Opinion

കശ്മീര്‍; വീണ്ടും അടിയന്തരാവസ്ഥയുടെ ഇരുട്ട് പരക്കുന്നു – അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

 

ഭൂരിപക്ഷത്തിന്റെ അംഗബലത്തിന്റെ അഹങ്കാരത്തിലും ഊക്കിലും പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടന്നത് ഭരണഘടനയുടെയും ഇന്ത്യയുടെ ചരിത്രത്തിന്റെയും നെഞ്ചില്‍ കഠാര ഇറക്കുന്നതാണ്. ആഗസ്റ്റ് 05 കാലത്ത് 11.10 വരെ 29 സംസ്ഥാനങ്ങളായി നിലനിന്നിരുന്ന ഭരണഘടനയിലെ നമ്മുടെ മഹത്തായ യൂണിയന്‍ ഓഫ് ഇന്ത്യയുടെ ഒരു സംസ്ഥാനം പിടഞ്ഞുവീണു മരിച്ചു. രാജ്യത്തിന്റെ ശിരസ്സായി ഉയര്‍ന്നു നിന്നിരുന്ന സവിശേഷ സംസ്ഥാനമായ ജമ്മു-കശ്മീരിന്റെ കഴുത്തറുത്തു വീഴ്ത്തുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ചെയ്തത്.
ഇന്ത്യന്‍ യൂണിയന്റെ ഘടകങ്ങളായ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ട രാജ്യസഭയെതന്നെ അമിത് ഷാ അതിനായി തെരഞ്ഞെടുത്തു. ഭരണഘടനയുടെയും രാജ്യത്തിന്റെ ഐക്യത്തിന്റെയും ഈടുറ്റ പ്രതീകമായി നിലനിന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 കേവലം ഒരു പ്രമേയം അവതരിപ്പിച്ച് അദ്ദേഹം ഇല്ലാതാക്കി.

ഇതോടെ ഇന്ത്യയുടെ ഭൂപടത്തില്‍നിന്ന് ജമ്മു-കശ്മീര്‍ എന്ന ലോകത്തിന്റെ വിസ്മയവും വശ്യതയുമായ സംസ്ഥാനം ഇല്ലാതാക്കിയ കറുത്ത ചരിത്രത്തിന്റെ പിതൃത്വം പ്രധാനമന്ത്രി മോദിയുടേതായി; മറ്റെന്ത് പെരുമ്പറയടിച്ചാലും.
എഴുപത് വര്‍ഷക്കാലം നിലനിന്ന ദേശീയതയേയും മതനിരപേക്ഷതയേയും ജനാധിപത്യത്തേയും ഉയര്‍ത്തിപ്പിടിച്ച് സൈനികാക്രമണങ്ങളേയും ഭീകരാക്രമണങ്ങളേയും വിഘടനവാദ നീക്കങ്ങളേയും ചെറുത്തു തോല്‍പിച്ചത് ജമ്മു-കശ്മീരിലെ പതിനായിരകണക്കായ കശ്മീരികളാണ്. ഒടുവില്‍ തങ്ങളെ വഞ്ചിച്ചെന്നും അപമാനിച്ചെന്നും അവര്‍ക്കിപ്പോള്‍ തോന്നുന്നുണ്ടെങ്കില്‍ അത് ചരിത്രത്തിലെ വിരോധാഭാസം. ഇന്ത്യക്കൊപ്പം നില്‍ക്കണമോ പാക്കിസ്താനില്‍ ചേരണമോ എന്ന ചോദ്യത്തിനുമുന്നില്‍ സംശയിക്കാതെ ഇന്ത്യയുടെ ഭാഗമായി നിലകൊള്ളുകയായിരുന്നു ജമ്മു-കശ്മീര്‍. ആദ്യം ചാഞ്ചാടി സ്വതന്ത്ര രാജ്യമായി നില്‍ക്കാന്‍ ശ്രമിച്ച രാജാവ് ഹരി സിംഗിന് ഒടുവില്‍ ഇന്ത്യയുടെ സൈനിക സഹായം തേടേണ്ടിവന്നു. ആദ്യന്തം കശ്മീരികളെ ഇന്ത്യയോട് ചേര്‍ത്തുനിര്‍ത്തിയതിന് രാജ്യം കടപ്പെട്ടത് ശൈഖ് അബ്ദുല്ലയോടാണ്.

