Opinion

ഇന്ത്യ സംഘ്പരിവാര്‍ സമഗ്രാധിപത്യത്തിലേത്ത് നീങ്ങുകയല്ല; ഇന്ത്യയിലിന്ന് സംഘ്പരിവാര്‍ സമഗ്രാധിപത്യം തന്നെയാണ് – സജീദ് ഖാലിദ്

രാജ്യം 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുന്നതിന്റെ തലേന്നാണ് പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസിലെ ആറ് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ച രാജസ്ഥാനിലെ ആല്‍വാര്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി വരുന്നത്. ഈ ആറുപേരെ കൂടാതെ പ്രതിചേര്‍ത്ത മറ്റു ആറുപേര്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജാമ്യത്തിലായിരുന്നു. അവരുടെ കേസ് കൈകാര്യം ചെയ്യുന്ന ജുവനൈല്‍ കോടതിയുടെ വിധി വന്നിട്ടില്ല. കൊലയാളികള്‍ തന്നെ തങ്ങളാണ് കൊന്നത് എന്ന് പൊതുസമക്ഷം വ്യക്തമാക്കാന്‍ റിക്കോര്‍ഡ് ചെയ്ത വീഡിയോ കോടതി തെളിവായി കണക്കാക്കിയില്ല. രാജ്യം സമ്പൂര്‍ണ സംഘ്പരിവാര്‍ രാഷ്ട്രമായി പ്രഖ്യാപിക്കുക എന്ന അവസാന കര്‍മം മാത്രം ബാക്കിയാകുന്ന തരത്തില്‍ എല്ലാ സംവിധാനങ്ങളും കൃത്യമായി വരുതിയിലാക്കപ്പെട്ടു എന്നതിന്റെ ഒരു തെളിവുകൂടിയാണ് പെഹ്‌ലുഖാന്‍ കേസിലെ വിധി.

രണ്ടാം മോദി സര്‍ക്കാര്‍- അങ്ങനെ തന്നെയാണോ വിളിക്കേണ്ടത് അതോ അമിത് ഷാ സര്‍ക്കാര്‍ എന്നാണോ വിളിക്കേണ്ടത്- അധികാരമേറ്റ ആദ്യ പാര്‍ലമെന്റ് സെഷനില്‍ തന്നെ സംഘ്പരിവാര്‍ വിഭാവന ചെയ്യുന്ന രാഷ്ട്ര നിര്‍മിതിക്ക് ഉപോല്‍ബലകമായി ഭരണഘടനയും നിയമങ്ങളും ഭേദഗതി ചെയ്യുന്നത് ധ്രുതഗതിയിലാരംഭിച്ചു. മുന്‍ മോദി സര്‍ക്കാരിന് പൂര്‍ത്തിയാക്കാനാവാതെ പോയ മുത്തലാഖ് ബില്‍ പാസ്സാക്കിക്കൊണ്ടായിരുന്നു തുടക്കം.
തൊട്ടു പിന്നാലെ എന്‍.ഐ.എ നിയമ ഭേദഗതി, യു.എ.പി.എ നിയമ ഭേദഗതി എന്നിവ വന്നു. വിവരാവകാശ കമ്മീഷനെ സര്‍ക്കാരിന്റെ കീഴിലെ ഒരു ഏജന്‍സിയാക്കാവുന്ന വിധം ദുര്‍ബലപ്പെടുത്തുന്ന വിവരാവകാശ നിയമ ഭേദഗതിയും പെട്ടെന്നാണ് പാസ്സാക്കപ്പെട്ടത്. ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷം ബില്ലുകളെ ലോക്‌സഭയില്‍ പാസാക്കാനെളുപ്പമാക്കുന്നു എങ്കില്‍ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ഛിന്നഭിന്നമായ പ്രതിപക്ഷ നിരയുടെ അനൈക്യവും കൃത്യമായ സ്ട്രാറ്റജി അവര്‍ക്കില്ലാത്തതും അമിത് ഷാക്ക് കാര്യങ്ങളെ അനായാസമാക്കുന്നു.
