Opinion

എന്‍.ഐ.എ-യു.എ.പി.എ ഭേദഗതി: അടിച്ചമര്‍ത്തല്‍ നയങ്ങളുടെ തുടര്‍ച്ച – ഫായിസ് എ.എച്ച്

 

ജനാധിപത്യ സംവിധാനത്തെ പരിഷ്‌കരിക്കുന്ന പ്രവര്‍ത്തനമാണ് വിസമ്മതങ്ങള്‍. വൈവിധ്യം തന്നെയാണ് അതിന്റെ സൗന്ദര്യവും. എന്നാല്‍, ഭരണകൂടങ്ങള്‍ വിസമ്മതങ്ങളെയും വൈവിധ്യത്തെയും നിലനിര്‍ത്തുന്നതില്‍ തല്‍പരരായിരുന്നില്ല. മാത്രമല്ല, ഏത് വിധേനയും അതിനെ ഇല്ലാതാക്കാനും ശ്രമിച്ചിരുന്നു. ലോകത്തില്‍ ഇന്നേ വരെയുള്ള മുഴുവന്‍ വംശീയ അധീശ വിഭാഗങ്ങളും വൈവിധ്യത്തെ തകര്‍ക്കുകയും ഇതര വിഭാഗങ്ങളെ വ്യത്യസ്ത രീതിയില്‍ അപരവല്‍കരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഏറ്റവും പ്രകടമായ ഒരു മാര്‍ഗമാണ് ഭീകര നിയമങ്ങളിലൂടെ വിമത ശബ്ദങ്ങളേയും ഇതര മത വംശീയ വിഭാഗങ്ങളേയും തുറങ്കിലടച്ച്് ഭയപ്പെടുത്തി ഉന്‍മൂലനം ചെയ്യുന്ന രീതി. ഭീകരനിയമങ്ങള്‍ (Draconian laws)  എന്നത് ദേശ-രാഷ്ട്ര സംവിധാനങ്ങളുടെ വളരെ മൂര്‍ത്തമായ മര്‍ദ്ദനോപാധിയാണ്. അടിമത്ത നിരോധനത്തിന് ശേഷമാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ കറുത്തവരെയും ആദിമ ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഇതര വംശജരെയും വേട്ടയാടാനായി jim crow നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടത്.
ഇന്ത്യയില്‍ കൊളോണിയല്‍ കാലം തൊട്ടുതന്നെ പൗരന്മാര്‍ക്കെതിരെ ഭരണകൂടം ഇത്തരം ഭീകരനിയമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അനിയന്ത്രിതമായ പൊലീസ് അധികാരവും നിഷേധിക്കപ്പെടുന്ന സ്വാഭാവിക നീതി, മൗലികാവകാശ ലംഘനം, പ്രഹസനവും പക്ഷപാതപരവുമായ വിചാരണ എന്നിവ ഈ ഭീകരനിയമങ്ങളുടെ പ്രത്യേകതകളില്‍ ചിലതാണ്. റൗലറ്റ് ആക്ട്, ഐ.പി.സി 124 (രാജ്യദ്രോഹം) എന്നിവ കൊളോണിയല്‍ കാലത്തെ ഭീകരനിയമങ്ങളുടെ ഉദാഹരണമാണ്. Mappilah Outrages Act മലബാറിലെ മുസ്‌ലിംകളെ വേട്ടയാടാനായി നിര്‍മിച്ചതാണ്. സ്വാതന്ത്രാനന്തരം ഐ.പി.സി 124 (എ) സര്‍ക്കാര്‍ പിന്‍വലിച്ചില്ല. ഗാന്ധി അടക്കമുള്ളവരെ ഈ നിയമമുപയോഗിച്ച് (ബ്രിട്ടീഷ് രാജ്) ജയിലിലടച്ചിട്ടുണ്ട്. നെഹ്‌റുവിനെ പോലുള്ളവര്‍ നിയമത്തിനെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും നിയമനിര്‍മാണത്തിലേക്ക് തന്റെ നിലപാടിനെ എത്തിക്കാന്‍ സാധിച്ചില്ല. ഐ.പി.സി 124 (എ) പിന്‍വലിക്കാനുള്ള ആവശ്യങ്ങള്‍ വിവിധ തുറകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. 1990കള്‍ക്ക് ശേഷം TADA, POTA എന്ന പേരിലും ഭീകരനിയമങ്ങള്‍ ഭരണകൂടം ചുട്ടെടുക്കുകയുണ്ടായി. പിന്നീട് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന വിമര്‍ശനം മുന്‍നിര്‍ത്തി അവ പിന്‍വലിച്ചു. പിന്നീട് 2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം പോട്ടക്ക് സമാനമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി Unlawful Activities Prevention Act (UAPA) പാര്‍ലമെന്റ്്‌ഭേദഗതി ചെയ്തു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം കൂടുതല്‍ കഠിനമായ വകുപ്പുകളോട് കൂടി UAPA നിയമം വീണ്ടും ഭേദഗതി ചെയ്തു.


