interview

ഫാഷിസകാലത്തെ സ്ത്രീ പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതാണ് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് – ജബീന ഇര്‍ഷാദ് / സുഫീറ എരമംഗലം

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ത്രീസമൂഹത്തിന്റെ നീതിക്കുവേണ്ടി നിലകൊള്ളുക എന്ന ലക്ഷ്യം വെച്ച്് കേരളത്തില്‍ പിറവിയെടുത്ത സംഘടനയാണ് വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ്. സംഘടനയുടെ പ്രഥമ പ്രസിഡണ്ട് ജബീന ഇര്‍ഷാദ് ജനപക്ഷം പ്രതിനിധിയുമായി സംസാരിക്കുന്നു.

വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് കേരളത്തില്‍ പിറവിയെടുത്തല്ലൊ. നിരവധി സ്ത്രീ സംഘടനകള്‍ നിലവിലുള്ളപ്പോള്‍ ഈ നവജാത സംഘടനയുടെ പ്രസക്തിയെന്താണ്?

രാഷ്ട്രീയവും സാമൂഹികവുമായ തികഞ്ഞ അരക്ഷിതാവസ്ഥയാണ് രാജ്യത്ത് സ്ത്രീ സമൂഹം അനുഭവിച്ച് കൊണ്ടിരിക്കുന്നത്. സ്ത്രീ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കൃത്യമായി അഡ്രസ് ചെയ്യുന്നതിന് നിലവിലുള്ള സംഘടനകള്‍ക്ക് സാധിച്ചിട്ടില്ല എന്നത് വ്യക്തമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അതിന്റെ ഒരു ഉദാഹരണമാണ്. സമൂഹത്തില്‍ പകുതിയായ സ്ത്രീ വിഭാഗത്തിന് ആ തെരഞ്ഞെടുപ്പില്‍ നല്‍കിയ പരിഗണന എന്താണെന്ന് പരിശോധിക്കുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും. നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥയെ അഡ്രസ് ചെയ്തുകൊണ്ടുള്ള ഒരു പോരാട്ടത്തിലൂടെ മാത്രമേ സ്ത്രീ സമൂഹത്തെ സാമൂഹിക പ്രധിനിധാനത്തിന്റെ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ഇത്തരം, ഇടപെടലുകളാണ് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ഉദ്ദേശിക്കുന്നത്.

സ്ത്രീകള്‍ക്ക് നേരെ പീഡനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ശാശ്വത പരിഹാരം സാധ്യമാകുമോ?
സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് എന്ന് തോംസണ്‍ റോള്‍ട്ടേഴ്‌സ് ഫൗണ്ടേഷന്‍ സര്‍വേ പറയുന്നു. നമ്മുടെ രാജ്യത്ത് ഓരോ മിനുട്ടിലും ഒരു ബലാത്സംഗവും, ഒരോ മൂന്നു മിനുട്ടിലും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമവും സ്ത്രീകള്‍ക്ക് നേരെ നടക്കുന്നുവെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പറയുന്നത്. അതിശയോക്തിയെന്ന് തോന്നുമെങ്കിലും കണക്കുകളും നിത്യേനയുള്ള വാര്‍ത്തകളും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്, അരക്ഷിതവും ദുരിതമയവും വേദനാജനകവുമാണ് ഇന്ത്യന്‍ സ്ത്രീയുടെ ഉടലും ജീവിതവുമെന്ന വളരെ തീക്ഷ്ണമായ യാഥാര്‍ഥ്യത്തിലേക്കാണ്. സ്ത്രീകളുടെ സുരക്ഷക്കായി ഒട്ടേറെ നിയമങ്ങള്‍ നമ്മുടെ രാജ്യത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. നിയമങ്ങളുടെ അപര്യാപ്തതയല്ല അതിക്രമങ്ങള്‍ക്ക് കാരണം. നിയമങ്ങളും പദ്ധതികളും കടലാസില്‍ മാത്രം പരിമിതമാവുകയും പീഡനങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ്. ഇത് വളരെ ഗുരുതരമായ സംഗതിയാണ്. നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം സമൂഹത്തിന്റെ സര്‍വമേഖലകളിലും സ്ത്രീയോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരണം. സമീപകാലത്ത് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയൊക്കെ വെളിപ്പെടുത്തലുകളില്‍ നിന്ന് ബോധ്യമാകുന്നത് ഒരു മേഖലയും ഈയൊരു സമീപനരീതിയില്‍ നിന്ന് മുക്തമല്ല എന്നാണ്. മറ്റൊന്ന്, സ്ത്രീ സമൂഹം സ്വയം പരിവര്‍ത്തിക്കപ്പെടാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഒരു ശാശ്വത പരിഹാരം സാധ്യമാവൂ.

