zero hour

റവന്യു മന്ത്രി അറിയാന്‍, സര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്ത് കൊടുത്ത് പകുതി പിരാന്തനായ ഒരു വില്ലേജ് ജീവനക്കാരന്റെ തുറന്ന കത്ത്

ബഹുമാനപ്പെട്ട സര്‍,

മത്സര പരീക്ഷകള്‍ക്കും മറ്റു വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും അപേക്ഷിക്കുമ്പോള്‍ തന്നെ ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആവശ്യം പൊതുജനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ. അത്തരം സന്ദര്‍ഭങ്ങളില്‍, ജനങ്ങളുമായി ഏറ്റവും അടുത്തു നില്‍ക്കുന്നതും ഭരണപരമായ ഏറെ ഉത്തരവാദിത്തങ്ങള്‍ ഉള്ളതും അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ടത്ര ഇല്ലാത്തതും ജീവനക്കാരുടെ എണ്ണം ഏറ്റവും കുറവുമായ വില്ലേജ് ഓഫിസുകളില്‍ ജനങ്ങള്‍ ഏറെ നേരം ക്യൂ നില്‍ക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. ജീവനക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വേറേയും.

ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷകളായതിനാല്‍ അക്ഷയ കേന്ദ്രങ്ങളിലും വലിയ തിരക്കും പ്രയാസവുമാണ്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പോസ്‌റ്റോഫിസില്‍ കുറച്ചു പോസ്റ്റുകള്‍ ഒഴിവുണ്ടെന്ന് അറിഞ്ഞ് നൂറുകണക്കിനാളുകള്‍ വില്ലേജ് ഓഫീസില്‍ അപേക്ഷയുമായി വന്നു. ഇത്രയും പേര്‍ കഴിഞ്ഞ വര്‍ഷവും അപേക്ഷിച്ചിരുന്നു. അവരിലൊരാള്‍ക്ക് പോലും ജോലി കിട്ടിയതായി അറിവില്ല. അവര്‍ ഇക്കൊല്ലവും അപേക്ഷിച്ചു. അടുത്ത കൊല്ലവും അപേക്ഷിക്കും. പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് നോണ്‍ക്രീമിലെയര്‍ ഈ ആവശ്യാര്‍ഥം തഹസില്‍ദാര്‍ പക്കല്‍ നിന്നും സംഘടിപ്പിക്കേണ്ടി വരുന്നത്. പലര്‍ക്കും ജനിച്ച വില്ലേജില്‍ നിന്നും ജാതി/വരുമാനം/പദവി എന്നിവ സംബന്ധിച്ച സ്ഥിതി വിവരവും സംഘടിപ്പിക്കേണ്ടി വരുന്നു.
വലിയ തിരക്കിനിടയില്‍ ഇതു സൃഷ്ടിക്കുന്ന തര്‍ക്കവും തല്ലും സര്‍ക്കാരിന്റെ തന്നെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുന്നു. പലരും റവന്യൂ ഉദ്യോഗസ്ഥരേയും സര്‍ക്കാരിനെയും അസഭ്യം പറഞ്ഞാണ് ഇറങ്ങി പോകുന്നത്. തിരക്കിനിടയില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ജനങ്ങള്‍ക്കോ സമയമെടുത്ത് വിവരിക്കുവാന്‍ ജീവനക്കാര്‍ക്കോ കഴിയാറില്ല.

സര്‍,
അപേക്ഷകള്‍ ക്ഷണിക്കുമ്പോള്‍ നിലവിലുള്ള എസ്.എസ്.എല്‍.സി ബുക്കിന്റേയും റേഷന്‍ കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ സെല്‍ഫ് ഡിക്ലറേഷനിലൂടെ ജാതി/വരുമാന കാര്യങ്ങള്‍ ജനങ്ങള്‍ അപേക്ഷിക്കട്ടെ. സെലക്ട് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ മാത്രം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന സമ്പ്രദായം നടപ്പില്‍ വരട്ടെ. യുക്തിചിന്തക്ക് ഏറെ പ്രാധാന്യം നല്‍കുന്ന കേരളം ഇക്കാര്യത്തില്‍ മാതൃകയാകട്ടെ.
ബഹു. സാര്‍,
ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ടാണ് മേല്‍ നിര്‍ദേശം പറഞ്ഞത് എന്ന് തെറ്റിദ്ധരിക്കരുത്. ബഹു റവന്യുഡിപ്പാര്‍ട്‌മെന്റില്‍ ഏമാന്‍മാര്‍ കല്‍പ്പിക്കുന്നത് അനുസരിക്കുന്ന അടിമകളാണല്ലോ ജീവനക്കാര്‍. ഇത് പറയുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന അടിസ്ഥാനത്തിലാണ്.
മൂന്ന് കുട്ടികളുടെ പിതാവായ ഞാനും ഇത് അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബഹുമാനപ്പെട്ട സര്‍ക്കാരും പൗരാവകാശ സംഘടനകളും ജീവനക്കാരുടെ സംഘടനകളും ഇതു വായിച്ച് തുടര്‍ നടപടി സ്വീകരിച്ചാല്‍ പാവപ്പെട്ട പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടും.
(പാതിരാവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്തു കൊടുത്തു പകുതി പിരാന്തനായ ഒരു വില്ലേജ് ജീവനക്കാരന്‍ ഗതികെട്ട് മുന്നോട്ടുവെക്കുന്ന നിര്‍ദേശം)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757