Opinion

മുത്തലാഖ് നിരോധന നിയമവും ബി.ജെ.പിയുടെ കപട സ്ത്രീ സംരക്ഷണവും – സുഫീറ എരമംഗലം

 

‘മധ്യകാല സമ്പ്രദായം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക്. പാര്‍ലമെന്റ് മുത്തലാഖിനെ ഇല്ലാതാക്കി. മുസ്‌ലിം വനിതയോട് ചെയ്ത ചരിത്രപരമായ തെറ്റ് തിരുത്തുകയാണ്. ഇത് ലിംഗനീതിയുടെ വിജയമാണ്, കൂടുതല്‍ സമത്വത്തിലേക്ക് നയിക്കുന്നതാണ്. ഇന്ത്യ ഇന്ന് സന്തോഷിക്കുന്നു.’ മുത്ത്വലാഖ് ബില്‍ പാസായ ശേഷം നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിവ.
യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു ബില്‍ നിയമമാക്കി ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചതു തന്നെ മുസ്‌ലിം സ്ത്രീ സംരക്ഷണം എന്നതിന് നിയമപരമായി പോലും പ്രസക്തിയില്ലാത്തതാണ്. 2016 ഫെബ്രുവരി 23ന് ഉത്തരാഖണ്ഡിലെ കാശിപൂര്‍ സ്വദേശിനിയായ 36കാരിയായ സൈറാബാനു സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് 2017 ആഗസ്റ്റ് 22ന് സുപ്രീംകോടതി ഭരണഘടനാ അനുഛേദം 141 പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന വിധി പ്രസ്താവിക്കുന്നത്. മുത്തലാഖ് അസാധുവാക്കിയും യഥാര്‍ഥ തലാഖ് രീതി വിശദീകരിച്ചും ഒരു നിയമം കൊണ്ടുവരികയാണെങ്കില്‍ അത് സിവില്‍ നിയമത്തിന്റെ പരിധിയിലാണ് വരേണ്ടത്. സുപ്രീംകോടതി വിധിപ്രസ്താവനയില്‍ ഒരിടത്തും മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കണമെന്നതിനെ സംബന്ധിച്ച് ഒരു സൂചന പോലുമില്ല. എന്നിട്ടും മുത്തലാഖിനെ നിര്‍വചനയുക്തിക്കപ്പുറത്താക്കി ക്രിമിനല്‍ നിയമമാക്കിയത് മുസ്‌ലിം പുരുഷന്മാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനുള്ള വ്യഗ്രതയാണ്. ഇത് മുസ്‌ലിം സ്ത്രീയെ മുസ്‌ലിം പുരുഷാധിപത്യത്തിന്റെ ഇര എന്ന വാര്‍പ്പ് മാതൃകയില്‍ എന്നും തളച്ചിടുന്നതിന്റെ പ്രതിഫലനമാണ്.

ആരുടെ ഇര
