zero hour

മാര്‍ക്‌സിസം തങ്ങളുടെ വിമോചന ചിന്തയല്ലെന്നു പറയുന്ന അംബേദ്ക്കറൈറ്റുകളുമുണ്ട് – ആര്‍.കെ ബിജുരാജിന്റെ ലേഖനത്തിന് കെ.കെ ബാബുരാജിന്റെ മറുകുറിപ്പ്

പച്ചക്കുതിര മാസിക സെപ്റ്റംബര്‍ ലക്കത്തില്‍ ‘അംബേദ്ക്കറും കമ്യൂണിസ്റ്റുകാരും ശത്രുപരമ്പരയും’ എന്ന തലക്കെട്ടില്‍ ആര്‍.കെ ബിജുരാജ് എഴുതിയ ലേഖനത്തിന് പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ എഴുതിയ മറുകുറിപ്പ്.

ആദിമ ക്രൈസ്തവരുടെ വാഗ്ദത്ത ഭൂമിയാണല്ലോ കനാന്‍ ദേശം. ഇന്ത്യയിലെ ദളിതര്‍ അടക്കമുള്ള പിന്നണിജനതകള്‍ക്ക് തങ്ങളുടെ വാഗ്ദത്ത ഭൂമി കിട്ടാന്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍ ആണത്രേയുള്ളത്. ഒന്ന്; കമ്മ്യൂണിസ്റ്റുകള്‍ ജാതിയെ അഭിസംബോധന ചെയ്യുക. രണ്ട്; അവരുടെ കേന്ദ്രസമിതികളില്‍ ദലിതര്‍ക്കും മറ്റും പ്രവേശനം അനുവദിക്കുക. ഈ രണ്ടു പിഴവുകള്‍ തീര്‍ത്താല്‍ കാര്യങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുമെന്ന പഴമൊഴി ആരാണ് പറഞ്ഞതെന്നറിയില്ല. എങ്കിലും എവിടെയും ഇപ്പോഴും കേള്‍ക്കുന്ന പല്ലവിയാണിത്.

മാര്‍ക്‌സിസ്റ്റുകള്‍ ജാതിയെ അഭിസംബോധന ചെയ്താലും ഇല്ലെങ്കിലും അവരുടെ കേന്ദ്രകമ്മറ്റികളില്‍ കീഴാളര്‍ക്ക് പ്രവേശനം കിട്ടിയാലും ഇല്ലെങ്കിലും ; ഇന്ത്യയില്‍ എന്നല്ല ലോകത്തെവിടെയെങ്കിലും നവീന വിഷയികള്‍ എന്നറിയപ്പെടുന്ന പുതുസാമൂഹിക വിഭാഗങ്ങള്‍ മാര്‍ക്‌സിസത്തെ തങ്ങളുടെ വിമോചന ദര്‍ശനമായി കാണുമോ? ഇല്ലെന്നാണ് തോന്നുന്നത്. കാരണം, മാര്‍ക്‌സിസം വൈരുദ്ധ്യചിന്ത അടിസ്ഥാനമായ ഒരു ദര്‍ശനമാണ്. ഇതിനു കീഴാളരുടെ ശബ്ദത്തെയോ സാമൂഹികമായ ചലനത്തെയോ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് മാത്രമല്ല, ഇത്തരം പ്രശ്‌നങ്ങളെ” ഹൊറര്‍”ആയി കാണാനേ പറ്റു.

