Opinion

കേരളത്തിലെ ഭൂബന്ധങ്ങളുടെ ചരിത്രം – എസ്.എ അജിംസ്

‘പരശുരാമന്‍ വെണ്‍മഴുകൊണ്ട് പടിഞ്ഞാറേ സമുദ്രത്തില്‍ വടക്കോട്ടെറിഞ്ഞത് ഗോകര്‍ണത്ത് ചെന്ന് വീഴുകയും ചെയ്തു. നൂറു യോജന നീളം പത്ത് യോജന വീതിയോടുകൂടി ഭൂമി ഉണ്ടായി. പരശുരാമന്‍ സന്തോഷിച്ചിരുന്ന സമയത്ത് ആകാശത്ത് നിന്നും ദേവകള്‍ പരശുരാമന്റെ ശിരസ്സില്‍ പുഷ്പം കൊï് വര്‍ഷിച്ച് സന്തോഷിച്ചു’. ചേലനാട്ട് അച്യതമേനോന്‍ എഡിറ്റു ചെയ്ത് പ്രസാധനം നടത്തിയ കേരളോല്‍പത്തിയില്‍ നിന്ന് ഉദ്ധരിച്ച മേല്‍ പ്രസ്താവനയാണ് ഭൂമിയെക്കുറിച്ചുള്ള ഏറ്റവും പഴയ കേരളീയ വ്യാഖ്യാനം. ഈ പ്രസ്താവന തന്നെ പ്രാചീന കേരളത്തിലെ ഭൂബന്ധങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിശദീകരണം തരുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇത്തരം മിത്തുകള്‍ വ്യാപിക്കാനുള്ള കാരണം തന്നെ ചില ചരിത്ര യാഥാര്‍ഥ്യങ്ങളെ മറച്ചുവെക്കാനാണ്. ഉത്തരേന്ത്യയില്‍ നിന്ന് വ്യത്യസ്തമായി വളരെ വൈകിമാത്രമാണ് യഥാര്‍ഥത്തില്‍ കേരളത്തില്‍ ബ്രാഹ്മണാധിനിവേശം നടന്നത്. ആകെയുള്ള അറുപത്തിനാല് ബ്രാഹ്മണഗോത്രങ്ങളില്‍ മുപ്പത്തിരണ്ട് ഗോത്രങ്ങള്‍ കേരളത്തിലെ മുപ്പത്തിരണ്ട് ഗ്രാമങ്ങളിലായി അധിവാസമുറപ്പിച്ചുവെന്ന് കേരളോല്‍പത്തി വിശദീകരിക്കുന്നു. ‘ഇവര്‍ക്കിടയില്‍ അധികാരത്തര്‍ക്കമുണ്ടായപ്പോള്‍ തര്‍ക്കപരിഹാരത്തിന് പുറത്തുനിന്ന് ഒരു രക്ഷാപുരുഷനെ അവര്‍ ഭരണാധികാരിയായി നിയമിച്ചു. എന്നിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതുകൊണ്ട് ബ്രാഹ്മണര്‍ രക്ഷാപുരുഷനെ നീക്കംചെയ്തു. പിന്നീട് പന്ത്രണ്ട് വര്‍ഷക്കാലം ഭരണം നടത്താന്‍ പുറത്തുനിന്നും പെരുമാളിനെ കൊണ്ടുവന്നു. മുപ്പത്തിയാറ് പെരുമാള്‍മാര്‍ കേരളത്തില്‍ ശാന്തിയും സമാധാനവും നിറഞ്ഞ ഭരണം നടത്തി. അവസാനത്തെ പെരുമാള്‍ ഇസ്‌ലാം മതം സ്വീകരിച്ച് മക്കയിലേക്ക് പോവുന്നതിന് മുന്‍പ് തന്റെ രാജ്യം സാമന്തന്‍മാര്‍ക്ക് വിഭജിച്ചു നല്‍കി. അവസാനമായെത്തിയ സൈനിക മേധാവികള്‍ക്ക് നല്‍കാന്‍ ഭൂമിയില്ലാതെ വിഷമിച്ച പെരുമാള്‍ തന്റെ ഒടിഞ്ഞ വാളും ഉടഞ്ഞ ശംഖും അവര്‍ക്ക് നല്‍കിയ ശേഷം അവരോട് കല്‍പിച്ചു. ചത്തും കൊന്നും കീഴടക്കുക’.