കേരളത്തില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണല്ലൊ നവോത്ഥാനം. സാമൂഹിക നവോത്ഥാനത്തില്‍ സ്ത്രീയുടെ ഇടം എവിടെയാണ്?
കേരളം ഇന്ന് കൈവരിച്ച ഏത് നേട്ടമെടുത്ത് പരിശോധിച്ചാലും അതിന്റെ പിന്നിലുള്ള സ്ത്രീ പങ്കാളിത്തം നമുക്ക് വ്യക്തമായി കാണുവാന്‍ സാധിക്കും. വൈജ്ഞാനിക മേഖലകളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ ആര്‍ജിച്ച നേട്ടങ്ങളാണ് മാനവ വികസന സൂചികയില്‍ കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ മുന്‍നിരയിലെത്തുന്നതിന് കാരണമായത്. സാമൂഹിക നവോത്ഥാനത്തില്‍ സ്ത്രീക്ക് വളരെയധികം പങ്കുവഹിക്കാന്‍ സാധിക്കും. കേരളത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് വിലയിരുത്തുമ്പോള്‍ കേരളീയ നവേത്ഥാന പോരാട്ടങ്ങളില്‍ പലതും സ്ത്രീകളുടെ അനിഷേധ്യമായ പങ്കുള്ളവയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലും തുടര്‍ന്നും കേരളത്തിലെ രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ നിരവധി മുന്നേറ്റങ്ങളില്‍, പ്രത്യേകിച്ച് ജാതി മേധാവിത്തത്തിനെതിരായ പോരാട്ടങ്ങളില്‍ സ്ത്രീകളുടെ പങ്ക് അനിഷേധ്യമാണ്. ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് നങ്ങേലി എന്ന പെണ്‍പോരാളിയുടെ ജീവത്യാഗം. മാറു മറക്കാനുള്ള കീഴാളസ്ത്രീകളുടെ അവകാശത്തിനുമേല്‍ കരം ചുമത്തിയ ദുഷിച്ച ഏര്‍പ്പാടിനെതിരെ, സ്വന്തം മുലകള്‍ മുറിച്ച് അധികാരികള്‍ക്ക് സമര്‍പ്പിച്ചത് രക്തം പുരണ്ട ഒരു പെണ്‍പോരാട്ടത്തിന്റെ ചരിത്രമാണ്. ഏത്താപ്പ് സമരം, മുക്കുത്തി സമരം തുടങ്ങിയവയൊക്കെ നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലുകളാണ്.

നിലവിലെ കുടുംബ സംവിധാനം ജനാധിപത്യ വിരുദ്ധമാണ് എന്ന ഫെമിനിസ്റ്റ് വാദത്തെ ഈ സംഘടന എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഫെമിനിസം എന്നത് ഏകശിലാത്മകമല്ല എന്നാണ് മനസിലാക്കപ്പെടേണ്ടത്. അതിന് വിവിധ ധാരകളുണ്ട്. ചിലത് പരസ്പര വിരുദ്ധമാണ്. മനുഷ്യപ്രകൃതത്തെ നിരാകരിക്കുന്ന വിധത്തിലുള്ള ചിന്താധാരകള്‍ വരെ അതിലുണ്ട്. ഒരര്‍ഥത്തില്‍ ഒരു സ്ത്രീ കൂട്ടായ്മ എന്ന നിലക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിനെയും ഫെമിനിസ്റ്റ് കൂട്ടായ്മയുടെ ഗണത്തില്‍ പെടുത്താവുന്നതാണ്. കുടുംബം മാത്രമല്ല, ഏതൊരു സാമൂഹിക സ്ഥാപനവും ജനാധിപത്യവും ജനാധിപത്യ വിരുദ്ധവുമായിത്തീരുന്നത് അത് കൊണ്ടുനടക്കുന്നവരുടെ പ്രയോഗത്തിന് അനുസൃതമായാണ്. ഇന്ത്യന്‍ ഭരണഘടന തന്നെ അങ്ങിനെയാണ് എന്നത് നിലവിലെ ഭരണകൂടത്തെ തട്ടിച്ചുനോക്കുമ്പോള്‍ നമുക്ക് മനസിലാക്കാവുന്നതാണ്. ‘who is practicing’ എന്നത് വലിയൊരു കാര്യമാണ്. കുടുംബ സംവിധാനം തന്നെ ജനാധിപത്യ വിരുദ്ധതയാണ് എന്ന വാദം തെറ്റാണ്. കുടുബ സംവിധാനത്തെ ജനാധിപത്യവല്‍കരിക്കല്‍ ഒരര്‍ഥത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റിന് സമൂഹത്തില്‍ ഏറ്റെടുക്കുവാനുള്ള ഒരു പ്രധാന ദൗത്യം കൂടിയാണ് കുടുംബത്തിന്റെ ജനാധിപത്യവല്‍ക്കരണം.