എന്നാല്‍ ഇനി രാജ്യസഭയും ഭൂരിപക്ഷവും ഒന്നും കൈയിലില്ലെങ്കിലും രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്തകള്‍ പോലും മാറ്റിയെഴുതാന്‍ തങ്ങള്‍ക്ക് അനായാസം കഴിയും എന്ന ധിക്കാരത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും ശരിയായ മുഖമാണ് 370 ആം വകുപ്പും 35 എ യും എടുത്തു കളഞ്ഞതിലൂടെ അമിത് ഷായും കൂട്ടരും കാട്ടിയത്. ഇന്ത്യ വ്യക്തമായും സംഘ് രാഷ്ട്രമായി മാറാന്‍ ഇനി സാങ്കേതികമായി ചില പ്രശ്‌നങ്ങളേ ബാക്കിയുള്ളൂ എന്നതാണ് ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും വസ്തുത.


സംഘ്പരിവാര്‍ തങ്ങളുടെ 90 വര്‍ഷത്തലേറെയുള്ള ഗൂഢവും ആസൂത്രിതവുമായി തയ്യാറക്കിയ പദ്ധതികളിലും കെണിയിലും ചതിക്കുഴിയിലും രാജ്യം അകപ്പെട്ടു എന്നു പറയുന്നതാകും ശരി. എത്ര വേഗമാണ് രാജ്യത്തിലെ പൊതു മനസ്സ് സവര്‍ണാധിപത്യ സംഘ് രാഷ്ട്രത്തിന് കീഴൊതുങ്ങുന്നത് എന്നതുകൂടി ഈ സന്ദര്‍ഭത്തില്‍ ചേര്‍ത്ത് കാണണം. ഇന്ത്യ ചരിത്രത്തിലില്ലാത്ത വിധം സാമ്പത്തികമായി തകര്‍ന്ന നിലയിലാണ്. കര്‍ഷകരോ വ്യാപാരികളോ തൊഴിലാളി സമൂഹമോ ഒന്നും തങ്ങളുടെ സ്ഥിതിയില്‍ സന്തുഷ്ടരല്ല എന്നു മാത്രമല്ല രാജ്യത്തെ തൊഴിലവസരങ്ങള്‍ കുറയുന്നു. വന്‍ വ്യവസായങ്ങളില്‍ കൂട്ട പിരച്ചുവിടലാണ്. കര്‍ഷകരാകട്ടെ ആത്മഹത്യാ മുനമ്പിലും. രൂപയുടെ മൂല്യം ഇടിഞ്ഞു താഴുന്നു. ഇന്ധന വിലയും അവശ്യ സാധന വിലയും കുതിച്ചുയരുന്നു.
പക്ഷേ ഈ പ്രതികൂല പരിസ്ഥിതിയിലും ജനങ്ങളുടെ എതിര്‍പ്പിനെ വൈകാരിക ഉദ്ദീപനത്തിലൂടെ ഇല്ലാതാക്കാം എന്ന മാസ് മനശാസ്ത്ര തന്ത്രം സംഘ്പരിവാര്‍ പയറ്റി വിജയിച്ചു. രാജ്യത്തിലെ ഭരണഘടന മുന്നോട്ടു വെക്കുന്ന അടിസ്ഥാന മൂല്യങ്ങളെ ഒന്നൊന്നായി ഈ വൈകാരികതയിലൂടെ പൊളിച്ചെഴുതുകയാണ് അവര്‍.
മുത്തലാഖ് എന്നത് സിവില്‍ പ്രശ്‌നമായി കൈകാര്യം ചെയ്യേണ്ടതാണ്. വിവാഹ ബന്ധങ്ങളിലെ വിള്ളലുകളും അതില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണനയും അടിച്ചമര്‍ത്തലുകളും ഏതെങ്കിലും ഒരു മത വിഭാഗത്തില്‍ മാത്രം ഒതുങ്ങുന്ന കാര്യവുമല്ല. അത് ഒരു സിവില്‍ വ്യവഹാര പ്രശ്‌നമായി ഗൗരവ പൂര്‍വം കൈകാര്യം ചെയ്യപ്പെടേണ്ടതുമാണ്. ഇന്ത്യന്‍ പ്രധാന മന്ത്രിക്കെതിരെ പോലും അത്തരം ഒരു ആരോപണം നിലനില്‍ക്കുന്നു പക്ഷേ, മുസ്‌ലിം പുരുഷന്‍ ഭാര്യയെ ഉപേക്ഷിക്കുന്നു എന്നതു മാത്രം ക്രിമിനല്‍ കുറ്റമാക്കി മാറ്റി എന്നതാണ് മുത്തലാഖ് ബില്ലിലെ അപകടം. ഇത് ഭൂരിപക്ഷ മില്ലാത്ത രാജ്യസഭയില്‍ പോലും പാസ്സാക്കിയെടുക്കാന്‍ അമിത് ഷാക്ക് കഴിഞ്ഞു. ഭരണഘടന ഉറപ്പാക്കുന്ന തുല്യനീതിയില്‍ നിന്ന് രാജ്യത്തെ വലിയ ന്യൂനപക്ഷ വിഭാഗം പുറത്തായി എന്ന തരത്തില്‍ ഗൗരവതരമായ ചര്‍ച്ച പോലും ഉയര്‍ത്താന്‍ ആയില്ല എന്നത് നാം എത്തിപ്പെട്ട പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് ബോധ്യമാക്കുന്നതാണ്.