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ പശ്ചിമതീരത്തെമ്പാടും ഇത്തരത്തിലുളള ഐതിഹ്യങ്ങള്‍ നിലനിന്നിരുന്നു. ഇവയെല്ലാം തന്നെ ബ്രാഹ്മണമേധാവിത്തത്തെ ന്യായീകരിക്കുന്നവയുമായിരുന്നു. കേരളോല്‍പത്തിയുടെ വിവിധ പാഠഭേദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവയെല്ലാം തന്നെ നമ്പൂതിരി-ഭരണവര്‍ഗ പരസ്പരാശ്രിതത്വത്തിന് സൈദ്ധാന്തിക പിന്‍ബലം നല്‍കുന്നവയുമാണ്. ഇത്തരത്തില്‍ വിവിധ സമുദായങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, കേരളത്തിലെ ബ്രാഹ്മണ മേധാവിത്തത്തെ തിരസ്‌കരിക്കുന്ന ജനകീയ മിത്തുകളും പ്രചരിച്ചിരുന്നു. ജനങ്ങളുടെ അധ്വാനമാണ് കേരളത്തിന്റെ ഭൂമിശാസ്ത്രത്തെ രൂപപ്പെടുത്തിയതെന്ന് വിവരിക്കുന്ന ജനകീയ മിത്തുകള്‍ പക്ഷേ, ഭരണവര്‍ഗ ഐതിഹ്യങ്ങളില്‍ മുങ്ങിപ്പോവുകയായിരുന്നു. ഈ ആഖ്യാനങ്ങള്‍ പ്രകാരം കേരളത്തെ സൃഷ്ടിച്ചത് കാലാവസ്ഥയും ജനങ്ങളുടെ അധ്വാനവുമാണ്. ഇതിനുദാഹരണമാണ് വാമൊഴിയായി പ്രചരിച്ചിരുന്ന ഇത്തരം മിത്തുകള്‍ വരമൊഴിയില്‍ ആധിപത്യം പുലര്‍ത്തിയവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കിടയില്‍ തമസ്‌കരിക്കപ്പെട്ടു പോയി. മണ്ണാര്‍മണി ഞണ്ടും മണ്ണാര്‍മണി തുമ്പിയും പ്രളയജലത്തില്‍ നിന്നും മണ്ണ് മുകളിലേക്ക് കൊണ്ടുവന്ന് കൂട്ടി വെക്കുന്ന കഥ. ഇങ്ങനെ കൂട്ടിവെച്ച മണ്ണില്‍നിന്നാണ് കേരളം രൂപപ്പെട്ടതെന്ന് വിവരിക്കുന്ന മിത്ത് അധ്വാനത്തിന്റെ മഹത്വത്തെ ഉല്‍ഘോഷിക്കുന്നു. ഈ അധ്വാനത്തിന്റെ മേലാണ് കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം ഉയിരെടുക്കുന്നത്. ഈ കൃഷി ഭൂമി പിന്നീട് ജന്മിമാര്‍ തട്ടിയെടുത്തതിനെത്തുടര്‍ന്നാണ് പരശുരാമ കഥ പോലെയുള്ള ഐതിഹ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതെന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

സംഘം കൃതികള്‍ ചൂണ്ടിക്കാട്ടുന്നതുപോലെ പ്രാചീന തമിഴകത്തിന്റ ഭാഗമായിരുന്ന കേരളത്തില്‍ ഭൂപ്രകൃതിക്കനുസൃതമായ ഭൂബന്ധങ്ങളും സംസ്‌കാരവുമാണ് നിലനിന്നത്. അരാജകത്വം നിലനിന്ന തിണൈ സമ്പ്രദായത്തെത്തുടര്‍ന്ന് സാമൂഹ്യ ഘടനയില്‍ മാറ്റം വരുകയും ഉല്‍പാദനമേഖലയില്‍ ഏര്‍പ്പെടുന്ന ഭൂരിപക്ഷവും ഉല്‍പാദനമിച്ചത്തെ ആശ്രയിക്കുന്ന ഭരണവര്‍ഗവുമായി സമൂഹം വേര്‍തിരിഞ്ഞു. എ.