കുടുംബശ്രീ സംവിധാനം സ്ത്രീയുടെ സമഗ്രമായ ശാക്തീകരണത്തിന് ഉതകുന്നതാണൊ?
കുടുംബശ്രീ സംവിധാനം സ്ത്രീകളെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുവാന്‍ കുറെയൊക്കെ സഹായിച്ചിട്ടുണ്ടെന്ന് പറയാം. പക്ഷേ, സാമൂഹികവും രാഷ്ട്രീയവുമായി സ്ത്രീകളെ ശാക്തീകരിക്കാന്‍ കുടുംബശ്രീ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

നിലവിലെ സാഹചര്യത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ സാധ്യതകള്‍ എത്രയാണ്?
ഫാഷിസകാലത്ത്, സ്ത്രീശാക്തീകരണത്തില്‍ സാാധ്യതകളേക്കാള്‍ വെല്ലുവിളികളാണുള്ളത്. സവര്‍ണ ഫാഷിസത്തിന്റെ സമഗ്രാധിപത്യത്തിന് കീഴില്‍ സ്ത്രീ മുഖ്യ ഇരയാണ്. കത്‌വയിലെ പെണ്‍കുട്ടി, ഡോ. പായല്‍ തദ്‌വി എന്നിവര്‍ ഉദാഹരണങ്ങളാണ്. ദുര്‍ബലരായ ജനവിഭാഗങ്ങളെ കൂടുതല്‍ അരക്ഷിതരാക്കാന്‍ ഫാഷിസ്റ്റ്-വര്‍ഗീയ ശക്തികള്‍ എന്നും സ്ത്രീകളെയാണ് ഉന്നംവെച്ചത്. അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളില്‍ ഒന്നാണ് ബില്‍ക്കീസ് ബാനു.

സ്ത്രീ തന്റെ ആയുഷ്‌കാലത്തിന്റെ സുപ്രധാനഘട്ടത്തില്‍ വിവാഹം, കുടുംബം, കുട്ടികള്‍ തുടങ്ങിയ പ്രകൃതിയുടെ അനിവാര്യ ധര്‍മങ്ങളില്‍ വ്യാപൃതയാണ്. സ്ത്രീയുടെ കഴിവും ശേഷിയും സമൂഹത്തിന് കൂടി അനുഗുണമാകുന്ന രീതിയില്‍ സമര്‍പ്പിക്കുവാനുള്ള അവസരത്തെ എങ്ങിനെയാണ് സൃഷ്ടിക്കാനാവുക?
കുടുംബം ജനാധിപത്യവല്‍കരിക്കപ്പെടുന്നതോടെ സമൂഹത്തില്‍ അവളുടെ ഇടം വിശാലമാക്കപ്പെടും. അത്തരം കുടുംബ സാഹചര്യം സ്ത്രീയുടെ കഴിവ് സമൂഹത്തിന് അനുഗുണമാകുന്ന രീതിയില്‍ സമര്‍പ്പിക്കുവാന്‍ അവസരം നല്‍കുന്നു. സര്‍ക്കാര്‍ തലം മുതലുള്ള തൊഴില്‍ മേഖലകളിലെ സ്ത്രീയുടെ തൊഴില്‍ കാലാവധി പുനഃപരിശോധിക്കുകയും പതിനെട്ട് മുതല്‍ മുപ്പത്തിയഞ്ച് വയസ്സ് വരെ എന്നുള്ള തൊഴില്‍ അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി നിശ്ചയിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതുമുണ്ട്. ശരാശരി ആയുര്‍ദൈര്‍ഘ്യം കൂടുതലായതിനാല്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനായി കേന്ദ്ര സാമ്പത്തിക സര്‍വേ നിര്‍ദേശം പുറത്തുവന്ന സന്ദര്‍ഭത്തില്‍ ഇത്തരമൊരു സ്ത്രീസൗഹൃദ തൊഴിലവസരത്തെക്കുറിച്ച ചര്‍ച്ച ഉന്നയിക്കപ്പെടേണ്ടത് അവളുടെ തുല്യനീതിക്ക് ആവശ്യമാണ്.

