editorial

ചവിട്ടി നില്‍ക്കാനായി അവശേഷിച്ച മണ്ണെങ്കിലും സംരക്ഷിക്കുക നാം – എഡിറ്റോറിയല്‍

 

കേരളം വീണ്ടുമൊരു പ്രളയ ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രളയത്തോടൊപ്പം ഉണ്ടായ ഉരുള്‍പ്പൊട്ടലാണ് ഇത്തവണ ദുരന്തവ്യാപ്തി വര്‍ധിപ്പിച്ചത്. വയനാട് പുത്തുമല, മലപ്പുറം ഭൂദാനം, നിലമ്പൂര്‍ കവളപ്പാറയിലെ മുത്തപ്പന്‍കുന്ന് തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടലിന്റെ ആഘാതം വിട്ടു മാറിയട്ടില്ല. കഴിഞ്ഞ വര്‍ഷം വിശിഷ്യാ, തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഉണ്ടായ പ്രളയത്തിന്റെ ആഘാതം ഉയരാനുണ്ടിയിരുന്ന പ്രധാന കാരണം ഡാം മാനേജ്മെന്റില്‍ വന്ന വീഴ്ചയായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തവണ കനത്ത മഴയുണ്ടായി എങ്കിലും മുന്‍കാല അനുഭവങ്ങളില്‍നിന്നുള്ള പാഠമുള്‍ക്കൊണ്ടുകൊണ്ട് ഡാം മാനേജ്മെന്റില്‍ പാളിച്ചകളില്ലാതാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. ഇപ്പോഴുണ്ടായ പ്രളയത്തിന്റെ കാരണം കനത്ത മഴതന്നെയാണ്. അതേസമയം മലബാര്‍ മേഖലയില്‍ ഉണ്ടായിട്ടുള്ള ദുരന്ത കാരണം പ്രധാനമായും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചലുമാണ്. വയനാട്ടിലെ പുത്തുമലയിലെ മണ്ണിടിച്ചലിനെ സോയില്‍ പൈപ്പിങ് പ്രതിഭാസമായിട്ടാണ് വിദഗ്ധര്‍ വിലയിരുത്തപ്പെടുന്നത്. സോയില്‍ പൈപ്പിങ് മാത്രമല്ല, ചെറിയ തോതിലുള്ള ഉരുള്‍പ്പൊട്ടലും ഇവിടെ ഉണ്ടായിട്ടുണ്ട്. വലിയ തോതിലുള്ള വനനശീകരണത്തിലൂടെ നടത്തിയ തോട്ടം വല്‍കരണത്തിന്റെ അനന്തരഫലമാണ് പുത്തുമലയിലെ ദുരന്തം. പാടികളില്‍ താമസിക്കുന്ന തോട്ടം തെഴിലാളികളാണ് ഇവിടെ മരിച്ചവരിലധികവും. നിലമ്പൂര്‍-കവളപ്പാറ, പോത്തുകല്‍ എന്നിവിടങ്ങളില്‍ മലമുകളില്‍നിന്നുള്ള മണ്ണിറക്കമാണ് ഉണ്ടായത്. ഉപരിതലത്തില്‍ നിന്ന് മണ്ണ് ഒലിച്ച് ഊര്‍ന്നുപോയി ഒരു പ്രദേശമൊട്ടാകെ മൂടുകയായിരുന്നു. പാതാറില്‍ അതിഭീകരമായ ഉരുള്‍പ്പൊട്ടല്‍ തന്നെയാണ് ഉണ്ടായത്. പ്രദേശത്തെ ജനങ്ങള്‍ മുന്‍കൂട്ടി ഒഴിഞ്ഞുപോയതിനാല്‍ ജീവനാശം ഉണ്ടായില്ല. അതേസമയം പാതാറ് എന്ന ഗ്രാമം പൂര്‍ണമായും ഇല്ലാതായി.