ഡി നാലാം നൂറ്റാണ്ടിന് ശേഷം രൂപംകൊണ്ട രാജഭരണവും അതിനുശേഷം ബ്രാഹ്മണരുടെ കടന്നുവരവുമാണ് കേന്ദ്രീകൃത ആവാസ വ്യവസ്ഥയില്‍ നിന്നും കേരളത്തിലെ കാര്‍ഷികവൃത്തി വികേന്ദ്രീകൃതാവസ്ഥയിലേക്ക് മാറുന്നത്. രാജഭരണത്തിന് സൈദ്ധാന്തിക പിന്‍ബലം നല്‍കിപ്പോന്ന ബ്രാഹ്മണര്‍ക്ക് അതിന്റെ പ്രതിഫലമായി ഭൂമി ദാനമായി ലഭിക്കാന്‍ തുടങ്ങിയതോടെ അവര്‍ കാര്‍ഷികവൃത്തിയില്‍ നിന്ന് പിന്‍വാങ്ങുകയും സാമൂഹിക മേധാവിത്തം ബ്രാഹ്മണര്‍ക്ക് കൈവരികയും ചെയ്തു. മുഴുവന്‍ സമയ പുരോഹിത വൃത്തിയിലേക്ക് കടന്ന ബ്രാഹ്മണ സമുദായം അവരുടെ കൃഷിഭൂമിയില്‍ സ്ഥിരമായി ജോലിയെടുക്കാനായി ഒരു അടിസ്ഥാന വര്‍ഗത്തെ രൂപപ്പെടുത്തിയെടുത്തു. ഇതോടെയാണ് ഉല്‍പാദന ബന്ധങ്ങള്‍ക്കനുസരിച്ചുള്ള ജാതി വ്യവസ്ഥക്ക് കേരളത്തില്‍ തുടക്കം കുറിക്കുന്നത്. കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന ജാതി വിഭാഗങ്ങള്‍ അധഃസ്ഥിതരായിത്തീരുകയും ചെയ്തു. കൃഷിഭൂമിയുടെ ഉടമസ്ഥരായ ബ്രാഹ്മണരുടെ ഔദാര്യത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരായിത്തീര്‍ന്നു ഈ അടിസ്ഥാന വര്‍ഗം അല്ലെങ്കില്‍ കീഴ്ജാതി വിഭാഗങ്ങള്‍. ഉത്തരേന്ത്യയില്‍ നിന്ന് വിഭിന്നമായി, ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലല്ല, അതായത് തൊഴിലിനെ ആധാരമാക്കിയുള്ള വര്‍ണത്തിന്റെ അടിസ്ഥാനത്തിലല്ല കേരളത്തില്‍ ജാതി വ്യവസ്ഥ രൂപം കൊണ്ടത്. എന്നാല്‍, പിന്നീട് പ്രാചീന തമിഴകത്തുള്‍പ്പെടെ ബ്രാഹ്മണര്‍ പൂര്‍ണമായും സാമൂഹ്യഘടനയുടെ മേല്‍ത്തട്ടിലെത്തുന്നതോടെ, അതായത്, ഭൂമിയുടെ പരമാധികാരം ബ്രാഹ്മണരിലെത്തുന്നതോടെയാണ് ചാതുര്‍വര്‍ണ്യ വ്യവസ്ഥ രൂപം കൊള്ളുന്നത്. ഇതിന് വഴിവെച്ചത്, പ്രാചീന കേരളത്തില്‍ ഭരണവര്‍ഗം ബ്രാഹ്മണരുടെ പിന്തുണ നേടാനായി നടത്തിയ ഭൂദാനങ്ങളാണ്. ഭൂദാനങ്ങളിലൂടെ, കൃഷിഭൂമിയുടെ ഭൂരിഭാഗവും ബ്രാഹ്മണരുടെ കയ്യിലെത്തിച്ചേര്‍ന്നു. എ.ഡി നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനുമിടയില്‍ നടന്ന ഈ ബ്രാഹ്മണ മേധാവിത്തവല്‍ക്കരണം പിന്നീടുള്ള കേരളത്തിന്റെ സാമൂഹ്യഘടനാ രൂപീകരണത്തില്‍ നിര്‍ണായകസ്ഥാനം ചെലുത്തി. ഒമ്പതാം നൂറ്റാണ്ടിനൊടുവില്‍ മഹോദയപുരം കേന്ദ്രീകരിച്ച് രണ്ടാം ചേരസാമ്രാജ്യം രൂപം കൊണ്ടതോടെ ഭൂമിയില്‍ മാത്രമല്ല, സാമൂഹ്യഘടനയില്‍ത്തന്നെ ബ്രാഹ്മണര്‍ നിര്‍ണായക ശക്തിയായി. ക്ഷേത്രങ്ങള്‍ ഭരണ-സാമ്പത്തിക കേന്ദ്രങ്ങളായി മാറിയതും ഈ കാലഘട്ടത്തിലാണ്.

