Opinionpress release

ദുരന്ത വ്യപ്തി വര്‍ധിപ്പിക്കാന്‍ കൂടംകുളത്ത് ആണവമാലിന്യ സംഭരണ കേന്ദ്രവും

തമിഴ്‌നാട്ടിലെ ഇടിന്തകരയില്‍ കൂടംകുളം ആണവ നിലയത്തിനെതിരെ സാധാരണക്കാരായ ജനങ്ങള്‍ നടത്തുന്ന സമര പോരാട്ടങ്ങള്‍ ഇപ്പോഴും ഒടുങ്ങിയിട്ടില്ല. ആണവനിലയത്തിനെതിരെ പീപ്പിള്‍സ് മൂവ്‌മെന്റ് എഗയ്ന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് വലിയ പിന്തുണയാണ് കേരളത്തില്‍ നിന്ന് ഉണ്ടായത്. കൂടംകുളം ആണവനിലയം സൃഷ്ടിക്കുന്ന ദുരന്തം തമിഴ്‌നാട്ടിലേതുപോലെത്തന്നെ കേരളത്തേയും ബാധിക്കുമെന്ന തിരിച്ചറിവാണ് കൂടംകുളം സമരത്തെ കേരളം നെഞ്ചേറ്റിയതിന് കാരണം. സമര പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കൂടംകുളത്തെ ജനങ്ങളെ ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കും ഭീകരതക്കും ഇരയാക്കിക്കൊണ്ട് ആണവനിലയം സ്ഥാപിക്കപ്പെട്ടു. എന്നിരിന്നാലും ജനങ്ങളുടെ സമരാവേശം അടങ്ങിയിട്ടില്ല. ആണവനിലയിത്തിനെതിരായ സമരം ഇപ്പോള്‍ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പരിസ്ഥിതി ആഘാത പഠനം നടത്താതെ ആണവ മാലിന്യ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ആണവ വിരുദ്ധ സമിതി വീണ്ടും സമരവുമായി രംഗത്തുവന്നിരിക്കുന്നു. സമരവുമായി ബന്ധപ്പെട്ടുകൊണ്ട് പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ടും പദ്ധതിയുടെ അപകട സാധ്യതകള്‍ വിശദീകരിച്ചുകൊണ്ടും സമര സമിതി നേതാവ് എസ്.പി ഉദയകുമാര്‍ കൂടംകുളം ആണവ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി നേതാക്കളോടൊപ്പം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാധ്യമങ്ങളെ അഭിസംബോധനം ചെയ്തുകൊണ്ട് പുറത്തിറക്കിയ പത്രകുറിപ്പ്.
ഇന്ത്യാ ഗവണ്‍മെന്റ് കൂടംകുളത്ത് ആണവ മാലിന്യ സംഭരണ കേന്ദ്രം നിര്‍മിക്കാനായുള്ള തീരുമാനമെടുത്തിരിക്കുകയാണ്. 538 കോടി രൂപ മുടക്കി 29 മാസം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതി സംബന്ധിച്ച പരിസ്ഥിതി ആഘാത പഠന (EIA)  റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. കൂടംകുളം ആണവ പവര്‍ പ്രോജക്ട് സ്ഥിതിചെയ്യുന്നത് തമിഴ്‌നാട്ടിലായതിനാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യമായ വിവരങ്ങളൊന്നും കേരളത്തില്‍ ലഭ്യമായിട്ടില്ല. അതേസമയം കൂടംകുളത്തിന്റെ അപകടമേഖലയിലാണ് തെക്കന്‍ കേരളമുള്ളത്. ഇടിന്തകരയില്‍ കൂടംകുളം ആണവ നിലയത്തിനെതിരയുള്ള സമരം ശക്തമായിരുന്ന കാലത്ത് 2012ല്‍ തമിഴ്നാട്ടിലെ ”പൂവുലഗിന്‍ നന്‍ബര്‍കള്‍” (ഫ്രണ്ട്‌സ് ഓഫ് എര്‍ത്ത്) എന്ന സംഘടന സുപ്രീം കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. 15 ശുപാര്‍ശകളോടെ 2013 ല്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചതില്‍ ഒരു പ്രധാന വ്യവസ്ഥ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആണവ മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ ഡീപ് ജിയോളജിക്കല്‍ റിപോസിറ്ററി (ഡി.ജി.ആര്‍) സ്ഥാപിക്കുക എന്നതായിരുന്നു. അഞ്ചുവര്‍ഷത്തെ സമയപരിധി 2018 മാര്‍ച്ചില്‍ അവസാനിച്ചു. എന്നാല്‍, എ.എഫ്.ആര്‍(Away From Reactor)  നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ തങ്ങള്‍ക്കില്ലെന്ന് പറഞ്ഞ് എന്‍.പി.സി.ഐ.എല്‍ അഞ്ച് വര്‍ഷം കൂടി സാവകാശം തേടുകയാണ് ചെയ്തത്. കൂടംകുളം പ്രോജക്ടിന് ലൈറ്റ്-വാട്ടര്‍ റിയാക്റ്ററുകള്‍ ഉണ്ടായിരുന്നു എന്നത് സങ്കീര്‍ണത വര്‍ധിപ്പിച്ചു. കൂടംകുളം പദ്ധതിയലെ റിയാക്റ്റര്‍ കെട്ടിടത്തിനുള്ളിലെ Spend Fuel Pool ല്‍ 7 പ്രവര്‍ത്തന വര്‍ഷങ്ങള്‍ ചെലവഴിച്ച ഇന്ധനങ്ങളുടെ സംഭരണ ശേഷിയുണ്ട്.


