Opinion

വിവരാവകാശ നിയമം അപകടത്തില്‍ – അഡ്വ. ഡി.ബി ബിനു

രണ്ടാം മോദി സര്‍ക്കാരിന്റെ പ്രഥമ പാര്‍ലമെന്റ് സമ്മേളനത്തിലാണ് വിവരാവകാശത്തിന്റെ ആദ്യത്തെ ഭേദഗതി പാസായത്. 2005ല്‍ വിവരാവകാശ നിയമം പാസാക്കുന്നതിന് മുന്‍പ് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുകയും പാര്‍ലമെന്റ് സമിതി കമ്പോടുകമ്പ് ചര്‍ച്ച ചെയ്യുകയും ഇരുസഭകളിലെയും അംഗങ്ങള്‍ പങ്കെടുത്ത് ചര്‍ച്ചകളെ സമ്പുഷ്ടമാക്കുകയും ചെയ്തിരുന്നു. ഇതൊന്നും ഇപ്പോഴത്തെ ഭേദഗതിയിലുണ്ടായില്ല.

എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ പറയുന്നത്, തിരക്കുപിടിച്ച് നിയമം പാസാക്കിയതിനാല്‍ സംഭവിച്ച അപാകത പരിഹരിക്കുയാണ് ഈ ഭേദഗതിയുടെ ലക്ഷ്യമെന്നാണ്.
17 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു സമ്മേളന കാലയളവില്‍ ഇത്രയേറെ ബില്ലുകള്‍ രാജ്യസഭ പാസാക്കുന്നത്. മോദി സര്‍ക്കാരിന്റെ ബജറ്റ് സമ്മേളന കാലയളവില്‍ 35 ദിവസത്തെ സിറ്റിങ്ങുകളിലായി രാജ്യസഭ പാസാക്കിയത് 32 ബില്ലുകളാണ്. വിവരാവകാശ നിയമഭേഗതി ബില്‍, മുത്തലാഖ് ബില്‍, എന്‍.ഐ.എ ദേദഗതി ബില്‍, മെഡിക്കല്‍ കമീഷന്‍ ബില്‍, ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍ തുടങ്ങി ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതും വിവാദപരവുമായ ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയത്. അതി ശക്തമാണെന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യയുടെ അറിയാനുള്ള അവകാശ നിയമത്തിന്റെ അന്ത്യം കുറിക്കുന്ന നടപടിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിവെച്ചിരിക്കുന്നത്. യു.പി.എ സര്‍ക്കാര്‍ നേരിട്ട ദുരനുഭവത്തിന്റെ പാഠമായിരിക്കാം എന്‍.ഡി.എ സര്‍ക്കാരിനെ ഈ നിയമഭേദഗതിക്ക് പ്രേരിപ്പിച്ചത്.

ആര്‍.ടി.ഐ നിയമത്തിലെ ഭേദഗതി
2018ല്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെ കാര്യപരിപാടിയിലാണ് വിവരാവകാശ നിയമഭേദഗതി എന്‍.ഡി.എ സര്‍ക്കാര്‍ ആദ്യം ഉള്‍പ്പെടുത്തിയത്. ശക്തമായ എതിര്‍പ്പിനെതുടര്‍ന്നും കേന്ദ്രസര്‍ക്കാരിന് രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ടുമാണ് ആ ഭേദഗതി നീക്കം പാളിയത്. ആര്‍.ടി.ഐ നിയമത്തിന്റെ 13,16,27 എന്നീ വകുപ്പുകളാണ് ഇപ്പോള്‍ ഭേദഗതി ചെയ്തത്. ഇതിലൂടെ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമീഷണര്‍മാരുടെ പദവിയും സേവന വേതന വ്യവസ്ഥകളും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. ഫെഡറല്‍ ഘടനയുടെ ലംഘനമാണ് ഈ ഭേദഗതിയെന്ന വിമര്‍ശനമാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. കമീഷണര്‍മാര്‍ ചുമതലയേറ്റെടുക്കുന്ന അന്ന് മുതല്‍ അഞ്ചുവര്‍ഷത്തേക്ക് എന്നതാണ് നിലവിലുള്ള സേവനകാലാവധി. അല്ലെങ്കില്‍ അത് 65 വയസ്സ് തികയുന്നതുവരെ ആയിരിക്കണം. ഈ വ്യവസ്ഥ മാറ്റിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന കാലാവധിവരെ എന്നാക്കി. ആര്‍.ടി.ഐ നിയമത്തിന്റെ 15(3) വകുപ്പനുസരിച്ച് സംസ്ഥാന മുഖ്യവിവരാവകാശ കമീഷണറെയും മറ്റ് കമീഷണര്‍മാരെയും നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിയും അദ്ദേഹം നാമദിര്‍ദേശം ചെയ്യുന്ന മറ്റൊരു മന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെടുന്ന സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറാണ് നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നത്. പുതിയ ഭേദഗതിയനുസരിച്ച് ഇവരുടെ സേവനകാലാവധി ഇനി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും. സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും ശമ്പളം വാങ്ങുന്ന കമീഷന്‍മാരുടെ കാലാവധി കേന്ദ്രസര്‍ക്കാരിന്റെ ഇഷ്ടാനുഷ്ഠാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് ഭരണഘടനാ ലംഘനമാണ്. സംസ്ഥാനത്തിന്റെ അധികാര സീമയിലേക്ക് കടന്നുകയറിക്കൊണ്ട് കമീഷണര്‍മാരുടെ സേവന കാലാവധി വിവേചന രഹിതമായി കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാന്‍ കഴിയുന്ന സാഹചര്യം കമീഷന്റെ സ്വയം ഭരണാധികാരത്തെ തകര്‍ക്കും.