തമ്പാന്‍, തമ്പുരാന്‍, കോയിത്തമ്പുരാന്‍, തിരുമുല്‍പ്പാട് എന്നീ ജാതിപ്പേരുകളില്‍ അറിയപ്പെട്ടിരുന്ന ക്ഷത്രിയന്‍മാര്‍ ബ്രാഹ്മണരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഭരണം കയ്യാളുകയും ചെയ്തു. ബ്രാഹ്മണര്‍ ഇവരുടെ ഭരണത്തിന് വേണ്ട ആശയപരമായ പിന്തുണ നല്‍കുകയും ക്ഷത്രിയര്‍ ബ്രാഹ്മണര്‍ക്ക് ഭൂദാനങ്ങളിലൂടെയും മറ്റും ഭൗതികമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയും ചെയ്തു. ഇവരെക്കൂടാതെ, സാമന്തന്‍മാര്‍, വാണിയന്‍മാര്‍, ഈഴവര്‍, കമ്മാളന്‍മാര്‍, വെള്ളാളന്‍മാര്‍ തുടങ്ങിയ ജാതിവിഭാഗങ്ങളുമുയര്‍ന്നുവന്നു. ക്ഷത്രിയര്‍ക്ക് ശൂദ്ര സ്ത്രീകളിലുണ്ടായവരാണ് പിന്നീട് സാമന്തന്‍മാര്‍ എന്നറിയപ്പെട്ടത്. ഉണ്ണിത്തിരി, അടിയോടി, നമ്പ്യാര്‍ തുടങ്ങിയ ജാതിപ്പേരുകളില്‍ അറിയപ്പെട്ട ഇവര്‍ സാമൂഹ്യഘടനയില്‍ മേല്‍ത്തട്ടിലായിരുന്നതിനാല്‍ നമ്പൂതിരിമാര്‍ കഴിഞ്ഞാല്‍ കൂടുതല്‍ ഭൂമി കൈവശം വെച്ചിരുന്നവരായിരുന്നു. ഒമ്പതാം നൂറ്റാണ്ടിന് ശേഷം കേരളത്തില്‍ ഉയര്‍ന്നുവന്ന നായന്‍മാര്‍ ശൂദ്രവിഭാഗത്തില്‍പെട്ടവരായിരുന്നുവെങ്കിലും അവര്‍ ഉരുത്തിരിഞ്ഞത് ആദിവാസികളില്‍ നിന്നാണെന്നാണ് കരുതപ്പെടുന്നത്. നമ്പൂതിരിമാരുടെ അധീനതയിലായ ഏതെങ്കിലും ഗോത്രവിഭാഗങ്ങളില്‍ നിന്ന് രൂപംകൊണ്ട ഇവര്‍ ആദിവാസി വിഭാഗങ്ങളില്‍ കണ്ടുവരുന്ന മാതൃദായക ക്രമവും മറ്റും നിലനിര്‍ത്തിപ്പോന്നിരുന്നു. ബ്രഹ്മസ്വം, ദേവസ്വം ഭൂമികളുടെ ഉടമകളായിരുന്ന നമ്പൂതിരിമാരില്‍ നിന്നും കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്തുപോന്ന നായന്‍മാര്‍ക്ക് കാരാളര്‍ എന്ന പദവി ലഭിക്കുകയും ഇതുവഴി ലഭിച്ച അധികാരമുപയോഗിച്ച് സൈനികശക്തി നേടിയെടുക്കുകയും ചെയ്തു. നമ്പൂതിരിമാരുമായള്ള ബന്ധം വഴി അന്നത്തെ പ്രമുഖ ഭൂവുടമകളായിത്തീര്‍ന്ന നായന്‍മാരില്‍ ചിലര്‍ പിന്നീട് ക്ഷത്രിയന്‍മാരായും സാമന്തന്‍മാരായും മാറി. മൂപ്പില്‍നായര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ചിലര്‍ നമ്പൂതിരിമാരേക്കാള്‍ ഉയര്‍ന്ന സാമൂഹ്യ പദവി നേടിയെടുക്കുകയും ചെയ്തു.

