zero hour

വിമാനത്തില്‍ കയറി ടോയ്‌ലറ്റില്‍ പോവുമ്പോള്‍ സൂക്ഷിക്കണം – മാധ്യമങ്ങളുടെ ഇസ്‌ലാമോഫോബിയയെ വിമര്‍ശിച്ച് പ്രവാസി മലയാളി

 

പ്രവാസി മലയാളി മുഹമ്മദ് നജീബ് എഫ്.ബിയില്‍ കുറിക്കുന്നു..
ഫ്‌ലൈറ്റില്‍ കയറി ടോയ്‌ലറ്റില്‍ പോവുമ്പോള്‍ സൂക്ഷിക്കണം. നിങ്ങളടിക്കുന്ന ഫ്‌ലഷിന്റെ എണ്ണമെടുക്കാന്‍ ചിലപ്പോള്‍ പുറത്ത് ആളുണ്ടാവും. ഒന്നിലധികം ഫ്‌ലഷടിച്ചാല്‍ ചിലപ്പൊ കുടുങ്ങിയെന്നിരിക്കും. ഭാഗ്യമുണ്ടെങ്കില്‍ ഭീകരനുമാകും.

സംഭവിച്ചത് അമേരിക്കന്‍ എയര്‍ലൈന്‍സില്‍. വിമാനം വൈകുമെന്നറിഞ്ഞതോടെ യാത്രക്കാരിലൊരാളായ ഇസ്സാം അബ്ദുല്ല ബാത്ത് റൂമില്‍ കയറിയതാണ്. ഇറങ്ങി വന്നപ്പൊ എയര്‍ഹോസ്റ്റസ് ഒളിഞ്ഞു നോട്ടം നടത്താനെന്ന പോലെ അകത്തേക്ക് നോക്കി നില്‍ക്കുന്നു. ( അദ്ദേഹത്തിന്റെ വാക്കുകള്‍).

ഒരു തവണ കാര്യം സാധിച്ച് രണ്ട് തവണ ഫ്‌ലഷടിച്ച ഇയാള്‍ ഒരു ഭീകരനാവാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് ആ സ്ത്രീക്ക് തോന്നി. സുരക്ഷാബോധം ഉണര്‍ന്നു. അടിയന്തര സന്ദേശം അയച്ചു. പുകിലായി. വിമാനം റദ്ദുമായി. യാത്രക്കാരെ മുഴുവനിറക്കി. നീണ്ട പരിശോധനകള്‍.
എന്ത് കിട്ടാന്‍. പരിശോധനകളെല്ലാം വൃഥാവിലായി. പാവം യാത്രക്കാരന്‍ ‘കാര്യം സാധിച്ച’തിന്റെ പേരില്‍ നാണക്കേടിലുമായി. അദ്ദേഹം നേരെ പോയി അമേരിക്കന്‍ എയര്‍ലൈന്‍സിനെതിരെ വംശീയ വിവേചനം ആരോപിച്ച് പത്ര സമ്മേളനം നടത്തി. നടപടി ആവശ്യപ്പെടുകയും ചെയ്തു.

ഇസ്സാം അബ്ദുല്ല വിമാനത്തിലുണ്ടായ മറ്റൊരു പരിചയക്കാരനായ യാത്രക്കാരനെ കൈവീശി കാണിച്ചതും വിമാനക്കാരിയെ പേടിപ്പിച്ചുവത്രെ.
(പണ്ടൊരാള്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് സുഹൃത്തായ ജാക്കിനെ അവിചാരിതമായി കണ്ടപ്പോള്‍ സ്‌നേഹത്തോടെ Hi, Jack  എന്ന് ഉറക്കെ അഭിവാദ്യം ചെയ്തു. അയാളെ വിമാനം ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ പിടിച്ചതായി ഒരു കഥയുണ്ട്. ഇരിക്കട്ടെ).

കഥ തീര്‍ന്നില്ല. News 18 English വഴി 21.9.2019 ന് സംഭവം ഇവിടെയെത്തിയപ്പോള്‍ സംഗതികളൊക്കെ ഓക്കെ. 22 ന് അതേ ചാനല്‍ വാര്‍ത്ത മലയാളത്തിലാക്കിയപ്പോള്‍ സംഗതി മാറി. രണ്ട് യാത്രക്കാരെ ചാനല്‍ വിമാനത്തില്‍ ‘ നിസ്‌കരിപ്പിച്ചു’. ഇവരുടെ നിസ്‌കാരം കാരണം ഫ്‌ലൈറ്റ് റദ്ദായതായി തലക്കെട്ട്. നിസ്‌കാരം News 18 ന്റെ ഇംഗ്ലീഷിലോ BBC യിലോ ഒന്നുമില്ല.

