Opinion

ഭരണഘനടക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും ചരമക്കുറിപ്പെഴുതുന്ന ഭീകര ഭരണം – സജീദ് ഖാലിദ്

രണ്ടാം മോദി സര്‍ക്കാര്‍ അന്‍പത് ദിനം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ സമസ്ത മേഖലയിലും സംഘ്പരിവാര്‍ സമഗ്രാധിപത്യം നേടിയ സൂചനകളാണ് കാണാനാവുന്നത്. 90 വര്‍ഷത്തിലേറെയായി ആര്‍.എസ്.എസ് പരിശ്രമിക്കുന്ന സവര്‍ണ വംശീയതയിലൂന്നിയ സാമൂഹ്യ ക്രമത്തിലേക്ക് രാജ്യത്തെ പരിവര്‍ത്തിപ്പിക്കാനുള്ള വഴിയായി തങ്ങള്‍ക്ക് ലഭ്യമായ രാഷ്ട്രീയാധികാരത്തെ ഉപയോഗപ്പെടുത്താന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികളെ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളുടെയും മുന്നില്‍ കീഴടങ്ങുന്നതുപോലെ ജുഡീഷ്യറിയും ബ്യൂറോക്രസിയും വിനീത വിധേയരായിക്കഴിഞ്ഞു. പ്രതിപക്ഷം പരാജയം സമ്മതിച്ചു എന്നതുമാത്രമല്ല ഇനിയൊരിക്കലും വിജയിക്കാനാവില്ല എന്ന മാനസികാവസ്ഥ പ്രകടിപ്പിച്ചു തുടങ്ങി.

പുതിയ പാര്‍ലമെന്റിലെ ആദ്യ സമ്മേളനം തന്നെ സമഗ്രാധിപത്യത്തെ സമ്പൂര്‍ണമാക്കാനുള്ള അമിത വ്യഗ്രത വ്യക്തമാക്കുന്നതാണ്. രാജ്യം നിരവധി സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വിലക്കയറ്റം, കര്‍ഷക പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങി നിരവധിയായ പ്രശ്‌നങ്ങള്‍ മുന്നിലുണ്ടെങ്കിലും ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ സര്‍ക്കാര്‍ ആദ്യം തുടങ്ങുന്നത് തന്നെ തങ്ങളുടെ ആധിപത്യത്തെ അരക്കിട്ടുറപ്പിക്കാവുന്ന സാമൂഹ്യസ്ഥിതി രൂപപ്പെടുത്താനുള്ള നീക്കങ്ങളിലൂടെയാണ്.

ഭരണഘടനയെ ചുംബിച്ചുകൊണ്ടാണ് മോദി അദികാരത്തിലേക്ക് വന്നത്. ഇത് ഭരണഘടക്ക് നല്‍കുന്ന പ്രതീകാത്മക അന്ത്യചുംബനമായിരുന്നു എന്ന് വ്യക്തമാക്കുന്ന നടപടികളാണ് പിന്നീടുണ്ടായത്. ആദ്യംതന്നെ മുത്തലാഖ് ബില്‍ അവതരിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്തത്. ആര്‍.എസ്.എസ് ലക്ഷ്യം വെക്കുന്ന ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ യൂണിഫോം സിവില്‍ കോഡിലേക്കുള്ള യാത്രയുടെ പാതയിലെ ഒരു ദുര്‍ഘടം മാറ്റുക എന്നതും ഒരു സിവില്‍ പ്രശ്‌നത്തെ മുസ്‌ലിം പുരുഷന്മാര്‍ എന്ന ഒരു വിഭാഗത്തിന് മാത്രം ശിക്ഷ ബാധകമാകുന്ന പക്ഷപാതപരമായ ക്രിമിനല്‍ നിയമമാക്കി മാറ്റുക എന്നതുമാണ് മുത്തലാഖ് ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത്.

