Opinion

കഥാര്‍സിസുള്ള കവിത – ഡോ. എം.ആര്‍ തമ്പാന്‍

നേമം താജുദ്ദീന്റെ ‘നടന്നു നീങ്ങുന്ന മണ്ണ്’ കവിതാ സമാഹരത്തിന്റെ വായന.

കവി, നാടകകൃത്ത്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ നേമം താജുദ്ദീന്റെ മൂന്നാമത് കവിതാ സമാഹാരമാണ് ‘നടന്നുനീങ്ങുന്ന മണ്ണ്’. ശബ്ദം നഷ്ടപ്പെട്ടവര്‍,പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നീ കവിതകളാണ് കവിയുടേതായി ഇതിനുമുന്‍പ് പ്രസിദ്ധീകരിച്ച കൃതികള്‍. കവി ഡി. വിനയചന്ദ്രന്‍ അവസാനമായി എഴുതിയ അവതാരിക നേമം താജുദ്ദീന്‍ എഴുതിയ ‘ശബ്ദം നഷ്ടപ്പെട്ടവര്‍’ എന്ന കവിതാ സമാഹാരത്തിനാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദം മുഴങ്ങുന്നതാണ് ഇതിലെ കവിതകളെല്ലാം. അധര്‍മങ്ങള്‍ക്കും അനീതികള്‍ക്കും പരിസ്ഥിതി നാശത്തിനും എതിരെ പ്രതിഷേധിക്കാനുള്ള ആയുധമാണ് താജുദ്ദീന്റെ കവിതകള്‍. വെള്ളം ചൂടായാല്‍ ആവി ആകും, പിന്നെ അത് മേഘമായി വന്ന് മഴയായ് പെയ്തിറങ്ങും. ഒരു കവിയുടെ മനസ്സ് തപിച്ചാല്‍ കവിതയായി അത് പെയ്‌തൊഴിയും. വര്‍ത്തമാനകാലത്തെ മൂല്യച്യുതികള്‍ കൊണ്ട് ചൂടായ ഒരു മനസ്സില്‍നിന്ന് പെയ്തിറങ്ങിയ തുലാവര്‍ഷമേഘമാണ്’നടന്നുനീങ്ങുന്ന മണ്ണ്’.

അക്കാദമി യോഗ്യത ഉള്ളവര്‍ക്ക് മാത്രമേ നല്ല കൃതികള്‍ രചിക്കുവാന്‍ കഴിയൂ എന്ന ധാരണ തെറ്റാണ്. അനുഭവസമ്പത്തും മനഃശേഷിയും ഇച്ഛാശക്തിയും ഭാഷാ പ്രാവീണ്യവും നിരീക്ഷണപാടവവും ഉള്ളവര്‍ക്ക് മാത്രമേ നല്ല കൃതികള്‍ രചിക്കാന്‍ കഴിയുകയുള്ളൂ. ഈ കഴിവുകളെല്ലാം താജുദ്ദീന് ഉണ്ടെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ തെളിയിക്കുന്നു. ഇത്തരം കഴിവുകളുള്ള പുതിയ എഴുത്തുകാരെ കണ്ടെത്തി അവരുടെ കൃതികള്‍ പ്രസിദ്ധീകരിച്ച് അവരെയും കൂടി മുഖ്യധാരയില്‍ കൊണ്ടുവരാന്‍ മെലിന്‍ഡ സാരഥി ഷാനവാസ് പോങ്ങനാട് നടത്തുന്ന സേവനം സ്തുത്യര്‍ഹമാണ്. താജുദ്ദീന്റെ ആദ്യത്തെ രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചതും മെലിന്‍ഡയാണ്. കണ്ണുകള്‍ തുറന്ന് സ്വപ്‌നം കാണുവാനുള്ള കഴിവ് എഴുത്തുകാരന് ഉണ്ടായിരിക്കണം. പ്രശസ്ത ശാസ്ത്രജ്ഞന്‍ ഐന്‍സ്‌റ്റൈന്‍ പറഞ്ഞു: ഇമാജിനേഷന്‍സ്ആര്‍ മോര്‍ ഇംപോര്‍ട്ടന്‍ഡ് ദാന്‍ നോളജ്; അറിവിനേക്കാള്‍ പ്രാധാന്യം ഭാവനക്കാണ്. താജുദ്ദീന് സ്വപ്‌നങ്ങളുണ്ട്, ഭാര്യയേയും കുടുംബത്തേയും കുറിച്ചല്ല; സമൂഹത്തെ കുറിച്ചാണ്. അദ്ദേഹത്തിന്റെ ദുഃഖം വൈയക്തികമല്ല; സാമൂഹ്യമാണ്. പരിസ്ഥിതി നാശത്തെ കുറിച്ചും മൂല്യച്യുതിയെ കുറിച്ചുമാണ് കവി വ്യാകുലപ്പെടുന്നത്.