ഇതേ സമയത്തുതന്നെ കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദത്തെ ‘കാര്യക്ഷമമായി’ നേരിടാനായി പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തി രൂപീകരിച്ചതാണ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അഥവാ എന്‍.ഐ.എ. ആണവോര്‍ജ നിയമം, യൂ.എ.പി.എ, ആന്റി-ഹൈജാക്കിങ് ആക്ട്, ഐ.പി.സിയിലെ 121-130 വരെയുള്ള വകുപ്പുകള്‍ (രാജ്യദ്രോഹവുമായി ബന്ധപ്പെട്ടത്) എന്നിങ്ങനെയുള്ള നിയമങ്ങളിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് വേണ്ടിയുള്ള ഏജന്‍സിയായിട്ടാണ് ഇതിനെ രൂപകല്‍പന ചെയ്തത്. എന്‍.ഐ.എയിലെ ഇന്‍സ്‌പെക്ടര്‍ റാങ്കിന് മുകളിലോ തുല്യമായ പദവിയോ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണങ്ങള്‍ നടത്താം. യു.എ.പി.എ കേസുകള്‍ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കും. എന്‍.ഐ.എ പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നുണ്ട് ഈ നിയമം. കോടതികളുടെ അധികാരപരിധി  (jurisdiction) യുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുകളുടെ അവസാന വാക്ക് കേന്ദ്ര സര്‍ക്കാരാണ്. സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായി അടഞ്ഞ കോടതി മുറികളില്‍ സാക്ഷി വിസ്താരം നടത്താനുള്ള അധികാരം എന്‍.ഐ.എക്കുണ്ട്. കോടതികളില്‍ സാക്ഷിയോ പ്രോസിക്യൂഷനോ അപേക്ഷ വെക്കുന്ന മുറക്ക് സാക്ഷിമൊഴി എഴുതി വാങ്ങിയാല്‍ മതി എന്ന് ഈ നിയമം പറയുന്നുണ്ട്.

യു.എ.പി.എ വകുപ്പുകള്‍ ചാര്‍ത്തിയ കേസുകളില്‍ ഇത്തരം സാക്ഷി വിസ്താരം പ്രതിചേര്‍ക്കപ്പെട്ട നിരപരാധികള്‍ക്ക് നീതി ലഭ്യമാകുന്നതില്‍ വിഘ്‌നം സൃഷ്ടിക്കും. അതുപോലെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ സമ്മതമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിക്കാന്‍ സാധിക്കുകയില്ല. ഇത് ഉദ്യോഗസ്ഥര്‍ക്ക് ഏത് വിധേനയുള്ള മുന്‍വിധിയോടും ദുഷ്ടലാക്കോടു കൂടിയും അന്വേഷണം നടത്താനുള്ള ലൈസന്‍സ് നല്‍കുന്നത്തിന് തുല്യമാണ്. ഈ നിയമ പരിരക്ഷ പൊലീസ് രാജിനെയാണ് സൂചിപ്പിക്കുന്നത്. ഇതോടൊപ്പം മെക്കാ മസ്ജിദ്, സംഝോധ സ്‌ഫോടന കേസുകളില്‍ എന്‍.ഐ.എ എടുത്ത നിലപാടുകളിലൂടെ തീവ്രവാദം കൈകാര്യം ചെയ്യുന്നതിലെ ഇരട്ടത്താപ്പ് മനസ്സിലാകും. ഹിന്ദുത്വ ഭീകരര്‍ പ്രതികളാകുമ്പോള്‍ നിയമങ്ങള്‍ കാഠിന്യം കുറഞ്ഞതാകും.
