zero hour

കൂത്ത് – പ്രളയകാലവും പാര്‍ട്ടി വിശകലനങ്ങളും – ചാക്യാര്‍

പതിവിന് വിപരീതമായി കൂത്തില്‍ നര്‍മം എഴുതാനാകുന്നില്ല. കണ്ണീരോടുകൂടിയേ ചാക്യാര്‍ക്ക് കാര്യങ്ങള്‍ അവതരിപ്പിക്കാനാകുന്നുള്ളൂ. കരളലയിപ്പിക്കുന്നതാണ് കേരളത്തിന്റെ കാഴ്ച്ചകള്‍. 97 ജീവനുകളാണ് ഈ പ്രളയത്തില്‍ പെലിഞ്ഞത്. വയനാട്ടിലെ പുത്തൂര്‍മലയിലും മലപ്പുറത്തെ കവളപ്പാറയിലും സംഭവിച്ച ഉരുള്‍പൊട്ടല്‍ അതിഭീകരമായിരുന്നു. 30 പേരേ കൂടി ഇനിയും കണ്ടെത്താനുണ്ട്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ശരീരഭാഗങ്ങള്‍ ആരുടേതാണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല. 1239 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടേകാല്‍ലക്ഷം പേരാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

പോയവര്‍ഷം സ്വാതന്ത്യദിന പതാക ഉയര്‍ത്തിയതിനുശേഷം സംഭവിച്ച പ്രളയം ദാരുണമായിരുന്നു. മീനച്ചിലും ചാലിയാറും ഭാരതപ്പുഴയും പെരിയാറും മണിമലയാറും പമ്പാനദിയും അന്ന് കരകവിഞ്ഞൊഴുകി. ഒഴുകിയെത്തിയ മലവെള്ളവും പെയ്തിറങ്ങിയ മഴവെള്ളവും എവിടെ പോകുമെന്നറിയാതെ സ്തംഭിച്ചുനിന്നപ്പോള്‍ കേരളം മുങ്ങിപ്പോവുകയായിരുന്നു. സമാനമായ പ്രളയം ഒരു നൂറ്റാണ്ടിനുമുന്‍പാണ് സംഭവിച്ചതെന്നും അടുത്തത് അടുത്ത നൂറ്റാണ്ടിലേ സംഭവിക്കൂവെന്നും ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും പ്രവചിച്ച് ജനങ്ങളെ ആശ്വസിപ്പിച്ചു. പക്ഷേ, കൃത്യം ഒരു വര്‍ഷത്തിനുശേഷം കേരളം വീണ്ടും പ്രളയത്തില്‍ മുങ്ങി. മഴപെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് പ്രവചിച്ച് വീണ്ടും കാലാവസ്ഥ നീരീക്ഷണ ഉദ്യോഗസ്ഥര്‍ പതിവുപോലെ മുങ്ങുകയും പൊങ്ങുകയും ചെയ്തു. മുഖ്യമന്ത്രി വീണ്ടും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചോദിച്ചു പരസ്യപലകയില്‍ രംഗത്തുവന്നു.

മഴപെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന പ്രവചനമാണോ നമ്മുടെ ഉദ്യോഗസ്ഥര്‍ വീണ്ടും ചെയ്യേണ്ടത്. ഇതാ പ്രളയം വന്നിരിക്കുന്നു, ദാനശീലര്‍ ഉദാരമായി സംഭവാനചെയ്യുക എന്നാണോ കളക്ടര്‍മാര്‍ ആഹ്വാനം ചെയ്യേണ്ടത്. ഇതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൌണ്ട് നമ്പര്‍, അയച്ചോളൂ സംഭാവന എന്ന മട്ടിലാണോ ഉത്തരവാദപ്പെട്ട ഭരണകൂടം പ്രതികരിക്കേണ്ടത്. വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കേണ്ട കേന്ദ്ര ജലകമീഷന്‍ ആദ്യപ്രളയത്തില്‍തന്നെ ഒലിച്ചുപോയി ചത്തുമലച്ചുകിടക്കുന്നത് ശരിയായ നടപടിയാണോ. ദുരന്തം സംഭവിക്കുമ്പോള്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒന്നിച്ചു നില്‍ക്കുമ്പോള്‍ ചാക്യാര്‍ക്ക് ഇത്തരം കാര്യത്തില്‍ ചില വിയോജിപ്പുകളുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ പ്രളയകാലത്തെ നേരിടാന്‍ കേരളത്തിലുണ്ടായത് ഇരട്ടചങ്കന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാരാണ്. എല്ലാം ശരിയാക്കിത്തരാം എന്ന അവരുടെ പ്രഘോഷണം അച്ചിട്ടപോലെ അക്ഷരം പ്രതി ശരിയായി. എല്ലാ സന്ദര്‍ഭങ്ങളിലും എല്ലാം ശരിയാക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ പിണറായിയും കൊടിയേരിയും. ശാസ്ത്രീയ സോഷ്യലിസത്തില്‍ വിശ്വാസമുള്ളവരാണ് ഭരണത്തിലുള്ളവര്‍. ദൈവവിശ്വാസം അന്ധവിശ്വാസമാണെന്നും മാര്‍ക്‌സിലാണ് ശരിയായി വിശ്വസിക്കേണ്ടതെന്നുമാണ് പാര്‍്ട്ടി ക്ലാസുകളില്‍ അവര്‍ പേര്‍ത്തും പേര്‍ത്തും തക്കം പാര്‍ത്തും പറഞ്ഞുകൊണ്ടിരിക്കുന്നത്. ദൈവകോപം എന്നൊന്നില്ലെന്നും അവര്‍ക്ക് അഭിപ്രായമുണ്ട്. പക്ഷേ, എന്നിട്ടും പ്രളയത്തെ നേരിടുന്നതില്‍ ശാസ്ത്രീയമായ സമീപനം പുലര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. പ്രളയം സംഭവിച്ചതിനുശേഷം സംഭാവന സ്വീകരിക്കുന്നതിലല്ല, ഇതുണ്ടാകാതെ എങ്ങിനെ കേരളത്തെ രക്ഷിക്കാനാകുമെന്ന ചിന്തയാണ് വേണ്ടതെന്ന് പിണറായിയെ ഉപദേശിക്കാന്‍ പ്രമുഖ സഖ്യമനഃസാക്ഷി സൂക്ഷിപ്പുകാരാനായ കാനം പോലും വരുന്നില്ലായെന്നതാണ് സങ്കടം. അച്ചുതാനന്ദനെ പാവം കുട്ടനാട്ട് ലോക്കല്‍ കമ്മിറ്റിയിലേക്കൊതുക്കിയത് കൊണ്ട് അദ്ധേഹം തുറന്നതും സീല്‍വെച്ചതുമായ കത്തുകള്‍ പോളീറ്റ്ബ്യൂറോക്കും കേന്ദ്രകമ്മിറ്റിക്കും അയക്കുന്നത് നിറുത്തിയെന്നാണ് മരണ പരിഷ്‌കാരമ കമീഷന്‍ (സോറി ഭരണ പരിഷ്‌കാര കമീഷന്‍) വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അയക്കുന്ന കത്തിലെ സ്റ്റാമ്പുകള്‍ ശേഖരിച്ച് വെക്കുന്ന പണിയാണത്രെ ദില്ലിയിലെ പാര്‍ട്ടി ഓഫീസിലെ സെക്രട്ടറിമാര്‍ ചെയ്യുന്നത്. ചില കത്തുകള്‍ മേല്‍വിലാസക്കാരനില്ലായെന്ന പേരില്‍ മടങ്ങിവന്നതായും ശ്രൂതിയുണ്ട്.