1948ല്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ച കശ്മീരിന്റെ മണ്ണില്‍ കാലുകുത്തിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ പ്രസിദ്ധ സൂഫി കവി അമീര്‍ ഖുസ്റുവിന്റെ വരികള്‍ ചൊല്ലിയാണ് കശ്മീര്‍ സിംഹമെന്ന് അറിയപ്പെട്ടിരുന്ന ശൈഖ് അബ്ദുല്ല സ്വാഗതം ചെയ്തത്:
‘ഞാന്‍ നിന്നിലും നീ എന്നിലും ലയിച്ചുകഴിഞ്ഞു. ഞാന്‍ ശരീരവും നീ അതിന്റെ ആത്മാവുമാണ്. ഇന്നുതൊട്ട് നാം വെവ്വേറെയാണെന്ന് ഇനി ഒരിക്കലും ആര്‍ക്കും പറയാനാവില്ല.’ 370ാം വകുപ്പ് ഛേദിച്ചതിലൂടെ ആ ശരീരവും അതിന്റെ ആത്മാവുമാണ് രണ്ടാക്കി വേര്‍പെടുത്തിയത്.


ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചരിത്രത്തിലില്ലാത്തവിധം പട്ടാള വ്യൂഹങ്ങളും അര്‍ധസൈനിക വിഭാഗവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കശ്മീരിലാകെ നിറയുകയായിരുന്നു. ലഡാക്കും കശ്മീര്‍ താഴ്‌വരയും ജമ്മുവും ഉള്‍പ്പെട്ട ആ സംസ്ഥാനത്താകെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ടെലഫോണ്‍, ഇന്റര്‍നെറ്റ്, സമൂഹ മാധ്യമങ്ങള്‍ തുടങ്ങിയ സര്‍വവിധ വാര്‍ത്താവിനിമയ സംവിധാനങ്ങളും നിശ്ചലമാക്കി. ജനപ്രതിനിധികളെയും വിവിധ കക്ഷിനേതാക്കളെയും മുന്‍ മുഖ്യമന്ത്രിമാരെയും വീട്ടുതടങ്കലിലാക്കിയിരുന്നു. ഇവരില്‍ മഹ്ബൂബ മുഫ്തിയെയും ഉമര്‍ അബ്ദുല്ലയെയും ജയിലിലുമാക്കി. സൈനിക-പൊലീസ് നീക്കങ്ങളുടെ ഇരമ്പമല്ലാതെ അവിടെനിന്ന് മറ്റൊന്നും കേള്‍ക്കാനും കാണാനും ഉണ്ടായിരുന്നില്ല. സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഭീകരാക്രമണം ഉണ്ടാകുമെന്ന ഊഹാപോഹം പരത്തി മറുനാട്ടുകാരെ സംസ്ഥാനത്തിന് പുറത്താക്കി. ആ ഇരുട്ടില്‍ അവിടെ എന്തുനടക്കുന്നു എന്ന് രാജ്യം ഉത്ക്കണ്ഠപ്പെട്ടു. എന്തും സംഭവിക്കുമെന്ന് ഭയപ്പെട്ടു.