ഡോ.ബി.ആര്‍ അംബേദ്കര്‍ സോഷ്യലിസത്തിന്റെ സാമ്പത്തിക നീതി സങ്കല്‍പങ്ങളെ പിന്തുണക്കുകയും ലിബറല്‍ ഡെമോക്രസിയില്‍ വിശ്വസിക്കുകയും ലോകമെമ്പാടുമുള്ള പീഡിതരുടെ ഉണര്‍ച്ചകളോട് ആഭിമുഖ്യം കാണിക്കുകയും ചെയ്തിട്ടുണ്ടന്നത് വസ്തുതയാണ്. ഇതിനര്‍ഥം അദ്ദേഹത്തെ വൈരുധ്യ വാദത്തിന്റെ കുറ്റിയില്‍ കെട്ടാമെന്നല്ല. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ദാര്‍ശനിക അടിത്തറ രൂപീകരിച്ച കെ. ദാമോദരന്‍ മുതല്‍ ദേബിപ്രസാദ് ചതോപാധ്യായ വരെയുള്ളവര്‍ തത്വ ചിന്തയെ ആത്മീയ വാദം, ഭൗതികവാദം എന്നിങ്ങനെ രണ്ടായി തിരിക്കുകയും അതില്‍ ഭൗതികവാദത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയുമാണ് ചെയ്തത്. ഡോ.അംബേദ്കര്‍ ഇത്തരം വിഭജനം അംഗീകരിച്ചതായി കാണുന്നില്ല. കമ്മ്യൂണിസ്റ്റ് ചിന്തകര്‍ സ്വാമി വിവേകാന്ദന്റെ ഹൈന്ദവ പരിഷ്‌കരണത്തെ പുതുയുഗപ്പിറവിയായി ഉള്‍കൊള്ളുകയും ചാര്‍വാക ദര്‍ശനമടക്കമുള്ളവയെ അതിലേക്ക് സാംശീകരിക്കുകയുമാണ് ചെയ്തത്. ഇതേസമയം മേല്‍പറഞ്ഞവര്‍ നിരാകരിച്ച മഹാത്മ ഫൂലെ പോലുള്ളവരുടെ അബ്രാഹ്മണിക ചിന്തകളെ വീണ്ടെടുക്കുകയും ബുദ്ധിസത്തെ നവീകരിച്ചുകൊണ്ടു നവ ഹൈന്ദവതക്ക് പ്രതിഘടന രൂപപ്പെടുത്തുകയുമാണ് ഡോ. അംബേദ്കര്‍ ചെയ്തത്.

പ്രിയസുഹൃത്ത് ആര്‍.കെ ബിജുരാജ് പറയുന്നതുപോലെ അംബേദ്കറൈറ്റുകളും മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ കടുത്ത ശത്രുത നിലനില്‍ക്കുന്നുണ്ടോ എന്നറിയില്ല. എന്നാല്‍, മാര്‍ക്‌സിസം തങ്ങളുടെ വിമോചന ചിന്ത അല്ലെന്നു പറയുന്ന അംബേദ്ക്കറൈറ്റുകള്‍ ഉണ്ട്. മാര്‍ക്‌സിസ്റ്റുകള്‍ക്ക് പാര്‍ലമെന്ററി അധികാരം കിട്ടിയ കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലും അവരുടെ വിപ്ലവ വിമോചിത മേഖലകള്‍ ഉണ്ടായ തെലുങ്കാന, നക്‌സല്‍ബാരി, ദണ്ഡകാരണ്യ പോലുള്ള സ്ഥലങ്ങളിലും ദലിതരുടെയും മറ്റു കീഴാളരുടെയും സാമൂഹികമായ ചലനം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി എന്നുപറയുന്ന അംബേദ്ക്കറൈറ്റുകളും ഉണ്ട്. ഉദാഹരണമായി കേരളത്തിലെ ആദിവാസികളുടെ ഭൂമി അന്യാധീനപെട്ടതും. ഭൂപരിഷ്‌കരണത്തിന്റെ ബാക്കിപത്രമായി കോളനികള്‍ ഉണ്ടായതും വിദ്യാഭ്യാസ ബില്ലിലൂടെ സ്വകാര്യ മാനേജ്‌മെന്റുകള്‍ കൊഴുത്തതും ഇടതുപക്ഷത്തിന്റെ പാര്‍ലമെന്ററി അധികാരത്തിന്റെ പിന്‍ബലത്തിലല്ലേ? ഇക്കാര്യങ്ങള്‍ പറയുന്നതാണോ ശത്രുത? അതോ കീഴാളര്‍ സംസാരിക്കാന്‍ പാടില്ലെന്ന കല്‍പനയണോ ‘ഉദാര മാര്‍ക്‌സിസം ‘. അംബേദ്കറൈറ്റുകള്‍ നിരവധി വിഭാഗങ്ങള്‍ ഉള്ളത് ഒരു ആക്ഷേപമാണത്രേ.

ബിജുരാജ് പറയുന്ന കാര്യങ്ങളോട് അക്കമിട്ടു മറുപടിക്ക് താല്‍പര്യമില്ല. എങ്കിലും ഡോ. അംബേദ്കറെ മുസ്‌ലിം വിരുദ്ധനാക്കുന്ന ഹിന്ദുത്വ അജണ്ടയെയും അദ്ദേഹത്തെ ആദിവാസി വിരുദ്ധനും ഭരണകൂട ഏജന്റും ആക്കുന്ന മാവോയിസ്റ്റ് പ്രചാരണത്തെയും തുറന്നുകാട്ടികൊണ്ടു ഈ ലേഖകന്‍ മുന്‍പേ എഴുതിയിട്ടുള്ളതായി ഓര്‍മിപ്പിക്കുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757