രïാം ബി.ജെ.പി ഗവണ്മെന്റ് അധികാരത്തിലേറി പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ തന്നെ സംഘ്പരിവാര്‍ ആശയങ്ങള്‍ നടപ്പിലാക്കാനുള്ള വെമ്പല്‍ പ്രകടമാണ്. എന്‍.ഐ.എക്ക് അമിതാധികാരം നല്‍കുന്ന ഭേദഗതി പ്രതിപക്ഷ പിന്തുണയോടെ തന്നെ പാസായി. ലോക്‌സഭയില്‍ എ.ഐ.എം.ഐ.എം, ഇടതുപക്ഷം, നാഷ്ണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികള്‍ മാത്രമേ എതിര്‍ത്ത് വോട്ട് ചെയ്തുള്ളൂ. ജൂലൈ 17ന് പ്രസ്തുത ബില്ല്് രാജ്യസഭയില്‍ ഐക്യകണ്‌ഠേന തന്നെ പാസ്സായി. ചകഅ നിയമത്തിലെ പ്രധാന ഭേദഗതി വിദേശ രാഷ്ട്രങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ കൂടി NIAക്ക് അന്വേഷണം നടത്താം എന്നതാണ്. ‘ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് എതിരെ ‘പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയാണ് ഈ വകുപ്പിന്റെ അധികാരത്തോടെ NIAക്ക് കേസ് എടുക്കാന്‍ സാധിക്കുന്നത്. ഇതിലെ ഇന്ത്യന്‍ താല്‍പര്യം എന്ന ഏറെ അവ്യക്തമായ പ്രയോഗം കൃത്യമായി ഭരണകൂടത്തിന് എതിരെ നില്‍ക്കുന്നവരെ ലക്ഷ്യം വെച്ചുള്ള നിയമ നിര്‍മാണമാണ്. വിദേശത്ത് നടക്കുന്ന ബോംബ് സ്‌ഫോടനങ്ങള്‍ വെടിവെപ്പുകള്‍ മറ്റു കുറ്റകൃത്യങ്ങള്‍ക്കെതിരെ ചകഅ ക്ക് ഇന്ത്യയില്‍ അന്വേഷണം നടത്താം. വിദേശത്ത് നടന്ന കുറ്റകൃത്യവുമായി ഇന്ത്യയിലുള്ള ഒരാള്‍ക്ക് ബന്ധമുണ്ടെന്നാരോപിച്ച് NIA ക്ക് കേസ് അന്വേഷിക്കാം.


സെഷന്‍സ് കോടതികളെ ചകഅ പ്രത്യേക കോടതിയായി മാറ്റാന്‍ കേന്ദ്രത്തിന് അധികാരം ഈ ഭേദഗതി നല്‍കുന്നുണ്ട്. അതുപോലെ മനുഷ്യക്കടത്ത്, സൈബര്‍ ടെററിസം, സ്‌ഫോടക വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ കൂടി NIAക്ക് അന്വേഷിക്കാം. ഈ ഭേദഗതി യഥാര്‍ഥത്തില്‍ ഈ നിയമം നിര്‍മിച്ചതിന്റെ ആവശ്യകതയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. ബോംബ് സ്‌ഫോടങ്ങളുള്‍പ്പെടെയുള്ള തീവ്രവാദ കാര്യങ്ങളെ പരാമര്‍ശിച്ച് നിര്‍മിച്ച നിയമത്തിന്റെ പരിധിയില്‍ ഇപ്പോള്‍ മറ്റു പല വിഷയങ്ങളും കടന്ന് വരുന്നു. ഈ സാഹചര്യത്തില്‍ പ്രത്യേകമായ ഒരു ഏജന്‍സി എന്തിനാണ് എന്ന ചോദ്യം പ്രസക്തമാണ്.
ഇത് കൃത്യമായി ന്യുനപക്ഷത്തെ ലക്ഷ്യം വെച്ച് നിര്‍മിക്കപ്പെട്ട വകുപ്പാണ്. സി.പി.ഐയുടെ തമിഴ്‌നാട്ടില്‍ നിന്നുള്ള എം.പി കെ. സുബ്ബരായന്‍ ഈ നിയമ നിര്‍മാണത്തെ സ്ഥാപനവത്കരിക്കപ്പെട്ട തീവ്രവാദം (institutionalized terrorism)  എന്നാണ് വിശേഷിപ്പിച്ചത്. ഇങ്ങിനെയുള്ള ഭേദഗതികള്‍ നല്‍കുന്ന അമിതാധികാരം NIA പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ ഉപയോഗിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2004, 2008, 2013 കളിലും ഇപ്പോള്‍ 2019ലും ഭേദഗതി ചെയ്യപ്പെട്ട യു.എ.പി.എ നിയമവും ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോഴാണ് ഈ നിയമങ്ങളുടെ ഭീകരത മനസ്സിലാകൂ.