ഇന്നത്തെ മലയാള കവിതയെ രണ്ടായി തരംതിരിക്കാം. വൃത്തവും അലങ്കാരവുമുള്ള പാരമ്പര്യ കവിതകളാണ് ഒരു വിഭാഗം. മറ്റൊരു വിഭാഗം, അലങ്കാരവും ബന്ധവുമില്ലാതെ എഴുതുന്ന നവീന കവിതകളാണ്. രണ്ടാമത്തെ വിഭാഗത്തില്‍ താജുദ്ദീന്റെ കവിതകളെ ഉള്‍പ്പെടുത്താം. നവീന കവിത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പുതിയ കവിത എന്നല്ല, സവിശേഷതകളുള്ള കവിതഎന്നാണ്. ക്ലാസിസത്തിന്റെ പിടിയില്‍നിന്നും വൃത്ത-അലങ്കാര ചിട്ടവട്ടങ്ങളില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും മലയാള കവിതയെ മോചിപ്പിച്ചത് നവീന കവിതകളാണ്. വേസ്റ്റ് ലാന്‍ഡ് എന്ന കവിതയിലൂടെ ടി.എസ് എലിയറ്റ് ആണ് നവീന കവിതക്ക് തുടക്കം കുറിച്ചത്. അയ്യപ്പപണിക്കര്‍, സച്ചിദാനന്ദന്‍, കെ.ജി ശങ്കരപ്പിള്ള തുടങ്ങിയ കവികളാണ് മലയാളത്തിലെ നവീന കവിതകളുടെ ആചാര്യന്മാര്‍. ഓടയില്‍ പെറ്റുവീണ നിലവിളിയാണ് എന്റെ വൃത്തം എന്ന് സച്ചിദാനന്ദന്‍ പറഞ്ഞിട്ടുണ്ട്.

മതങ്ങളുടെ ശാസനകളും പ്രത്യയശാസ്ത്രങ്ങളുടെ തത്വങ്ങളുമെല്ലാം നിരസിച്ചുകൊണ്ട് മനഃസാക്ഷിക്ക് തോന്നുന്ന പാതയിലൂടെ നടന്ന് മനുഷ്യത്വത്തോടെ ധര്‍മം ചെയ്യുക എന്നതാണ് ആധുനിക കവിതയിലൂടെ അയ്യപ്പപണിക്കരുടെ കുരുക്ഷേത്രം നല്‍കുന്ന പാഠം. ഈ പശ്ചാത്തലത്തില്‍ താജുദ്ദീന്‍ കവിതകളിലേക്ക് കടക്കാം. സ്വാര്‍ത്ഥനായ മനുഷ്യന്‍ ഭൂമിക്ക് ചരമഗീതം ചമക്കുന്നതിനെതിരെയുള്ള ശക്തമായ പ്രതികരണമാണ് ‘അപ്പൂപ്പന്‍ പാറ’! ഡയനാമിറ്റുകള്‍കൊï് നെഞ്ചകം പകര്‍ത്തിയ പാറയുടെ രോദനം അപ്പൂപ്പന്‍ പാറയില്‍ കേള്‍ക്കാം. തൊട്ടുപോകരുത് എന്ന് പറയുന്ന പരിസ്ഥിതി സംരക്ഷകരുടെ ശബ്ദവും ഇവിടെ കേള്‍ക്കാം. പ്രത്യാശ നല്‍കുന്ന ഈ സ്ത്രീ ശബ്ദം സൈലന്റ് വാലി സംരക്ഷികയുടെ ശബ്ദമല്ലേ? മരത്തിനുമേല്‍ മഴു ഉയരുമ്പോള്‍ അരുത് എന്നുപറയുന്ന അമ്മയുടേതല്ലേ? മണ്ണും പെണ്ണും മാതൃഭാഷയും സംരക്ഷിക്കാന്‍ പുറപ്പെട്ട് ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പ്രകൃതി സ്‌നേഹിയുടേതല്ലേ? വായനക്കാരുടെ ചിന്തയെ ഉണര്‍ത്താനും അവനില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താനും കവിതക്ക് കഴിയണം. അങ്ങിനെ മാത്രമേ കവിത ധന്യമാകൂ. പ്രകൃതി രമണീയമായ മലയാളനാട്ടില്‍ പശുവിന്റെ പേരില്‍ മുസ്‌ലിംകളെ കൊല്ലുന്ന, ദലിതരെ കൊല്ലുന്ന മൃഗീയ കാഴ്ചകളാണ് ദേശാടന കിളികളില്‍ കാണുന്നത്. രക്തരൂക്ഷിത വിപ്ലവത്തിന്റെ അര്‍ഥശൂന്യതയും അപ്രായോഗികതയും വെളിപ്പെടുത്തുന്ന കവിതയാണ് ‘വിപ്ലവകാരി’. അധര്‍മത്തിനെതിരെ പടപൊരുതാന്‍ ആലസ്യത്തില്‍ അമര്‍ന്ന ജനതയെ സജ്ജമാക്കാനുള്ള ഉണര്‍ത്തുപാട്ടാണ്’തൂലിക’.

