Opinion

ദേശീയ വിദ്യാഭ്യാസ നയത്തിലെ ലിബറല്‍ സമീപനത്തിന്റെ ലക്ഷ്യമെന്ത്? – ഫസല്‍ കാതിക്കോട്

 

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ലിബറല്‍ സമീപനത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ലേഖനം
(ഭാഗം ഒന്ന്)

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം (New educational policy 2019 – NEP – 2019) ഇതിനു മുന്‍പ്‌വന്നഎല്ലാ വിദ്യാഭ്യാസ നയരേഖകളിലെയും ആശയങ്ങള്‍ ഒട്ടുമിക്കതും ഉള്‍ക്കൊള്ളുന്നുണ്ട്. ആഗോളതലത്തില്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വിദ്യാഭ്യാസ ഏജന്‍സിയായ യുനെസ്‌കോ ലോകത്തിലെ എല്ലാ രാജ്യങ്ങളും നിര്‍ബന്ധമായും നേടിയെടുക്കേണ്ടതായി പ്രഖ്യാപിച്ച ആഗോള സുസ്ഥിര വികസനലക്ഷ്യങ്ങള്‍ (Sustainable development goals SDGs) തന്നെയാണ് NEP – 2019 ന്റെ ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്.2030 ഓടെ നേടിയെടുക്കേണ്ട SDGകളിലെ നാലാം ലക്ഷ്യമായ’എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതും എല്ലാവര്‍ക്കും തുല്യമായി ലഭ്യമാക്കാന്‍ സാധിക്കുന്നതുമായ മികച്ച വിദ്യഭ്യാസം ഉറപ്പു വരുത്തുക, ജീവിതകാലം മുഴുവന്‍ തുടരുന്ന വിദ്യാഭ്യാസത്തിന് സാഹചര്യം സൃഷ്ടിക്കുക’എന്നിവ NEP – 2019 എടുത്തുപറയുന്നുണ്ട്. കൂടാതെ 1996 ല്‍ ജാക്വസ് ദെലോര്‍സിന്റെ നേതൃത്വത്തില്‍ യുനെസ്‌കോ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രൂപപ്പെടുത്തിയ വിദ്യാഭ്യാസത്തിന്റെ നാല്ലക്ഷ്യങ്ങള്‍ NEP 2019 പരാമര്‍ശിക്കുന്നു. അറിയാന്‍ പഠിക്കുക, ചെയ്യാന്‍ പഠിക്കുക, ഒന്നിച്ച് ജീവിക്കാന്‍ പഠിക്കുക, താന്‍ ആയിരിക്കാന്‍ പഠിക്കുക എന്നിവയാണവ. ഇതില്‍ മൂന്നാമത്തെയും നാലാമത്തെയും കാര്യങ്ങള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. വ്യത്യസ്ത വിഭാഗങ്ങള്‍ ഒരു ബഹുസ്വര സമൂഹത്തില്‍ സഹിഷ്ണുതയോടെ ജീവിക്കാന്‍ ശീലിക്കുക എന്നതാണ് മൂന്നാമത്തേത് അര്‍ഥമാക്കുന്നത്. നാലാമത്തേതാവട്ടെ ഒരു വ്യക്തി സ്വന്തം നിലക്ക്വ്യക്തിത്വ സവിശേഷതകള്‍ വളര്‍ത്തിയെടുക്കുകയും അതെല്ലാം നിലനിര്‍ത്തിക്കൊണ്ട് ജീവിക്കുകയും ചെയ്യുക എന്നതാണ്.

ഇന്ത്യയില്‍ മുന്‍പുണ്ടായിട്ടുള്ള വിദ്യാഭ്യാസ റിപ്പോര്‍ട്ടുകളെ സ്വാംശീകരിക്കുന്നതായി NEP – 2019 അവകാശപ്പെടുന്നുണ്ട്. 1986ലെ NPE( National policy on education ),അതുപോലെ തന്നെ 2009ലെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന RTE act,ഇവയുടെയെല്ലാം അന്തസത്ത ഉള്‍ക്കൊള്ളുന്നു എന്നതാണ് അവകാശവാദം. അവയുടെ പൂര്‍ത്തീകരിക്കാനാവാതെ പോയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് NEP – 2019 ശ്രമിക്കുന്നത്.

ഇപ്പറഞ്ഞ ലക്ഷ്യങ്ങളെയെല്ലാം സ്വാംശീകരിച്ചുകൊണ്ടാണ് NEPയുടെ വിഷന്‍ പ്രഖ്യാപിക്കുന്നത്. ‘ദേശീയ വിദ്യാഭ്യാസ നയം 2019 വിഭാവന ചെയ്യുന്നത്ഇന്ത്യയെ കേന്ദ്രമാക്കിയുള്ള വിദ്യാഭ്യാസ സംവിധാനമാണ്. എല്ലാവര്‍ക്കും ഉന്നത ഗുണമേന്മയുള്ള വിദ്യഭ്യാസം നല്‍കിക്കൊണ്ട്അത് ഇന്ത്യയെതുല്യതയുള്ളതും ചലനാത്മകവുമായ വിജ്ഞാന സമൂഹമായിനേര്‍ക്കുനേരെ പരിവര്‍ത്തിപ്പിക്കാനുതകുന്നതായിരിക്കും’. ഇതാണ് പ്രഖ്യാപിതമായ പ്രസ്തുത ലക്ഷ്യം.