ഭരണകൂട ഭീകരത സൃഷ്ടിച്ച കൂരിരുട്ടില്‍ ജമ്മു-കശ്മീര്‍ ജനതയാകെ കാരാഗൃഹത്തിലെന്നപോലെ ശ്വാസംമുട്ടി. അത്തരമൊരു അടിയന്തരാവസ്ഥ സൃഷ്ടിച്ചാണ് മോദി ഗവണ്‍മെന്റ് ആഗസ്റ്റ് അഞ്ച് തിങ്കളാഴ്ച ഇന്ത്യന്‍ പാര്‍ലമെന്റില്‍ ‘ചരിത്രം’ സൃഷ്ടിച്ചിരിക്കുന്നത്. ഗാന്ധിജിയേയും നെഹ്‌റുവിനേയും വിശ്വസിച്ചാണ് ഞങ്ങള്‍ ഇന്ത്യയോട് ചേര്‍ന്നതെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ശൈഖ് അബ്ദുല്ലയുടെ ആത്മാവിപ്പോള്‍ ഏറെ വേദനിക്കുന്നുണ്ടാവും. ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലും സെക്രട്ടറി വി.പി മേനോനും ഈ വഞ്ചനയില്‍ ഞെട്ടിത്തെറിച്ചുകാണും.
ജമ്മു-കശ്മീരിന് നേരെ പാക്കിസ്താനില്‍നിന്നുള്ള ഭീകരാക്രമണം തടയാന്‍ ആസാദ് കശ്മീരിലും പാക് പ്രദേശങ്ങളിലും മിന്നലാക്രമണം നടത്തിയതിന്റെ പ്രശസ്തി അവകാശപ്പെട്ട പ്രധാനമന്ത്രി മോദി ഇപ്പോള്‍ ജമ്മു-കശ്മീര്‍ ജനങ്ങള്‍ക്കുമേല്‍തന്നെ കടുത്ത മിന്നലാക്രമണം നടത്തി. ഇതുകണ്ട് ആഹ്ലാദിക്കുന്നത് ബി.ജെ.പിക്കാരെയും സംഘ്പരിവാറിനെയും കൂടുതല്‍ പാക്കിസ്താന്‍ ഭരണാധികാരികളും സൈനിക നേതാക്കളുമായിരിക്കും. ജനങ്ങള്‍ പരാജയപ്പെടുത്തിയ അവരുടെ കുടില നീക്കങ്ങള്‍ക്ക് വലിയൊരവസരം മോദി സര്‍ക്കാര്‍ സ്വര്‍ണത്തളികയില്‍ ഒരുക്കിക്കൊടുത്തിരിക്കുന്നു. ഇത് ജമ്മു-കശ്മീരിലെ ജനങ്ങളുടെ ഹിതത്തിനായിരുന്നെങ്കില്‍ അവരുടെ പൗരാവകാശങ്ങളാകെ നിഷേധിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെപ്പോലും ഇരുട്ടിലാക്കി ഫെഡറലിസത്തിനും ഭരണഘടനക്കുംമേല്‍ ഈ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തേണ്ട ആവശ്യമില്ലായിരുന്നു. കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യക്കൊപ്പം നിലകൊണ്ട ലോകത്തെ ഭൂരിപക്ഷം ലോകരാഷ്ട്രങ്ങള്‍ക്കും ഇത് വലിയ ഞെട്ടലായിരിക്കും.

ഇത്തരമൊരു ആഭ്യന്തര-സൈനിക-രാഷ്ട്രീയ അജണ്ട വളരെ മുന്‍കൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ തയ്യാറാക്കിയിരിക്കണം. ഇക്കാര്യം നേരത്തെ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി പോലും ചര്‍ച്ച ചെയ്തിരിക്കണം. കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടെന്ന ട്രംപിന്റെ വെളിപ്പെടുത്തല്‍ യഥാര്‍ഥത്തില്‍ ഈ പദ്ധതി ചര്‍ച്ച ചെയ്തതിന്റെ സൂചനയായാണ് വെളിപ്പെട്ടതെന്ന് ഇപ്പോള്‍ വായിച്ചെടുക്കാന്‍ കഴിയും.

