Opinion

വിദ്യാഭ്യാസത്തിലൂടെ വ്യവസ്ഥാപിതമായ കാവിവല്‍ക്കരണത്തിലേക്ക് – ഫസല്‍ കാതിക്കോട്

 

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ലിബറല്‍ സമീപനത്തെ
വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ലേഖനം
(ഭാഗം രണ്ട്)

ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള ഓരോ വിദ്യാഭ്യാസ റിപ്പോര്‍ട്ടും രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് അപ്പോള്‍ നിലനിന്നിരുന്ന ഏറ്റവും കാതലായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതതു കാലഘട്ടങ്ങളില്‍നിലനിന്നിരുന്ന രാഷ്ട്രീയ മേധാവിത്വത്തിന് പ്രത്യേകമായ സാംസ്‌കാരിക അജണ്ടകള്‍ ഇല്ലാതിരുന്നതിനാല്‍ പൂര്‍ ണമായും ജനതയുടെ വിദ്യാഭ്യാസ താല്‍പര്യങ്ങളാണ് അവയില്‍ പ്രതിഫലിച്ചത്. 1966 ലെ കോത്താരി കമീഷന്‍ പ്രധാനമായും പരിഗണിച്ചത് പല തരം വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ നിലനിന്നിരുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലക്ക്നിയന്ത്രണങ്ങളും വ്യവസ്ഥയും ഘടനയും സൃഷ്ടിക്കുന്നതിനായിരുന്നു. 1986 ലെ NPE ശ്രമിച്ചത് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനായിരുന്നു. പ്രൊഫ. യശ്പാലിന്റെ നേതൃത്വത്തിലുള്ള NCF ന്റെ ഊന്നല്‍ യാന്ത്രികവും പ്രാകൃതവുമായ വിദ്യാഭ്യാസ രീതിക്കു പകരം ശിശു കേന്ദ്രീകൃതമായ വിദ്യാഭ്യാസ രീതി നടപ്പാക്കുന്നതിനായിരുന്നു. ഇതുപോലെ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഊന്നല്‍ ഏതു മേഖലയിലാണ് എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്.
. സാധാരണ രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകള്‍ രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് പരിമിതമാണ്. അതില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങള്‍ കൂടാതെ ജനതയുടെ സാംസ്‌കാരിക രംഗത്ത് കൃത്യമായ പരിവര്‍ത്തനം ലക്ഷ്യം വെക്കുന്ന ഒരു സര്‍ക്കാരാണ് രാജ്യത്ത് നിലവിലുള്ളത്.വളരെക്കാലം മുന്‍പുതന്നെ വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ സവര്‍ണ സംസ്‌കാരം നടപ്പിലാക്കാനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തമായി സ്ഥാപിച്ച് നടത്തി വരുന്ന പ്രസ്ഥാനമാണ് സംഘ്പരിവാര്‍. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത്സംഘ്പരിവാറിന്റെ ഇടപെടലുകളുടെ ലക്ഷ്യം ഇതിനകം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ പുരാണേതിഹാസങ്ങളുടെ സുവര്‍ണ യുഗത്തിലേക്ക് കൊണ്ടുപോവുമെന്ന് സംഘ്പരിവാര്‍ നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതാണ്.

ഒട്ടേറെ ചോദ്യങ്ങള്‍ NEP 2019 റിപ്പോര്‍ട്ടിന്റെ കേന്ദ്രാശയമായികണക്കാക്കാവുന്ന ലിബറല്‍ ആര്‍ട്‌സ് വിദ്യഭ്യാസം, സമഗ്ര വിദ്യാഭ്യാസം, സാംസ്‌കാരിക വിദ്യാഭ്യാസം തുടങ്ങിയ പേരുകളില്‍ വ്യവഹരിക്കുന്ന ആശയങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരാനിടയുണ്ട്. വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്ത പഠനമേഖലകളും സാംസ്‌കാരികതയും തമ്മിലുള്ള ഈ വിധത്തിലുള്ള കൂട്ടിച്ചേര്‍ക്കലിന്റെ ആവശ്യകതയെയും അതിന്റെ പ്രയോജനങ്ങളെയും സംബന്ധിച്ചുള്ള ഗൗരവാവഹമായ പഠനങ്ങള്‍ നടന്നിട്ടുണ്ടോ? അതുമായി ബന്ധപ്പെട്ട് മുഖ്യധാരയില്‍ അംഗീകൃതമായ ഏതെങ്കിലും പഠന റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ലാത്തത് എന്തു കൊണ്ട്? അത്തരം പഠനങ്ങളെ ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതെന്താണ്? ഇത്ര മഹത്തരമാണ് ലിബറല്‍ വിദ്യാഭ്യാസമെങ്കില്‍ എന്തുകൊണ്ട് ലോകത്തിലെ വികസിത രാജ്യങ്ങളില്‍ അത് നടപ്പാക്കുന്നില്ല? ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ യുനെസ്‌കോ വ്യത്യസ്ത രാജ്യങ്ങളിലെ വിദഗ്ദരുമായി ചര്‍ച്ച നടത്തി വിദ്യഭ്യാസ രൂപരേഖകള്‍ സമര്‍പ്പിക്കാറുണ്ട്. അവയില്‍ വ്യത്യസ്ത വിഷയങ്ങളുടെ ഏകോപനം ഒരിക്കലും ഒരു മുഖ്യചര്‍ച്ചാ വിഷയമാവാത്തത് എന്തുകൊണ്ട്?