അതേ സമയത്ത് തന്നെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലേക്ക് എത്തിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് നീക്കങ്ങളാരംഭിച്ചു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കാന്‍ സര്‍വകക്ഷി യോഗം തീരുമാനമെടുക്കുകയും ചെയ്തു. രാജ്യത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച യോഗത്തെയാണ് സര്‍വകക്ഷിയോഗം എന്ന് വിളിക്കുന്നത് എന്നതാണ് വിചിത്രം. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘ സര്‍ക്കാരിന്റെ അജണ്ടയല്ല രാജ്യത്തിന്റെ അജണ്ടയാണെന്നാണ് മോദി പിന്നീട് പറഞ്ഞത്. എല്ലാ സമഗ്രാധിപത്യ ആര്‍.എസ്.എസ് നീക്കങ്ങളേയും രാജ്യത്തിന്റെ താല്‍പര്യം എന്ന നിലക്ക് പ്രചരിപ്പിക്കുന്ന തന്ത്രമാണ് ഭരണഘടന വിഭാവന ചെയ്ത ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കാനുള്ള ഈ ഗുഢ നീക്കത്തിനും സ്വീകരിക്കുന്നത്.

ഫാസിസം ഏറ്റവും ഭയക്കുന്ന സുതാര്യത എന്ന ജനാധിപത്യ ഗുണത്തെ നിലനിര്‍ത്തുന്ന വിവരാവകാശ നിയമത്തെ ഇല്ലാതാക്കാനുള്ള ആദ്യ ചുവടും ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ആരംഭിച്ചു. രാജ്യത്തെ രണ്ടാം സ്വാതന്ത്ര പ്രഖ്യാപനം എന്ന് വിശേഷിപ്പിക്കപ്പെട്ട് 2005ല്‍ വന്ന വിവരാവകാശ നിയമത്തിന് ചരമക്കുറിപ്പെഴുതുന്ന ഭേദഗതിയാണ് ജൂലൈ 22ന് പാര്‍ലമെന്റിലെത്തിയത്. സ്വതന്ത്ര ഭരണഘടനാ സംവിധാനമായി രൂപപ്പെടുത്തിയ വിവരവാകശ കമീഷനെ സര്‍ക്കാരിന്റെ ഭാഗമാക്കുകയും അതുവഴി തങ്ങളുടെ രാഷ്ട്രീയ നിയന്ത്രണത്തിലാക്കുകയും ചെയ്യുക എന്ന നടപടി സാങ്കേതികമായി പൂര്‍ത്തികരിക്കാന്‍ ഇതുവഴി മോദി സര്‍ക്കാരിന് സാധിച്ചു.

മറ്റൊരു സുപ്രധാന നിയമ നിര്‍മാണ നടപടി നടന്നത് യു.എ.പി.എ, എന്‍.ഐ.എ നിയമങ്ങളിലെ ഭേദഗതിയിലാണ്. മതന്യൂനപക്ഷങ്ങളേയും അതില്‍ തന്നെ വിശിഷ്യാ മുസ്‌ലിംകളേയും സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധമുയര്‍ത്തുന്നവരേയും നേരിടാനായി ദുരുപയോഗം ചെയ്യാന്‍ മാത്രം ചുട്ടെടുത്തതാണ് യു.എ.പി.എ നിയമം. 2007 ലെ യു.എ.പി.എ ഭേദഗതിയിലൂടെ വന്നതാണ് എന്‍.ഐ.എ ആക്ട്. ഈ രണ്ട് നിയമങ്ങളും നിലവില്‍ തന്നെ ഭീകര നിയമങ്ങളാണ്. അതിനെ കൂടുതല്‍ രൗദ്രതയോടെ ഉപയോഗിക്കാന്‍ പാകത്തിലുള്ള രണ്ട് ഭേദഗതികളാണ് ആഭ്യന്തര മത്രി അമിത് ഷാ അവതരിപ്പിച്ചത്. നേരത്തേ തന്നെ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്നാരോപിക്കപ്പെടുന്ന എന്‍.ഐ.എക്ക് വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാവുന്ന അവസ്ഥയിലേക്ക് ഈ ഭേദഗതി മാറുന്നു.