ഇതെല്ലാം മുന്നില്‍ വെച്ച് ചിന്തിക്കുമ്പോള്‍ മുന്‍പുണ്ടായിട്ടുള്ള റിപ്പോര്‍ട്ടുകളെക്കാള്‍ വളരെ മികച്ച ഒന്നായി ഒറ്റ നോട്ടത്തില്‍ NEP – 2019 അനുഭവപ്പെട്ടേക്കാം. വിദ്യാഭ്യാസം പോലുള്ള മനുഷ്യന്റെ ധൈഷണിക സാംസ്‌കാരിക മേഖലകളെ സംബന്ധിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് മുന്‍പുണ്ടായിട്ടുള്ള റിപ്പോര്‍ട്ടുകളെയും പഠനങ്ങളെയും സ്വാംശീകരിക്കാതെ മുന്നോട്ടുപോകാനാവില്ല. സാമൂഹ്യ ശാസ്ത്രം, മനഃശാസ്ത്രം, ആരോഗ്യ ശാസ്ത്രം, തുടങ്ങി വിവിധ മേഖലകളില്‍ ഉണ്ടായിട്ടുള്ള പുതിയ ഗവേഷണങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും ഫലമായാണ് വിദ്യാഭ്യാസ സമീപനങ്ങള്‍ രൂപപ്പെടുന്നത്. അവയെ എല്ലാം ഒറ്റയടിക്ക് തള്ളിക്കളയാന്‍ ഒരിക്കലും സാധ്യമല്ല. അതിനാല്‍ തന്നെ ഇത്തരം റിപ്പോര്‍ട്ടുകളുടെ വിശകലനത്തില്‍ ചില സൂക്ഷ്മതകള്‍ അനിവാര്യമാവുന്നുണ്ട്. പൊതുവായതും ഒഴിവാക്കാനാവാത്തതുമായ ഇത്തരം കാര്യങ്ങളല്ല ഒരു റിപ്പോര്‍ട്ടിന്റെ സ്വഭാവം നിര്‍ണയിക്കുക.
.
വേദകാല വിദ്യാഭ്യാസം പുനരാനയിക്കപ്പെടുമോ?

റിപ്പോര്‍ട്ടിന്റെ വ്യത്യസ്ത ഇടങ്ങളിലായി നിരന്തരം ആവര്‍ത്തിച്ചു വരുന്ന ചില ആശയങ്ങളും പദാവലികളുമുണ്ട്. ഇന്ത്യന്‍ പാരമ്പര്യവും മൂല്യങ്ങളും പുനഃസ്ഥാപിക്കുക. വ്യക്തിയെ സമ്പൂര്‍ണമായ സ്‌പെഷലൈസേഷനു വിധേയമാക്കാതെ കലാസാംസ്‌കാരിക സാമൂഹ്യ വിഷയങ്ങള്‍ കൂടി ഒപ്പം പഠിപ്പിക്കുന്ന ഹോളിസ്റ്റിക് സമീപനം സ്വീകരിക്കുക. സാംസ്‌കാരിക ബോധങ്ങള്‍ സ്വാംശീകരിച്ച വ്യക്തിയായി മാറ്റിയെടുക്കുക.വിദ്യാഭ്യാസത്തിന്റെ ഇന്ത്യാവല്‍ക്കരണം, സാംസ്‌കാരിക സാക്ഷരത, ലിബറല്‍ വിദ്യാഭ്യാസ സമീപനം തുടങ്ങിയ പദപ്രയോഗങ്ങള്‍റിപ്പോര്‍ട്ടിലുടനീളം പലയിടങ്ങളിലായി ആവര്‍ത്തിക്കുന്നത് കാണാം.

ഇരുപത്തൊന്നാം നൂറ്റാണ്ട് വാഗ്ദാനം ചെയ്ത എല്ലാ സൗകര്യങ്ങളും നേടിയെടുക്കുന്നതോടൊപ്പം ഇന്ത്യന്‍ പാരമ്പര്യങ്ങളും മൂല്യങ്ങളും സ്വാംശീകരിച്ച തലമുറയെ സൃഷ്ടിക്കുകയാണ്വിദ്യാഭ്യാസ നവീകരണത്തിന്റെ ഉദ്ദേശമെന്ന് ആമുഖത്തില്‍ തന്നെ പറയുന്നുണ്ട്. ഇന്ത്യന്‍ പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചുകൊണ്ട് എന്നതലക്കെട്ടില്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കുന്നുണ്ട്. വ്യക്തി എന്ന നിലയില്‍ സമ്പൂര്‍ണമായ ആവിഷ്‌കാരവും വിമോചനവും സാധിക്കുകയാണ് വിദ്യഭ്യാസം. കേവലം അറിവുകള്‍ കുത്തിനിറക്കുക എന്നത്പ്രയോജനരഹിതമാണ്. അറിവിനല്ലആശയങ്ങള്‍ക്കാണ് പ്രാധാന്യം. ഇതിനായി സ്വാമി വിവേകാനന്ദനെ ഉദ്ധരിക്കുന്നു. നിങ്ങളുടെ സ്വഭാവം മുഴുവന്‍ പരിവര്‍ത്തിപ്പിക്കുന്ന അഞ്ച് ആശയങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ലൈബ്രറി നിറച്ചും പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ മെച്ചം അതാണ്. വെറും അറിവുകള്‍ നേടുകയാണ് വിദ്യാഭ്യാസമെങ്കില്‍ലൈബ്രറികള്‍മഹര്‍ഷിമാര്‍ക്ക് തുല്യമായിരിക്കും.എന്‍സൈക്ലോപീഡിയകള്‍ സന്യാസിമാര്‍ക്കും.