രാജ്യത്തെ മുസ്‌ലിംകളടക്കമുള്ള മത ന്യൂനപക്ഷങ്ങളേയും ജനകീയ പ്രതികരണങ്ങള്‍ നടത്തുന്നവരേയും അടിച്ചമര്‍ത്താനാണ് യു.എ.പി.എ നിയമത്തിലും എന്‍.ഐ.എ നിയമത്തിലും ഭേദഗതികള്‍ വരുത്തിയത്. വിദേശത്ത് നടക്കുന്ന സംഭവങ്ങളിലും ഇനി ഇന്ത്യയില്‍ എന്‍.ഐ.എ ക്ക് അന്വേഷിക്കാമെന്നതും വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്നതും സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ ഇന്‍സ്‌പെക്ടര്‍ റാങ്കിലെ ഉദ്യോഗസ്ഥന് കേസെടുക്കാന്‍ അധികാരം നല്‍കുന്നതുമൊക്കെയാണ് പുതിയ ഭേദഗതികളിലുള്ളത്. അല്ലെങ്കില്‍ തന്നെ ദുരുപയോഗം ചെയ്യാനായി മാത്രം നിര്‍മിച്ച നിയമം ഇനി ഭീകരമായി രാജ്യത്ത് വേട്ടയാടാനായി ഉപയോഗിക്കും. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിലും കൈയേറുന്ന ഈ ഭേദഗതിയെ കൃത്യമായി വിലയിരുത്താന്‍ രാജ്യത്തെ ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും കഴിഞ്ഞില്ല എന്നത് ഖേദകരമാണ്.
വിവരാവകാശ നിയമ ഭേദഗതിയും പ്രതിപക്ഷം എതിര്‍ത്തുവെങ്കിലും പാസ്സാക്കപ്പെട്ടു. എത്രമാത്രം ശിഥിലമാണ് പ്രതിപക്ഷം എന്നത് ബോധ്യമായ ഭരണ കക്ഷിക്ക് തങ്ങളുടെ കാലങ്ങളായുള്ള കോര്‍ അജണ്ട വ്യക്തതയോടെ പുറത്തെടുക്കാമെന്ന നില വന്നിരിക്കുന്നു, കേരളത്തില്‍ നിന്നുള്ള എം.പിമാരാണ് ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ റോള്‍ നിര്‍വഹിക്കുന്നത്. ശശി തരൂരും എന്‍.കെ. പ്രേമചന്ദ്രനും, കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറുമൊക്കെ നന്നായി ലോക്‌സഭയില്‍ പ്രതിപക്ഷ റോള്‍ നിര്‍വഹിക്കുന്നുണ്ട്. രാജ്യസഭയിലാകട്ടെ എളമരം കരീമടക്കമുള്ളവര്‍ നല്ല ഇടപെടലുകളുമായുണ്ട്. പക്ഷേ, അതൊക്കെ സഭക്കകത്ത് മാത്രമായി ഒതുങ്ങുന്നു. അവിടെപ്പോലും ലോക്‌സഭയിലെടുക്കുന്ന അതേ നിലപാട് രാജ്യസഭയിലെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാവുന്നില്ല. സംഘ്പരിവാറിന്റെ അജണ്ടകളാണിതെന്ന് ബോധ്യമായിട്ടും പ്രതിപക്ഷ ഐക്യം സാധ്യമാകുന്നില്ല. സഭയിലുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പാരലലായി ജനമധ്യത്തിലേക്കെത്തിക്കാനും ജനകീയ പ്രക്ഷോഭങ്ങളുയര്‍ത്താനും അവര്‍ക്കാവുന്നില്ല.
രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് ചരിത്രത്തിലില്ലാത്തവണ്ണം നേതൃ പ്രതിസന്ധി നേരിടുകയാണ്. തെരഞ്ഞെടുപ്പില്‍ ധീരമായി കോണ്‍ഗ്രസിനെ നയിച്ച രാഹുല്‍ ഗാന്ധി തനിക്കും പാര്‍ട്ടിക്കുമേറ്റ പരാജയത്തിന്റെ ഭാരം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ പദം ഒഴിയുകയും ലോക്‌സഭയിലെ പാര്‍ട്ടി നേതാവ് എന്ന പദവി സ്വീകരിക്കാതിരിക്കുകയും ചെയ്തത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാണ്. ഒരു അധ്യക്ഷനെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിനാവുന്നില്ല. ഒടുവില്‍ രണ്ടു മാസത്തെ ശ്രമങ്ങള്‍ക്കുശേഷവും അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞ സോണിയാ ഗാന്ധിയെ തന്നെ അധ്യക്ഷ പദവി തിരിച്ചേല്‍പിക്കേണ്ട അവസ്ഥയിലാണെത്തിയത്. ലോക്‌സഭാ കക്ഷി നേതാവായ അജീര്‍ രഞ്ജന്‍ ചൗധരിയാകട്ടെ വ്യക്തതയുള്ള നിലപാടോ സമീപനമോ അല്ല പ്രകടിപ്പിക്കുന്നത്.
എന്‍.ഐ.എ ബില്ലിലെ വോട്ടെടുപ്പില്‍ അത് വ്യക്തമായതാണ്. ലോക്‌സഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ശശി തരൂരടക്കമുള്ള നേതാക്കള്‍ നിയമ ഭേദഗതിയെ ശക്തിയുക്തം എതിര്‍ത്ത നിലപാട് സ്വീകരിച്ചിട്ടും കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാരെല്ലാം എന്‍.ഐ.എ ഭേദഗതിയെ എതിര്‍ക്കണമെന്ന സമീപനം വ്യക്തമാക്കിയിട്ടും കക്ഷി നേതാവായ അജീര്‍ രഞ്ജന്‍ ചൗധരിയുടെ വാശിയിലാണ് കോണ്‍ഗ്രസ് ലോക്‌സഭയില്‍ നിയമത്തെ അനുകൂലിച്ചത്. രാജ്യസഭയിലാകട്ടെ എതിര്‍പ്പ് പ്രകടിപ്പിച്ച് വിട്ടുനിന്നു. യു.എ.പി.എ നിയമ ഭേദഗതി ചര്‍ച്ചയില്‍ അതിന് നേര്‍ വിപരീതമാണ് സംഭവിച്ചത്. ലോക്‌സഭയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് വിട്ടുനിന്ന കോണ്‍ഗ്രസ് രാജ്യസഭയില്‍ അനുകൂലിച്ച് വോട്ട് ചെയ്തു. പി ചിദംബരം അടക്കമുള്ള നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടാണ് വോട്ടിംഗില്‍ അനുകൂല സമീപനം സ്വീകരിച്ചത് എന്നതാണ് ഇതിലെ വിചിത്രമായ കാര്യം. കര്‍ണാടകയിലെ സര്‍ക്കാരിന്റെ പതനമടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം വ്യക്തമാക്കുന്നതാണ്
ഇടതുപക്ഷത്തിലും സ്ഥിതി സമാനമാണ്. ലോക്‌സഭയില്‍ പരിചയ സമ്പത്തുള്ള നേതാക്കളാരും ഇല്ലാത്തത് അവരെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. ഇംഗ്ലീഷ,് ഹിന്ദി പ്രാവീണ്യമുള്ളവരല്ല സഭയിലുള്ള അഞ്ച് എം.പിമാരും. രാജ്യസഭയിലാകട്ടെ യെച്ചൂരി, ഡി.രാജ തുടങ്ങി ശക്തരായ നേതാക്കളാരും ഇല്ല. എടുക്കുന്ന നിലപാടുകള്‍ക്കനുഗുണമായി സമര മുന്നേറ്റങ്ങള്‍ക്കൊന്നും കഴിയുന്ന നിലയിലല്ല അവരുടെയും സംഘടനാ അവസ്ഥ. പരമ്പരാഗത ശക്തി കേന്ദ്രമായിരുന്ന ത്രിപുരയില്‍ കഴിഞ്ഞ മാസം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അതി ദയനീയ പരാജയമാണ് അവര്‍ ഏറ്റുവാങ്ങിയത്.