ജുഡീഷ്യറി ആര്‍.എസ്.എസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് എന്നതിന് വ്യക്തമായ സൂചനയാണ് മുന്‍ ഐ.പി.എസുകാരനായ സഞ്ജീവ് ഭട്ടിനെതിരെ 30 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കള്ളക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ടത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് സംഘ്പരിവാറിനെതിരെ ശക്തമായ നിലപാടെടുത്തയാളാണ് സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെപ്പറ്റി നാനാവതി കമ്മീഷന് മുന്നില്‍ മൊഴി നല്‍കി എന്നത് സഞ്ജീവ് ഭട്ടിനെ നോട്ടമിടാന്‍ അമിത് ഷാക്കും മോദിക്കും മതിയായ കാരണമാണ്. അമിത് ഷാക്കെതിരെയുള്ള സൊഹ്‌റാബുദ്ദീന്‍ വ്യജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം രാജ്യത്തെ ജുഡീഷ്യറിക്ക് ലഭിച്ച വ്യക്തമായ സംഘ്പരിവാര്‍ മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പിന്റെ ആഴം രാജ്യത്ത് ജുഡീഷ്യറിയുടെ വിധികളില്‍ പ്രതിഫലിക്കുന്നുണ്ട് എന്നത് വ്യക്തമാണ്.

ഏത് ക്രിമിനല്‍ ഗുണ്ടാ മാഫിയാ സംഘത്തിനും തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ സമൂഹത്തില്‍ ഭയം വിതറിക്കൊണ്ടിരിക്കണം. അതുകൊണ്ടു തന്നെ ആസൂത്രിത ആള്‍ക്കൂട്ട തല്ലിക്കൊലകള്‍ ഇടക്കിടെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. തബ്‌രീസ് അന്‍സാരി എന്നയാളെ ഝാര്‍ഖണ്ഡില്‍ കെട്ടിയിട്ട് തല്ലിക്കൊന്നതും ബീഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്നുപേരെ തല്ലിക്കൊന്നതുമൊക്കെ പരമ്പരകളായി തുടരുന്നത് ഇത്തരം ഭീഷണികളുടെ ഭാഗമാണ്. ആചാരം പോലെ ചില പ്രതിഷേധങ്ങളൊക്കെ ഉയരുമെങ്കിലും നിയമ പാലകരോ സര്‍ക്കാരുകളോ ഇതൊന്നും കാര്യമായി പോലും എടുക്കാറില്ല.

ഇതിനിടയിലാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഒന്നാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ വാഗ്ദാനങ്ങളെല്ലാം വിഴുങ്ങിയും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന തരത്തിലും യാതൊരു ഭാവനാ സമ്പന്നമായ പദ്ധതികളുമില്ലാത്തതുമായ, കോര്‍പറേറ്റുകളുടെ താല്‍പര്യത്തിന് വേണ്ടി മാത്രം തയ്യാറാക്കിയ ബജറ്റാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. ടാലി ആകാതെ രണ്ടുലക്ഷം കോടി രൂപയുടെ വ്യത്യാസം വന്നു. കണക്കുപോലും കൃത്യമല്ലാത്ത ബജറ്റ് ചരിത്രത്തിലാദ്യമായിട്ടാണ് അവതരിപ്പിച്ചത്.

തൊഴില്‍ നിയമങ്ങളിലെ തൊഴിലാളി വിരുദ്ധമായ വലിയ മാറ്റങ്ങള്‍, സ്വകാര്യവല്‍കരണ നീക്കങ്ങള്‍, വ്യവസായ വികസനത്തിനായുള്ള ലാന്‍ഡ് ബാങ്കുകളുടെ രൂപീകരണം തുടങ്ങി സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന നിരവധി പരിഷ്‌കരണങ്ങളാണ് ആദ്യദിനങ്ങളില്‍ തന്നെ ദേശീയത എന്ന പൗഡറിട്ട് സര്‍ക്കാര്‍ തയ്യാറാക്കുന്നത്.

ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ വീഴുന്ന വാര്‍ത്ത വരുന്നത്. രാജ്യത്തെ പ്രതിപക്ഷ ദൗര്‍ബല്യത്തിന്റെ ആഴം എത്രമേല്‍ ഭയാനകമാണ് എന്നതിന്റെ സാക്ഷ്യമാണ് കര്‍ണാടകം. തങ്ങളുടെ സ്വന്തം എം.എല്‍.എമാരെപ്പോലും സംരക്ഷിക്കാനാവാതെ ദിശാബോധവും നേതൃത്വവും നഷ്ടപ്പെട്ട് പകച്ചുനില്‍ക്കുന്ന കോണ്‍ഗ്രസിനെയും സോഷ്യലിസ്റ്റുകളെയുമൊക്കെയാണ് കാണാനാകുന്നത്. എങ്ങിനെയാണ് സംഘ്പരിവാറിനെ നേരിടേണ്ടത് എന്നത് സമസ്യയായി ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നില്‍ നില്‍ക്കുന്നു.

മോദിയുടെ രണ്ടാമൂഴം അപ്രതീക്ഷതമല്ലെങ്കിലും ഇത്ര വലിയ വിജയം നേടുമെന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിചാരിച്ചില്ല. അതിന്റെ അമ്പരപ്പില്‍ നിന്ന് ഇതുവരെ അവര്‍ മുക്തരായിട്ടില്ല. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ അപൂര്‍വം രാജ്യ നേതാക്കളിലൊരാളാണ് രാഹുല്‍ ഗാന്ധി. മുന്നില്‍ വഴികളില്ല എന്നതിലെ ഖിന്നതയാകും അദ്ദേഹത്തിന്റെ പിന്തിരിയലിലൂടെ കാണാനാകുന്നത്. എങ്ങിനെയാണ് പ്രതിപക്ഷത്തെ നിര്‍വീര്യമാക്കുക എന്നതിന്റെ കല നന്നായി വശമുള്ള അമിത് ഷായെപ്പോലുള്ള കുടില ബുദ്ധികളെ നേരിടാന്‍ രാജ്യത്തെ പ്രതിപക്ഷ നിരയില്‍ ആരുമില്ല എന്നത് എത്രമേല്‍ അപ്രിയമായിരുന്നാലും സത്യമാണ്.

യു.എ.പി.എ, എന്‍.ഐ.എ ബില്ലിന്‍മേലുള്ള ചര്‍ച്ചയിലും അപ്രതീക്ഷിത വോട്ടെടുപ്പിലും പ്രതിപക്ഷ പാര്‍ട്ടികള്‍ എത്തിപ്പെട്ട നിസ്സഹായതയും അരാഷ്ട്രീയതയും വ്യക്തമാക്കുന്നതാണ്. ദേശീയത എന്ന എലമെന്റ് സമര്‍ഥമായി ദുരുപയോഗിച്ച് ഉവൈസി എന്ന ചെറിയ രാഷ്ട്രീയ വൃത്തത്തെ പ്രതിനിധാനം ചെയ്യുന്ന നേതാവിനെ എതിര്‍സ്ഥാനത്ത് നിര്‍ത്തി നടത്തിയ അമിത് ഷായുടെ കെണിയില്‍ കോണ്‍ഗ്രസും ലീഗും അടക്കം വിണുപോയത് ആ അരാഷ്ട്രീയ നിസ്സഹായതയുടെ പ്രതിഫലനമാണ്. ഇനിയും പാര്‍ലമെന്റില്‍ ഇത്തരം നാടകങ്ങള്‍ കാണേണ്ടിവരും.