വിദ്യാഭ്യാസ രംഗത്തെ സവിശേഷവല്‍ക്കരണത്തിന്റെ അതിരുകള്‍ ഭേദിക്കുന്ന സമ്പ്രദായമാണ് ഇന്ത്യയില്‍ നിലനിന്നിരുന്നത്. ചരകന്‍, സുശ്രുതന്‍, ആര്യഭട്ടന്‍, ഭാസ്‌കരന്‍, ചാണക്യന്‍, പതഞ്ജലി, പാണിനി തുടങ്ങിയവരുടെ കണക്ക്, വാന ശാസ്ത്രം, ലോഹ വിദ്യകള്‍ വൈദ്യശാസ്ത്രം, ശസ്ത്രക്രിയ, എന്‍ജിനിയറിംഗ്, വാസ്തു ശാസ്ത്രം, യോഗ, ലളിതകലകള്‍ തുടങ്ങിയവയിലെല്ലാമുള്ള സംഭാവനകള്‍ ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. ഇവര്‍ക്കെല്ലാം തന്നെ അതത് മേഖലകളില്‍ മികവ് തെളിയിക്കാന്‍ സാധിച്ചതിന്റെ കാരണം സ്‌പെഷലൈസേഷന്റെ അതിരുകള്‍ പരിഗണിക്കാതെ കലയുടെയും സംസ്‌കാരത്തിന്റെയും മേഖലകളില്‍ കുടി വ്യാപരിക്കാന്‍ സാധിച്ചതാണ്.

ലിബറല്‍ ആര്‍ട്‌സ് വിദ്യാഭ്യാസം എന്ന പേരില്‍ റിപ്പോര്‍ട്ട് വിഭാവനം ചെയ്യുന്നത് ഇതാണ്. ഇതിനായി ഘടനാ മാറ്റം മുതല്‍ നിലവിലുള്ള മൂന്നു വര്‍ഷ ഡിഗ്രി കോഴ്‌സിനു സമാന്തരമായി ബാച്ചിലര്‍ ഓഫ് ലിബറല്‍ ആര്‍ട്‌സ് എന്ന പേരില്‍ പുതിയ നാലുവര്‍ഷ ഡിഗ്രി കോഴ്‌സുപോലും രൂപപ്പെടുത്തിയിട്ടുണ്ട്.സെക്കന്ററി തലത്തില്‍ ഓരോ വിഷയങ്ങള്‍ക്കുമിടയിലെ പരസ്പരബന്ധങ്ങള്‍ (Interconnectedness) കണ്ടെത്തി അതിന് ഊന്നല്‍ നല്‍കുന്ന സമീപനം നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത്തരം രീതി ഡിഗ്രി തലത്തില്‍വരാനിരിക്കുന്ന വിശാലാടിസ്ഥാനത്തിലുള്ള ഉദാരവിദ്യാഭ്യാസത്തിന് സഹായകമായിത്തീരുന്നതായിരിക്കുമെന്ന്പ്രതീക്ഷിക്കുന്നു .

ഉന്നത വിദ്യാഭ്യാസത്തിലെവിശാല കലാ സമീപനം (liberal arts approch in higher education) എന്ന തലക്കെട്ടില്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. നളന്ദ, തക്ഷശില കാലഘട്ടം മുതല്‍ വിദ്യാഭ്യാസത്തില്‍ ഇന്ത്യ തുടര്‍ന്നുപോന്നിരുന്നത് ഇത്തരം സമഗ്ര സമീപനമാണ്. ഈ രീതിയാണ് വിദ്യാര്‍ഥികളുടെ ഭാവിയിലെ ജോലിക്കും ജീവിതത്തിനും അനുഗുണമായത്.ഒപ്പം സാമൂഹ്യവല്‍ക്കരണവും സാധ്യമാക്കിയത്.ലോകത്തിലെ അനേകം മികവിന്റെ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ രീതി സ്വീകരിച്ചിട്ടുണ്ട്. ആര്‍ട്ട്‌സും ഹ്യുമാനിറ്റീസും കണക്കും സയന്‍സുമെല്ലാം അനുയോജ്യമായി വിളക്കിച്ചേര്‍ക്കണം. തുടങ്ങിയ പരാമര്‍ശങ്ങള്‍ ഈ തലക്കെട്ടിനു കീഴിലുണ്ട്.