സംഘ്പരിവാര്‍ തക്കം പാര്‍ത്തിരിക്കുന്ന ഏക സിവില്‍ കോഡ് നിയമത്തിലേക്കുള്ള അന്തരീക്ഷത്തെ പാകപ്പെടുത്തുന്ന ചുവടുകളില്‍ ഒന്നാണ് മുത്തലാഖ് ബില്‍. സംഘ് രാജ്യ നിര്‍മിതിക്കായി വംശീയമായി മുറിവേല്‍പിക്കപ്പെടുകയും നിഷ്‌കാസിതരായിക്കൊണ്ടിരിക്കുകയും, ജയിലുകളിലടക്കപ്പെടുകയും ചെയ്യുന്ന ഇര വിഭാഗത്തിന്റെ പ്രധാന ദുഃഖം പേറുന്ന കുടുംബിനികളാണ് മുസ്‌ലിം സ്ത്രീകള്‍. പശുവിന്റെ പേരില്‍, ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ നിഷ്ഠൂരമായ മര്‍ധന-പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും ഇല്ലാതാക്കപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്തുകൊണ്ട് അപര ഭീതിയില്‍ അടക്കപ്പെട്ട സമൂഹത്തെ വിരുദ്ധ ദ്വന്ദ്വങ്ങളാക്കുന്ന സംഘ്പരിവാറിന്റെ ചൂണ്ടയാണ് മുത്തലാഖ്. ഒരേ സ്വത്വത്തിന് കീഴില്‍ ഏകീകരിക്കപ്പെടുന്നവരെ ലിംഗനീതിയുടെ വ്യാജ പരിപ്രേക്ഷ്യം സൃഷ്ടിച്ചുകൊണ്ട് ഭരണകൂടം ഉല്‍പാദിപ്പിക്കുന്ന ഭീതിയുടെ ആയുധം എന്ന നിലക്കും മുത്തലാഖ് നിയമം ഉപയോഗിക്കപ്പെടും. നിയമ പരമായി സാധുതയില്ലാതിരുന്ന ഒരു വ്യവഹാരത്തെ പൊടി തട്ടിയെടുത്ത് വീണ്ടും നിയമത്തിന്റെ ആണിയടിക്കുന്നതിന് പിന്നില്‍ സ്വത്വത്തെ അപരവല്‍കരിക്കുക എന്ന ലക്ഷ്യം തന്നെയാണ്. വിവാഹ മോചനം എന്ന സിവില്‍ നിയമത്തില്‍ നിന്ന് മുത്തലാഖ് എന്ന പ്രതിലോമ സമ്പ്രദായത്തിന്റെ സംജ്ഞയെ അടര്‍ത്തിയെടുത്ത് ക്രിമിനല്‍ നിയമമാക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പര്യമാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്. ഇന്ത്യയില്‍ വിവാഹ മോചന നിരക്ക് ഏറ്റവും കുറഞ്ഞ സമുദായമാണ് മുസ്‌ലിംകള്‍ എന്ന് കാണിക്കുന്ന നിരവധി കണക്കുകളുണ്ട്. അതില്‍തന്നെ മുത്തലാഖിലൂടെ വിവാഹമോചനം നടക്കുന്നത് 0.44 ശതമാനം മാത്രമേ ഉള്ളൂവെന്നും കണക്കുണ്ട്. മുസ്‌ലിം സ്ത്രീകളെയാകെ ബാധിക്കുന്ന പ്രശ്‌നമായി മുത്തലാഖിനെ അവതരിപ്പിക്കുന്നതാണ് ഭരണകൂടത്തില്‍ നിന്നുള്ള സമീപനം. മുസലിം സ്ത്രീയുടെ സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ പുനര്‍ നിര്‍മാണത്തെക്കുറിച്ച ആലോചനകളില്‍ നിന്നകന്ന് ദാമ്പത്യ ഇര എന്ന കേവല പ്രതീകത്തിലേക്ക് ചുരുക്കിക്കെട്ടുകയും രക്ഷകരുടെ ദാക്ഷിണ്യം കാംക്ഷിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാക്കുമ്പോള്‍ മുത്തലാഖിന് പിന്നിലെ കുതന്ത്രങ്ങളെക്കുറിച്ച് അതിന്റെ പേരില്‍, ഇരയുടെ ചാപ്പയടിക്കപ്പെട്ടവര്‍ തന്നെ ചോദ്യങ്ങള്‍ ചോദിക്കുകയാണ്. 