ത്രിപുരയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നതിനെതിരെ പരാതി നല്‍കാന്‍ പോയ സി.പി.എം എം.പി ജര്‍ണദാസിനോട് ആഭ്യന്തര മന്ത്രി അമിത് ഷാ ബി.ജെ.പിയിലേക്ക് ചേരാന്‍ ക്ഷണിച്ചത് സംബന്ധിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ബി.ജെ.പിയുടെ സ്ട്രാറ്റജിയും മതേതര കക്ഷികളെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ ദൗര്‍ബല്യവും ഈ സംഭവം സൂക്ഷ്മമമായി പരിശോധിച്ചാല്‍ ബോധ്യമാകും. ‘കമ്യൂണിസ്റ്റ് പാര്‍ട്ടി അവസാനിച്ചു. എന്തിനവിടെ തുടരുന്നു? ബി.ജെ.പി.യില്‍ ചേരൂ…’ . എന്നാണ് അമിത് ഷാ ജര്‍ണദാസിനോട് ആവശ്യപ്പെട്ടത്. ആരെയും വിലക്കു വാങ്ങാന്‍ തങ്ങള്‍ സന്നദ്ധനാണ് എന്നതാണ് അമിത് ഷാ പ്രകടമാക്കിയത്. താനൊരാള്‍ മാത്രമായി അവശേഷിച്ചാലും ബി.ജെ.പി.ക്കും സംഘ്പരിവാറിനുമെതിരേ ആശയപരമായി പൊരുതുമെന്നും അമിത് ഷായോട് പറഞ്ഞുവെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ജര്‍ണദാസ് മാധ്യമങ്ങളോട് പറഞ്ഞത്. അവരുടെ മറുപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആശയ ദൃഢതയില്ലായ്മ വ്യക്തമാകുന്നുണ്ട്. തന്റെ പാര്‍ട്ടിയില്‍ നിന്ന് ആരും അങ്ങോട്ട് വരില്ല എന്ന് പറയാന്‍ ജര്‍ണദാസിന് സാധിച്ചില്ല. താന്‍ പോകില്ല എന്ന കാര്യത്തിലാണ് ഉറപ്പ് എന്നതാണ് ജര്‍ണദാസിന്റെ മറുപടി വ്യക്തമാക്കുന്നത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഈ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്.

കര്‍ണാടകയിലേയും ഗോവയിലേയും കോണ്‍ഗ്രസ് എം.എല്‍.എമാരും ജനതാദള്‍ എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് ഒഴുകുന്നു. വേറെയും സംസ്ഥാനങ്ങളില്‍ നിന്നും പല പാര്‍ട്ടികളില്‍ നിന്നും പോകുന്നുണ്ട്. ബംഗാളിലും ത്രിപുരയിലും സി.പി.എമ്മുകാര്‍ പോകുന്നു. തൃണമൂല്‍ നേതാക്കളും ജനപ്രതിനിധികളും പോകുന്നു. ആനുപാതികമായി നോക്കിയാല്‍ ആരും മുന്നിലോ പിന്നിലോ അല്ല. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

സംഘ്പരിവാര്‍ എന്താണ് എന്നതിനെ ആശയപരമായി നേരിടുന്നതിന് ഇന്ത്യയിലെ മുഖ്യധാര മതനിരപേക്ഷ കക്ഷികള്‍ തയ്യാറായില്ല. പകരം ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി സംഘ്പരിവാറിനെ നേരിടാം എന്നാണ് അവരൊക്കെ ലളിതമായി കരുതിയത്. കുറച്ചുകാലം ഇതിലൊക്കെ വിജയിക്കാനായി. ബി,ജെ.പി പരാജയപ്പെടുമ്പോഴും സംഘ്പരിവാര്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളും ബ്യൂറോക്രസിയും അവരുടെ നിയന്ത്രണത്തിലേക്ക് സമ്പൂര്‍ണമായി എത്തിക്കാന്‍ അവര്‍ക്ക് പരാജയപ്പെട്ട കാലത്തും കഴിഞ്ഞു.

വര്‍ഗീയ പാര്‍ട്ടി എന്ന നിസാരമായ സംജ്ഞയിലാണ് രാജ്യത്തെ ഇടതുപക്ഷവും കോണ്‍ഗ്രസും ബി.ജെ.പിയെ നേരിട്ടത്. വര്‍ഗീയ കക്ഷി എന്ന ബി.ജെ.പി ലേബലിനെ നേരിടുമ്പോള്‍ ഭൂരിപക്ഷ മതവിഭാഗങ്ങളുടെ വര്‍ഗീയ പ്രതിനിധാനം ബി.ജെ.പിക്ക് എന്ന സാധ്യതയാണ് ബി.ജെ.പിക്ക് ലഭിച്ചത്. അവരാഗ്രഹിച്ചതും അത് തന്നെയാണ്. മതേതര പാര്‍ട്ടികളാകട്ടെ ഭൂരിപക്ഷ സമൂഹത്തിന് ദോഷം വരാതിരിക്കാന്‍ ന്യൂനപക്ഷ വര്‍ഗീയത എന്ന നിഴലിനെയും സൃഷ്ടിച്ചെടുത്തു. യഥാര്‍ഥത്തില്‍ ന്യൂനപക്ഷ വര്‍ഗീയത എന്നത് ഇന്ത്യയില്‍ സാങ്കല്‍പികമാണ്. ആസൂത്രിതമായി അത്തരമൊന്നില്ല. ചില സ്ഖലിതങ്ങളുള്ളത് പോലും ആര്‍.എസ്.എസ് നടത്തുന്ന വര്‍ഗീയ വിദ്വേഷങ്ങളുടെ എതിര്‍ പ്രതികരണം മാത്രമാണ്. അടിസ്ഥാനപരമായി അതിനെ ഇല്ലാതാക്കുക നിസ്സാരമാണ്.