തുടര്‍ന്നുവരുന്ന ഓരോ അധ്യായത്തിലുംലിബറല്‍ സാംസ്‌കാരിക വിദ്യാഭ്യാസം അനിവാര്യ ഘടകമായി പരാമര്‍ശിക്കുന്നുണ്ട്. മൂന്ന് മുതല്‍ ആറുവരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ കരിക്കുലവും ബോധന ചട്ടക്കൂടും ഉണ്ടാക്കാന്‍ NCERTയെ ചുമതലപ്പെടുത്തുന്നതോടൊപ്പം ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്നതാവണം അതെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നുണ്ട്.

നഴ്സറി വിദ്യാഭ്യാസത്തിന്റെ കരിക്കുലം ദേശീയ തലത്തില്‍ തയ്യാറാക്കണമെന്നു പറയുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസം സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരമുള്ള വിഷയമായിരിക്കെ നഴ്‌സറി തലത്തില്‍ പോലും കേന്ദ്രത്തിന്റെ പരിപാടികള്‍ നടപ്പിലാക്കാനുള്ള ഏജന്‍സി മാത്രമായി സംസ്ഥാനങ്ങള്‍ ചുരുക്കപ്പെടുകയാണ്. ഇന്ത്യയുടെ വൈവിധ്യത്തെയും ജാതി മത ദേശഭാഷാ ബഹുസ്വരതകളെയും പ്രതിഫലിപ്പിക്കുന്നതും പ്രാദേശിക സാമൂഹ്യ സാംസ്‌കാരിക തനിമകളെ പ്രതിഫലിപ്പിക്കുന്നതുമാവണം അനിവാര്യമായും പ്രീ പ്രൈമറി വിദ്യാഭ്യാസം.പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ വനിതാശിശു മിനിസ്ട്രിയില്‍ (MWCD)നിന്ന് മാറ്റി MHRD യുടെ കീഴിലാക്കുകയും അതിനെ ഗൗരവത്തില്‍ പരിഗണിക്കുകയുംചെയ്യണമെന്നു പറയുന്ന റിപ്പോര്‍ട്ട് പുതിയ സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ കണക്കിലെടുത്താല്‍പുരാണ അമര്‍ ചിത്രകഥാവിദ്യാഭ്യാസമായി മാറുമോയെന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ വിശദീകരിച്ചതിനുശേഷം എല്ലാ വിദ്യാഭ്യാസ ഘട്ടങ്ങളും ഇന്ത്യനും പ്രാദേശികവുമായ പാരമ്പര്യങ്ങളുമായി ശക്തമായി ബന്ധപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. Holitic development of learners എന്ന തലക്കെട്ടില്‍ ഇത് കുറച്ചു കൂടി വിശദമാക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ശേഷികള്‍ കരസ്ഥമാക്കുന്നതോടൊപ്പം ഹോളിസ്റ്റിക്കും സമ്പൂര്‍ണനുമായ വ്യക്തികളെ സൃഷ്ടിക്കുക എന്നതാവണം സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെലക്ഷ്യം.

ഹോളിസ്റ്റിക് എന്ന പദം റിപ്പോര്‍ട്ടിലുടനീളം പലയിടങ്ങളിലായി ആവര്‍ത്തിക്കുന്നുണ്ട്. ശാരീരികവും ബൗദ്ധികവുമായകഴിവുകളോടൊപ്പംആത്മീയതയും സാംസ്‌കാരികതയും സ്വാംശീകരിച്ച അവസ്ഥയെ കുറിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.ശാസ്ത്രജ്ഞനായിരിക്കുമ്പോള്‍ തന്നെ അന്ധവിശ്വാസി കൂടിയായിരിക്കുന്ന അവസ്ഥയിലേക്ക് അടിമത്വമനഃസ്ഥിതിക്കാര്‍ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നത് ഇപ്പോള്‍ തന്നെ ദൃശ്യമാണ്. സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ പ്രഹസനമാവുന്ന കാലത്തിലേക്ക് പുതിയ തലമുറയെ നയിക്കാന്‍ ഈ സമീപനങ്ങള്‍ വഴി തെളിക്കുമെന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു.

സകൂളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും പാഠ്യപദ്ധതിയില്‍ പെട്ടതാണ് എന്ന സങ്കല്‍പംപുതിയതല്ല. NCF – 2005 ഇത് മുന്നോട്ടുവെച്ചിരുന്നു. പഠനേതര വിഷയങ്ങള്‍ എന്ന ഒന്നില്ല. സ്‌പോര്‍ട്‌സ്, യോഗ, ഡാന്‍സ്, മ്യൂസിക്, പെയിന്റിംഗ്, മരപ്പണി, മണ്‍പാത്ര നിര്‍മാണം, കൃഷി,തുടങ്ങിയയെല്ലാം ഭാഷ, സയന്‍സ്, സാമൂഹ്യ ശാസ്ത്രം, കണക്ക് എന്നിങ്ങനെയുള്ളവിഷയങ്ങളെ പോലെ പഠനവിഷയങ്ങള്‍ തന്നെയാണ്. അവയ്ക്കിടയില്‍ സ്‌കൂള്‍ തലത്തിലും ഉന്നതതലത്തില്‍ പോലും വേര്‍തിരിവോ വിവേചനമോ ഇല്ല. വൊക്കേഷനല്‍വിഷയങ്ങളെയും കലാവിഷ്‌കാരങ്ങളെയും പഠനവിഷയങ്ങളോടൊപ്പം തുല്യ പ്രാധാന്യം നല്‍കി പരിശീലിപ്പിക്കുന്നതാണ്. വൊക്കേഷണല്‍ വിഷയങ്ങള്‍ പരിശീലിപ്പിക്കുന്നതിനായി ഓരോ സ്‌കൂളിലും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.ഓരോന്നിലും പ്രാഗത്ഭ്യം നേടുന്നവര്‍ തന്റെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലും ഭാവിയും തെരഞ്ഞെടുക്കാനുള്ള പ്രാപ്തി നേടും.

