keralanews

ഗെയില്‍: രാസലായനി ശേഖരിച്ച ബണ്ട് പൊട്ടി; ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

മുക്കം: ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന വഴിയിലെ കുന്നുകള്‍ തുളക്കാനുപയോഗിക്കുന്ന രാസലായനി ശേഖരിച്ച ബണ്ട് പൊട്ടി കാരശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍പറമ്പ് പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും അടിയന്തര പരിഹാരം കാണണമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. സമരസമിതി നേതാക്കളുമായും നാട്ടുകാരുമായും സംഘം ചര്‍ച്ച നടത്തി. ലായനിയില്‍ കെമിക്കല്‍ ഉള്ളതിനാല്‍ ശരീരം സ്പര്‍ശിക്കരുതെന്നാണ് ഗെയില്‍ ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ലായനിയിലടങ്ങിയത് മുള്‍ട്ടാണിമിട്ടിയാണെന്നും അത് പ്രകൃതിദത്തമാണെന്നുമാണ് ഗെയിലധികൃതരുടെ അവകാശവാദം. ലായനി ശാസ്ത്രീയ പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ഗെയില്‍ സമരസമിതി രക്ഷാധികാരി കെ.സി അന്‍വര്‍ ആവശ്യപ്പെട്ടു.

ഗെയിലിന്റെ അശാസ്ത്രീയ പ്രവൃത്തി കാരണം നിരവധി വീട്ടുകാര്‍ ആശ്രയിക്കുന്ന റോഡ് ഉപയോഗശൂന്യമായ അവസ്ഥയിലാണെന്നും മണ്ണ് കൂട്ടിയിട്ടതിനാല്‍ മഴ പെയ്യുമ്പോള്‍ വീട്ടുവളപ്പിലേക്ക് മണ്ണൊലിക്കുകയാണെന്നും ഗെയില്‍ സമരസമിതി വൈസ് പ്രസിഡണ്ട് ജബ്ബാര്‍ സഖാഫി പറഞ്ഞു. ലായനിയടങ്ങിയ ബണ്ട് പൊട്ടിയൊലിച്ചതിനാല്‍ സമീപ പ്രദേശങ്ങളിലെ കിണര്‍ വെള്ളത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തി ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയംഗം ചാലില്‍ അബ്ദു മാസ്റ്റര്‍ പറഞ്ഞു. ഗെയില്‍ സമര സമിതി നേതാക്കളായ മുജീബുറഹ്മാന്‍, ഫൈസല്‍, വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ്, അസൈന്‍, താളത്തില്‍ ഖാദര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757