zero hour

കൂത്ത്; യൂണിവേഴ്‌സിറ്റി കേളജിലെ സ്റ്റാലിന്‍ പ്രേതങ്ങള്‍ – ചാക്യാര്‍

ചാക്യാരിത്തിരി ചരിത്രം ചികയുകയാണ്. ആരും ചിരിക്കരുത്.
1917 ഒക്‌ടോബര്‍ 25
1917 ല്‍ റഷ്യയില്‍ നടന്ന ഒക്‌ടോബര്‍ വിപ്ലവം അക്ഷരാര്‍ഥത്തില്‍ ലോകത്തെ പിടിച്ചുകുലുക്കിയ സംഭവബഹുലമായ രാഷ്ട്രീയ അധ്യായമാണല്ലോ. അലക്‌സാണ്ടര്‍ കെറന്‍സ്‌കിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണം പിടിച്ചെടുത്ത് സോവിയറ്റ് യൂണിയന്‍ സ്ഥാപിക്കുകയായിരുന്നു ലെനിനും ബോള്‍ഷെവിക്കുകളും. പിന്നീട് ഇവര്‍ ചേര്‍ന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നത്. സംഭവം നടന്നിട്ട് ഒരുനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍.

1924 ജനുവരി 21
ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നായകന്‍ വ്‌ളാദമിര്‍ ഇലിച്ച് ലെനിന്‍ അന്നാണ് ലോകത്തോട് വിട പറയുന്നത്. ലെനിന്‍ വിടപറഞ്ഞതോടെയാണ് റഷ്യയില്‍ സ്റ്റാലിന്‍യുഗം ആരംഭിക്കുന്നത്. 1905 ലാണ് ലെനിന്‍ ആദ്യമായി സ്റ്റാലിനെ കാണുന്നത്. കോബ എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന സ്റ്റാലിനെ, ലെനിന് ഇഷ്ടമായിരുന്നു. ലെനിനുമായുള്ള ബന്ധം വഴി പ്രാവ്ദയുടെ എഡിറ്ററായി മാറി സ്റ്റാലിന്‍. ലെനിന്‍ മരണപ്പെടുന്നത് മസ്തിഷ്‌കാഘാതം കാരണമാണ്. വേദന കലശലായപ്പോള്‍ വിഷം കുത്തിവെച്ച് മരിക്കാനുള്ള അനുവാദം നല്‍കണമെന്ന് പാര്‍ട്ടി സെക്രട്ടറിയായ ലെനിന്‍ പോളിറ്റ്ബ്യൂറോയോട് ആവശ്യപ്പെട്ടുവത്രെ. (ദൈവവിശ്വാസമില്ലാത്തതിനാല്‍ ആവലാതികള്‍ പോളിറ്റ് ബ്യൂറോയിലുന്നയിക്കാനേ കഴിയൂ) പോളിറ്റ് ബ്യൂറോ അതിന് സമ്മതംമൂളിയില്ല. അക്കാര്യത്തില്‍ ലെനിനെ സഹായിക്കുകയാണ് സ്റ്റാലിന്‍ ചെയ്തതെന്നാണ് ചരിത്രകാരന്മാര്‍ വിശദമാക്കുന്നത്. (സഖാക്കള്‍ കൊടി സുനിയെ ചാക്യാരുടടുത്തേക്കയക്കാതിരിക്കാന്‍ വേണമെങ്കില്‍ പുസ്തകത്തിന്റെ പേര് വ്യക്തമാക്കാം. (stallin – A political Biography by Isac Deychar). പിന്നീട്, നീണ്ട ഇരുപത്തിയഞ്ച് വര്‍ഷം കിരാതഭരണമായിരുന്നുവെന്ന് പുസ്തകം വ്യക്തമാക്കുന്നു. 139 അംഗ കേന്ദ്ര കമ്മിറ്റിയില്‍ 81 പേരും കൊല്ലപ്പെടുകയായിരുന്നു. 103 സൈനിക അഡ്മിറര്‍മാരില്‍ 79 പേരെ രാജ്യദ്രോഹകുറ്റം ചാര്‍ത്തി വധശിക്ഷക്ക് വിധേയമാക്കി. സ്റ്റാലിനെ എതിര്‍ത്ത മൂന്നൂ ദശലക്ഷം ജനങ്ങളെ സൈബീരിയയിലേക്ക് നാടുകടത്തി. ലെനിന്റെ സുഹൃത്തും പാര്‍ട്ടിയുടെ സന്തതസഹചാരിയുമായിരുന്ന ട്രോട്‌സ്‌കിയെ പാര്‍ട്ടിയില്‍ നിന്നും നീക്കം ചെയ്യുകയും സോവിയറ്റ് യൂണിയനില്‍ നിന്നും നാടുകടത്തുകയും ചെയ്തു. യൂറോപ്പിലെ ഒരു പറ്റം ചരിത്രകാരന്മാര്‍ തയ്യാറാക്കിയ ദി ബ്ലാക്ക് ബുക്ക് ഓഫ് കമ്യൂണിസം എന്ന ഗ്രന്ഥം ഏതാണ്ട് 940 ദശലക്ഷം മനുഷ്യരെ പാര്‍ട്ടി ഭരണാധികാരികള്‍ കൊന്നോടുക്കിയതായി കണക്കുകള്‍ സഹിതം വ്യക്തമാക്കുന്നുണ്ട്. ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം എന്ന മുദ്രാവാക്യത്തിന്റെ അന്തരാര്‍ഥം ഇപ്പോഴാണ് വ്യക്തമാകുന്നത്.