2018ല്‍ ജയ്പൂരില്‍ സംഘടിപ്പിക്കപ്പെട്ട മാര്‍ച്ചില്‍ അണിനിരന്ന ലക്ഷത്തില്‍ പരം പേര്‍ മുസ്‌ലിം സ്ത്രീകളുടെ പ്രതിനിധാനം തന്നെയായിരുന്നു. ശരീഅത്ത് സംവിധാനങ്ങളെ പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം മുസ്‌ലിം സ്ത്രീകളുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മതവ്യവഹാരങ്ങളിലെ സ്റ്റേറ്റിന്റെ അമിത ഇടപെടലുകള്‍ മതനിരപേക്ഷ ജനാധിപത്യത്തില്‍ നിന്ന് വംശീയ സ്വേഛാധിപത്യത്തിലേക്കുള്ള ഭരണകൂടത്തിന്റെ കൂടുമാറലിനെയാണ് അടയാളപ്പെടുത്തുന്നത്. സമുദായ ബന്ധങ്ങളുള്ള നിയമങ്ങളെ സൃഷ്ടിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ സമുദായ വിഭാഗങ്ങളുടെ പ്രാതിനിധ്യം നിഷേധിക്കുന്നത് പ്രസ്തുത സമൂഹത്തിന് മേലുള്ള നിക്ഷിപ്ത താല്‍പര്യമല്ലാതെ മറ്റൊന്നുമല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ മുസ്‌ലിം പുരുഷന്മാരെ ക്രിമിനലുകളായി ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി മാത്രം തയ്യാറാക്കിയതാണ് മുത്തലാഖ് ബില്‍ എന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വനിതാ വിഭാഗം അധ്യക്ഷ ഡോ. അസ്മ സഹ്‌റ സൂചിപ്പിക്കുകയുണ്ടായി. മുസ്‌ലിം ഭര്‍ത്താക്കന്‍മാരെ കുറ്റവാളികളാക്കി മൂന്നുവര്‍ഷം ജയിലിലടച്ച് അവരുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും വഴിയാധാരമാക്കി തെരുവിലിറക്കാനുള്ള ഗൂഢപദ്ധതിയാണിതെന്നും അസ്മ പറയുന്നുണ്ട്. മുസ്‌ലിം പെണ്ണുങ്ങളുടെ കണ്ണീര് തുടക്കുവാന്‍ വ്യഗ്രത കൊള്ളുന്നവരുടെ ചരിത്ര- വര്‍ത്തമാനങ്ങളെല്ലാം അവരെ കണ്ണീരു കുടിപ്പിക്കുന്നതാണ്. വിധവകളും, കാണാമറയത്തും കണ്‍വെട്ടത്തും ഇല്ലാതാക്കപ്പെട്ടവരുമായവരുടെ ഉമ്മമാരും ജയിലഴികളില്‍ നിറക്കപ്പെട്ടവരുടെ ഉറ്റവരും ഉള്ളം നീറിക്കഴിയുന്ന ദുരന്ത സാഹചര്യങ്ങള്‍ക്ക് നേരെ അന്ധമാകുന്ന, മുത്തലാഖ് എന്ന മതപരമായും നിയമപരമായും അപ്രസക്തമായ വിവാഹമോചന സമ്പ്രദായത്തിന് നേരെ മാത്രം ജാഗരൂകമാവുകയും ചെയ്യുന്നതിന്റെ ലോജിക് എന്താണെന്നത് പകല്‍പോലെ വ്യക്തമാണ്. കശ്മീരിലെ പെണ്‍കുട്ടിയും, ജാംഷഡ്പൂരിലെ പൈതലും സ്ത്രീസംരക്ഷണത്തിന്റെ പേരിലെ ഭരണകൂട വീരസ്യത്തെയും കാപട്യത്തെയുമാണ് തുറന്നു കാട്ടുന്നത്.