തീവ്രവാദ സ്വാധീനത്തില്‍പെട്ട ചുരുക്കം യുവാക്കളും അവരെ ഉപയോഗപ്പെടുത്തുന്ന തീവ്രവാദ സംഘടനകളും അവരെ ആയുധമാക്കുന്ന ദേശ-വിദേശ ശക്തികളും ജമ്മു-കശ്മീരില്‍ അസ്വസ്ഥതയും കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട്. അവരെ യഥാര്‍ഥത്തില്‍ ചെറുത്ത് തോല്‍പിക്കുന്നത് അവിടെ നിയോഗിച്ചിട്ടുള്ള നമ്മുടെ സൈനിക സഹോദരര്‍ തനിച്ചല്ല എന്നുകൂടി തിരിച്ചറിയണം. ജമ്മു-കശ്മീര്‍ ജനത ഒന്നിച്ചാണ്. വിശേഷിച്ചും രാജ്യസ്നേഹികളായ ആയിരകണക്കിന് യുവാക്കള്‍ സ്വയം ജീവന്‍ ബലികൊടുക്കാന്‍ തയാറായി മുന്നോട്ടുവന്നതാണ്. അവരെക്കൂടി രാജ്യദ്രോഹികളായ തീവ്രവാദികളുടെയും ഇന്ത്യാ വിരുദ്ധ ശക്തികളുടെയും പാളയത്തിലേക്ക് തള്ളിവിടുകയാണ് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നിയമമാക്കി മോദി ഗവണ്‍മെന്റ് ചെയ്തത്.
ജമ്മു-കശ്മീരിനുള്ള പ്രത്യേക പദവി മാത്രമാണ് ജമ്മു-കശ്മീരിന്റെ ഇന്നത്തെ അവസ്ഥക്കും ദാരിദ്ര്യത്തിനും കാരണമെന്നും മുന്‍ ഭരണാധികാരികളെല്ലാം ജനങ്ങളെ മുതലെടുക്കുകയായിരുന്നു എന്നും ആഭ്യന്തരമന്ത്രി ന്യായീകരണമായി പറയുന്നു. 370ാം വകുപ്പെന്ന ഭരണഘടനയുടെ പ്രത്യേക പദവിയും 35 (എ) വകുപ്പനുസരിച്ചുള്ള പ്രത്യേക അധികാരങ്ങളും അംഗീകരിച്ചുകൊണ്ടാണ് 2015 മാര്‍ച്ചില്‍ പ്രധാനമന്ത്രി മോദി മുഫ്തി മുഹമ്മദ് സയ്ദിന്റെ പി.ഡി.പിയുമായി ജമ്മു-കശ്മീരില്‍ കൂട്ടുകക്ഷി ഭരണത്തില്‍ ഏര്‍പ്പെട്ടത്. മുഫ്തി മുഹമ്മദിന്റെ മരണത്തിനുശേഷം മഹ്ബൂബ മുഫ്തിയുമായി ഈ പദവികള്‍ സംബന്ധിച്ച ഉറപ്പ് വീണ്ടും നല്‍കിയാണ് അവരെ ആദ്യ വനിതാ മുഖ്യമന്ത്രിയാക്കി കശ്മീരില്‍ ഭരണം തുടര്‍ന്നത്. മൂന്നുവര്‍ഷത്തിലേറെ നീണ്ടുനിന്ന ആ കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് ബി.ജെ.പി ഏകപക്ഷീയമായി പിന്‍വാങ്ങിയാണ് അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതും നിയമസഭ പിരിച്ചുവിട്ടതും. അത് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട മോദി ഗവണ്മെന്റിന്റെ രണ്ടാംവരവില്‍ നടപ്പാക്കുന്നതിനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായി.
പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി പ്രമേയം അവതരിപ്പിക്കുന്നതിന് മുന്‍പുതന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെക്കൊണ്ട് ഭരണഘടനയുടെ 367ാം വകുപ്പില്‍ പാര്‍ലമെന്ററിയാതെ ചില ഉപവകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. അതനുസരിച്ച് ജമ്മു-കശ്മീര്‍ ഗവര്‍ണറെ പഴയ ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രധാനമന്ത്രി (സദര്‍-എ-റിയാസദ്) എന്നും ജമ്മു-കശ്മീര്‍ നിയമസഭയെ ജമ്മു-കശ്മീരിന്റെ ആദ്യ ഭരണഘടനാ സഭയായും പ്രഖ്യാപിച്ചു. 71 വര്‍ഷം മുന്‍പ് ജീവിച്ച കശ്മീര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ലക്കും ഭരണഘടനാ സഭക്കും പുനര്‍ജീവനം നല്‍കുന്ന മാന്ത്രിക കര്‍മമാണ് മോദി രാഷ്ട്രപതി കോവിന്ദിനെക്കൊണ്ട് ചെയ്യിച്ചത്.