പ്രദേശിക പാര്‍ട്ടികളില്‍ സ്ഥിരതയാര്‍ന്ന മതേതര നിലപാട് പ്രഖ്യാപിച്ച് മുന്നിലുള്ളത് ഡി.എം.കെ മാത്രമാണ്. തങ്ങളുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആഴവും ശക്തിയും എന്തിലാണെന്ന് ഡി.എം.കെ നേതാവ് സ്റ്റാലിന് നന്നായറിയാം. രാജ്യത്ത് മാതൃകയായ ഒരു ജനാധിപത്യ ബദല്‍ എന്നതും തമിഴ്‌നാട്ടിലെ ഡി.എം.കെ സഖ്യമാണ്. എല്ലാ വൈകാരിക അന്തരീക്ഷവും കേന്ദ്ര സംസ്ഥാന ഭരണ സംവിധാനങ്ങളും എതിര് നിന്നിട്ട് പോലും ആഗസ്റ്റ് 8 ന് നടന്ന വെല്ലൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഡി.എം.കെ സ്ഥാനാര്‍ഥി കതിര്‍ വിജയിച്ചത് ഈ ജനകീയ ബദലിന്റെ സാധ്യത തന്നെയാണ് വ്യക്തമാക്കുന്നത്.
തെലങ്കാനയിലെ മത ന്യൂനപക്ഷങ്ങളുടെ കരുത്തില്‍ വിജയക്കുതിപ്പ് നടത്തുന്ന ടി.ആര്‍.എസ് സാങ്കേതികമായി അല്ലെങ്കിലും ഇപ്പോള്‍ ബി.ജെ.പി പാളയത്തിലെത്തിയതിന് തുല്യമാണ്. പിണറായി വിജയന്‍, സ്റ്റാലിന്‍ അടക്കമുള്ള നേതാക്കളുമായി ചേര്‍ന്ന് ഫെഡറല്‍ മുന്നണി രൂപീകരിക്കും എന്നൊക്കെ പ്രഖ്യാപിച്ച ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു ഇപ്പോള്‍ അതെല്ലാം വിഴുങ്ങി. ആന്ധ്രയില്‍ ഉജ്വല വിജയം നേടിയ വൈ.എസ്.ആര്‍ കോണ്‍ഗ്രസും മതേതര സര്‍ക്കാരിനായി നെട്ടോട്ടമോടിയ ചന്ദ്രബാബു നായിഡുവും ബി.ജെ.പി പാളയത്തിലേക്ക് മെല്ലെ മെല്ലെ നീങ്ങുന്നു. ഒഡീഷയിലെ ബിജു ജനതാദളും അതേ നിലയിലാണിപ്പോള്‍. ആര്‍.ജെ.ഡി മാത്രമാണ് ഡി.എം.കെയെപ്പോലെ സ്ഥായിയായ നിലപാടുള്ള പാര്‍ട്ടിയായുള്ളത്. സമാജ് വാദി പാര്‍ട്ടി എന്താണ് ചെയ്യുക എന്ന് പറയാനാവുന്നില്ല. കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന സമീപനമാണ് അവര്‍ പാര്‍ലമെന്റില്‍ സ്വീകരിക്കുന്നത്. മസ്‌ലിം ലീഗ്്, എം.ഐ.എം, നാഷണന്‍ കോണ്‍ഫറന്‍സ്, എ.യു.ഡി.എഫ് തുടങ്ങി മസ്‌ലിം കര്‍തൃത്വത്തിലെ പാര്‍ട്ടികളാണ് വ്യക്തതയോടെ നിലപാടുള്ള പ്രതിപക്ഷ പാര്‍ട്ടികളായുള്ളത്.