നളന്ദയിലെയും തക്ഷശിലയിലെയുമൊക്കെ രണ്ടായിരം കൊല്ലം മുന്‍പുള്ളവിദ്യാഭ്യാസത്തെ ഇന്നത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അക്കാലത്ത്വളരെക്കുറഞ്ഞ മേഖലകളും അറിവുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന സത്യം അംഗീകരിക്കാതെ വയ്യ. ഓരോ ദിവസവും അനേകം പഠന മേഖലകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഉദാഹരണമായി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നമ്മുടെ കൈകളിലെത്തിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളു. എന്നാല്‍, ദശക്കണക്കിന് കോഴ്‌സുകളാണ് അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇങ്ങിനെ ഓരോ മേഖലയിലും കുമിഞ്ഞുകൂടിയ അറിവുകളാണ് സവിശേഷവല്‍ക്കരണം (Specialization)  അനിവാര്യമാക്കിയത്. അതിനാല്‍ത്തന്നെ സമഗ്ര വിദ്യാഭ്യാസം, ഉദാര വിദ്യാഭ്യാസംഎന്ന പേരിലൊക്കെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അനേകം വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത് വിപരീത ഫലമായിരിക്കും സൃഷ്ടിക്കുക. മുഖ്യവിഷയത്തോടൊപ്പം ഭാഷയും സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ഏതാനും പേപ്പറുകള്‍ ഉന്നത വിദ്യാഭ്യാസതലത്തില്‍നിലവിലുണ്ട്. അവയെല്ലാം കേവലം അനുബന്ധ വിഷയങ്ങള്‍ എന്ന രീതിയില്‍ അപ്രധാനമായേ കണക്കാക്കാറുള്ളൂ. രണ്ടായിരം കൊല്ലം മുന്‍പ് അവക്ക് നല്‍കിയപ്രാധാന്യം ഇനി ഒരിക്കലും സാധ്യമല്ല. അത് രാജ്യത്തിന്റെ പുരോഗതിക്ക് വിഘാതമായിരിക്കും.

പല തരം വിഷയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പഠിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വ്യത്യസ്ത ഡിപ്പാര്‍ട്ടുമെന്റുകളെക്കുറിച്ച് റിപ്പോര്‍ട്ട് തികഞ്ഞ അവ്യക്തതയിലാണ്. അതിന്റെ ഘടനയെന്തായിരിക്കും? എല്ലാ കോളേജുകളിലുംഹോളിസ്റ്റിക് എന്ന പേരില്‍ ഡിപ്പാര്‍ട്ടുമെന്റുകളും അധ്യാപകരും ഉണ്ടാവുമോ? ഈ തലക്കെട്ടില്‍ അനേകംവിഷയങ്ങള്‍ ഉണ്ടായിരിക്കെ അതിന്റെ പ്രയോഗവല്‍ക്കരണം എങ്ങിനെയായിരിക്കും ?
ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ശോചനീയാവസ്ഥയെപ്പറ്റി ഈ റിപ്പോര്‍ട്ട് തന്നെ അനേകം കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പന്ത്രണ്ടാം ക്ലാസില്‍ എത്തുന്നവര്‍ കഷ്ടിച്ച് അന്‍പത് ശതമാനം പേര്‍ മാത്രമാണ്. ഡിഗ്രി തലത്തില്‍ എത്തിച്ചേരുന്നവര്‍ ഇരുപത്തഞ്ച് ശതമാനത്തില്‍ താഴെ മാത്രം. നമ്മുടെ നിലവിലെ അവസ്ഥ ഇതായിരിക്കെ വലിയ തോതിലുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ആവശ്യമുള്ള ഉദാരസാംസ്‌കാരിക വിദ്യാഭ്യാസത്തിനാണോ പ്രാധാന്യം നല്‍കേണ്ടത്?