ഈയൊരു സമീപനത്തിന് വിദ്യാഭ്യാസപരമായി ചില ഗുണങ്ങള്‍ഉള്ളതോടൊപ്പം ഇന്ത്യന്‍ സാമൂഹ്യാവസ്ഥയില്‍ അനേകം ദോഷങ്ങളുമുണ്ട്.കൃഷി ഒരു പഠന വിഷയമാക്കുമ്പോള്‍ അതില്‍ താലര്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിന് സഹായകമാവുന്നുണ്ട്.

എന്നാല്‍, ഇതിനൊരു വിപരീത ഫലവുമുണ്ട്.ഇന്ത്യയില്‍ ഇപ്പോഴും പല തരം തൊഴിലുകള്‍വ്യത്യസ്ത ജാതി വിഭാഗങ്ങളുടെ ബാധ്യതയും കുത്തകയുമാണ്. തന്റെ വീട്ടില്‍ മാതാപിതാക്കള്‍ ചെയ്യുന്ന തൊഴില്‍ കണ്ടുവളര്‍ന്ന കുട്ടി എത്ര ബുദ്ധിമാനാണെങ്കിലും കുലത്തൊഴില്‍ ചെയ്യാന്‍ താല്‍പര്യം കാണിക്കും. അവന് അക്കാര്യത്തില്‍ സ്‌കൂളില്‍ നിന്ന് പ്രോത്സാഹനം കൂടി ലഭിക്കുമ്പോള്‍ അടുത്ത തലമുറയിലേക്ക്കൂടി ഈ ജാതിത്തൊഴില്‍ സംസ്‌കാരം വ്യാപിപ്പിക്കാന്‍ എളുപ്പമാണ്.ജാതിവ്യവസ്ഥയെ പവിത്രമായി കാണുന്ന ഒരു അന്തരീക്ഷം ഇന്ത്യയില്‍ തിരിച്ചു വരികയാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയേ മതിയാവൂ. അതല്ലെങ്കില്‍ കൃഷിക്കാരന്റെ തലമുറകള്‍ എക്കാലത്തുംകൃഷിക്കാരായും ഉന്നത ഉദ്യോഗസ്ഥരുടേത് അതേ തൊഴില്‍ ചെയ്യുന്നവരായും തുടരും.സമത്വപൂര്‍ണവും വിവേചനരഹിതവുമായ സാമൂഹ്യ വ്യവസ്ഥക്ക് വിരുദ്ധമായ സമീപനമാണിത്. ദലിത് പിന്നാക്ക വിഭാഗങ്ങള്‍ ഭാഷയും കണക്കും ശാസ്ത്ര സാങ്കേതിക വിഷയങ്ങളും കൂടുതല്‍ പഠിച്ച് ഈ മേഖലയില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളെ ഭേദിക്കുകയാണ് വേണ്ടത്. ഹോളിസ്റ്റിക് സമീപനമെന്ന പേരില്‍ നടപ്പാക്കപ്പെടുന്ന കാര്യങ്ങള്‍ ജാതി വ്യവസ്ഥയുടെ ആധുനികാനന്തര പ്രയോഗവല്‍ക്കരണമാവുമോ എന്ന് ആശങ്കിക്കേണ്ടതുണ്ട്. .