2016 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിലെ കാശിപൂര്‍ ജില്ലയില്‍ നിന്നുള്ള 35കാരിയായ സൈറാബാനു മുത്തലാഖ്, ബഹുഭാര്യത്വം, നികാഹ് ഹലാല (ആദ്യ ഭര്‍ത്താവിനെ പുനര്‍വിവാഹം ചെയ്യാന്‍ മറ്റൊരാളുമായി വിവാഹം ചെയ്തിരിക്കണമെന്ന വിധി) തുടങ്ങിയ മുസ്‌ലിം വ്യക്തിനിയമങ്ങള്‍ക്കെതിരായി ഹരജി നല്‍കി. രണ്ടു കുട്ടികളുടെ മാതാവായ സൈറാബാനു സ്ത്രീധനത്തിന്റെ പേരില്‍ പീഡനത്തിനും പല തവണകളിലായി നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും ഇരയായി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭര്‍ത്താവ് റിസ്‌വാന്‍ അഹ്മദ് തപാല്‍ വഴി കത്തയച്ചുകൊണ്ട് വിവാഹബന്ധം വേര്‍പെടുത്തിയതായി അവരെ അറിയിച്ചത്. തന്റെ സമ്മതമോ അറിവോ ഇല്ലാതെയുള്ള ഭര്‍ത്താവിന്റെ ഏകപക്ഷീയമായ തീരുമാനം, തന്നെ പ്രതിസന്ധിയിലാക്കി എന്നും താന്‍ നേരിട്ട അനീതികള്‍ക്കെതിരെ പോരാടുമെന്നും അവര്‍ അറിയിച്ചു. ഫെമിനിസ്റ്റ് അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഫ്‌ളേവിയ ആഗ്‌നസും സമാന ചിന്താഗതിക്കാരും 2002ലെ ശമീംആറ കേസിനെ തുടര്‍ന്ന് മുത്തലാഖിനെതിരെ കോടതി വിധികളുള്ളതിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചൊരു നിരോധനം ആവശ്യമില്ലെന്ന പക്ഷക്കാരാണ്. 1985-ലെ ഷാബാനു കേസിന് ശേഷം മുസ്‌ലിം സ്ത്രീകള്‍ രാജ്യത്തെ നിയമ വ്യവസ്ഥയില്‍ നടത്തിയ ഇടപെടലുകള്‍ സംവാദങ്ങളില്‍ തമസ്‌കരിക്കപ്പെടുന്നത് അവരുടെ കര്‍തൃത്വത്തെ അംഗീകരിക്കാതിരിക്കുന്നതിന് തെളിവാണ്. രക്ഷകരുടെ ഔദാര്യത്തിന് കീഴില്‍ മാത്രം സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളെ സ്ഥാപിച്ചുകിട്ടുന്ന വിനീത വിധേയകളായി മുസ്‌ലിം സ്ത്രീകളെ അഡ്രസ് ചെയ്യുന്നവര്‍ അവരുടെ മറ്റു ജീവിത വ്യവഹാരങ്ങളിലെ ഗുണാത്മകവും വ്യവസ്ഥാപരമായി നിഷേധാത്മകവുമായ വശങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ്. മുസ്‌ലിം പുരുഷന്‍ എന്നത് പുരുഷാധിപത്യത്തിന്റെ പ്രതീകമായും മുത്തലാഖ് നിയമത്തെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്നവരെ മുസ്‌ലിം യാഥാസ്ഥിതിക പുരുഷാധിപത്യത്തിന്റെ ചട്ടുകങ്ങളായും കാണുന്ന പ്രവണതയാണുള്ളത്. ന്യൂനപക്ഷത്തിനുമേല്‍ ഭൂരിപക്ഷം സ്ഥാപിച്ചെടുക്കുന്ന വിജയാഹ്ലാദത്തെ ആഘോഷിക്കുന്നവര്‍ ഭീതിയുടെ അന്തരീക്ഷത്തെയാണ് ജനാധിപത്യ നിഷ്‌ക്രിയതക്ക് മുതല്‍ക്കൂട്ടുന്നത്.

വിവാഹ മോചനം എന്നത് മുസ്‌ലിം സ്ത്രീ വിഭാഗത്തിന്റെ ഇരവല്‍ക്കരണവുമായി മാത്രം ബന്ധപ്പെടുന്നതിനെ പൊലിപ്പിച്ചെടുക്കുകയാണിവിടെ. യഥാര്‍ത്ഥത്തില്‍ വിവാഹ മോചനം വ്യക്തികളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുന്ന, വിവാഹം പോലെത്തന്നെയുള്ള ഒരു സിവില്‍ വ്യവഹാരമാണ്.
എന്നാല്‍ മുസ്‌ലിം സ്ത്രീയെ മുസ്‌ലിം പുരുഷാധിപത്യത്തിന്റെ ഇര എന്ന വാര്‍പ്പ് മാതൃകയില്‍ എന്നും തളച്ചിടുന്നതിനാണ് മത വിരുദ്ധ ലിബറല്‍ യുക്തിയും സംഘ്പരിവാറും ഈ പ്രയോഗത്തെ വ്യാപകമായി ഉപയോഗിക്കുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757