ഇന്ദിരാഗാന്ധിയുടെ കാലത്ത് കേന്ദ്ര മന്ത്രിസഭക്ക് മുന്‍പില്‍ വെക്കാതെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെകൊണ്ട് കയ്യൊപ്പു വാങ്ങിച്ചതിലും അപകടകരമായ ഒരു നടപടിയാണ് രാഷ്ട്രപതിയെക്കൊണ്ട് ചെയ്യിച്ചത്. ഭരണഘടനാനുസൃതമാണ് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതെന്നും സംസ്ഥാനത്തെ വെട്ടിമുറിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതെന്നും വാദിക്കാനാണ് ഇത് ചെയ്തത്. ഇത് നാളെ സുപ്രീംകോടതി ശരിവെക്കുമോ എന്നത് കണ്ടറിയണം. ഇതിനു സാധൂകരണം കിട്ടിയാല്‍ നിലവിലെ പാര്‍ലമെന്റിനെ ഭരണഘടനാ സഭയായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദിയെ പ്രസിഡണ്ടായി അരിയിട്ടുവാഴ്ച നടത്താന്‍ ബി.ജെ.പിക്ക് എളുപ്പം കഴിയും.
പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ യുദ്ധമുറിയിലെ മാപ്പുകളില്‍ ജമ്മു-കശ്മീരിനെ ഇവ്വിധം വെട്ടിമുറിച്ച് തല്‍ക്കാലം സൈനിക ഓപ്പറേഷനിലൂടെ പുതിയ സംവിധാനം നടപ്പാക്കാന്‍ ശ്രമിക്കാം. എന്നാല്‍, സിയാച്ചിനും കാര്‍ഗിലും ഉള്‍ക്കൊള്ളുന്ന ലഡാക്കും ശ്രീനഗറും പൂഞ്ചും ഉള്‍ക്കൊള്ളുന്ന കശ്മീര്‍ താഴ്‌വരയും ജമ്മുവും ഒക്കെ ചേര്‍ന്ന് നില്‍ക്കുന്ന 1.63 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടക്കുന്ന ഒന്നേകാല്‍ കോടിയോളം കശ്മീരികള്‍ അധിവസിക്കുന്ന ജമ്മു-കശ്മീര്‍ സംസ്ഥാനം പഴയപടി ഇപ്പോഴും ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ഭാഷാപരമായുമുള്ള സവിശേഷതകളോടെ ഒരു യാഥാര്‍ഥ്യമായി അപ്പടി നിലകൊള്ളുകയാണ്. അത് ആരുടെ യുദ്ധമുറിയില്‍വെച്ച് കീറിമുറിച്ചാലും അതേപടി ഇന്ത്യയുടെ അഖണ്ഡതയുടെ ഭാഗമായി തുടരുകതന്നെ ചെയ്യും. ഭൂരിപക്ഷ മതാടിസ്ഥാനത്തില്‍ ഏകശിലയായി രാജ്യം നിലനില്‍ക്കില്ലെന്നത് ബംഗ്ലദേശ് വേര്‍പിരിയലിന് കയ്യൊപ്പുവെക്കേണ്ടിവന്ന പാക്കിസ്താന്റെ അനുഭവപാഠമാണ്. ജമ്മു-കശ്മീരിനെ അത്തരമൊരു അജണ്ടക്ക് കീഴ്പ്പെടുത്താനാകില്ല.
1905ല്‍ സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വൈസ്രോയി കര്‍സണ്‍ പ്രഭു മതത്തിന്റെ അടിസ്ഥാനത്തില്‍ ബംഗാളിനെ വിഭജിച്ചത് ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ചുനിന്ന് പൊരുതി തോല്‍പിച്ചു; അമിത് ഷായും മോദിയും ആ ചരിത്രം ഓര്‍ക്കണമെന്നില്ലെങ്കിലും. ലോക്‌സഭയില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടിയെങ്കിലും രാജ്യത്ത് 50 ശതമാനം ജനപിന്തുണ നേടാന്‍ ബി.ജെ.പിക്കോ എന്‍.ഡി.എക്കോ കഴിഞ്ഞിട്ടില്ല. ഈ യാഥാര്‍ഥ്യം വിസ്മരിച്ചുകൊണ്ടാണ് ഭരണഘടനാ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ എന്നതിന്റെ പ്രത്യാഘാതം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ.
ശൈഖ് അബ്ദുല്ലയെപോലും വര്‍ഷങ്ങളോളം ജയിലില്‍ അടച്ചിട്ടും ജമ്മു-കശ്മീരില്‍ ജനാധിപത്യവും സമാധാനവും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് നടത്തി കശ്മീര്‍ ജനതയുടെ പ്രതിനിധികളെ ഭരണഘടനാനുസൃതം ഭരിക്കാന്‍ അനുവദിച്ചപ്പോള്‍ മാത്രമേ അവിടെ ജനാധിപത്യം പുലര്‍ന്ന ചരിത്രമുള്ളൂ.