ഈഴവരാണ് പ്രാചീന കേരളത്തില്‍ അവര്‍ണരായവരില്‍ അഥവാ ഭൂമിയില്‍ പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവരിലെ പ്രമുഖ വിഭാഗം. ഈഴത്തില്‍ നിന്ന് അഥവാ ഇന്നത്തെ ശ്രീലങ്കയില്‍ നിന്ന് വന്നവര്‍ എന്ന അര്‍ഥത്തില്‍ ഈഴവരെന്ന് തെക്കന്‍ കേരളത്തിലും ദ്വീപില്‍ നിന്ന് വന്നവര്‍ അഥവാ തീയ്യര്‍ എന്ന് ഉത്തരകേരളത്തിലും ഇവര്‍ അറിയപ്പെട്ടു. ഈഴത്തില്‍ നിന്നെത്തിയ ബുദ്ധസന്യാസികളുടെയും അനുയായികളുടെയും പ്രവര്‍ത്തനഫലമായി ഒരു വലിയ വിഭാഗം ജനങ്ങള്‍ ബുദ്ധമതാനുയായികളാവുകയും പിന്നീട് ബ്രാഹ്മണ മേധാവിത്തവല്‍ക്കരണത്തെത്തുടര്‍ന്ന് ബുദ്ധമതം ക്ഷയിക്കുകയും ബുദ്ധമതാനുയായികള്‍ അവര്‍ണരാക്കപ്പെടുകയുമാണുണ്ടായതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അവര്‍ണരായി മാറിയതോടെ, ഈഴവര്‍ക്ക് ഭൂമിയിലുള്ള അധികാരം നഷ്ടമാവുകയും ചെയ്തു. എന്നാല്‍, ചില ചരിത്രരേഖകളില്‍ ഈഴവരുടെ കുലത്തൊഴില്‍ കള്ളുചെത്തായിരുന്നെന്ന് രേഖപ്പെടുത്തുന്നുണ്ട്.

കേരളത്തിലെ ഭൂബന്ധങ്ങളിലും സാമൂഹ്യ രൂപീകരണത്തിലും നിര്‍ണായക പങ്കുവഹിച്ചവരാണ് മുസ്‌ലിംകളും ക്രിസ്ത്യാനികളും. യേശുക്രിസ്തുവിന് മുന്‍പ് തന്നെ, മധ്യപൗരസ്ത്യ ദേശവുമായി കേരളത്തിന് സമുദ്രാന്തര വ്യാപാര ബന്ധമുണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ അനുമാനിക്കുന്നു. അതുവഴി കേരളത്തില്‍ എത്തിച്ചേര്‍ന്ന ഭാരതീയരല്ലാത്ത ആദ്യ മതവിഭാഗമാണ് ജൂതന്മാര്‍. ക്രിസ്തുവിനു മുന്‍പുതന്നെ ജൂതന്മാര്‍ അനുഭവിച്ച പീഡനങ്ങള്‍ അവരെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ചിതറിച്ചപ്പോള്‍ അവര്‍ കേരളത്തിലും എത്തിയിട്ടുണ്ടെന്നാണ് ചില ചരിത്രകാരന്‍മാര്‍ കരുതുന്നത്. എന്തായാലും ചില ക്രൈസ്തവര്‍ക്ക് മുന്‍പ് തന്നെ ജൂതന്മാര്‍ കേരളത്തിലെത്തിയിരുന്നതായി ചരിത്രകാരന്മാര്‍ കരുതുന്നു. പല ക്രൈസ്തവ ഗാനങ്ങളിലും ജൂത പുരോഹിതനായ ഹബ്ബാനെപ്പറ്റി സൂചനയുണ്ട്. എ.