കേന്ദ്രകമീഷന്‍
ആര്‍.ടി.ഐ നിയമത്തിലെ 13(3) വകുപ്പ് പ്രകാരം കേന്ദ്ര കമീഷണര്‍മാര്‍ക്ക് നല്‍കേണ്ടതായ ശമ്പളം, ബത്ത, മറ്റാനുകൂല്യങ്ങള്‍ എന്നിവയെകുറിച്ച് പ്രതിപാദിക്കുന്ന കേന്ദ്രത്തിലെ മുഖ്യവിവരാവകാശ കമീഷണര്‍, മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ പദവിക്ക് തുല്യമാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കമീഷണര്‍മാരുടെ പദവി തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടേതിന് തുല്യമാണ്.

സംസ്ഥാന കമീഷന്‍
ആര്‍.ടി.ഐ നിയമത്തിലെ 16(5) വകുപ്പ് പ്രകാരം ശമ്പളം, ബത്ത മറ്റ് സേവന വ്യവസ്ഥകളെ കുറിച്ച് പരാമര്‍ശിക്കുന്നു. മുഖ്യവിവരാവകാശ കമീഷണറുടെ പദവി ഇലക്ഷന്‍ കമീഷണറുടേതിന് സമാനമാണ്. കമീഷണറുടെ പദവി സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പദവിക്ക് തുല്യമായും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പദവി സുപ്രീം കോടതി ജഡ്ജിക്ക് സമാനം
1991 ലെ ഇലക്ഷന്‍ കമീഷന്‍ (കണ്ടീഷന്‍സ് ഓഫ് സര്‍വീസസ് ഓഫ് ഇലക്ഷന്‍ കമീഷണേഴ്സ് ആന്‍ഡ് ട്രാന്‍സാക്ഷന്‍സ് ഓഫ് ബിസിനസ്) നിയമപ്രകാരം മുഖ്യതെരഞ്ഞെടുപ്പ് കമീഷന്റെയും തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെയും സേവന വേതന വ്യവസ്ഥക ള്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് സമാനമാണ്.
ചുരുക്കത്തില്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മുഖ്യവിവരാവകാശ കമീഷണന്മാരുടെയും കേന്ദ്രവിവരാവകാശ കമീഷണര്‍മാരുടെയും സേവനവേതന വ്യവസ്ഥകള്‍ സുപ്രീംകോടതി ജഡ്ജിക്ക് തത്തുല്യമാണ്. ഈ വ്യവസ്ഥകളെല്ലാം ഭേദഗതി ചെയ്തുകൊണ്ട്, ഇനി അതു തീരുമാനിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കി.

സര്‍ക്കാറിന്റെ വാദം
ഭരണഘടനയുടെ 324ാം അനുഛേദമനുസരിച്ച് രൂപവത്കരിക്കപ്പെട്ടതാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. ഭരണഘടനാപദവികള്‍ വഹിക്കുന്നവരുടെയും പാര്‍ലമെന്റ്, നിയമസഭ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷന്‍. എന്നാല്‍, 2005 ലെ വിവരാവകാശ നിയമപ്രകാരം രൂപവല്‍കരിക്കപ്പെട്ട സ്റ്റാറ്റിയൂട്ടറി സ്ഥാപനമാണ് വിവരാവകാശ കമീഷന്‍. അതുകൊണ്ടുതന്നെ ഈ രണ്ട് പദവികളെയും തുല്യമായി കാണാനാവില്ല എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്.

