Opinion

കശ്മീരിനെ വിഭജിക്കുമ്പോള്‍ – അബ്ദുസ്സമദ് അണ്ടത്തോട്

 

പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം ഒഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന ഒരു നിയമവും ജമ്മു കശ്മീര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവിടെ നടപ്പാകില്ലെന്നതാണ് ആര്‍ട്ടിക്കിള്‍ 370 ന്റെ കാതല്‍. 1956ല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്ത 238ാം വകുപ്പിലെ വ്യവസ്ഥകള്‍ ജമ്മു കശ്മീരിന് ബാധകമല്ലെന്നും 370ാം വകുപ്പില്‍ വ്യക്തമാക്കുന്നു. അങ്ങിനെയാണ് പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവ ഒഴിച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജമ്മു കശ്മീരില്‍ നടപ്പിലാകണമെങ്കില്‍ അവിടത്തെ സര്‍ക്കാരിന്റെ അംഗീകാരം വേണമെന്ന വ്യവസ്ഥയോടുകൂടി 370ാം വകുപ്പ് ഭരണഘടനയുടെ ഭാഗമാക്കുന്നത്. 1947ല്‍ പാകിസ്ഥാനോടൊപ്പം പോകാതെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകാന്‍ കശ്മീര്‍ രാജാവായിരുന്ന മഹാരാജാ ഹരി സിംഗ് ഉണ്ടാക്കിയ കരാര്‍ അനുസരിച്ചായിരുന്നു ഇങ്ങിനെയൊരു വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഫലമായി കശ്മീരിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിയമവും ഭരണഘടനയും നിലവില്‍ വന്നു. പൗരത്വം, സ്വത്തുക്കളില്‍ ഉള്ള അവകാശം, മൗലികാവകാശങ്ങള്‍ എന്നിവയില്‍ കശ്മീര്‍ ജനത ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി തന്നെ നിലനില്‍ക്കും.
ജമ്മു കശ്മീരിലെ സ്ഥിര താമസക്കാരെ നിര്‍ണയിക്കാനും അവകാശങ്ങളും പദവികളും നിര്‍ണയിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരമാണ് ആര്‍ട്ടിക്കിള്‍ 35(എ) നിര്‍വചിക്കുന്നത്. 1954ല്‍ അന്നത്തെ രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെയാണ് ഈ വകുപ്പ് ഭരണഘടനയുടെ ഭാഗമായത്. ഇന്ത്യ സ്വാതന്ത്രം നേടുമ്പോള്‍ കശ്മീര്‍ സ്വതന്ത്ര ഭൂമിയായിരുന്നു. അന്നത്തെ രാജാവ് ഹരി സിംഗ് കശ്മീര്‍ സ്വാതന്ത്രമായി നില്‍ക്കണം എന്ന ആശയക്കാരനായിരുന്നു. പക്ഷേ, അതൊരു അസാധ്യമായ കാര്യവും കൂടിയായിരുന്നു. ആരോടൊപ്പം ചേരണം എന്ന കാര്യത്തില്‍ കശ്മീരികള്‍ക്കിടയിലും അഭിപ്രായ വ്യത്യാസം നിലനിന്നു. ശൈഖ് അബ്ദുല്ല നേതൃത്വം നല്‍കിയിരുന്ന നാഷ്ണല്‍ കോണ്‍ഫറന്‍സ് ഈ വിഷയത്തില്‍ പൂര്‍ണമായും ഇന്ത്യന്‍ നിലപാടില്‍ ഉറച്ചുനിന്നു. പ്രജകളില്‍ കൂടുതല്‍ മുസ്‌ലിംകളും രാജാവ് ഹിന്ദുവും എന്നത് ഒരു പരിമിതിയായി അനുഭവപ്പെട്ടു. അതിനിടയില്‍ പാകിസ്ഥാനിലെ വടക്കു കിഴക്കന്‍ ഭാഗത്തുനിന്നും പാകിസ്ഥാന്റെ തന്നെ പിന്തുണയോടെ കശ്മീരിലേക്ക് കലാപ കാറ്റുകള്‍ ഇരച്ചു കയറി. അവര്‍ ഒരുവേള രാജാവിന്റെ സൈന്യത്തെ തോല്‍പ്പിച്ചു. അപ്പോഴാണ് രാജാവ് ഇന്ത്യയുടെ സഹായം തേടുന്നത്. വിഷയം പഠിക്കാന്‍ അന്നത്തെ വൈസ്രോയി മൗണ്ട് ബാറ്റന്റെ കീഴില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. ഇന്ത്യയുടെ ഭാഗമല്ല എന്നത് കൊണ്ട് സൈന്യത്തെ അയക്കാന്‍ ഇന്ത്യ വിസമ്മതിച്ചു. അവസാനം 1947 ഒക്‌ടോബര്‍ 26ന് ഇന്ത്യയും കശ്മീരും തമ്മില്‍ ഉടമ്പടി ഒപ്പുവെച്ചു. തല്‍ക്കാലം കലാപകാരികളെ അമര്‍ച്ച ചെയ്യുന്നതുവരെ കശ്മീര്‍ ഇന്ത്യയോടൊപ്പം നില്‍ക്കും. പിന്നീട് ഈ വിഷയത്തില്‍ ഒരു ജനഹിത പരിശോധന സാധ്യമാണ് എന്ന രീതിയിലായിരുന്നു പ്രസ്തുത കരാര്‍.
ഈ വിഷയത്തില്‍ ആദ്യമായി ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധം ആരംഭിച്ചു. വിഷയം ഇന്ത്യ, യുഎന്നിന്റെ ശ്രദ്ധയില്‍ പെടുത്തി. പാകിസ്ഥാന്‍ സൈന്യം പൂര്‍ണമായും കശ്മീരില്‍ നിന്നും ഒഴഴിഞ്ഞുപോകണമെന്ന് യു.എന്‍ പ്രമേയം പാസാക്കി. ക്രമസാമാധാന പാലനത്തിന് ആവശ്യമായ സൈന്യത്തെ മാത്രം നിര്‍ത്താന്‍ ഇന്ത്യക്കും അനുമതി നല്‍കി. രണ്ടുകൂട്ടരും ആ പ്രമേയത്തെ അംഗീകരിച്ചില്ല. അന്ന് കശ്മീരിലേക്ക് കടന്ന ഇന്ത്യന്‍ സൈന്യം പിന്നെ ഒരിക്കലും തിരിച്ചു പോയില്ല. ആര്‍ ആദ്യം നടപ്പാക്കും എന്നതായിരുന്നു തര്‍ക്കത്തിന്റെ മര്‍മം. അന്ന് മുതല്‍ കശ്മീരികളുടെ ദുരന്തം ആരംഭിച്ചു എന്നുവേണം പറയാന്‍. അതിനിടയില്‍ ഇന്ത്യ കശ്മീരിനെ തങ്ങളുടെ അവിഭാജ്യ ഘടകമായി പ്രഖ്യാപിച്ചു. രാജാവ് ഉള്ളപ്പോള്‍ തന്നെ കേന്ദ്രം ഒരു പ്രധാനമന്ത്രിയെ നിയമിച്ചു. അങ്ങിനെ ശൈഖ് അബ്ദുല്ല കാശ്മീരിന്റെ ആദ്യ പ്രധാനമന്ത്രി എന്ന നിലയില്‍ നിയമിതനായി. അന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനമായ ജനഹിത പരിശോധന ഒരിക്കലൂം നടന്നില്ല.


ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമായാണ് ഇപ്പോള്‍ വേണ്ടന്നുവെച്ച രണ്ടു വകുപ്പുകളും കണക്കാക്കപ്പെടുന്നത്. ഒരു നിയമം മാറ്റം വരുത്തുമ്പോള്‍ അതിന് കാര്യമായ ചര്‍ച്ച ആവശ്യമാണ്. എന്നാല്‍, ഒരു ചര്‍ച്ചയുമില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി നിയമം ഭേദഗതി ചെയ്തത്. മറ്റൊരു കാര്യം ഒരു ഫെഡറല്‍ നിയമത്തിന്റെ കീഴില്‍ നിലനിന്നിരുന്ന ഒരു സംസ്ഥാനത്തെ രണ്ടായി മുറിച്ച് കേന്ദ്രഭരണ പ്രദേശം എന്ന നിലയിലേക്ക് മാറ്റിയിയിരിക്കുന്നു. വികേന്ദ്രീകരണമാണ് ജനാധിപത്യത്തിന്റെ കാതല്‍. അതേസമയം തങ്ങളുടെ വരുതിയില്‍ വരാത്തവയെ കേന്ദ്രീകരണത്തിലൂടെ വശത്താക്കുക എന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതും. അതുകൊണ്ടുതന്നെയാണ് ഈ തീരുമാനത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണ ദിനമാണെന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചത്. കൂടാതെ സംസ്ഥാനത്തെ ജമ്മു, ലഡാക്ക് എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തു. ജമ്മുവില്‍ ദല്‍ഹി മോഡല്‍ നിയമസഭയും ലഡാക്കില്‍ ശുദ്ധ കേന്ദ്ര ഭരണവും.
അതായത് ജനാധിപത്യത്തിന്റെ തിരിച്ചുപോക്ക് എന്ന് വേണമെങ്കില്‍ പറയാം. കശ്മീരിലെ മതേതര നേതാക്കള്‍ എന്നും ഇന്ത്യയോടൊപ്പം ഉറച്ചുനിന്നവരാണ്. ഒരിക്കല്‍ പോലും പാകിസ്ഥാന്‍ എന്നതിന്റെ കൂടെ പോകാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചില്ല എന്നത് കൂടി ശ്രദ്ധേയമാണ്.
ഇന്ത്യയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാണ് കശ്മീര്‍. അവിടെ പലപ്പോഴായി ഇന്ത്യന്‍ സൈന്യത്തിന്റെ കിരാത നടപടികള്‍ ഉണ്ടായിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്തിന് ഒരു പോലീസ് വൃന്ദം ഉണ്ടായിരുന്നു. ഇനിമുതല്‍ അതെല്ലാം പൂര്‍ണമായി കേന്ദ്രത്തിന്റെ കൈകളിലാകും. അക്രമത്തിന്റെ പേരില്‍ അവിടെ എന്ത് സംഭവിച്ചാലും അത് ലോകം അറിയാന്‍ പോകുന്നില്ല എന്ന് സാരം. കേന്ദ്രഭരണ പ്രദേശങ്ങള്‍ സ്വതന്ത്ര സംസ്ഥാങ്ങളായി മാറിയ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേ നിയമം എന്നത് ശരിവെക്കുമ്പോള്‍തന്നെ കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തോളം കശ്മീരികളെ കൂടെ നിര്‍ത്താനാണോ അകറ്റിനിര്‍ത്താനാണോ ഇന്ത്യ ശ്രമിച്ചത് എന്നത് പരിശോധിക്കേണ്ടതുണ്ട്. കശ്മീരില്‍ ഭീകരവാദത്തിന്റെ പേരില്‍ ഒരു പാട് നിരപരാധികള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഒരുപാട് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. കശീമിരിലെ ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയും ഇന്ത്യയെ തള്ളിപ്പറഞ്ഞിട്ടില്ല. എല്ലാവരും ഇന്ത്യയുടെ ഭാഗമായി സംസ്ഥാനത്തെ കാണുന്നു. എന്തുകൊണ്ട് കശ്മീരിന് മാത്രമായി ഒരു നിയമം ഭരണഘടന നല്‍കി എന്നതും പരിശോധിക്കണം. ഒരു നിയമം മാറ്റുക എന്നത് ആ നിയമം നിര്‍മിക്കാന്‍ കാരണമായ അടിസ്ഥാന വിഷയങ്ങള്‍ പരിഹൃതമായോ എന്നത് കൂടി അതിന്റെ ഭാഗമാണ്.


കശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് ബി.ബി.സിയുള്‍പ്പെടെയുള്ള പല വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, കശ്മീര്‍ വളരെ ശാന്തമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പിന്നെ എന്തുകൊണ്ട് അവിടെ കിരാത നിയമങ്ങള്‍ തുടര്‍ന്നുപോകുന്നു എന്നതിന് ഉത്തരമില്ല. കശ്മീരില്‍ എന്ത് നടക്കുന്നു എന്നത് പുറം ലോകം അറിയുന്നില്ല. പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് സംസ്ഥാനം. ജനം സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമായി അംഗീകരിച്ചു എന്ന സര്‍ക്കാര്‍ വാദം തീത്തും ബാലിശമാണ്. പ്രതിപക്ഷ നേതാക്കളെ സംസ്ഥാനത്ത് പ്രവേശിപ്പിക്കുന്നതില്‍ ഭരണകൂടം വിസമ്മതിക്കുന്നു. മറ്റു വാര്‍ത്താ മാധ്യമങ്ങളും പൂര്‍ണ നിയന്ത്രണത്തിലാണ്. കാശ്മീരിലെ ആളുകളെ തന്നെ പുറത്തേക്കു പോകാന്‍ അനുവദിക്കാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. തങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ഏകപക്ഷീയമായി വേണ്ടെന്നുവെച്ചത് അത്ര പെട്ടെന്ന് കശ്മീരികള്‍ അംഗീകരിക്കുകയില്ല. ആഗസ്റ്റ് ഒന്‍പതിന് ജുമാ നമസ്‌കാരത്തിന് ശേഷം ശ്രീനഗറില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിശക്തമായ നിരീക്ഷണത്തിലാണ് കശ്മീരിലെ ജനങ്ങള്‍ കഴിയുന്നത്.
കശ്മീരില്‍ തീര്‍ച്ചയായും പ്രതികരണം ഉണ്ടാകും. അതിന്റെ പേരില്‍ സേനക്ക് അവിടെ ഒരു ഇടപെടല്‍ നടത്താന്‍ കഴിയും. ഇതിനകംതന്നെ ആയിരക്കണക്കിന് സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചു എന്നാണ് അറിവ്. കശ്മീരിന്റെ ഇപ്പോഴത്തെ സെന്‍സസ് അട്ടിമറിക്കുക എന്നതും പുതിയ നീക്കത്തിന് പിന്നിലുണ്ട്. പുതിയ സാഹചര്യത്തില്‍ പലരും അവിടെ നിന്നും മാറിപ്പോയേക്കാം. ആ വിടവില്‍ സംഘ്പരിവാര്‍ നിലപാടുകള്‍ നടപ്പാക്കാന്‍ ശ്രമിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. കശ്മീര്‍ വിഷയത്തില്‍ ഇസ്രായേല്‍ താല്‍പര്യം പല വിദേശ പത്രങ്ങളും മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അധിനിവേശം എങ്ങിനെ സമര്‍ഥമായി നടപ്പാക്കാം എന്നതിന്റെ നല്ല മാതൃകയാണ് ഫലസ്തീന്‍. മറ്റൊരു ഫലസ്തീനായി മാറിക്കൊണ്ടിരിക്കുകയാണ് കശ്മീര്‍.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757