1989 ജൂണ്‍-ടിയാനന്‍മെന്‍ സ്‌ക്വയര്‍
ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ഒത്തുചേര്‍ന്ന ജനാധിപത്യവാദികളായ പതിനായിരത്തോളം നിരായുധരായ വിദ്യാര്‍ഥികളെ കമ്യൂണിസ്റ്റ് പട്ടാളം ടാങ്കുകളുമായി ഇരച്ചെത്തി വെടിവെച്ചുകൊന്ന സംഭവം നടന്നത് 1989ലാണ്. ബീജിംഗിലെ ബ്രിട്ടീഷ് അംബാസിഡറായിരുന്ന അലന്‍ ഇക്കാര്യങ്ങള്‍ വിവരിച്ച് അക്കാലത്ത് തന്നെ അയച്ച കത്തുകള്‍ ഇപ്പോള്‍ പുസ്തക രൂപത്തിലായിട്ടുണ്ട്. ശവശരീരങ്ങള്‍ ഒന്നായി കൂട്ടിയിട്ട് കത്തിച്ച് ചാരം ഓടയിലൊഴുക്കുകയായിരുന്നുവെന്ന് അലന്‍ വ്യക്തമാക്കുന്നു. ചൈനീസ് മീഡിയയിലും ഇന്റര്‍നെറ്റിലും പുസ്തകങ്ങളിലും ടിയാനന്‍മെന്‍ സ്‌ക്വയര്‍ എന്ന വാക്കുപയോഗിക്കുന്നതിന് ഇപ്പോഴും വിലക്കുണ്ട്.

2019 ജൂലൈ 12-യൂണിവേഴ്‌സിറ്റി കോളേജ്
അന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിന് തൊട്ടടുത്തുള്ള യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അഖില്‍ ചന്ദ്രന്റെ നെഞ്ചില്‍ കുത്തേറ്റത്. അഖില്‍ ചന്ദ്രന്‍ വര്‍ഗശത്രുവോ വര്‍ഗീയവാദിയോ ഒന്നുമായിരുന്നില്ല കേട്ടോ. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന വെള്ളപ്പതാക അന്തരീക്ഷത്തില്‍ പാറിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സാക്ഷാല്‍ നിഷ്‌കു സഖാവ് തന്നെയായിരുന്നു. അങ്ങിനെയാകാതിരിക്കാന്‍ അവിടെ തരവുമില്ല. കാമ്പസില്‍ എസ്.എഫ്.ഐ നേതാക്കളുടെ ഏകാധിപത്യവും ധിക്കാരവും ചോദ്യം ചെയ്തതാണ് കത്തികുത്തില്‍ കലാശിച്ചത്. യൂണിറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രസിഡണ്ടാണ് നെഞ്ചിലേക്ക് കത്തികുത്തിക്കയറ്റിയത്. (ചൈനയില്‍ നിര്‍മിച്ച ഹീറോ പേന കൊണ്ടാണ് കുത്തിയെന്നാണ് പാര്‍ട്ടി വിശദീകരണം).

