news

അസം പൗരത്വ നിഷേധം: ലക്ഷ്യം സംഘ്‌രാഷ്ട്ര നിര്‍മിതി – ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്

ന്യൂഡല്‍ഹി: സംഘ്‌രാഷ്ട്ര നിര്‍മ്മിതി എന്ന ബി.ജെ.പിയുടെ കോര്‍ അജണ്ട നടപ്പാക്കാനുള്ള ഉപകരണമായാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ ഉപയോഗിക്കുന്നത് എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ്.ക്യു.ആര്‍ ഇല്യാസ് അഭിപ്രായപ്പെട്ടു. അസമിലെ പൗരന്മാരെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന ഈ നടപടി തികച്ചും അപലപനീയമാണ്. ഖജനാവിലെ 1100 കോടി രൂപ എന്ന ഭീമമായ തുക വിനിയോഗിച്ചു കൊണ്ട് രാജ്യത്തിനായി ജീവിക്കുന്ന പൗരന്മാരെ പുറന്തള്ളുക എന്ന സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പൗരത്വ പട്ടികയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന 19 ലക്ഷത്തിലധികം വരുന്ന പൗരന്മാര്‍ക്ക് 120 ദിവസത്തിനകം വിദേശ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും അസമിലെ ജനതക്ക് ഇത് അസാധ്യമാണ്. ട്രൈബ്യൂണല്‍ കേസ് തള്ളിയാല്‍ ഹൈകോടതിലോ സുപ്രീം കോടതിയിലോ പോകാന്‍ പറ്റാത്ത സാമൂഹിക സാഹചര്യത്തില്‍ കഴിയുന്നവരാണിവര്‍.

എന്‍.ആര്‍.സി യിലൂടെ രാജ്യത്തെ നിരവധി പൗരന്മാരാണ് പുറന്തള്ളപ്പെടുന്നത്. പല കുടുംബങ്ങളിലേയും ചിലര്‍ രാജ്യത്തെ പൗരന്മാരാവുകയും മറ്റു ചിലര്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു എന്നതും ഗൗരവപ്പെട്ട ഒന്നാണ്. അസമിലെ സങ്കീര്‍ണമായ സാമൂഹിക സ്ഥിതിയെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടാനാണ് ഇത്തരത്തിലുള്ള നടപടികള്‍ കൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഇന്ത്യയിലെ വ്യത്യസ്ത ജാതി-മത വിഭാഗങ്ങളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ നടപടികള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. നിലവിലെ രീതിയില്‍തന്നെയാണ് പ്രസ്തുത നടപടികള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ രാജ്യത്തെ പൗരന്മാരെ കടുത്ത പ്രതിസന്ധിയിലേക്കാകും അത് തള്ളിവിടുന്നത്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനിരിക്കുന്ന പൗരത്വ ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധവും മുസ്‌ലിം വിരുദ്ധവും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757