ഭേദഗതിക്ക് മുന്‍പുള്ള UAPA തന്നെ ഭരണഘടനാ-ജനാധിപത്യ മൂല്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന ഒരു ഭീകര നിയമമാണ്. ഇന്ത്യയിലെ മുസ്‌ലിം, ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, ആദിവാസികള്‍, ഇടതുപക്ഷക്കാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ നിയമത്തിന്റെ ഇരകളാണ്. രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനം, പ്രഭാഷണം, പുസ്തകങ്ങള്‍- -ലഖുലേഖകള്‍ കൈവശം വെക്കല്‍ എന്നിവ രാഷ്ട്രത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവ തകര്‍ക്കുമെന്ന് പൊലീസിന് തോന്നിയാല്‍ UAPA ചാര്‍ത്തി അറസ്റ്റ് ചെയ്യാം. കേന്ദ്ര സര്‍ക്കാരിന് സംഘടനകളെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ ഏകപക്ഷീയമായി അധികാരം നല്‍കുന്നുണ്ട്. ക്രിമിനല്‍ നടപടി ക്രമത്തിലെ കസ്റ്റഡി 15 ദിവസത്തേക്ക് പരിമിതപ്പെടുത്തുമ്പോള്‍ UAPA പ്രകാരം 30 ദിവസം കസ്റ്റഡി നീളും. ക്രിമിനല്‍ നടപടി പ്രകാരമുള്ള അധിക കസ്റ്റഡി 30 ദിവസം ആകുമ്പോള്‍ UAPA പ്രകാരം അത് 90 ദിവസമാണ്. ഇങ്ങിനെ 180 ദിവസം വരെ ജാമ്യമില്ലാതെയും വിചാരണയില്ലാതെയും കസ്റ്റഡി ഇല്ലാതെ നീട്ടികൊണ്ടുപോകാം. ജാമ്യം എന്നത് ഒരു അവകാശമായി ഈ നിയമം അംഗീകരിക്കുന്നില്ല. അതുകൊണ്ട് കുറ്റാരോപിതര്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും. അബ്ദുല്‍ നാസര്‍ മഅ്ദനിയും പരപ്പനങ്ങാടിയിലെ സക്കരിയ്യയും ഈ നിയമം മൂലം വര്‍ഷങ്ങളായി ബംഗളൂരു ജയിലിലാണ്. പ്രോസിക്യൂഷന്‍ കുറ്റം സംശയാതീതമായി തെളിയിക്കുക എന്ന നിയമത്തിന് വിരുദ്ധമായി കുറ്റാരോപിതര്‍തന്നെ നിരപരാധിത്തം തെളിയിക്കേണ്ടി വരുന്ന അതിവിചിത്രമായ ഒരു രീതിയാണ് ഈ നിയമത്തില്‍ നിലനില്‍ക്കുന്നത്. ഇങ്ങിനെ സ്വാഭാവിക നീതിയെയും അന്താരാഷ്ട്ര സിവില്‍ സമൂഹം അംഗീകരിക്കുന്ന സ്വാഭാവിക നടപടിക്രമങ്ങളെയുമെല്ലാം കാറ്റില്‍ പറത്തി, പൗരന്മാരെ വേട്ടയാടി ജയിലുകളില്‍ നിറക്കുകയാണ് ഭരണകൂടങ്ങള്‍.
ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 39 ശതമാനം വരുന്ന ദലിത്-ആദിവാസി-മുസ്‌ലിം വിഭാഗങ്ങള്‍ ജയിലിലടക്കപ്പെട്ടവരുടെ 53 ശതമാനത്തിന് മുകളില്‍ വരും. അതില്‍ ബഹുഭൂരിപക്ഷവും യു.എ.പി.എ ചാര്‍ത്തപ്പെട്ട വിചാരണ തടവുകാരാണ്. വിചാരണ തടവറ അധികവും സംവരണം ചെയ്യപ്പെട്ടിരിക്കുന്നത് ഈ സമുദായങ്ങള്‍ക്ക് നേരെ തന്നെയാണ്. യു.പി.എ ഗവണ്‍മെന്റിന്റെ കാലത്തും യു.എ.പി.എ ഉപയോഗിച്ച് ഭരണകൂട വിമര്‍ശകരെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടിയിട്ടുണ്ട്. 2006 ബോംബെ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും തന്റെ ജീവിതത്തിലെ ഒന്‍പത് വര്‍ഷം ജയിലില്‍ കഴിയേണ്ടി വരുകയും അതില്‍ ഏഴ് വര്‍ഷം ഏകാന്ത തടവറയില്‍ കഴിയേണ്ടി വരുകയും ചെയ്ത ആളാണ് വാഹിദ് ഷെയ്ഖ്. ഇതെല്ലം അനുഭവിച്ചത് കുറ്റം തെളിയിക്കപ്പെട്ടതു കൊണ്ടല്ല മറിച്ച് വിചാരണ തടവിലായിരിക്കുമ്പോഴാണ്. ഏഞ്ജല സൊന്‍ടാകെ എന്ന ദലിത് ആക്ടിവിസ്‌റ് UAPA ചാര്‍ത്തി അറസ്റ്റിലായത് 2011 ലാണ്. 2018ലേക്ക് എത്തുമ്പോള്‍ അരുണ്‍ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വേസ്, ഗൗതം നവലഖ, സുധ ഭരദ്വാജ്, വരവര റാവു എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരെല്ലാവരും വ്യത്യസ്തങ്ങളായ ഇടങ്ങളില്‍ നിന്ന് ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ ആണ്. ഡോ. സോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിംഗ്, സുധീര്‍ ധാവ്‌ലെ, റോണാ വില്‍സണ്‍ എന്നിവരെ ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഭീമ കൊറേഗാവ് സംഭവത്തിലെ യഥാര്‍ഥ പ്രതികളായ ഹിന്ദുത്വ വാദികളെ പിടിക്കാതെ മെല്ലെപ്പോക്ക് തുടരുകയാണ്.

ബി.ജെ.പി സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ സൂചിപ്പിച്ച പോലെ അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമായി വിഹരിക്കാന്‍ വിടും എന്ന നയത്തില്‍ നിന്ന് തന്നെയാണ് പുതിയ യു.എ.പി.എ ഭേദഗതി ബില്ല് കൊണ്ടുവരുന്നത്. എന്‍.ഐ.എ പോലുള്ള ഏജന്‍സികള്‍ തീവ്രവാദകേസുകളുടെ അന്വേഷണത്തിലും പ്രോസിക്യൂഷനിലും ചില നിയമപരമായ ബലഹീനതകള്‍ മൂലം ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നാണ് അമിത് ഷാ ബില്ലിന് ന്യായീകരണമായി പറയുന്നത്. ഭേദഗതി ബില്ലില്‍ മുന്നോട്ട് വെക്കുന്ന പ്രധാന ഭേദഗതി കേന്ദ്ര സര്‍ക്കാരിന് സംഘടനകളെ എന്ന പോലെ വ്യക്തികളെയും തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള അധികാരം നല്‍കുന്ന വകുപ്പാണ്. നിലവില്‍ സംഘടനകളെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതിന്റെ കാരണങ്ങള്‍ തന്നെ അവ്യക്തവും ദുരൂഹവുമാണ്. കേന്ദ്ര സര്‍ക്കാരിന് തദ്‌വിഷയത്തില്‍ ഏകപക്ഷീയവും അനിയന്ത്രിതവുമായ അധികാരം നിലനില്‍ക്കുന്നുï്. മേല്‍പറഞ്ഞ മാനദണ്ഡങ്ങളിലൂടേയും നടപടിക്രമങ്ങളിലൂടേയും വ്യക്തികളെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ പ്രകടമായ ലംഘനമാണിത്. യു.എ.പി.എ ചുമത്തി തീവ്രവാദ മുദ്ര ചാര്‍ത്തുന്നവരുടെയും ജയിലിലടക്കപെടുന്നവരുടെയും കുടുംബ-സാമൂഹിക ജീവിതം താറുമാറാകുന്നു. അതിനാല്‍ ഈ ഒരു അധികാരം അത്യന്തം മനുഷ്യത്വവിരുദ്ധമാണ്.