ഡി 52-ല്‍ തന്നെ, അതായത് ക്രൈസ്തവ മിഷനറിയായ സൈന്റ് തോമസ് കേരളത്തിലെത്തിയതായി നിരവധി ഐതിഹ്യങ്ങളുണ്ടെങ്കിലും ചരിത്രപരമായ കാലഗണന യോജിക്കാത്തതിനാല്‍ അവ പൂര്‍ണമായും വിശ്വാസയോഗ്യമായിട്ടില്ല. എന്തായാലും ജൂതന്മാരുടെയും ക്രൈസ്തവരുടെയും കടന്നുവരവ് വര്‍ത്തകസംഘങ്ങളായിട്ടായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. ഇവര്‍ക്ക് പ്രാദേശിക രാജാക്കന്‍മാര്‍ മുഴുവന്‍ പിന്തുണയും നല്‍കി. മണിഗ്രാമം, അഞ്ചുവണ്ണം തുടങ്ങിയ വര്‍ത്തകസംഘങ്ങളെക്കുറിച്ച് ചരിത്ര രേഖകളില്‍ പരാമര്‍ശമുണ്ട്. എന്തായാലും ജൂതന്മാര്‍ക്ക് കച്ചവടത്തിനുള്ള കുത്തകയും ആവശ്യത്തിന് ഭൂമിയും നല്‍കപ്പെട്ടിരുന്നെങ്കിലും കൃഷിയില്‍ തല്‍പരരല്ലാത്തതിനാല്‍ വ്യാപകമായി ഭൂമി കൈവശം വെക്കാന്‍ അവര്‍ തയ്യാറായില്ല. അതേസമയം, ക്രൈസ്തവരുടെ സ്ഥിതി വ്യത്യസ്തമായിരുന്നു.

ആദ്യകാല ക്രൈസ്തവരില്‍ ഭൂരിഭാഗവും സവര്‍ണവിഭാഗം മതം മാറിയവരാകാമെന്നാണ് അനുമാനിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഭൂബന്ധത്തില്‍ സവര്‍ണരുമായിട്ടാണ് ക്രിസ്ത്യാനികള്‍ താരതമ്യം ചെയ്യപ്പെട്ടു പോന്നത്. എന്നാല്‍, പില്‍ക്കാലത്ത് നിരവധി കീഴ്ജാതിക്കാര്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടുവെങ്കിലും സിറിയന്‍ ക്രിസ്ത്യാനികള്‍ (സൈന്റ് തോമസ് നേരിട്ട് മതംമാറ്റിയവരെന്നു കരുതുന്ന സവര്‍ണര്‍) തികഞ്ഞ വംശീയ ശുദ്ധി സ്വയം കരുതിപ്പോന്നതിനാല്‍, ക്രിസ്ത്യാനികളായ കീഴ്ജാതിക്കാരുടെ അവസ്ഥ മുന്‍പത്തേക്കാള്‍ വ്യത്യസ്തമായിരുന്നില്ല.അതായത്, മതം മാറ്റം വഴി അവരുടെ ജാതിയോ അതുവഴി ഭൂമിയുടെ മേലുള്ള അവരുടെ അധികാരം സംബന്ധിച്ച അവസ്ഥക്കോ യാതൊരു മാറ്റവുമുണ്ടായില്ലെന്ന് സാരം. ഇന്ത്യയിലെമ്പാടും നിലനിന്ന പോലെ മതം പോലും ജാതിയായി മാറുന്ന അവസ്ഥയാണ് കേരളത്തിലും നിലനിന്നുപോന്നതെന്ന് കാണാം. ക്രൈസ്തവതയിലേക്കുള്ള മതം മാറ്റം നടന്നുകഴിഞ്ഞിട്ടും അവരില്‍ മുന്‍കാല ജാതി അടിച്ചേല്‍പ്പിക്കപ്പെട്ടു. ഇത് പിന്നീട് കടന്നുവന്ന ഇസ്‌ലാമിനും ബാധകമായിരുന്നു. ആറാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാമും വര്‍ത്തകസംഘങ്ങളിലൂടെ കേരളത്തില്‍ പ്രചരിച്ചു. എന്നാല്‍, ഉത്തരകേരളത്തിലെ അപൂര്‍വം സ്ഥലങ്ങളിലൊഴിച്ച് ജാതി ശ്രേണിയില്‍ താഴ്ന്നവരാണ് അക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചത്. ഹിന്ദുക്കള്‍ക്ക് സമുദ്രയാത്ര അനുവദനീയമല്ലാത്തതിനാല്‍, സാമൂതിരിയുടെ കാലത്ത് താഴ്ന്ന ജാതിക്കാരായവര്‍ ഇസ്‌ലാം സ്വീകരിക്കുന്നതിനും അവരെ സാമൂതിരിയുടെ നാവിക സേനയില്‍ ചേര്‍ക്കുന്നതിനും കാര്യമായി പ്രോല്‍സാഹനം ലഭിച്ചു. പിന്നീട്, വൈദേശിക ശക്തികളുടെ കടന്നുവരവോടെ, സാമൂതിരിയുടെ ആധിപത്യം അവസാനിച്ചതിനാല്‍, സാമൂതിരിയോടൊപ്പം നിന്ന മുസ്‌ലിംകള്‍ പിന്നീട് കോഴിക്കോട് ഭാഗത്തുനിന്നും ഇന്നത്തെ മലപ്പുറം ജില്ലയുടെ ഉള്‍ഭാഗങ്ങളില്‍ കാര്യമായി വാസമുറപ്പിക്കുകയും ചെയ്തു. ഇവര്‍ ഭൂരിഭാഗവും ഭൂജന്മിമാരുടെ കീഴില്‍ കുടിയാന്മാരായി മാറുകയായിരുന്നു. ദക്ഷിണകേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എങ്കിലും ജാതി ശ്രേണിയില്‍ പില്‍ക്കാലത്ത് മുസ്‌ലിംകള്‍ക്ക് അവര്‍ നിലനിന്ന ജാതികളേക്കാള്‍ മാന്യമായ സ്ഥാനം ലഭിക്കാന്‍ തുടങ്ങിയെങ്കിലും ഭൂമിയുടെമേല്‍ അവകാശം ലഭിക്കാന്‍ അതൊന്നുമുതകിയില്ല. കേരളത്തിലേക്കുള്ള ആധുനീകതയുടെ കടന്നുവരവോടെ, എല്ലാ ജാതി-സാമുദായിക വിഭാഗങ്ങളിലും ആരംഭിച്ച നവോത്ഥാന സംരംഭങ്ങള്‍, കേരളത്തില്‍ ഫ്യൂഡലിസത്തിനും ജാതി ഘടനക്കുമെതിരായ ചിന്തയുയര്‍ത്തി. ഈ നവോത്ഥാന സംരംഭങ്ങള്‍ യഥാര്‍ഥത്തില്‍ ജാതിക്കെതിരായ അലയൊലികള്‍ കേരളത്തില്‍ വ്യാപിപ്പിച്ചു. ശ്രീ നാരായണ ഗുരു, അയ്യങ്കാളി, വി.ടി ഭട്ടതിരിപ്പാട്, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, വിവിധ മത സാമുദായിക പ്രസ്ഥാനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ആധുനികവല്‍ക്കരണം ഫ്യൂഡലിസത്തിനെതിരായ ശക്തമായി ബോധവല്‍ക്കരണമായി മാറിയെന്നുള്ളതാണ് വാസ്തവം. ജാതിയുടെ യഥാര്‍ഥ ഇരകള്‍ക്ക് ഭൂമിയില്‍ അവകാശം ലഭിച്ചില്ലെങ്കിലും ജാതിക്കെതിരായ കലാപം, യഥാര്‍ഥത്തില്‍ ഫ്യൂഡലിസത്തിന്റെ അന്ത്യം കുറിച്ചുവെന്നത് ജാതിയും ഭൂമിയുടെ ഉടമസ്ഥാവകാശവും തമ്മിലുള്ള ബന്ധത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.
തുടരും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757