നിസ്‌കരിച്ചത് കാരണം വിമാനം റദ്ദായാല്‍ ജന്മ ഭൂമിക്ക് സഹിക്കുമോ. 23 ന് നിസ്‌കരിപ്പിച്ച് വിമാനം റദ്ദാക്കി വാര്‍ത്ത കൊടുത്ത് അവരും സായൂജ്യമടഞ്ഞു.
എന്ത് പറയാന്‍. ചില ഫോബിയകള്‍ അങ്ങിനെയാണ്. വിമാനം മാത്രമല്ല സത്യസന്ധത വരെ എല്ലാം റദ്ദാവും.
NB: പത്രക്കട്ടിങ്ങുകള്‍തോന്നിയിരിക്കണം.

മാധ്യമ റിപ്പോര്‍ട്ടുകള്‍:

വിമാനത്തില്‍വെച്ച് രണ്ട് മുസ് ലിം യാത്രികര്‍ നമസ്‌കരിച്ചതിനെത്തുടര്‍ന്ന് സര്‍വീസ് റദ്ദാക്കിയതായി മലയാള മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയിരുന്നു.

ബര്‍മിങ്ഹാമില്‍നിന്ന് ദല്ലാസിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. അബ്ദുറൂഫ് അല്‍ഖവല്‍ദേ, ഇസാം അബ്ദുല്ല എന്നീ രണ്ടു യാത്രികര്‍ വിമാനത്തില്‍ നിസ്‌ക്കരിച്ചതോടെയാണ് സര്‍വീസ് റദ്ദാക്കിയത്. ഇവരില്‍ ഒരാള്‍ ടോയിലറ്റില്‍ ഏറെനേരം ചെലവഴിച്ചതും രണ്ടുതവണ ഫ്‌ലഷ് ചെയ്തതും ചില ജീവനക്കാര്‍ സംശയത്തോടെയാണ് കണ്ടത്. രണ്ടായി ടിക്കറ്റ് ബുക്ക് ചെയ്ത ഇരുവരും ഒരുമിച്ച് നിസ്‌ക്കരിക്കുക കൂടി ചെയ്തതോടെ വിമാനം റദ്ദാക്കുകയായിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമാണിതെന്ന് പിന്നീട് കൌണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാം റിലേഷന്‍സ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അബ്ദല്ല പറഞ്ഞു. വിമാനത്തിലെ സംഭവം തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കിയെന്നും മാനസികസമ്മര്‍ദ്ദം കാരണം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സാങ്കേതിക തകരാര്‍ കാരണം വിമാനം വൈകുമെന്ന് അറിയിച്ച് നിരവധി തവണ അനൌണ്‍സ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഞാന്‍ ടോയിലറ്റിലേക്ക് പോയത്. ടോയിലറ്റില്‍നിന്ന് തിരികെ എത്തിയപ്പോള്‍ ഡോര്‍ പുറത്തുനിന്ന് ലോക്ക് ചെയ്തിരിക്കുകയായിരുന്നു. ഏറെതവണ ആവശ്യപ്പെട്ടശേഷമാണ് ഫ്‌ലൈറ്റ് അറ്റ്ന്‍ഡന്റ് ഡോര്‍ തുറക്കാന്‍ തയ്യാറായത്. ഈ സംഭവം ശരിക്കും ഞെട്ടിച്ചു. പിന്നീട് സീറ്റില്‍ പോയി ഇരുന്നു. എന്നാല്‍ വൈകാതെ വിമാനം റദ്ദാക്കിയെന്ന പ്രഖ്യാപനമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്’- ഇസാം അബ്ദല്ല പറഞ്ഞു.


‘വിമാനത്താവളത്തില്‍ എത്തിയതുമുതല്‍ സുരക്ഷാ ജീവനക്കാരും മറ്റും എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എവിടേക്ക് തിരിഞ്ഞാലും അവര്‍ പിന്നാലെ ഉണ്ടായിരുന്നു. ഇതിനിടയില്‍ വിമാനത്താവളത്തിലെ പൊലീസുകാരും എഫ്.ബി.ഐ ഏജന്റും എന്നെ സമീപിച്ച് കൂടുതല്‍ സംസാരിക്കാനുണ്ടെന്നും സെക്യൂരിറ്റി ഏരിയയിലേക്ക് വരണമെന്നും അറിയിച്ചു. എന്നെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിച്ച് വിട്ടയയ്ക്കുകയും ചെയ്തു’- ഇസാം അബ്ദല്ല പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757