്രം കുറിച്ച സാഹോദര്യ രാഷ്ട്രീയ ജാഥ – നജ്ദ റൈഹാന്‍

 

‘വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി 2019 ജൂലൈ 1 മുതല്‍ 20 വരെ സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ ജാഥ പ്രമേയം കൊണ്ടും രൂപകല്‍പന കൊണ്ടും വേറിട്ട ഒരു അനുഭവമായി. ജൂലൈ ഒന്നിന് തിരുവനന്തപുരം അയ്യങ്കാളി സ്‌ക്വയറില്‍ നിന്ന് ജാഥാ ജനറല്‍ കണ്‍വീനറും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.എസ് നിസാറില്‍ നിന്നും സംസ്ഥാന വൈസ് പ്രസിഡണ്ടും ജാഥാ മാനേജറുമായ എസ് മുജീബ് റഹ്മാന്‍ ഏറ്റുവാങ്ങിയ പതാക ഉദ്ഘാടന നഗരിയായ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തെ വേദിയില്‍ എത്തിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ജാഥ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ സെക്രട്ടറിയുമായ എസ്.ഇര്‍ഷാദില്‍ നിന്ന് ജാഥാ ക്യാപ്റ്റന്‍ ഷംസീര്‍ ഇബ്രാഹിം പതാക ഏറ്റുവാങ്ങി. പോലീസ് രാജിനെയും ഇടത് സ്റ്റാലിനിസത്തെയും മറികടന്ന് ജൂലൈ 20 ന് തൃശൂര്‍ പായല്‍ തദ്‌വി നഗറില്‍ സമാപിക്കുമ്പോള്‍ ആവേശം ഒട്ടും ചോരാതെ വിദ്യാര്‍ഥി യുവജനങ്ങള്‍ ജാഥയെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരുന്നു. സംസ്ഥാന പ്രസിഡണ്ട് ഷംസീര്‍ ഇബ്‌റാഹിം ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി മഹേഷ് തോന്നയ്ക്കല്‍ വൈസ് ക്യാപ്റ്റനുമായ സാഹോദര്യ രാഷ്ട്രീയ ജാഥയില്‍ ജനറല്‍ സെക്രട്ടറി കെ എം ഷെഫ്രിന്‍, വൈസ് പ്രസിഡണ്ടുമാരായ അനീഷ് പാറമ്പുഴ, നജ്ദ റൈഹാന്‍, സെക്രട്ടറിമാരായ അജീഷ് കിളിക്കോട്ട്, സാന്ദ്ര എം.ജെ എന്നിവര്‍ സ്ഥിരാംഗങ്ങളായിരുന്നു. സെക്രട്ടറി സനീഷ് പടിഞ്ഞാറത്തറ, സെക്രട്ടേറിയറ്റംഗം നഈം ഗഫൂര്‍ എന്നിവരായിരുന്നു അസി.മാനേജര്‍മാര്‍.

ഒന്നാം ദിനം തിരുവനന്തപുരം ഗവ. ലോ കോളേജില്‍ ജാഥ എത്തിയപ്പോള്‍ ജാഥാംഗങ്ങള്‍ക്കെതിരില്‍ എസ.്എഫ്.ഐയുടെയും പോലീസിന്റെയും ക്രൂരമായ ആക്രമണങ്ങള്‍ ഉണ്ടാവുകയും സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടിനുള്‍പ്പെടെ മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി നബീല്‍ പാലോട് ഉള്‍പ്പെടെ ഏഴ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ജാഥാ വാഹനങ്ങളും മീഡിയ ടീമിന്റെ ക്യാമറകളും പോലീസ് പിടിച്ചെടുത്തു. വര്‍ധിതമായ സമരവീര്യത്തോടെ അടുത്ത ദിവസം കൊല്ലം ജില്ലയിലെ പര്യടനങ്ങള്‍ നടത്തി ജാഥ പുനരാരംഭിച്ചു. വൈസ് ക്യാപ്റ്റന്‍ മഹേഷ് തൊന്നക്കലിന്റെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ ആലപ്പാട്ട് ഖനന വിരുദ്ധ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. പിന്നീട് കേരളത്തിലെ അറുപതിലധികം ക്യാമ്പസുകളിലും ആറ് സര്‍വകലാശാലകളിലും വിവിധ സമര ഭൂമികളിലും പ്രധാന നഗരങ്ങളിലും ടൗണ്‍ കേന്ദ്രങ്ങളിലും സ്വീകരണങ്ങളേറ്റുവാങ്ങി.