രണ്ടായി വിഭജിപ്പിച്ച കശ്മീര്‍
ചരിത്രത്തില്‍ ഇന്ത്യയുടെ മകുടമായി ഹിമാലയത്തോടൊപ്പം ലോകത്തിനുമുന്നില്‍ ഇക്കാലമത്രയും നിലകൊണ്ട ജമ്മു-കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി കീറിമുറിക്കുകയാണ്. ലഡാക്കിന് നിയമസഭ വേണ്ടെന്ന് തീരുമാനിക്കുന്നു. ഡല്‍ഹിയിലെന്നപോലെ അധികാരങ്ങളില്ലാത്ത നിയമസഭ ആഭരണമായി കശ്മീരില്‍ നിലനിര്‍ത്തുന്നു. ഡല്‍ഹിയില്‍നിന്ന് ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍ വിരലനക്കുന്നതിനനുസരിച്ച് ഒരു ലഫ്. ഗവര്‍ണര്‍ രണ്ടാക്കിത്തീര്‍ത്ത ജമ്മു-കശ്മീരില്‍ ജനാധിപത്യം പുനസ്ഥാപിക്കും! കേന്ദ്രത്തില്‍ അധികാരവും പാര്‍ലമെന്റില്‍ ഭൂരിപക്ഷവും സേനയുടെ നിയന്ത്രണവും ഉണ്ടെന്നുകരുതി ഇത് എളുപ്പത്തില്‍ നടപ്പാക്കാമെന്ന് കരുതുന്നത് ചരിത്രത്തിലെ മഹാ വിഡ്ഢിത്തമായിരിക്കും.
ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ലജ്ജതോന്നുന്നു. ഫെഡറലിസത്തിന്റെയും ഭരണഘടനയുടെയും നെഞ്ചില്‍ കഠാരയാഴ്ത്തിയ നടപടിക്ക് പിന്തുണനല്‍കാന്‍ പ്രതിപക്ഷത്തെ ചില പാര്‍ട്ടികളും കൂട്ടുനിന്നതില്‍. ഡല്‍ഹി നിയമസഭക്ക് പൂര്‍ണ അധികാരം ആവശ്യപ്പെട്ടുപോന്ന ആം ആദ്മി പാര്‍ട്ടി, ഭരണഘടനയുടെ ശില്‍പിയായ ഡോ. അംബേദ്കറുടെ പേരില്‍ രൂപംകൊണ്ട ബി.എസ്.പി, ബിജു പട്നായിക്കിനെപോലെ ഇന്ത്യന്‍ ദേശീയ ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള ഒരു നേതാവിന്റെ മകനായ നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍, ടി.ആര്‍.എസ്, വൈ.എസ്.ആര്‍, അണ്ണാ ഡി.എം.കെ എന്നിവര്‍ ഭരണഘടനയുടെയും ഫെഡറലിസത്തിന്റെയും ഹത്യയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ കൂട്ടുനിന്നു.

ദുര്‍ബലരായി തമ്മിലടിച്ചുനില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളാകെ തിരിച്ചറിയേണ്ട യാഥാര്‍ഥ്യമുണ്ട്. 370ാം വകുപ്പ്, 35(എ) വകുപ്പ് എന്നീ കവചകുണ്ഡലങ്ങള്‍ ജമ്മു-കശ്മീരിന്റെ ശരീരത്തില്‍നിന്ന് വെട്ടിവീഴ്ത്തിയ ഈ ഫാഷിസ്റ്റ് നടപടി നാളെ ഏതു സംസ്ഥാനത്തും ആവര്‍ത്തിക്കാം. പശ്ചിമബംഗാളില്‍, തമിഴ്നാട്ടില്‍, എന്തിന് കഴിഞ്ഞദിവസം അമിത് ഷാക്ക് പൂച്ചെണ്ടുനല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരില്‍ വരെ ഒരുനാള്‍ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാന്‍ മോദി ഗവണ്മെന്റിന് ഇനി രണ്ടുതവണ ആലോചിക്കേണ്ടിവരില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ മുന്നോട്ടുവെച്ച ഹിന്ദുത്വ അജണ്ടകള്‍ മോദി ഗവണ്‍മെന്റ് ഓരോന്നായി മുന്നോട്ടെടുക്കുകയാണ്. ഇന്നു നീ, നാളെ ഞാന്‍ എന്ന് പ്രതിപക്ഷ കക്ഷികള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ പ്രഖ്യാപിക്കാതെതന്നെ അടിയന്തരാവസ്ഥയിലാകും രാജ്യം. ഇത്രയൊക്കെ കൊണ്ടിട്ടും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍, അവരില്‍ പലരും ഇനിയും ബി.ജെ.പിയില്‍ അണിചേരാന്‍ മത്സരിച്ച് കുതിക്കുന്ന തിരക്കിലാണെങ്കില്‍, രാജ്യത്തെ ജനാധിപത്യ വിശ്വാസികളായ ജനങ്ങളാകെ ഈ പോക്കുതടയാന്‍ മുന്നില്‍ നില്‍ക്കേണ്ടിവരും. ആലോചിക്കാന്‍ ഇനി സമയമില്ല.

കടപ്പാട് : vallikkunnuonline.wordpress.com

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757