പക്ഷേ, രാജ്യത്ത് പ്രചരണം ലഭിച്ചതും ചിത്രീകരിക്കപ്പെട്ടതും ഇല്ലാത്ത ന്യൂനപക്ഷ വര്‍ഗീയതയാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും പ്രാദേശിക പാര്‍ട്ടികളും ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ പോലും നിരവധി കള്ളക്കേസുകളില്‍ ഭീകരമുദ്ര ചാര്‍ത്തി മുസ്‌ലിം ചെറുപ്പക്കാര്‍ ജയിലിലടക്കപ്പെട്ടതും അവരെക്കുറിച്ച് നിറം പിടിപ്പിച്ച ഭീകര കഥകള്‍ പോലീസും മാധ്യമങ്ങളും പ്രചരിപ്പിച്ചതും വലിയ പ്രതിഫലനമാണ് സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടത്. ഇത് ന്യൂനപക്ഷ വര്‍ഗീയതയെന്ന ഭീഷണിക്കെതിരെ നില്‍ക്കുന്ന സംഘ്പരിവാറിലേക്ക് ഭൂരിപക്ഷ സമുദായങ്ങളെ ആകര്‍ഷിക്കാന്‍ കാരണമാക്കി. അതേ സന്ദര്‍ഭത്തില്‍ ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായി രാജ്യത്ത് വംശീയ സവര്‍ണാധിത്യം സമഗ്രാധിപത്യത്തിലൂടെ സ്ഥാപിക്കാനുള്ള ആര്‍.എസ്.എസ് ആശയത്തിന്റെ അപകടത്തെ സ്വന്തം അണികളെ പോലും വ്യക്തമായി മനസ്സിലാക്കിക്കൊടുക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കായിട്ടില്ല. അതുകൊണ്ടാണ് ഇരകളാക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളെപ്പോലും എല്ലാ സര്‍വാധികാരങ്ങളോടും അക്രമോത്സുകതയോടും കൂടി നില്‍ക്കുന്ന സംഘ്പരിവാറിനോട് തുലനം ചെയ്ത് ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്ന് പ്രചരിപ്പിക്കപ്പെടുന്നത്.

രാജ്യത്ത് സമഗ്രാധിപത്യ സര്‍ക്കാരാണ് ഇപ്പോഴുള്ളത് എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിന് പകരം അതിനോട് സന്ധിയാകുന്ന മാനസികാവസ്ഥയിലാണ് ഇന്ന് രാജ്യത്ത് പ്രതിപക്ഷമടക്കമുള്ളത്. പരസ്പരം ഭിന്നിപ്പിക്കാനുള്ള പഴുതുകളാണ് സംഘ്പരിവാര്‍ ഇതര പക്ഷത്ത് കാണുന്നത്. ഇത് വിവേകത്തോടെ തിരിച്ചറിയുകയും പ്രയോഗികമായ രാഷ്ട്രീയ പ്രതിരോധവും ആശയപരമായ പ്രതിരോധവും അനിവാര്യമാണ് എന്നത് എല്ലാവരും ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. സമഗ്രാധിപത്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയല്ല; ഒന്നിച്ചുനിന്ന് പ്രതിരോധത്തിന്റെ കോട്ട കെട്ടുകയാണ് വേണ്ടത്. കാരണം, ഭരണഘടനക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും ചരമക്കുറിപ്പെഴുന്ന ഭീകര ഭരണമാണ് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റേത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757