ഉന്നത വിദ്യാഭ്യാസ മേഖലയിലും ലിബറല്‍ വിദ്യാഭ്യാസം ഓരോ ഘട്ടത്തിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. അണ്ടര്‍ ഗ്രാജുവേറ്റ് മേഖലയുടെ അടിസ്ഥാനം തന്നെ ലിബറല്‍ വിദ്യാഭ്യാസമാവണം എന്ന പ്രസ്താവനയോടെയാണ് ഇതാരംഭിക്കുന്നത്. ഡിഗ്രി തലത്തില്‍ ആര്‍ട്ട്‌സ്, സയന്‍സ്, വൊക്കേഷണല്‍ എന്നീ പേരുകളില്‍ കോഴ്‌സുകളെയും വിദ്യാര്‍ഥികളെയും വേര്‍തിരിക്കുന്നത് അവസാനിപ്പിക്കും.ഇതിന്റെ അടിസ്ഥാനത്തില്‍ സ്ട്രീമുകളാക്കി തിരിക്കുന്നതും ഇല്ലാതാവും. ഏത് വിദ്യാര്‍ഥിക്കും ഏത് വിഷയത്തിലുള്ള കോഴ്‌സുംതെരഞ്ഞെടുക്കാന്‍ സാധിക്കും. Towards a more liberal education എന്ന അധ്യായത്തില്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കുന്നുണ്ട്. ശാസ്ത്രവും ഗണിതവുമടക്കം മനുഷ്യന്റെ എല്ലാ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളുമാണ് ലിബറല്‍ ആര്‍ട്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്, പുരാതന ഇന്ത്യയിലെ സങ്കല്‍പം ഇതായിരുന്നു. 2000 വര്‍ഷം മുന്‍പ് എഴുതപ്പെട്ടബാണ ഭട്ടന്റെ കാദംബരിയില്‍ 64 കലകളെക്കുറിച്ച് പറയുന്നുണ്ട്. എഞ്ചിനിയറിംഗുംമ്യൂസിക്കും ആശാരിപ്പണിയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കാലക്രമത്തില്‍ കലകളുടെ എണ്ണം വര്‍ധിച്ചു. പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട യശോധരയുടെ ജയമംഗളത്തില്‍ പരാമര്‍ശിക്കപ്പെടുനത് 512 കലകള്‍ ആണ്. ഇന്ത്യന്‍ സര്‍വകലാശാലകളായിരുന്ന നളന്ദയും തക്ഷശിലയുംലിബറല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു. ലോകത്തെല്ലായിടത്തു നിന്നും വിദ്യാര്‍ഥികള്‍ ഈ സര്‍വകലാശാലകളില്‍ പഠിക്കാനെത്തിയിരുന്നു. ചാണക്യനും പാണിനിയും ചന്ദ്രഗുപ്ത മൗര്യനും ആര്യഭട്ടനുമെല്ലാം അവിടത്തെ വിദ്യാര്‍ഥികളായിരുന്നു. ഈ പാരമ്പര്യത്തെ അതിന്റെ മണ്ണില്‍ തിരിച്ചു കൊണ്ടുവരാനുള്ള സമയമാണിത്.
ഈ മാതൃകക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് അമേരിക്കയിലെ ഐവി ലീഗ് എന്നറിയപ്പെടുന്ന ഏതാനും വിദ്യാലയങ്ങളെയാണ്.

അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന എട്ട് കോളേജുകളാണ് ഐവി ലീഗില്‍ ഉള്‍പ്പെടുന്നത്.ഉന്നതമായ അക്കാദമിക നിലവാരവും അഭിമാനാര്‍ഹമായ പാരമ്പര്യവും നിലനിര്‍ത്തുന്നവയാണ് ഈ വിദ്യാലയങ്ങള്‍. ഇതില്‍ ഏഴെണ്ണവും അമേരിക്കയിലെസ്വാതന്ത്ര്യ സമരത്തിനുമുന്‍പ് കോളനി വാഴ്ചക്കാലത്ത് അധിനിവേശക്കാരായ യൂറോപ്യന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ടതാണ്. ഇവയെല്ലാം സ്വകാര്യ കോളേജുകളാണ്. ഉന്നതരില്‍ നിന്നോ ഉന്നത മധ്യവര്‍ഗത്തില്‍ നിന്നോ ഉള്ളവര്‍ക്ക് മാത്രമാണ് സാധാരണ അവിടെ പ്രവേശനം ലഭിക്കുന്നത്. ലോകത്തിലെ ഏത് വിദ്യാര്‍ഥിക്കും പ്രവേശനമുണ്ടെന്നതാണ് ഈ വിദ്യാലയങ്ങളുടെ നയപരമായ നിലപാട്. പക്ഷേ, ഫലത്തില്‍ താഴ്ന്ന വിഭാഗങ്ങള്‍ അതീവ ന്യൂനപക്ഷമായിരിക്കും. ഉദാഹരണമായി ഇക്കൂട്ടത്തില്‍പെട്ട ഹാര്‍വാഡില്‍ 46 ശതമാനം വിദ്യാര്‍ഥികളും അമേരിക്കയിലെ 3.8 ശതമാനം വരുന്ന ഉന്നത വിഭാഗങ്ങളില്‍ നിന്നായിരിക്കെ 25 ശതമാനം വരുന്ന താഴ്ന്ന വിഭാഗങ്ങളില്‍ നിന്ന് മൂന്ന് ശതമാനം വിദ്യാര്‍ഥികള്‍ മാത്രം.
ഇന്ത്യയിലെ ഉദ്യോഗ രംഗങ്ങളിലെ പിന്നാക്കപ്രാതിനിധ്യം പോലെയാണിത്.സംവരണമോ മറ്റേതുസംരക്ഷണ വ്യവസ്ഥകളോ ഉണ്ടായാലും പ്രാതിനിധ്യത്തില്‍ സമത്വം എന്നത് മരീചിക തന്നെയാണ്. അമേരിക്കയിലെ ദരിദ്ര മേഖലയായ തെക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍, കറുത്ത വര്‍ഗക്കാര്‍, ഇത്തരം മാനദണ്ഡങ്ങള്‍ പരിഗണിച്ചാലും ഐവി ലീഗ് പഴയ വിവേചനയുഗത്തില്‍ തന്നെയാണെന്ന് കണക്കുകള്‍ പറയുന്നു. ഈ ഐവി ലീഗ് വിദ്യാലയങ്ങളാണ് ലിബറല്‍ വിദ്യഭ്യാസത്തിന്റെ മാതൃകയായി NEP 2019 സമര്‍പ്പിക്കുന്നത്.