ജാതി-മത-രാഷ്ട്രീയ ഭേദങ്ങള്‍ക്കെല്ലാം അതീതമായ മനുഷ്യബന്ധം/മഹത്വം കവി ഉദ്‌ഘോഷിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ദുരന്തം വിശപ്പാണ് എന്ന് വിഖ്യാത കൃതിയായ പാവങ്ങള്‍ രചിച്ച വിക്ടര്‍ ഹ്യൂഗോ എഴുതിയിട്ടുണ്ട്. ‘വിശപ്പിന്റെ ‘ വിളിയില്‍ ആ ദുരന്തത്തിന്റെ രോദനം കേള്‍ക്കാം. തിന്മകള്‍ക്കെതിരെ പൊരുതാന്‍ തൂലിക ആയുധമാക്കിയാല്‍ വൈകിയാണെങ്കിലും അതിന് അംഗീകാരം ലഭിക്കും എന്ന സന്ദേശമാണ് ‘ഞാന്‍ ഒരു പ്രതികരണവേദി ‘ എന്ന കവിത നല്‍കുന്നത്. മോദി ഭരണത്തിന്റെ മുന്‍കരുതലുകളില്ലാത്ത സാമ്പത്തിക പരിഷ്‌കരണത്തിനെതിരെയുള്ള പ്രതികരണമാണ് ജി.എസ്.ടി എന്ന കവിത. ഉഛനീചത്വങ്ങള്‍ക്കെതിരെ പ്രണയത്തിലൂടെ പ്രതികരിക്കുന്ന കവി തന്റെ മതേതര വീക്ഷണമാണ് വെളിപ്പെടുത്തുന്നത്. പരാജയത്തില്‍ തളരാതെ ലക്ഷ്യത്തിലെത്താന്‍ അനുസ്യൂതം യത്‌നിക്കുക എന്ന ചിലന്തി പഠിപ്പിച്ച പാഠം അനുകരിക്കാന്‍ ആഹ്വാനംചെയ്യുന്ന കവിതയാണ് ‘തിരിച്ചറിവില്ലായ്മ’. വിശപ്പടക്കാന്‍ ഒരുനേരത്തെ ആഹാരം അനുമതിയില്ലാതെ എടുത്ത കുറ്റത്തിന് കെട്ടിയിട്ട് അടിച്ചു കൊന്നതിനെതിരെയുള്ള പ്രതികരണമാണ് ‘നൊന്തു മരിച്ച മധു ‘ .
നൊന്തുപെറ്റു വളര്‍ത്തി വലുതാക്കിയ അമ്മയെ മകന്‍ വാര്‍ധക്യത്തില്‍ വൃദ്ധ സദനത്തിലാക്കി, എന്നിട്ടും മകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന കവിതയാണ് അമ്മ. അയിത്തം പോലുള്ള അനാചാരങ്ങളെയും ദുര്‍ മന്ത്രവാദങ്ങളേയും കാട്ടു കള്ളന്മാരെയും എതിര്‍ക്കുന്ന കവി മഴയെയും കാറ്റിനെയും തണുപ്പിനെയും താലോലിക്കുന്നു. ദൈവത്തിന്റെ വൈവിധ്യ സൃഷ്ടികളില്‍ അത്ഭുതം കൂറുന്ന ഈ കവി സുഭാഷിതങ്ങള്‍ പോലുള്ള കവിതകളും രചിച്ചിട്ടുï്. മാതൃഭാഷയായ അമ്മ മലയാളത്തിന്റെ അപദാനങ്ങളും മലയാള മണ്ണിന് അമൃത് ഖനിയായ ചക്കയുടെ ഗുണവിശേഷങ്ങളും കവി പാടിപ്പുകഴ്ത്തുന്നുï്. ജാതി വിവേചനത്തിന്റെ പേരില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന കാമ്പസ് താരമായ രോഹിത് വെമുലക്ക് സമര്‍പ്പിക്കുന്ന തിലോദകം ആണ് അസഹിഷ്ണുതയുടെ വിര എന്ന കവിത. പാനം ചെയ്യേണ്ടത് എന്ന കവിതയില്‍ മനുഷ്യന്‍ ചെയ്യേണ്ട നല്ല കര്‍മങ്ങളുടെ കൂട്ടത്തില്‍ താഴെ കൊടുത്ത വരികള്‍ ഏറെ ശ്രദ്ധേയമാണ്.
‘മനസ്സിനെ വിമലീകരിക്കുക’ ! മനസ്സുകള്‍ സഫലീകരിക്കുന്ന ഈ വരികള്‍ ഓര്‍മിപ്പിക്കുന്നത് വിശ്വപ്രശസ്ത ചിന്തകനായ അരിസ്റ്റോട്ടിലിനെയാണ്. മനുഷ്യമനസ്സിനെ വിമലീകരിക്കുക എന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞിട്ടുണ്ട്. ഈ വിമലീകരണ പ്രക്രിയയയെ കഥാര്‍സിസ് എന്നാണ് അദ്ദേഹം നാമകരണം ചെയ്തത്.
താജുദ്ദീന്റെ കവിതകള്‍ പ്രത്യേകിച്ചും സുഭാഷിത കവിതകളാണ് . മനുഷ്യനെ നേരാവണ്ണം നയിക്കുന്ന കഥാര്‍സി സുള്ള കവിതകളാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757