പന്ത്രണ്ടാം ക്ലാസില്‍ കൊഴിഞ്ഞുപോകുന്ന അന്‍പത് ശതമാനവും ഡിഗ്രി തലത്തില്‍ എത്തിപ്പെടാത്ത എഴുപത്തഞ്ച് ശതമാനവും ഇന്ത്യയിലെ പിന്നാക്ക ദലിത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നായിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. ഡിഗ്രി വിദ്യാഭ്യാസം വരെയെങ്കിലും സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തിനായിരുന്നു ഇന്ത്യയില്‍ ഊന്നല്‍ നല്‍കേണ്ടിയിരുന്നത്.ദലിത് പിന്നാക്ക വിഭാഗങ്ങള്‍ ഉയര്‍ന്നമേഖലകളില്‍എത്തിപ്പെടുക പോലും ചെയ്യാതിരിക്കെ വിദ്യാഭ്യാസത്തിന്റെ പ്രയോജനം ലഭിക്കുക ഉന്നത ജാതി, സമ്പന്ന വിഭാഗങ്ങള്‍ക്കായിരിക്കും. അവരെല്ലാംസാംസ്‌കാരികമായി ആര്യവല്‍ക്കരിക്കപ്പെടുകയും ചെയ്യും.

മറ്റൊന്ന് സാംസ്‌കാരികതയും കലാ സാഹിത്യ മേഖലയും ഇന്ത്യയില്‍ അത്യധികം വൈവിധ്യപൂര്‍ണമാണ് എന്നതാണ്. ക്ലാസിക് എന്ന പേരിലറിയപ്പെട്ട ഉന്നതകുലജാതരുടെ പരിചരണങ്ങളാല്‍ പരിപോഷിപ്പിക്കപ്പെട്ട കലകളാണ് സര്‍ക്കാര്‍ തലത്തില്‍ അധികവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ ഓരോ പ്രദേശ, ജാതി, മത, ഗോത്ര വിഭാഗങ്ങള്‍ക്കും തനതായ കലയും സാഹിത്യവും സംഗീതവുമടക്കമുള്ള സാംസ്‌കാരികതയുണ്ട്. ഇതില്‍ ഏതെല്ലാം ഉള്‍പ്പെടുത്താനും ഏതെല്ലാം തിരസ്‌കരിക്കപ്പെടാനുമിടയുണ്ട് എന്നത് ഊഹിക്കാവുന്നതേയുള്ളു. ഒരു ഏക സാംസ്‌കാരികതയിലേക്കുള്ള തന്ത്രപരമായ നീക്കമായി സാംസ്‌കാരിക വിദ്യാഭ്യാസം പരിവര്‍ത്തിക്കപ്പെടുവാന്‍ സാധ്യതകള്‍ ഏറെയാണ്.

എന്താണ് ഉദാര സാംസ്‌കാരിക വിദ്യഭ്യാസം കൊണ്ട് സംഘ്പരിവാര്‍ യഥാര്‍ഥത്തില്‍ ലക്ഷ്യം വെക്കുന്നത് എന്നത്സംഘ്പരിവാറിനെ മനസ്സിലാക്കിയവര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമില്ല.ഹോളിസ്റ്റിക് വിദ്യാഭ്യാസമെന്ന ആശയം സംഘ്പരിവാര്‍ വളരെ മുന്‍പേ മുന്നോട്ടുവെച്ചതാണ്. കേവലം ഭൗതിക വിഷയങ്ങള്‍ മാത്രമല്ല, ആത്മീയതയും സംസ്‌കാരവും പാരമ്പര്യവും സംയോജിപ്പിച്ചാല്‍ മാത്രമേ പൂര്‍ണമനുഷ്യനാവു എന്നത് സംഘ്പരിവാറിന്റെ ചിന്താ കേന്ദ്രങ്ങളില്‍ നിന്ന് പണ്ടേ മുഴങ്ങിക്കൊണ്ടിരിക്കുന്നതാണ്.

ഇതിന്റെ ലക്ഷ്യം എന്തായാലും ഫലത്തില്‍ സംഭവിക്കാന്‍ പോവുന്നത് ആര്യവേദകാലത്തിന്റെ മഹത്വവല്‍ക്കരണമായിരിക്കുമെന്നതിന് അധികം ആലോചിക്കേണ്ടതില്ല. ഇതിനകം തന്നെ ഭരണവര്‍ഗമായ സംഘ്പരിവാറില്‍ നിന്നുണ്ടായിക്കഴിഞ്ഞ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും അതിലേക്കുള്ള സൂചനകളാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയടക്കമുള്ള മതപരിവേഷമുള്ള സാമൂഹ്യ ദുരാചാരങ്ങള്‍ മഹത്വമാര്‍ജിക്കുമ്പോള്‍ ഇന്ത്യ ചലിക്കുന്നത് ഇരുട്ടിലേക്കായിരിക്കും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757