ഇങ്ങനെ പ്രതിപക്ഷം ഐക്യമില്ലാതിരിക്കുകയും പാര്‍ലമെന്റിന് പുറത്ത് സമരങ്ങളോ ജനകീയ പ്രക്ഷോഭങ്ങളോ രൂപപ്പെടുത്താനാവാത്ത വിധം ഏതാണ്ടെല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ദുര്‍ബലമാകുകയും ചെയ്ത അവസ്ഥയിലാണ് തങ്ങളുടെ കോര്‍ അജണ്ട പുറത്തിറക്കാനാരംഭിക്കുന്നത്. ഏറ്റവും ദൂരവ്യപക പ്രത്യാഘാതമുളവാക്കുന്ന കശ്മീര്‍ അജണ്ട പുറത്തെടുത്ത് തന്നെ അവരതാരംഭിച്ചു.

കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370ാം വകുപ്പും 35 എ യും സംബന്ധിച്ച ചരിത്രപരമായ സ്ഥിതിയും വസ്തുതകളും നേരത്തേ തന്നെ ജനങ്ങളില്‍ നിന്ന് ഘട്ടം ഘട്ടമായി തമസ്‌കരിച്ചിരുന്നു. പകരം വൈകാരികവും വംശീയവുമായ ബോധം സൃഷ്ടിച്ചെടുക്കുന്നതില്‍ സംഘ്പരിവാര്‍ നേരത്തേ തന്നെ വിജയിച്ചിരുന്നു. ഭരണമില്ലാത്ത കാലത്തു പോലും സ്റ്റേറ്റിന്റെ നിയന്ത്രണം കൈയാളുന്ന ഡീപ് സ്റ്റേറ്റിനെ തങ്ങളുടെ അജണ്ടക്കനുസരിച്ച് സൃഷ്ടിച്ചെടുക്കാനവര്‍ക്കായി. കോണ്‍ഗ്രസും സോഷ്യലിസ്റ്റ് ചേരിയും ഇടതുപക്ഷവുമടങ്ങുന്ന സെക്യൂലര്‍ പാര്‍ട്ടികളെല്ലാം ഇക്കാര്യത്തില്‍ ആനുപാതികമായി കുറ്റക്കാര്‍ തന്നെയാണ്. കശ്മീരിലേക്ക് പോകുന്നതും കശ്മീരികളുമായി സൗഹൃദം പുലര്‍ത്തുന്നതും ഒക്കെ ഒരാളെ സംശയിക്കാന്‍ മാത്രമായ കുറ്റങ്ങളായി രാജ്യത്തിന്റെ പൊതു മനസ്സ് കണക്കാക്കുന്ന സ്ഥിതിയിലേക്കാണ് ഇതെത്തിച്ചത്.
അതുകൊണ്ട് തന്നെ ആഗസ്റ്റ് മാസം ഒന്നാം തീയതി മുതല്‍ കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ അസാധാരണ സ്ഥിതി വിശേഷം സൃഷ്ടിച്ചത് അസ്വാഭികമായി ആര്‍ക്കും തോന്നിയില്ല. നേരത്തേ തന്നെ നിയമസഭ പിരിച്ചുവിട്ട് സത്യപാല്‍ മല്ലിക് എന്ന സ്വയം സേവകനെ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചതോടെ കശ്മീരിലെ സര്‍വാധികാരവും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായി. ഈ സാഹചര്യം നോക്കിയാണ് അമിത് ഷാ കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തു കളയുന്നത്.