ഈ നിയമം ഇന്നാട്ടിലെ മുസ്‌ലിംകളടക്കമുള്ള കീഴാള ജനസമൂഹത്തെ ബാധിക്കുന്നതാണ്. എന്നല്ല അവയെ തന്നെ ലക്ഷ്യം വെച്ചുള്ള നിയമനിര്‍മാണമാണ്. ഇതുവരെ ഈ നിയമം ജയിലിലടച്ച് ജീവിതം ഇല്ലാതാക്കിയവരുടെ നീണ്ട നിരയുടെ സമുദായം തിരിച്ചുള്ള കണക്കുകള്‍ നോക്കിയാല്‍ തന്നെ ഇത് വ്യക്തമാകും. സംഘടനകളുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. മുസ്‌ലിം സമുദായത്തെ അരികുവല്‍കരിക്കാനും ഭീതിയിലാഴ്ത്താനുമുള്ള സംഘ്പരിവാര്‍ അജണ്ടകളിലെ ഏറ്റവും പ്രകടമായ ഒന്നാണ് ഈ ബില്ല്.
തീവ്രവാദവുമായി ബന്ധപ്പെട്ടുള്ള സ്വത്ത് എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ കരുതുന്ന ഒരു സ്വത്ത് കണ്ടുകെട്ടുന്നതിനോ കൈമാറ്റം ചെയ്യപ്പെടുന്നത് തടയാനുള്ള ഉത്തരവിറക്കാനോ എന്‍.ഐ.എ ഡയറക്ടര്‍ ജനറലിന് അധികാരം നല്‍കലാണ് മറ്റൊരു പ്രധാന ഭേദഗതി. എന്‍.ഐ.എക്ക് അമിതാധികാരം നല്‍കലാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. എന്‍.ഐ.എ ഭേദഗതി നിയമം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍, എന്‍.ഐ.എക്ക് പൊലീസിന്റേതുള്‍പ്പെടെയുള്ള വിശാലമായ അധികാരം ലഭിക്കും. ഇതുവരെയുള്ള എന്‍.ഐ.എയുടെ ചരിത്രം പരിശോധിക്കുമ്പോള്‍, ന്യുനപക്ഷ വിരുദ്ധവും വംശീയ മുന്‍വിധിയോടും കൂടിയാണ് കേസുകള്‍ കൈകാര്യം ചെയ്തിരുന്നതെന്ന് മനസ്സിലാകും. അതുകൊണ്ട് ഈ അധികാരങ്ങള്‍ എന്‍.ഐ.എയില്‍ വീണ്ടും കേന്ദ്രീകരിച്ചാല്‍ മനുഷ്യാവകാശ ലംഘനങ്ങളും ന്യുനപക്ഷ-കീഴാള വേട്ടകളും വര്‍ധിക്കും. ഒപ്പം തന്നെ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും അന്വേഷണ ചുമതല നല്‍കുക കൂടി ചെയ്യുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

zakariya

ഭരണകൂടം വിമത ശബ്ദങ്ങളെയും ന്യുനപക്ഷങ്ങളെയും മറ്റു മര്‍ദിത ജനവിഭാഗങ്ങളെയും രാഷ്ട്രീയമായും സാമൂഹികമായും കീഴ്‌പ്പെടുത്താന്‍ നിയമത്തെ കൂട്ടുപിടിക്കുന്നതിന്റെ മൂര്‍ത്തമായ ഉദാഹരണമാണ് ഈ നിയമം. നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ഭാഷ തന്നെ തെറ്റാണ്. മറിച്ച് ഒരു തരത്തിലുള്ള ഭരണഘടനാ മൂല്യങ്ങളെയും വകവെക്കാതെയും കീഴാള വിഭാഗങ്ങളെ വേട്ടയാടുന്ന ഈ നിയമം തന്നെ ഒരു തെറ്റാണ്. മഅ്ദനിയും പരപ്പനങ്ങാടിയിലെ സക്കരിയയും പാനായിക്കുളം കേസില്‍ ഹൈകോടതി വെറുതെ വിട്ട റാസിഖ് റഹിം അടക്കമുള്ളവര്‍ യു.എ.പി.എയുടെ ഇരകളാണ്. കേരളത്തിലടക്കം ജയിലിലടക്കപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിംകളായിരിക്കും. തുടര്‍ന്ന് ദലിതുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും യു.എ.പി.എ ചാര്‍ത്തപ്പെട്ടവരുണ്ട്. അതിനാല്‍ മൗലികാവകാശങ്ങളില്‍ പോലും വെള്ളം ചേര്‍ത്ത് ചുട്ടെടുക്കപ്പെടുന്ന ഇത്തരം നിയമ നിര്‍മാണങ്ങളെ പൊതുസമൂഹം ചെറുത്ത് തോല്‍പ്പിക്കുക തന്നെയേ നിര്‍വാഹമുള്ളൂ.
(കുസാറ്റിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757