മാര്‍ക്‌സിസ്റ്റ് വിശകലനരീതികള്‍ പണ്ടുമുതല്‍ക്കേ തന്നെ വലിയ കോമഡികളായി മാറാറുണ്ട്. തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് തോറ്റുവെന്നതിലെ പ്രതിക്രിയാവാദ സല്ലാപരീതികളാണ് എന്നും അവര്‍ കൊണ്ടുനടക്കാറുള്ളത്. മണിയാശാനെ പോലുള്ളവര്‍ അത് അവതരിപ്പിക്കുക കൂടി ചെയ്യുമ്പോള്‍ പിന്നെ ചിരിച്ച് ചിരിച്ച് ചാക്യാരെ പോലുള്ളവരുടെ പണി തെറിക്കും. എ.കെ.ജി കൊട്ടാരത്തിലെ പിണറായി രാജസദസിലെ വിദൂഷക പ്രമാണിയാണല്ലോ വൈദ്യൂതി മന്ത്രി. പ്രതിസന്ധികള്‍ നേരിടുമ്പോള്‍ തമാശകള്‍ പറഞ്ഞ് പാര്‍ട്ടിയെ രക്ഷിക്കുകയാണ് പ്രധാന ദൗത്യം. അത് നന്നായി നിര്‍വഹിക്കുന്നുമുണ്ട്. മൂന്നാറില്‍ പാര്‍ട്ടി പ്രശ്‌നക്കയത്തില്‍ മുങ്ങിയപ്പോള്‍ അവിടെ നടക്കുന്നത് രാത്രിയില്‍ പെമ്പിളൈ ഒരുമയാണെന്ന് മണിയുടെ പ്രസ്താവന ഓര്‍ക്കുന്നുണ്ടാകുമല്ലോ. കഴിഞ്ഞവര്‍ഷത്തെ പ്രളയം മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായുണ്ടായതാണെന്ന് അമികസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ക്യൂറിയോട് പതിവ് മാര്‍ക്‌സിസ്റ്റ് വിശകലനരീതിയിലൂടെയാണ് ആശാന്‍ പ്രതികരിച്ചത്. മുന്‍പിന്‍ തോക്കാതെ ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയത്തിന്റെ ആഘാതം ശക്തമായതെന്ന അമികസ് ക്യൂറിയുടെ വാദത്തിന് മറുപടി നല്‍കാതെ, അയാള് യു.ഡി.എഫുകാരനാണ് എന്ന ചാപ്പ കുത്തി രക്ഷപ്പെടുകയാണ് മണി ചെയ്തത്.