കാമ്പസ് ജനാധിപത്യം, മലബാര്‍ വിദ്യാഭ്യാസ അവഗണന, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍, പ്രൈവറ്റ് വിദ്യാര്‍ഥികളോടുള്ള വിവേചനം, ദേശീയ വിദ്യാഭ്യാസ നയം, ഖാദര്‍ കമ്മീഷന്‍, സംവരണ അട്ടിമറി തുടങ്ങി നിരവധി വിദ്യാഭ്യാസ വിഷയങ്ങളും സംഘ്പരിവാറിന്റെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, എന്‍.ഐ.എ-യു.എ.പി.എ ഭേദഗതി ബില്ലുകള്‍, അതിഥി തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയ സാമൂഹിക വിഷയങ്ങളും ജാഥ ഉയര്‍ത്തിയിരുന്നു.

വിദ്യാഭ്യാസ വിഷയങ്ങളില്‍ കേവല വിമര്‍ശനങ്ങള്‍ക്ക് പകരം കൃത്യമായ രാഷ്ട്രീയ പരിഹാരങ്ങള്‍ ജാഥ മുന്നോട്ടുവെച്ചു. പ്രസംഗങ്ങളിലും മുദ്രാവാക്യങ്ങളിലും ഉന്നയിക്കുക മാത്രമല്ല; ഉത്തരവാദപ്പെട്ടവരുടെ മുന്നില്‍ രേഖാമൂലം എത്തിക്കുകയും ചെയ്തു. ജാഥയുടെ ഭാഗമായി വിവിധ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ നേരില്‍ കാണുകയും വിദ്യാര്‍ഥി-വിദ്യാഭ്യാസ വിഷയങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ജാതി, മതം, ലിംഗം, പ്രദേശം, വര്‍ഗം, ഭാഷ തുടങ്ങി വിവേചനങ്ങളുടെ അടിസ്ഥാന കാരണങ്ങളെ ജാഥ ചര്‍ച്ച ചെയ്തു. എല്ലാത്തരം വിധേയത്വങ്ങളോടും വിസമ്മതിക്കാന്‍ ജാഥ ആഹ്വാനം ചെയ്തു. രോഹിത് വെമുല, നജീബ് അഹമദ്, ഡോ. പായല്‍ തദ്‌വി, അഡ്വ. ഷാഹിദ് ആസ്മി, ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി, പന്‍സാരെ, ഹാഫിസ് ജുനൈദ്, അഖ്‌ലാഖ്, തബ്ര്‌രീസ് അന്‍സാരി, റിയാസ് മൗലവി, കൊടിഞ്ഞി ഫൈസല്‍, വിനായകന്‍, കെവിന്‍, സക്കരിയ, മഅദനി, സഞ്ജീവ് ഭട്ട്, ഡോ. കഫീല്‍ ഖാന്‍, ജസ്റ്റിസ് ലോയ, ധബോല്‍ക്കര്‍ തുടങ്ങി വ്യത്യസ്ത വിവേചനങ്ങള്‍ക്കിരയായവരും വിധേയത്വങ്ങളോട് വിസമ്മതിച്ചും പ്രതിരോധിച്ചും നിന്നവരുടെ പേരുകള്‍ ജാഥയില്‍ നിരന്തരമായി മുഴക്കി. സംഘ്പരിവാറിന്റെ സവര്‍ണ ദേശീയതയെയും സമഗ്രാധിപത്യത്തെയും ജാഥ ശക്തമായി വിചാരണ ചെയ്തു.