ഫാഷിസത്തിന്റെ തേര്‍വാഴ്ചയുടെ കാലത്ത് രൂപീകൃതമായതാണല്ലൊ ഈ പ്രസ്ഥാനം. ഫാഷിസത്തിന്റെ പെണ്‍ ഇരകളുമായി ചേര്‍ന്നുനിന്നുകൊണ്ടുള്ള സമരാവിഷ്‌കാരങ്ങളുടെ സാധ്യത?
ഫാഷിസത്തിനെതിരിലുള്ള മുന്നണിപ്പോരാളികളെ പരിശോധിച്ചാല്‍ വളരെ ശ്രദ്ദേയമായ തോതിലുള്ള സ്ത്രീ പങ്കാളിത്തം കാണാം. അരുന്ധതി റോയ് മുതല്‍ ശ്വേത ഭട്ട്, ബില്‍ക്കീസ് ബാനു, രാധിക വെമുല, ഫാത്തിമ നഫീസ് തുടങ്ങിയ വളരെ പ്രതീക്ഷ നല്‍കുന്ന നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. ഫാഷിസത്തിനെതിരിലുള്ള പോരാട്ടത്തില്‍ സ്ത്രീകള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട് എന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണിവ. രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന ഫാഷിസ്റ്റ് അജണ്ടക്കെതിരെ വിമന്‍സ് ജസ്റ്റിസ് മൂവ്‌മെന്റ് ഇരകളുമായി ചേര്‍ന്ന് പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക തന്നെ ചെയ്യും.

ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തെ എങ്ങിനെയാണ് അഭിമുഖീകരിക്കുന്നത്?
ട്രാന്‍സ്‌ജെന്റര്‍ വിഭാഗം നമ്മുടെ സമൂഹത്തില്‍ വളരെയേറെ പീഡനങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കും ഇരയാകുന്നവരാണ്. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റെ് അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയും അവരുടെ നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യും.

സ്ത്രീ സമൂഹത്തിന് നല്‍കാനുള്ള സന്ദേശം എന്താണ്?
ഒരു സ്ത്രീ എഴുന്നേറ്റ് നില്‍ക്കുന്നതിലൂടെ ഒരു തലമുറ തന്നെയാണ് കരുത്ത് നേടുന്നത്. ചരിത്രം പരിശോധിച്ചാല്‍, സ്ത്രീകള്‍ അവകാശങ്ങള്‍ക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയതോടെയാണ് എല്ലാ മുന്നേറ്റങ്ങളും സാധ്യമായത്. അതുകൊണ്ട് സ്ത്രീ സമൂഹം അനുഭവിക്കുന്ന നീതി നിഷേധങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമുള്ള പരിഹാരം സ്വയം കരുത്താര്‍ജിക്കുക എന്നതാണ്. അതിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരികയും നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ വളരെ കരുത്തോടു കൂടി ഇടപെടുകയും ചെയ്യുക എന്നതു മാത്രമാണ് സ്ത്രീ സമൂഹം ഇന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടുള്ളത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയമായ ശാക്തീകരണം ഏറ്റവും അനിവാര്യമായ സന്ദര്‍ഭം കൂടിയാണിത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757