മഴ പെയ്യുന്നത് മരമുള്ളതുകൊണ്ടാണെന്നും അതിനാല്‍ മരങ്ങള്‍ മുറിക്കരുതെന്നും പറഞ്ഞപ്പോള്‍, അപ്പോള്‍ കടലില്‍ മഴ പെയ്യുന്നതോ എന്നു മുട്ടാപോക്ക് ചോദ്യം ചോദിച്ച രാഷ്ട്രീയക്കാരുടെ പിന്‍ഗാമികള്‍ ഇപ്പോഴും നല്ലോണം ജീവിക്കുന്ന നാടാണ് കേരളം. ഡാമുകള്‍ തുറന്നുവിട്ടത് കൊണ്ടാണ് കഴിഞ്ഞ പ്രളയമുണ്ടായതെന്ന പ്രചാരണത്തെ ഇപ്രാവശ്യം ഏതു ഡാമ് തുറന്നുവിട്ടതുകൊണ്ടാണ് പ്രളമയമുണ്ടായത് എന്ന ചോദ്യവുമായി നേരിടുകയാണ് കേഡര്‍സഖാക്കള്‍. പ്രളയത്തേയും പാര്‍ട്ടിയെ ന്യായീകരിക്കാനുപയോഗിക്കുന്ന സഖാക്കളുടെ സല്‍ബുദ്ധിക്ക് മുന്നില്‍ പ്രണാമം. അതിനിടയിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇടത് വലതുമുന്നണികള്‍ അവഗണിച്ചുവെന്നുള്ള ആരോപണങ്ങള്‍ പരിസ്ഥിതിവാദികളുയര്‍ത്തികൊണ്ടുവരുന്നത്. കേരളത്തിലെ അതീവ പരിസ്ഥിതി ലോലമേഖലകള്‍ക്ക് പ്രത്യേകമായ പാക്കേജ് വേണമെന്ന നിര്‍ദേശമാണല്ലോ ഗാഡ്ഗില്‍ മുന്നോട്ടുവെച്ചിരുന്നത്. പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോലമേഖലകളില്‍ ശാസ്ത്രീയ പങ്കാളിത്ത വികസന പദ്ധതി ആവശ്യമാണെന്നും നിര്‍ദേശമുയര്‍ന്നിരുന്നു. വയനാട്ടിലെ മേപ്പാടിയും മലപ്പുറത്തെ നിലമ്പൂരും അതീവ ലോല പട്ടികയിലുള്‍പ്പെട്ടിരുന്ന പ്രദേശങ്ങളായിരുന്നുതാനും. ഗാഡ്ഗില്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഗാഡ്ഗിലിനെ പ്രഥമദൃഷ്ട്യാ തള്ളിക്കളഞ്ഞ വ്യക്തിയാണ് പിണറായി വിജയന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് ശവമഞ്ചമൊരുക്കുന്നതിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുന്‍പന്തിയിലായിരുന്നു. യുനസ്‌കോവിന്റെ പണം തട്ടാന്‍ വേണ്ടിയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയുണ്ടാക്കിയത് എന്ന ഗുഢാലോചനാ സിദ്ധാന്തവും മാര്‍കിസ്റ്റ് ബുദ്ധിജീവികള്‍ ഉയര്‍ത്തികൊണ്ടുവരികയുണ്ടായി. അല്ലെങ്കിലുമവര്‍ പാര്‍ട്ടിക്ക് വേണ്ടി സിദ്ധാന്തങ്ങള്‍ ചമക്കുന്നതില്‍ കേമന്‍മാരാണെന്ന് തെളിയിച്ചിട്ടുള്ളവരാണല്ലോ.

കേരളത്തിലിപ്പോള്‍ പുതിയകണക്കനുസരിച്ച് 5924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 3200 എണ്ണമുള്ളത് അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. 1700 എണ്ണം അനുമിതയില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്. കേരളത്തില്‍ 9 ലക്ഷം ഹെക്ടര്‍ നെല്‍വയലുണ്ടായിരുന്നത് ഇപ്പോള്‍ രണ്ടു ലക്ഷം ഹെക്ടറായി കുറഞ്ഞിരിക്കുകയാണ്. ഒരു നെല്‍വയല്‍ ഹെക്ടറില്‍ 1,20,000 ലിറ്റര്‍ വെള്ളമാണുള്‍കൊള്ളുന്നത്. നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനായി വി.എസ് കൊണ്ടുവന്ന നിയമത്തില്‍ വെള്ളം ചെര്‍ത്ത് വയല്‍ നികത്തിലിന് ഓശാനപാടുന്ന തിരക്കിലാണ് പിണറായി വിജയന്‍.
ഇതെല്ലാമാണെങ്കിലും ഒരു ദുരന്തം വന്നാല്‍ കേരളജനത ഒറ്റക്കെട്ടാണെന്ന് ഇപ്രാവിശ്യവും തെളിയിച്ചിരിക്കുകയാണ്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഹായ സേവന ഹസ്തങ്ങള്‍ മലബാറിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. എറണാകുളത്ത് ബ്രോഡ് വെയിലെ തെരുവ് കച്ചവടക്കാരനായ നൗഷാദ് സ്‌നേഹത്തിന്റെ സാമൂഹിക മാധ്യമങ്ങളിലെ അടയാളമായി മാറിയിരിക്കുകയാണ്. മനസ് വളരേ വലുതായ ഇവര്‍ ചേര്‍ന്നാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി മാറ്റുന്നത്. അതാണ് പ്രളയകാലത്തിന്റെ പ്രതീക്ഷയും. അന്ധതബാധിച്ച പാര്‍ട്ടി വിശകലനരീതികളെ ജനം തള്ളിക്കളയുമെന്നത് തീര്‍ച്ചയാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757