എസ്.എഫ്.ഐയുടെ സ്റ്റാലിനിസ്റ്റ്-ഏകാധിപത്യ കോട്ടകളെ ഭേദിച്ച് കാമ്പസുകളില്‍ ജനാധിപത്യ തുറസ്സുകള്‍ സാധ്യമാക്കുക എന്നതും ജാഥയുടെ പ്രധാന ലക്ഷ്യമായിരുന്നു. ഇന്നലെകളില്‍ തല്ലിയൊതുക്കുകയും, ഇതര വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും, വിദ്യാര്‍ഥികളെ ഇടിമുറികളില്‍ പീഡിപ്പിക്കുകയും ചെയ്യുന്ന കാമ്പസുകളില്‍ ജാഥ ധൈര്യപൂര്‍വം കയറിച്ചെന്നു. ഇടതുഫാസിസത്തിന് കേളികേട്ട കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് കാമ്പസ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ്, പേരാമ്പ്ര സി.കെ.ജി കോളജ്, മടപ്പള്ളി ഗവ.കോളജ്, മീഞ്ചന്ത ഗവ.ആര്‍ട്‌സ് & സയന്‍സ് കോളജ്, കോഴിക്കോട് ഗവ. ലോ കോളജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്, പാലക്കാട് ഗവ. വിക്‌ടോറിയ കോളജ്, തൃശൂര്‍ ഗവ.എഞ്ചി.കോളജ് തുടങ്ങിയ കാമ്പസുകളില്‍ ജാഥ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം ലോ കോളജിലും, ആലപ്പുഴ എസ്.ഡിയിലും, കോട്ടയം എം.ജി വാഴ്‌സിറ്റിയിലും, എറണാകുളം മഹാരാജാസിലുമൊക്കെ പോലീസിനെ മുന്നില്‍ വെച്ച് എസ്.എഫ്.ഐ ജാഥയെ നേരിട്ടു. പെരിന്തല്‍മണ്ണ പോളിടെക്‌നിക്കിലേതുപോലെ എസ്.എഫ്.ഐ മുഖാമുഖം തടയാന്‍ ശ്രമിച്ച ഇടങ്ങളിലൊക്കെ അത് ഭേദിച്ച് നിശ്ചയിച്ച ഇടങ്ങളില്‍ തന്നെ പരിപാടി നടത്തി.

വിവിധ അക്കാദമിഷ്യന്‍മാര്‍, ആക്ടിവിസ്റ്റുകള്‍, സമര നേതാക്കള്‍ തുടങ്ങിയവരുമായും ജാഥ ആശയവിനിമയം നടത്തിയിരുന്നു. ജാഥയുടെ ഭാഗമായി തൃശൂരില്‍ നടന്ന സാഹോദര്യ സംഗമം മൂവ്‌മെന്റ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ക്ക് വേദിയായി. കെ.കെ ബാബുരാജ്, എ.കെ വാസു, അനൂപ് വി.ആര്‍, സ്വാലിഹ് കോട്ടപ്പള്ളി, പ്രഭാകരന്‍ വരാപ്രത്ത്, സയ്യിദ് ഉമര്‍ തങ്ങള്‍ തുടങ്ങി സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുകയും തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷകളും പങ്കുവെക്കുകയും ചെയ്തു.