ഈ ദുരന്തങ്ങളെയെല്ലാം വിശകലനം ചെയ്യുമ്പോള്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടിവരും. അതില്‍ പ്രധാനപ്പെട്ടതാണ് ഡോ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഗാഡ്ഗില്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായി ചൂണ്ടിക്കാണിക്കപ്പെട്ട പ്രദേശങ്ങളിലാണ് ഇപ്പോള്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പ്രളയ സമയത്ത് ചര്‍ച്ച ചെയ്ത വഷയം തന്നെയായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും പരിസ്ഥിതി നിയമങ്ങളും. എന്നാല്‍, നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയില്ല എന്നുമാത്രമല്ല പരിസ്ഥിതി സംബന്ധമായ നിയമങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ട് നിയമത്തെ ദുര്‍ബലപ്പെടുത്തുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിനുശേഷം നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തു. സര്‍ക്കാരിന്റേയും സ്വകാര്യ വക്തികളുടേയും വിവിധ സംരംഭങ്ങള്‍ക്കായി വയല്‍ നികത്താന്‍ അനുമതി നല്‍കുക, മുന്‍പ് നികത്തിയ വയലുകളെ കരഭൂമിയായി ക്രമപ്പെടുത്തിക്കൊടുക്കുക തുടങ്ങിയ പരിസ്ഥിതിനാശ നടപടികളാണ് ഇടതുസര്‍ക്കാര്‍ കൈകൊണ്ടത്.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ചയാണ് സര്‍ക്കാര്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തിന്റെ അനുഭവ പാഠങ്ങളില്‍നിന്ന് ഈ മേഖലയില്‍ സര്‍ക്കാര്‍ ഒുന്നും സ്വായത്തമാക്കിയിട്ടില്ല. ദുരന്തം ഉണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. അതിനുള്ള ആധുനിക സംവിധാനങ്ങള്‍ ഇപ്പോഴും സര്‍ക്കാരിന്റെ കൈവശമില്ല. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനുശേഷം ചില ഡിസാസ്റ്റര്‍ മാനേജ്മെന്റ് പദ്ധതികളുടെ പ്രഖ്യാപനം മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ദുരന്ത മുന്നറിയിപ്പിന്റേയും മുന്നൊരുക്കത്തിന്റേയും കാര്യത്തിലും ഈ വീഴ്ച ആവര്‍ത്തിച്ചതായി കാണാനാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ ഈ വര്‍ഷവും പ്രകടമായി. സര്‍ക്കാരിന്റെ നിസ്സഹായവസ്ഥയെ മറികടന്നത് കഴിഞ്ഞ വര്‍ഷത്തെപ്പോലെ സന്നദ്ധ സംഘടനകളും ജനങ്ങളും ചേര്‍ന്നാണ്. അവരുടെ ഇച്ഛാശക്തിയും ഇടപെടലുകളും കൊണ്ടുമാത്രമാണ് അല്‍പമെങ്കിലും ക്രിയാത്മകമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തന സന്നദ്ധരായി വരുന്ന സംഘടനകളെയും വ്യക്തികളേയും ശാസ്ത്രീയമായി വിന്യസിക്കാനും പ്രവര്‍ത്തനങ്ങള്‍ വിഭജിച്ചു നല്‍കാനും സര്‍ക്കാരിന് കഴിയുന്നില്ല.

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ദുരന്തത്തിന്റെ വ്യാപ്തി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ അടിയന്തിര ധനസഹായം അപര്യാപ്തമാണ്. 25,000 രൂപയെങ്കിലും അടിയന്തര സഹായമായി നല്‍കുകയാണ് വേണ്ടത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ എന്നതും സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം എന്നതും അപര്യാപ്തമാണെന്ന് കേരളത്തിലെ കമ്പോള വില അറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. ഇവ യഥാക്രമം 10 ലക്ഷവും 25 ലക്ഷവുമാക്കണം. മികച്ച ഒരു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംവിധാനവും പരിശീലനം നല്‍കിയ വളണ്ടിയര്‍ സേനക്കും സര്‍ക്കാര്‍ രൂപം നല്‍കണം. ഇതിനായി സ്വദേശത്തും വിദേശത്തും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രാവീണ്യമുള്ള ഏജന്‍സികളുടെ സഹായം തേടണം. അതിലെല്ലാമപ്പുറം പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള പാരിസ്ഥിതിക സാധ്യതകളെ ഉപയോഗപ്പെടുത്തണം. ഇനിയും പ്രകൃതിയെ പ്രകോപിപ്പിക്കരുത്. നെല്‍വയല്‍ നീര്‍ത്തട നിയമവും മൈനര്‍ മിനറല്‍ ആക്ടും അടക്കം വെള്ളം ചേര്‍ത്ത പരിസ്ഥിതി നിയമങ്ങളെല്ലാം തിരുത്തി കര്‍ശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങളുള്ള നിയമങ്ങള്‍ രൂപപ്പെടുത്തണം. അതിജീവനത്തിന് അതാണ് പോംവഴി. പ്രളയങ്ങളില്‍ നിന്ന് പാഠം പഠിക്കണം. ഒന്ന് ചവിട്ടി നില്‍ക്കാനായി അവശേഷിച്ച മണ്ണെങ്കിലും സംരക്ഷിച്ചേ മതിയാകൂ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757