കലാലയങ്ങളിലെ ഇടിമുറികള്‍
മേല്‍വിശദീകരിച്ച ചരിത്ര പാരമ്പര്യതിരുശേഷിപ്പുകളെ അങ്ങേയറ്റം മാനിച്ചുകൊണ്ട് തന്നെയാണ് എസ്.എഫ്.ഐ എന്ന കുട്ടിസഖപ്രസ്ഥാനം കലാലയങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ മറ്റൊരു മീടൂ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. കാമ്പസില്‍ കുട്ടിസഖാക്കളെ എതിര്‍ത്തതിന്റെ പേരില്‍ ഇടി കിട്ടിയവരും പഠനമവസാനിപ്പിച്ചവരുമാണ് വെളിപ്പെടുത്തലുകളമായി മുന്നോട്ട് വരുന്നത്. എല്ലാ കലാലയങ്ങളിലും പാര്‍ട്ടിയാപ്പീസിന്റെ ചാരത്ത് ചെങ്കൊടിയും ചെ ഗുവേരയും മൂലധനവുമുള്ള ഇടിമുറികളുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കോളേജില്‍ ചേരുന്ന എല്ലാ കുട്ടികളും എസ്.എഫ്.ഐ ജാഥയില്‍ മൗനികളായി പങ്കെടുക്കുന്നതിന്റെ ഗുട്ടന്‍സ് അതാണ്‌പോലും. യൂണിയന്‍ തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ ഓരോ വോട്ടും എസ്.എഫ്.ഐക്ക് ലഭിക്കുന്നതിന്റെ രഹസ്യവും ഇപ്പോള്‍ പിടികിട്ടിക്കാണും. ഓരോ കോളേജിലും എതിര്‍ പാനലുകള്‍ ഒരു ഫാഷനുപോലും ഉണ്ടാകാറില്ല. എന്നാലും റിസള്‍ട്ട് വരുന്നത് കോളേജ് ഇലക്ഷനില്‍ എസ്.എഫ്.ഐ തൂത്തുവാരി എന്നായിരിക്കും. കലാലയങ്ങളില്‍ സ്റ്റാലിന്റെ പ്രേതങ്ങള്‍ ആടിത്തിമിര്‍ക്കുന്നത് പാരമ്പര്യം തന്നെയാണെന്ന് സാരം.

കൊല്ലം ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പാര്‍ട്ടി വിദ്യാര്‍ഥി പ്രസ്ഥാനത്തിന് പറ്റിയ തെറ്റ് നേതാക്കള്‍ ഏറ്റുപറയുമെന്ന് വിചാരിച്ച സന്ദര്‍ഭത്തിലാണ് കൊല്ലം ജില്ലാ സെക്രട്ടറിയുടെ ഫേസ്ബൂക് പോസ്റ്റ് വൈറലാകുന്നത്. എസ്.എഫ്.ഐ അഭിമാനമാണ്. ഇടനെഞ്ചില്‍ തുടിക്കുന്ന വികാരമാണ്. (അഖിലിന്റെ ഇടനെഞ്ചിലാണോയെന്ന് വ്യക്തമല്ല) ഒരു നാടിന്റെ പ്രതീക്ഷയാണ്. ലജ്ജാഭാരം കൊണ്ട് ശിരസ് കുനിച്ചല്ല, അഭിമാനബോധത്താല്‍ ശിരസുയര്‍ത്തിയാണ് നാട് എസ്.എഫ്.ഐയെ കാണുന്നത്. ഈ സമയത്ത് വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡണ്ട് പറയുന്നത്, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പാര്‍ട്ടി അംഗത്വം നല്‍കിയ മഹാമനസ്‌കതയെക്കുറിച്ചാണ്.

ചാക്യാരുടെ കമന്റ്
അരിവാള്‍ ചുറ്റിക നക്ഷത്രം നിങ്ങളുടെ വര്‍ഗത്തിന് അനുയോജ്യമായ ചിഹ്നമാണ് സഖാക്കളെ. അരിവാള്‍ കൊണ്ട് അമ്പത്തൊന്നും അറുപത്തെട്ടും വെട്ടാം. ചുറ്റികകൊണ്ട് തലക്കടിക്കാം. എതിരാളികളെ നക്ഷത്രമെണ്ണിക്കാം. എന്നിട്ട് ചാനല്‍ പ്രതലത്തിലും മുഖപുസ്തകത്തിലും ഞെളിഞ്ഞിരുന്ന് ബലേഭേഷ് എന്ന് പറയാം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757