ലിബറല്‍ വിദ്യാഭ്യാസത്തിന്റെ അനേകം ന്യായങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് വാചാലമാവുന്നുണ്ട്. ജോലി എന്നതിനെക്കാളുപരി സന്തോഷകരമായ ജീവിതത്തിന് അത് അനിവാര്യമാണ്. ഒരാള്‍ വ്യത്യസ്ത തൊഴിലുകള്‍ ചെയ്യേണ്ടി വരുന്ന കാലഘട്ടമാണിത് എന്നതിനാല്‍ വ്യത്യസ്ത മേഖലകളിലെ അറിവാണ് ആവശ്യമായിരിക്കുന്നത്. വ്യത്യസ്ത മേഖലകളിലെ അറിവുകള്‍ ഓരോ മേഖലയെയും പരിപോഷിപ്പിക്കുകയും പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ലിബറല്‍ വിദ്യാഭ്യാസം തലച്ചോറിന്റെ വിശകലന ഭാഗത്തെയും സൃഷ്ടിപരതയുടെ ഭാഗത്തെയും ഒരു പോലെ പോഷിപ്പിക്കും. ഇത്തരം വാദങ്ങള്‍ അവസാനം എഞ്ചിനിയറിംഗിലും ഐ.ഐ.ടികളിലും വരെ ലിബറല്‍ വിദ്യാഭ്യാസം ആവശ്യമാണ് എന്നതില്‍ വരെ എത്തുന്നുണ്ട്.
.
ലിബറല്‍ വിദ്യാഭ്യസം നടപ്പാക്കുന്നതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഉണ്ടാക്കണമെന്ന് നിഷ്‌കര്‍ഷിക്കപ്പെടുന്നുണ്ട്. ബഹുവിഷയ അന്തരീക്ഷവും സ്ഥാപനങ്ങളും വേണം. അതിനാവശ്യമായ ഭാവനാത്മക പാഠ്യപദ്ധതിയും ബോധന ശാസ്ത്രവുംരൂപപ്പെടുത്തണം.ഇതിനാവശ്യമായ വ്യത്യസ്ത ഡിപ്പാര്‍ട്ടുമെന്റുകള്‍ രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവിധാനിക്കണം.

മറ്റൊരു നിര്‍ദേശം സേവ അഥവാ സര്‍വീസ് ഈ ലിബറല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്നതാണ്. സാമൂഹ്യ സേവനങ്ങളുടെ നേതൃത്വം യൂണിവേഴ്‌സിറ്റികളും കോളേജുകളും ഏറ്റെടുക്കണം.ചുറ്റുപാടുമുള്ള സമൂഹത്തിന് ശുദ്ധജലം, ഊര്‍ജാവശ്യങ്ങള്‍, വയോജന വിദ്യാഭ്യാസം, പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സേവനം ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്.

മറ്റൊരു പ്രധാന നിര്‍ദേശം നിലവിലുള്ള മൂന്ന് വര്‍ഷ ഡിഗ്രി കോഴ്‌സിനോടൊപ്പം നാല് വര്‍ഷം കാലാവധിയുള്ള ബാച്ചിലര്‍ ഓഫ് ലിബറല്‍ ആര്‍ട്‌സ് BLA എന്ന പേരിലുള്ള പുതിയൊരിനംഡിഗ്രി കോഴ്‌സുകൂടി രാജ്യവ്യാപകമായി ആരംഭിക്കണമെന്നതാണ്. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് ഈ കോഴ്‌സും ആരംഭിക്കാനുന്നതാണ്.

നിലവിലുള്ള എല്ലാ ഡിഗ്രി കോഴ്‌സുകളും മൂന്നുവര്‍ഷ ലിബറല്‍ രീതിയിലേക്കു മാറുമ്പോള്‍ അതിന്റെ ഘടന വിശദീകരിക്കുന്നത് ഇങ്ങിനെയാണ്.
ഒന്നാമതായി എല്ലാ ഡിഗ്രി കോഴ്‌സുകള്‍ക്കും ഒരു പൊതു കോര്‍ പാഠ്യപദ്ധതി ഉണ്ടായിരിക്കും. ഇതില്‍വിമര്‍ശനാത്മക ചിന്തയെ പോഷിപ്പിക്കുന്നതിനായി സ്റ്റാറ്റിറ്റിക്‌സ്, ഡാറ്റ അനാലിസിസ തുടങ്ങിയ വിഷയങ്ങള്‍ ഉണ്ടാവും. ആശയ വിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിനായി എഴുത്ത്, പ്രസംഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍, ശാസ്ത്രീയമനോഭാവം വളര്‍ത്തുന്നതിനായുള്ള പേപ്പറുകള്‍, ഇന്ത്യയെ കണ്ടെത്തല്‍,ഇന്ത്യാ ചരിത്രവും വൈവിധ്യവും, ഇന്ത്യയിലെ സമകാലീന സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍, ഇതിനായുള്ള പേപ്പറുകള്‍ തുടങ്ങിയയെല്ലാംപ്രത്യേകം കോഴ്‌സുകളായി ഉള്‍പ്പെടുത്തും.രണ്ടാമതായിവിദ്യാര്‍ഥികള്‍ക്ക് ഒരു മേജര്‍ വിഷയവും ഒന്നോ രണ്ടോ മൈനര്‍ വിഷയങ്ങളും തെരഞ്ഞെടുക്കാം. നിലവിലുള്ള ഡിഗ്രി കോഴ്‌സുകളിലെ മെയിന്‍എന്നറിയപ്പെടുന്ന വിഷയങ്ങളില്‍ ഏതെങ്കിലുമായിരിക്കും ഇവിടെ തെരഞ്ഞെടുക്കേണ്ടത്. മൈനര്‍ എന്നത് സയന്‍സോ ഹ്യുമാനിറ്റീസോ ആര്‍ട്ടോ തുടങ്ങി ഏതെങ്കിലുമായിരിക്കും. മേജര്‍ വിഷയവുമായി ഇതിന് ബന്ധമുണ്ടാവണമെന്നില്ല. ഉദാഹരണമായി മേജര്‍ വിഷയമായി ഫിസിക്‌സ് പഠിക്കുന്ന കുട്ടിക്ക് ഹിസ്റ്ററി മൈനറായി തെരഞ്ഞെടുക്കാം. എല്ലാ ഡിഗ്രി കോഴ്‌സുകളിലും ഭാഷയും സാഹിത്യവും സംഗീതവും ദൃശ്യകലകളും അവതരണ കലകളുംസ്‌പോര്‍ട്‌സും യോഗയും ഉള്‍പ്പെടുത്തണമെന്നും തുടര്‍ന്ന് നിര്‍ദേശിക്കുന്നു.