പൊതുബോധങ്ങള്‍ക്ക് ഒപ്പം ഒഴുകിയ ഒന്നായിരുന്നില്ല സാഹോദര്യ രാഷ്ട്രീയ ജാഥ. പൊതുബോധങ്ങള്‍ക്ക് തിരുത്ത് കുറിക്കാനും മൂവ്‌മെന്റുയര്‍ത്തുന്ന രാഷ്ട്രീയത്തെയും ജാഥാ പ്രമേയത്തെയും കൂടുതല്‍ വ്യക്തമായും ധീരമായും പറയാനും ജാഥ തീരുമാനിച്ചിരുന്നു. അത് ഒരളവുവരെ സാധിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഈരാറ്റുപേട്ടയില്‍ നടന്ന കോട്ടയം ജില്ലയുടെ സമാപന സമ്മേളനത്തില്‍ പാനായിക്കുളം കേസില്‍ അന്യായമായി തടവിലാക്കപ്പെട്ട് പിന്നീട് നിരപരാധിയാണെന്നു കണ്ട് കോടതി വെറുതെ വിട്ട റാസിഖ് റഹീം ഫ്രറ്റേണിറ്റിയുടെ അതിഥിയായെത്തിയതും ശേഷം തന്റെ വീട്ടില്‍ അദ്ദേഹം ഫ്രറ്റേണിറ്റി നേതാക്കള്‍ക്ക് ആതിഥ്യമരുളിയതും. ജാതി ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ വീടും ജാഥാ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലാ പ്രസിഡണ്ട് അര്‍ച്ചനാ പ്രജിത് ഉള്‍പ്പെടെയുള്ള ഫ്രറ്റേണിറ്റി നേതൃത്വം സന്ദര്‍ശിച്ചിരുന്നു.

ഫ്രറ്റേണിറ്റി ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന വ്യത്യസ്ത സന്ദര്‍ശനങ്ങള്‍ ജാഥാ അംഗങ്ങള്‍ നടത്തിയിരുന്നു. നേരത്തേ തന്നെ ഫ്രറ്റേണിറ്റി ഇടപെട്ടുവന്ന വടയമ്പാടി ജാതി മതില്‍ വിരുദ്ധ സമര പ്രവര്‍ത്തകരെയും പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റ് വിരുദ്ധ സമര പന്തലും ജാഥ സന്ദര്‍ശിക്കുകയും പ്രസ്തുതസമരങ്ങളോടുള്ള സാഹോദര്യ രാഷ്ട്രീയത്തിന്റെ പ്രതിബദ്ധത പ്രഖ്യാപിക്കുകയും ചെയ്തു. സഹോദരന്‍ അയ്യപ്പന്റെ ചെറായിയിലെ ജന്മ ഗൃഹം, തൃശൂരിലെ മണിയന്‍ കിണര്‍ ആദിവാസി കോളനി, അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുള്ള വെളിയങ്കോട് ഉമര്‍ ഖാസിയുടെ അന്ത്യവിശ്രമ സ്ഥലം, 1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിനിടെ രക്തസാക്ഷികളായ പൂക്കോട്ടൂര്‍ ശുഹദാക്കളുടെ സ്മാരകം, മുത്തങ്ങ ഭൂസമര രക്തസാക്ഷി ജോഗിയുടെ സ്മാരകം തുടങ്ങിയിടങ്ങളിലേക്കും ജാഥ എത്തിയിരുന്നു.

ലോക്കപ്പ് മര്‍ദനത്തിനിരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന പാവറട്ടിയിലെ ദലിത് യുവാവ് വിനായകന്റെ വീട്ടില്‍ ജാഥാംഗങ്ങള്‍ സന്ദര്‍ശനം നടത്തി. നേരത്തേ വിനായകന്റെ മരണത്തിനുത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പാവറട്ടി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ ഫ്രറ്റേണിറ്റി നടത്തിയിരുന്നു. ഭരണകൂട ഭീകരതയുടെ കേരള ചരിത്രത്തില്‍ എക്കാലത്തെയും ഞെട്ടിക്കുന്ന ഏടായ കേരള പോലീസ് 1991 ല്‍ വെടിവെച്ച് കൊന്ന പതിനൊന്നുകാരിയായ സിറാജുന്നിസയുടെ പാലക്കാട് പുതുപ്പള്ളി തെരുവിലെ കുടുംബത്തെയും ക്യാപ്റ്റന്‍ ഷംസീര്‍ ഇബ്‌റാഹിമിന്റെ നേതൃത്വത്തില്‍ ജാഥാംഗങ്ങള്‍ സന്ദര്‍ശിച്ചു.