ആണവ മാലിന്യങ്ങള്‍ കൂടുതല്‍ അപകടത്തിലാവുകയോ അപകടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുമെന്നതിനാല്‍ ഡി.ജി.ആറും എ.എഫ്.ആറും സ്ഥാപിക്കുന്നതുവരെ കൂടംകുളം പ്രോജക്ടിലെ 1,2 യൂണിറ്റുകളില്‍ വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവെപ്പിക്കാന്‍ പൂവുലഗിന്‍ നമ്പര്‍കള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് ‘സ്പെന്റ് ഫ്യൂവല്‍ പൂളില്‍’ മതിയായ ഇടമുണ്ടെന്നും എ.എഫ്.ആര്‍ നിര്‍മിക്കാനായി അഞ്ച് വര്‍ഷം കൂടി വേണമെന്നും എന്‍.പി.സി.ഐ.എല്‍ വാദിച്ചു. അവരുടെ വാദം കോടതി അംഗീകരിക്കുകയും 2022 ഏപ്രില്‍ 30 വരെ സമയം അനുവദിക്കുകയും ചെയ്തു. കൂടംകുളത്ത് ആണവ മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ല എന്നതായിരുന്നു സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, കൂടംകുളത്ത് ഒരു AFR സ്ഥാപിക്കാനാണ് ആണവ സ്ഥാപനം ശ്രമിക്കുന്നത്.
കൂടംകുളത്ത് ഒരു AFR നിര്‍മിക്കാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും ആണവോര്‍ജ വകുപ്പും ശ്രമിക്കുന്നത്. ഒരു ആണവ നിലയത്തേക്കാള്‍ അപകടകരമാണ് AFR, കാരണം അതില്‍ മിക്ക റേഡിയോ ആക്റ്റീവ്, ന്യൂക്ലിയര്‍ മാലിന്യങ്ങളും കൈകാര്യം ചെയ്യും. ജനങ്ങള്‍, കന്നുകാലികള്‍, ഭൂമി, ഭൂഗര്‍ഭജലം, സമുദ്രം, തീരം, വായു എന്നിവ ഇതുകാരണം അപകടകരമായി മലിനപ്പെടും. കൂടംകുളം ആണവ പദ്ധതിക്കെതിരായ സമരം ഇടിന്തകരൈയില്‍ ശക്തമായി നടന്നുകൊണ്ടിരിക്കുമ്പോള്‍, 2012 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടംകുളം ആണവ മാലിന്യങ്ങള്‍ കോലാറിലെ പ്രവര്‍ത്തനരഹിതമായ സ്വര്‍ണ ഖനികളില്‍ സൂക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ജഗദീഷ് ഷെട്ടറും കേന്ദ്രമന്ത്രി വീരപ്പ മൊയ്ലിയും കര്‍ണാടകയിലെ ജനങ്ങളും ആണവ മാലിന്യങ്ങള്‍ കോലറില്‍ മാത്രമല്ല കര്‍ണാടകയില്‍ എവിടെയും ഡംപ് ചെയ്യുന്നതിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. അതോടെ കേന്ദ്ര സര്‍ക്കാര്‍ ഈ വാഗ്ദാനം പിന്‍വലിക്കുകയും കേന്ദ്ര മന്ത്രി നാരായണസാമി കൂടംകുളത്തെ മാലിന്യങ്ങള്‍ കൂടംകുളത്തു തന്നെ സൂക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.


കുടംകുളം ആണവ പദ്ധതിക്ക് 5.40 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമാണ് ഉള്ളത് എന്നത് ഇവിടെ പ്രസക്തമാണ്. 13.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ സ്ഥലത്ത് ആറ് മുതല്‍ എട്ട് വരെ റിയാക്ടറുകള്‍, ഒരു പുനഃസംസ്‌കരണ പ്ലാന്റ്, ഡീസലൈനേഷന്‍ പ്ലാന്റുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകള്‍ എന്നിവ വളരെ അടുത്തടത്തായി സ്ഥിതി ചെയ്യുന്നത് തികച്ചും അപകടകരമാണ്. അത്തരത്തിലൊന്ന് നിര്‍മിക്കപ്പെട്ടാല്‍ അത് തദ്ദേശവാസികള്‍ക്ക് മാത്രമല്ല തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി എന്നീ ജില്ലകളിലും കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും വലിയ ആണവ അപകടങ്ങള്‍ക്ക് ഇടവരുത്തും. അതിനാല്‍ കേരളത്തിലെ കൂടംകുളം ഐക്യദാര്‍ഢ്യ സമിതി ഈ എ.എഫ്.ആര്‍ പദ്ധതിയോട് ശക്തമായി വിയോജിക്കുന്നു. കൂടംകുളത്ത് എ.എഫ്.ആര്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ഡി.ജി.ആര്‍ സ്ഥാപിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. കൂടംകുളത്തിന്റെ ആണവ അപകട മേഖലയില്‍ ഉള്‍പ്പെടുന്ന തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പദ്ധതിയെപ്പറ്റി അറിയാനുള്ള സംവിധാനങ്ങളേര്‍പ്പെടുത്താതെ രാധാപുരത്ത് വെച്ച് നടത്താന്‍ നിശ്ചയിച്ച പബ്ലിക് ഹിയറിംഗ് റദ്ദാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഡോ. എസ്.പി ഉദയകുമാര്‍ (കണ്‍വീനര്‍, PMANE) കൂടംകുളം ഐകര്യദാര്‍ഢ്യ സമിതി നേതാക്കളായ ടി.പീറ്റര്‍, സജീദ് ഖാലിദ്, സീറ്റ ദാസന്‍ എന്നിവര്‍ പത്രസമ്മേളന്തതില്‍ പങ്കെടുത്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757