എല്ലാ ജനാധിപത്യ മര്യാദകളും ചട്ടങ്ങളും കാറ്റില്‍ പറത്തി കശ്മീരിലെ മുഴുവന്‍ ജനനേതാക്കളേയും വീട്ടു തടങ്കലിലാക്കി. അതില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്ത്തി എന്നിവരും മുന്‍ പ്രതിപക്ഷ നേതാവ് അലി ഷാ ഗീലാനിയും കോണ്‍ഗ്രസ് നേതാവ് മാജിദും സി.പി.എം നേതാവ് യൂസുഫ് തരിഗാമിയും ഹുര്‍രിയത്ത് നേതാവ് സജ്ജാദ് ലോണും എല്ലാം ഉള്‍പ്പെടും. കശ്മീരിലെ ഒരുപൗരന്റെ പോലും അഭിപ്രായം തേടാതെ ഇന്ത്യന്‍ യൂണിയനില്‍ ചേരാനായി കശ്മീരുമായി തയ്യാറാക്കിയ കരാറിന്റെ ഭാഗമായ അധികാര പദവികളെല്ലാം ഒറ്റ രാഷ്ട്രപതിയുടെ ഉത്തരവില്‍ എടുത്തു കളഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞിട്ടും കശ്മീരിലെ വിദ്യാലയങ്ങളോ സാധാരണ സംവിധാനങ്ങളോ പ്രവര്‍ത്തിക്കാതെ മുഴുവന്‍ ജനങ്ങളേയും തടങ്കലിന് സമാനമായ സാഹചര്യങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഫോണോ ഇന്റര്‍നെറ്റോ മറ്റ് കമ്യൂണിക്കേഷന്‍ മാര്‍ഗങ്ങളോ ഇല്ലാതെ ഒരു ജനതയെ പ്രാകൃതമായ ജീവിതാവസ്ഥയിലേക്ക് തള്ളിവിട്ടാണ് കേന്ദ്രം തങ്ങളുടെ സംഘ്പരിവാര്‍ അജണ്ട നടപ്പാക്കിയിരിക്കുന്നത്.
മായാവതിയുടെ ബി.എസ്.പിയും അരവിന്ദ് കെജ്രിവാളിന്റെ എ.എ.പിയും ഈ കൊടും ക്രൂരതക്ക് ബി.ജെ.പിയോടൊപ്പം കൈയുയര്‍ത്താനുണ്ടായിരുന്നു. ഇത്രമാത്രം വംശീയ പക രാജ്യത്ത് കുത്തിവെക്കാന്‍ സംഘ്പരിവാറിനായി എന്നത് ഇനിയും രാജ്യത്തിന്റെ സുസ്ഥിരമായ മുന്നോട്ട് പോക്കിന് വലിയ ഭീഷണി ഉയര്‍ത്തുന്നു എന്നതില്‍ തര്‍ക്കമില്ല. മത പരിവര്‍ത്തന നിയന്ത്രണം, ഏക സിവില്‍കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, സമ്പൂര്‍ണ ഭരണഘടനാ ഭേദഗതി തുടങ്ങി സവര്‍ണ വംശാധിപത്യമുള്ള സംഘ്പരിവാര്‍ സമഗ്രാധിപത്യ രാഷ്ട്രത്തിലേക്കുള്ള തങ്ങളുടെ കോര്‍ അജണ്ടകള്‍ നടപ്പാക്കല്‍ അവര്‍ക്ക് അനായാസമാണ്. ഇപ്പറഞ്ഞ പലതിലും മതേതര പാര്‍ട്ടികളായി വാഴ്ത്തപ്പെടുന്നവര്‍ക്ക് സംഘ്പരിവാറിന്റെ അതേ അഭിപ്രായം ഉണ്ട്. ഓരോ വിഷയത്തിനും അതിന് പറ്റിയ കൂട്ടാളിയെ കൂടെക്കൂട്ടാന്‍ ഉള്ള തന്ത്രപരമായ ബ്ലാക് മെയിലിംഗ് അമിത് ഷായുടെ കൈയിലുണ്ട്.
ഇന്ത്യ ഇന്ന് ജനാധിപത്യ മതേതര രാജ്യം എന്നത് ഭരണഘടനയിലെ തത്വത്തില്‍ മാത്രമാണ്. ആ തത്വത്തെയും എടുത്തു കളയുക എന്നത് കാലിലെ മുള്ളെടുക്കുന്നതു പോലെ അനായാസമാണ് സംഘ്പരിവാറിന്. ഇന്ത്യ സംഘ്പരിവാര്‍ സമഗ്രാധിപത്യത്തിലേക്ക്് നീങ്ങുകയല്ല; ഇന്ത്യയിലിന്ന് സംഘ്പരിവാര്‍ സമഗ്രാധിപത്യം തന്നെയാണ്. അത് ചെറുക്കുക എന്നത് എളുപ്പമല്ലെങ്കിലും അസാധ്യമല്ല. ചരിത്രത്തിലെ പല ദശാസന്ധികളും പിന്നിട്ട ഇന്ത്യന്‍ ജനത ഈ സമഗ്രാധിപത്യത്തെ അതിജീവിക്കുക തന്നെ ചെയ്യും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757