ജാഥ മലപ്പുറം ജില്ലയിലെത്തിയപ്പോള്‍ ബാംഗ്ലൂര്‍ കേസില്‍ അന്യായമായി തടവിലാക്കപ്പെട്ട പരപ്പനങ്ങാടിയിലെ സക്കരിയയുടെ മാതാവ് ബീയുമ്മയെ സന്ദര്‍ശിക്കുകയും അവര്‍ ജാഥാംഗങ്ങള്‍ക്കായി സല്‍ക്കാരമൊരുക്കുകയും ചെയ്തിരുന്നു. കൂടാതെ, ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ സംഘ്പരിവാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്റെ കുടുംബത്തെയും നിലമ്പൂര്‍ എം.ആര്‍.എസില്‍ ദുരൂഹ മരണത്തിനിരയായ ആദിവാസി വിദ്യാര്‍ഥി സതീഷിന്റെ അപ്പന്‍കാവ് കോളനിയിലെ വീടും ജാഥയുടെ ഭാഗമായി സന്ദര്‍ശിച്ചു. കോഴിക്കോട് ജില്ലയില്‍ ജാതി അയിത്തം മൂലം ചര്‍ച്ചയായ പേരാമ്പ്ര വെല്‍ഫെയര്‍ എല്‍.പി സ്‌കൂള്‍ സന്ദര്‍ശിക്കുകയും അധ്യപകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ വെച്ച് അയിത്തത്തിനെതിരെ പോരാടുകയും തങ്ങളുടെ കുട്ടികളെ ആ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്ത രക്ഷിതാക്കളെ മൂവ്‌മെന്റ് ആദരിച്ചു. നിപ വൈറസ് കാലത്ത് ധൈര്യപൂര്‍വം സേവന രംഗത്ത് കര്‍മനിരതയായിരിക്കെ മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ ജാഥ സന്ദര്‍ശിച്ചു. ഭൂമിക്കായി പൊരുതുന്ന തൊവരിമല സമരസമിതിയുടെ വയനാട് കലക്ടറേറ്റിന് മുന്നിലെ സമര പന്തല്‍ സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കുകയും ചെയ്തു.
മേല്‍ സൂചിപ്പിച്ച ഏതാണ്ട് എല്ലാ (സ്ഥലങ്ങളിലും) വിഷയങ്ങളിലും രൂപീകരണം മുതല്‍ തന്നെ ഫ്രറ്റേണിറ്റി കൂടെ നിന്നിട്ടുണ്ട്. അത് കൊണ്ടുതന്നെ മികച്ച സ്വീകരണമാണ് മേല്‍ സന്ദര്‍ശനങ്ങളില്‍ ജാഥക്ക് ലഭിച്ചത്. സാഹോദര്യ രാഷ്ട്രീയം എന്ന പുതിയകാല മുദ്രാവാക്യത്തെ കാമ്പസുകളില്‍ ഉയര്‍ത്താന്‍ ജാഥക്ക് സാധിച്ചിട്ടുണ്ട്. പാരമ്പര്യ വിദ്യാര്‍ഥി സംഘടനകളുടെ പഴകിപുളിച്ച മുദ്രാവാക്യങ്ങള്‍ക്ക് മുന്നില്‍ പുതിയകാല രാഷ്ട്രീയത്തെ കാമ്പസുകള്‍ വലിയ രീതിയില്‍ സ്വീകരിച്ചു. ഫ്രറ്റേണിറ്റിയുടെ ആശയവും, നയവും, രാഷ്ട്രീയ ഊന്നലുകളും പ്രതിഫലിപ്പിക്കുന്നതായിരുന്നു സാഹോദര്യ രാഷ്ട്രീയ ജാഥ. ഫ്രറ്റേണിറ്റിയെ പഠിക്കാനാഗ്രഹിക്കുന്ന രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് മികച്ച ഒരു റഫറന്‍സ് കൂടിയായിരുന്നു ജാഥ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757