ഇതെല്ലാം എങ്ങിനെ പ്രായോഗികമാവും എന്നതിന് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിനായി പരിശ്രമിക്കണമെന്നു മാത്രമാണ് ഉത്തരം. നാലുവര്‍ഷ ലിബറല്‍ ഡിഗ്രി കോഴ്‌സില്‍ ഇതെല്ലാം കൂടാതെ ഗവേഷണം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.

വിഭാവന ചെയ്യപ്പെടുന്ന ലിബറല്‍ വിദ്യാഭ്യാസത്തിന്റെ മാതൃകാ സ്ഥാപനങ്ങളായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിബറല്‍ ആര്‍ട്‌സ് (IILA ) എന്ന പേരിലുള്ള മെഗാ സ്ഥാപനങ്ങള്‍ ഉണ്ടാക്കണം. ഐവി ലീഗ് സ്‌കൂളുകള്‍ അമേരിക്കയുടെയും സിന്‍ഹുവ ചൈനയുടെയും പുരോഗതിയില്‍ പങ്കുവഹിച്ചതു പോലെ IILA കള്‍ ഇന്ത്യയുടെയും മുന്നേറ്റത്തിനു നേതൃത്വം നല്‍കണം. ആധുനിക നളന്ദകളും തക്ഷശിലകളുമായിരിക്കും ഇവ. ലോകോത്തര നിലവാരത്തിലുള്ള അഞ്ച് IILA കളെങ്കിലും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കപ്പെടണം. 2000 ഏക്കര്‍ പ്രദേശത്ത് പൂര്‍ണമായും റസിഡന്‍ഷ്യല്‍ രീതിയിലായിരിക്കണം ഈ സ്ഥാപനങ്ങള്‍. മുപ്പതിനായിരമോ അതിലേറെയോ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളണം. നേരത്തേ പരാമര്‍ശിച്ച നാലുവര്‍ഷ ലിബറല്‍ ഡിഗ്രിയും തുടര്‍ന്ന് മാസ്റ്റേഴ്‌സ് ഡിഗ്രിയുംശേഷംറിസര്‍ച്ചിനും സൗകര്യമുണ്ടാവണം.

ഐവി ലീഗ് എന്നറിയപ്പെടുന്ന വരേണ്യ സ്ഥാപനങ്ങളില്‍ നിന്നാണ് അമേരിക്കയിലെ 16 പ്രസിഡണ്ടുമാര്‍ഉണ്ടായത്. കൊളോണിയലിസത്തിന്റെ അവശിഷ്ടമായി നിലനില്‍ക്കുന്ന ഐവി ലീഗ് സ്ഥാപനങ്ങള്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ ഉറവിടമാണ്. കോളനിവല്‍ക്കരണം അവസാനിച്ചെങ്കിലും അവരുടെ താല്‍പര്യങ്ങള്‍ നിതാന്തമായി നിലനിര്‍ത്താന്‍ ഈ സ്ഥാപനങ്ങള്‍ക്ക് സാധിച്ചു.അത്തരത്തിലുള്ള വരേണ്യ സ്ഥാപനങ്ങള്‍ സംസ്ഥാപിക്കുകയെന്ന ലക്ഷ്യമാണോ IILA കളിലൂടെ നടപ്പാവുകയെന്നത് കാത്തിരുന്നു കാണേണ്ടി വരും.
(ഭാഗം രണ്ട്-വിദ്യാഭ്യാസത്തിലൂടെ വ്യവസ്ഥാപിതമായ കാവിവല്‍ക്കരണത്തിലേക്ക്; വിദ്യാഭ്യാസത്തിലെ സംഘ്പരിവാര്‍ അജണ്ടകളുടെ പശ്ചാത്തലത്തില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ സമീപിക്കുന്ന ലേഖനം അടുത്ത ലക്കത്തില്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757