ഭരണഘടനാവകാശം സംരക്ഷിക്കാന്‍
ഇന്ത്യന്‍ ഭരണഘടനയുടെ 19 (1) അനുഛേദത്തിലൂടെയാണ് ആശയപ്രകാശന സ്വാതന്ത്ര്യം പൗരന് സിദ്ധിച്ചിരിക്കുന്നത്. അതില്‍ അറിയാനുള്ള പൗരന്റെ അവകാശവും അന്തര്‍ലീനമാണെന്നും അതിനാല്‍ മൗലികാവകാശത്തിന്റെ അവിഭാജ്യഘടകമാണെന്നും നിരവധി വിധിന്യായങ്ങളിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. (ഉത്തരവുണ്ടെങ്കില്‍ മാത്രമേ സംസ്ഥാന കമീഷണര്‍മാരെ പദവിയില്‍ നീക്കം ചെയ്യാന്‍ കഴിയൂ) സമാന സാഹചര്യങ്ങളില്‍, കേന്ദ്രകമീഷനെ സംബന്ധിച്ച് രാഷ്ട്രപതിയാണ് ഉത്തരവിടേണ്ടത്. ഭേദഗതിയിലൂടെ കമീഷന്മാരുടെ സേവനകാലാവധി ഇനി കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും എന്ന വ്യവസ്ഥ വന്നതോടെ വിവരാവകാശ കമീഷണര്‍മാര്‍ക്ക് നിയമം നല്‍കിയ സംരക്ഷണം അര്‍ഥശൂന്യമാകും.

സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പ്
ഭരണഘടനാ സ്ഥാപനവും നിയമപരമായ സ്ഥാപനവും തമ്മിലുള്ള വൈരുധ്യമാണ് ഭേദഗതിക്ക് കാരണമെന്ന സര്‍ക്കാര്‍ വാദം നിരര്‍ഥകമാണ്. ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്ന കാര്യത്തില്‍ ലോക്പാലിന്റെ അധ്യക്ഷന്റെ പദവി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സമാനമാണെന്ന ലോക്പാല്‍ നിയമത്തിലെ 7ാം വകുപ്പിലെ വ്യവസ്ഥയില്‍ യാതൊരു അപാകതയൂം സര്‍ക്കാരിന്റെ ആസ്ഥാന നിയമപണ്ഡിതന്മാര്‍ കാണാത്തതെന്തേ? ലോക്പാലിലെ അംഗങ്ങളുടെ പദവി സുപ്രീംകോടതി ജഡ്ജിക്ക് സമാനമായാണ് നിയമം കാണുന്നത്. കേന്ദ്രവിജിലന്‍സ് നിയമപ്രകാരം കേന്ദ്ര വിജിലന്‍സ് കമീഷണറുടെ പദവി യു.പി.എസ്.സി അധ്യക്ഷന്റെ പദവിക്കും വിജിലന്‍സ് കമീഷണറുടേത് യു.പി.എസ്.സി അംഗത്തിന്റെ പദവിക്കും സമാനമാക്കിയ വ്യവസ്ഥാണ് നിലവിലുള്ളത്. ഭരണഘടനാപദവിയും നിയമപദവിയും തമ്മിലുള്ള വൈരുധ്യം അപാകതയല്ലേ?

വൈരുധ്യങ്ങളുടെ വൈജാത്യം
2017 ജൂണ്‍ മാസത്തിലാണ് ട്രൈബ്യൂണലുകളുടെയും തര്‍ക്ക പരിഹാര സംവിധാനങ്ങളുടെയും അധ്യക്ഷന്മാരുടെയും അംഗങ്ങളുടെയും സേവന വേതന വ്യവസ്ഥകളും പദവികളും ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്. 19 ട്രൈബ്യൂണലുകളും ഇതര അധികാര സ്ഥാപനങ്ങളില്‍ ചുമതല വഹിക്കുന്ന ആളുകളും കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതാണ്. ഇവയെന്നും തന്നെ ഭരണഘടനാ സ്ഥാപനങ്ങളല്ല. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ഇതിലുണ്ട്. ഈ 17 ട്രൈബൂണലുകളുടെ അധ്യക്ഷന്മാര്‍ക്ക് ഇലക്ഷന്‍ കമീഷന്റെ ശമ്പളത്തിന് സമാനമായി രണ്ടരലക്ഷം രൂപയായി ഉയര്‍ത്തി. അംഗങ്ങള്‍ക്ക് ഹൈകോടതി ജഡ്ജിയുടെ ശമ്പളമായ രണ്ടേകാല്‍ ലക്ഷമായി തീരുമാനിക്കുകയും ചെയ്തു. വിവരാവകാശത്തിന്റെ ഭാവിയും സേവന വേതന വ്യവസ്ഥകളും തീരുമാനിച്ചത് പാര്‍ലമെന്റാണ്. ഈ അധികാരം നീക്കം ചെയ്ത് സബ് ഓര്‍ഡിനേറ്റ് ലെജിസ്ലേഷന്‍വഴി സര്‍ക്കാരിന് നല്‍കുന്നത് നിയമവിരുദ്ധമാണ്. എന്‍.ജെ.എ.സി കേസില്‍ പാര്‍ലമെന്റ് നിയമിച്ച ദേശീയ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി കമീഷന്‍ നിയമം ഭരണഘടനാപരമായി അസാധുവായി പ്രഖ്യാപിച്ച 2016 ലെ സുപ്രീം കോടതി വിധിയിലെ തത്ത്വം ആര്‍.ടി.ഐ. നിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചിരിക്കുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757